:യു.എസിൽ പഠനവും ജീവിതവുമെല്ലാം സ്വപ്നംകാണുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ, കിട്ടാക്കനിയെന്ന് തോന്നുന്ന ആ സ്വപ്നം ആസ്വദിച്ചുവരാൻ ഒരവസരമുണ്ടെങ്കിലോ; അതും സൗജന്യമായി. എം.എസ്. അഞ്ജിതയും ഹെന്നയും ദിയാന നാദിറയും അതേക്കുറിച്ച് പറഞ്ഞുതരും. യു.എസിൽ സൗജന്യമായി താമസിക്കാനും പഠിക്കാനും ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന പദ്ധതിയാണ് കമ്യൂണിറ്റി കോളേജ് ഇനീഷ്യേറ്റീവ് (സി.സി.ഐ.). ഈ പദ്ധതിയുടെ ഭാഗമായി അവിടെ ജേണലിസത്തിൽ പത്തുമാസത്തെ ഡിപ്ലോമ കോഴ്‌സ് കഴിഞ്ഞെത്തിയ മിടുക്കികളാണ് മമ്പാട് എം.ഇ.എസ്. കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ ഈ വിദ്യാർഥികൾ. മൂവരും മലപ്പുറം ജില്ലക്കാർ. ഹെന്ന അയോവയിലെ കിർക് വുഡ് കമ്യൂണിറ്റി കോളേജിലും അഞ്ജിത അരിസോണയിലെ സ്കോട്‌സ്‌ഡെയിൽ കമ്യൂണിറ്റി കോളേജിലും ദിയാന വിർജീനിയയിലെ നോർത്തേൺ വിർജീനിയ കമ്യൂണിറ്റി കോളേജിലുമാണ് പഠിച്ചത്. 
എപ്പോൾ അപേക്ഷിക്കാം
നവംബർ-ഡിസംബർ മാസങ്ങളിലായാണ് സി.സി.ഐ. കോഴ്‌സിന് അപേക്ഷ ക്ഷണിക്കുക. 18 വയസ്സ് പൂർത്തിയായ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: https://exchanges.state.gov/non-us/program/communtiy-college-initiative-program

തിരഞ്ഞെടുപ്പ് 

: ഒാരോ രാജ്യത്തുമുള്ള യു.എസ്. കോൺസുലേറ്റുകളാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുക. കേരളത്തിലെ വിദ്യാർഥികളെ അഭിമുഖത്തിന് വിളിക്കുന്നത് ചെന്നൈയിലെ യു.എസ്. കോൺസുലേറ്റാണ്. ഞങ്ങൾ ഉപന്യാസങ്ങളും ബയോഡേറ്റയും ചെന്നൈയിലേക്ക് അയച്ചു. അവിടെനിന്ന്‌ ടെലിഫോൺ അഭിമുഖം ഉണ്ടായിരുന്നു. പിന്നീട് അവിടെച്ചെന്ന് ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ഫോർ ഇന്റർനാഷണൽ കമ്യൂണിക്കേഷൻ-ടൊയ്ക് (TOEIC) പരീക്ഷ എഴുതി. ഒരു കുട്ടിക്ക് ഏകദേശം 26 ലക്ഷം രൂപയോളം കോഴ്‌സിനായി ചെലവിടുന്നുണ്ട്. നമ്മുടെ യാത്ര, താമസം, ഭക്ഷണം ഇവയെല്ലാം ഉൾപ്പെടും. ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം മെച്ചപ്പെടുത്തുകയാണ് ഈ കോഴ്‌സിന് തയ്യാറെടുക്കുമ്പോൾ ആദ്യം ചെയ്യേണ്ടത്. പിന്നെ എന്തിനെയും നേരിടാനുള്ള ആത്മവിശ്വാസംകൂടിയുണ്ടെങ്കിൽ ഉറപ്പ് നിങ്ങൾക്ക് അമേരിക്കയിൽ പഠിക്കാം
-ദിയാന

TOEIC എന്ന കടമ്പ

: ഇംഗ്ലീഷ് അഭിരുചി അളക്കുന്നതിനുള്ള പരീക്ഷയാണിത്. ലിസണിങ്, റീഡിങ് എന്നീ രണ്ടു സെഷനുകളിലാണ് പരീക്ഷ. ഇംഗ്ലീഷ് ലാംഗ്വേജ് സ്കിൽ അളക്കാനായിരുന്നു ഇത്. പ്രധാനമായും ഇംഗ്ലീഷ് വ്യാകരണം നന്നായി പഠിച്ചിരുന്നു. 
ടൊയ്ക് പരീക്ഷയ്ക്ക് സഹായിക്കുന്ന ആപ്പുകളും വീഡിയോകളും ലഭ്യമാണ്. അതുനോക്കി തയ്യാറെടുത്തതിലൂടെ കുറേ ചോദ്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. എഴുത്തുപരീക്ഷയും ഇംഗ്ലീഷ് അഭിരുചി അളക്കാനുള്ള ടൊയ്‌ക് പരീക്ഷയും കഴിഞ്ഞാൽ അമേരിക്കയിൽ സൗജന്യ പഠനത്തിന് റെഡിയാകാം. നമ്മുടെ കഴിവ് വികസിപ്പിക്കാനും പുറത്തുകൊണ്ടുവരാനും കാര്യങ്ങളെ നോക്കിക്കാണാനുമെല്ലാം ഇത്തരം കോഴ്‌സുകൾ ഉപകാരപ്പെടും. 
-ഹെന്ന

കോഴ്‌സിനെക്കുറിച്ച് 

: ഇത്തരമൊരു കോഴ്‌സിനെക്കുറിച്ച് കോളേജിൽ നിന്നുതന്നെയാണ് അറിഞ്ഞത്. ഇംഗ്ലീഷ് വിഭാഗമാണ് ഇത് സംഘടിപ്പിച്ചിരുന്നത്. ആദ്യം കോളേജ് തലത്തിൽ ഇന്റർവ്യൂ ഉണ്ടായിരുന്നു. പല വിഭാഗങ്ങളിൽനിന്നുള്ള ഒട്ടേറെ വിദ്യാർഥികൾ ഇതിൽ പങ്കെടുത്തു. അതിൽനിന്ന്‌ ഞങ്ങൾ അഞ്ചുപേരെ തിരഞ്ഞെടുത്തു. പിന്നീട് കോളേജ് മാനേജ്‌മെന്റ് ബോർഡിന്റെ മറ്റൊരു ഇന്റർവ്യൂകൂടിയുണ്ടായി. നമ്മുടെ മനോഭാവം (attitude), പാഷൻ (passion), ധാരണ (concept) എന്നിവയെക്കുറിച്ചൊക്കെ ചോദിച്ചു. പിന്നെ എഴുത്തുപരീക്ഷ. വിശദീകരിച്ച് എഴുതാനുള്ള ഏഴ് ചോദ്യങ്ങൾ. നമ്മുടെ താത്പര്യം, എന്തുകൊണ്ട് പഠിക്കാൻ ഈ വിഷയം തിരഞ്ഞെടുത്തു, യു.എസിൽ എന്തെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നു, അമേരിക്കൻ സംസ്കാരത്തെക്കുറിച്ചുള്ള അഭിപ്രായം എന്നിവയൊക്കെ അറിയാനുള്ള ചോദ്യങ്ങളായിരുന്നു അവ. അമേരിക്കൻ വിദ്യാഭ്യാസരീതിയും നമ്മുടേതുംതമ്മിൽ നല്ല വ്യത്യാസമുണ്ട്. അവിടെ നമുക്ക് തീരുമാനിക്കാം ഏതുവിഷയം, ഏതുടീച്ചർ, ഏതുദിവസം പഠിക്കാം എന്നൊക്കെ. അവിടെ ആപ്ലിക്കേഷൻ ലെവലിലാണ് പഠനരീതി. തിയറിയിൽ ഊന്നിനിന്നുമാത്രമല്ല. നമ്മൾ പ്രയോഗിച്ച് പഠിക്കുന്നു. പഠിക്കുമ്പോൾത്തന്നെ ഞാൻചെയ്ത ഫീച്ചർ അവിടത്തെ പത്രത്തിൽ അച്ചടിച്ചുവന്നിരുന്നു. 
-അഞ്ജിത