ബാങ്ക് ജോലി തേടുന്ന ബിരുദധാരികൾക്ക് ഇതാണ് നല്ലസമയം. രാജ്യത്തെ 17 ദേശസാത്കൃത ബാങ്കുകളിൽ പ്രൊബേഷണറി ഓഫീസർ/ മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 4336 ഒഴിവുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്.) നടത്തുന്ന പൊതുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. അടുത്ത ഒരുവർഷം ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്കും ഇതിലെ വിജയികളെയാണ് പരിഗണിക്കുക. 

 ബാങ്കുകൾ
അലഹാബാദ് ബാങ്ക്, കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ആന്ധ്രാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യൂകോ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കോർപ്പറേഷൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയിലാണ് അവസരം. ഇതിൽ ബാങ്ക് ഓഫ് ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ഒഴിവ് (899). യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 644 ഒഴിവും അലഹാബാദ് ബാങ്കിലും കനറാ ബാങ്കിലും യൂകോ ബാങ്കിലും 500 ഒഴിവ് വീതവുമുണ്ട്. 

 യോഗ്യത
അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/തത്തുല്യം. 2019 ഓഗസ്റ്റ് 28-നകം നേടിയതായിരിക്കണം യോഗ്യത. പ്രായം: 20-നും 30-നും മധ്യേ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ട്. 

 അഭിമുഖത്തിന് 100 മാർക്ക്
പ്രിലിമിനറി, മെയിൻ പരീക്ഷകൾ ജയിക്കുന്നവരെയാണ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ അഭിമുഖത്തിന് ക്ഷണിക്കുക. 100 മാർക്കാണ് അഭിമുഖത്തിനുള്ളത്. ഇതിൽ 40 ശതമാനം മാർക്കെങ്കിലും നേടണം. എസ്.സി., എസ്.ടി., ഒ.ബി.സി., അംഗപരിമിതർ എന്നിവർക്ക് ജയിക്കാൻ 35 ശതമാനം മാർക്ക് മതി. 

 പരീക്ഷാകേന്ദ്രങ്ങൾ 
പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ടായിരിക്കും. മെയിൻ പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവുംമാത്രമാണ് കേന്ദ്രങ്ങൾ. ഫീസ്: എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപയും മറ്റുള്ളവർക്ക് 600 രൂപയും. ഓൺലൈനായി ഓഗസ്റ്റ് 28-നകം ഫീസ് അടയ്ക്കണം. 
അവസാന തീയതി: ഓഗസ്റ്റ് 28, വിവരങ്ങൾക്ക്: www.ibps.in


തിരഞ്ഞെടുപ്പ് 
രണ്ട് ഘട്ടങ്ങളിലായുള്ള ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവ വിജയിക്കുന്നവരെയാണ് നിയമനത്തിന് പരിഗണിക്കുക. പ്രിലിമിനറി പരീക്ഷയ്ക്ക് ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നിവയാണ് വിഷയങ്ങൾ. ഇംഗ്ലീഷിൽനിന്ന് 30 മാർക്കിനുള്ള ചോദ്യങ്ങളും മറ്റ് രണ്ട് വിഷയത്തിൽനിന്നും 35 മാർക്കിനു വീതമുള്ള ചോദ്യങ്ങളുമുണ്ടാകും. ഓരോന്നിനും 20 മിനിറ്റ്‌ വീതമായിരിക്കും പരീക്ഷാ സമയം. നെഗറ്റീവ് മാർക്കുണ്ടാവും. ഐ.ബി.പി.എസ്. നിശ്ചയിക്കുന്ന കട്ട് ഓഫ് മാർക്ക് നേടുന്നവരെ മെയിൻ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കും. 
മെയിൻ പരീക്ഷയ്ക്ക് റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കണോമി/ബാങ്കിങ് അവേർനെസ്, ഇംഗ്ലീഷ് ലാംഗ്വേജ്, ഡേറ്റാ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ എന്നിവയാണ് വിഷയങ്ങൾ (ആകെ 200 മാർക്ക്). കൂടാതെ 25 മാർക്കിന് ഇംഗ്ലീഷ് ലാംഗ്വേജ് (ലെറ്റർ റൈറ്റിങ് ആൻഡ് എസേ) ടെസ്റ്റ് ഉണ്ടായിരിക്കും. ഒക്ടോബോർ 12 മുതൽ 20 വരെയായി വിവിധ തീയതികളിൽ പ്രിലിമിനറി പരീക്ഷ നടക്കും. നവംബറിലാണ് മെയിൻ. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അഭിമുഖംനടത്തി ഏപ്രിൽ മാസത്തോടെ പ്രൊവിഷണൽ അലോട്ട്മെന്റ് നടത്തും.