ഡോ. ടി.പി. സേതുമാധവൻ
വിദേശ മെഡിക്കൽ പഠനത്തെക്കുറിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും ഒട്ടേറേ സംശയങ്ങൾ നിലനിൽക്കുന്നു. ആയിരക്കണക്കിന് മെഡിക്കൽ സ്കൂളുകൾ വിദേശരാജ്യങ്ങളിലുണ്ട്. നീറ്റിന് മികച്ച സ്കോർനേടി ഇന്ത്യയിൽ പ്രവേശനം നേടാൻ കഴിയാത്ത വിദ്യാർഥികൾക്കാണ് വിദേശത്ത് മെഡിക്കൽ പഠനത്തിന് അവസരം തുറന്നുകിട്ടുന്നത്.
പഠനം രണ്ടുരീതിയിൽ
ഒന്ന്: ഇംഗ്ലീഷ് സംസാരിക്കുന്ന അമേരിക്ക, യു.കെ., ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലെ പഠനം
രണ്ട്: ചൈന, റഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, തായ്‌ലൻഡ്, ജോർജിയ, ഫിജി ദ്വീപുകൾ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ പഠനം.
യോഗ്യതാപരീക്ഷകൾ
അമേരിക്ക, യു.കെ, ന്യൂസീലൻഡ്, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ മെഡിക്കൽ ബിരുദപഠനത്തിന് പ്ലസ്ടു, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ 60 ശതമാനം മാർക്കോടെ പൂർത്തിയാക്കണം. കൂടാതെ േസ്കാളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT) പരീക്ഷയിൽ ഉയർന്ന സ്കോർ നേടണം.
SATൽ SAT-1, SAT-2 എന്നിങ്ങനെ രണ്ട് പരീക്ഷകളുണ്ട്. SAT-1 ജനറലും SAT-2 വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. 1000-ന് മുകളിൽ സ്കോർ നേടണം. ഇതോടൊപ്പം ഇംഗ്ലീഷ് പ്രാവീണ്യപരീക്ഷയായ ടോഫൽ (TOEFL) സ്കോർ അമേരിക്കയിലും മറ്റുരാജ്യങ്ങളിൽ IELTS-ഉം ആവശ്യമാണ്. 120-ൽ 100 മികച്ച TOEFL സ്കോറാണ്. IELTS 7/9 ബാൻഡ് നേടാൻ ശ്രമിക്കണം. SAT, TOEFL/ IELTS സ്കോർ കാണിച്ച് മേൽസൂചിപ്പിച്ച അഞ്ച് രാജ്യങ്ങളിലെ സർവകലാശാലകളിൽ നാലുവർഷ ബി.എസ്. പ്രീ മെഡിക്കൽ കോഴ്‌സിന് അപേക്ഷിക്കാം. ബി.എസ്. വിജയകരമായി പൂർത്തിയാക്കിയവർക്ക് MCAT മെഡിക്കൽ കോളേജ് അഡ്മിഷൻ ടെസ്റ്റെഴുതി പ്രസ്തുത രാജ്യങ്ങളിൽ നാലുവർഷ മെഡിക്കൽ ബിരുദ കോഴ്‌സിന് പഠിക്കാം.
തുടർന്ന് ഒരുവർഷം ഇന്റേൺഷിപ്പും എക്‌സ്റ്റേൺഷിപ്പും പൂർത്തിയാക്കി ഡോക്ടറായി വിവിധരാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യാം.
ഇവർക്ക് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്‌ട്രേഷന് പ്രത്യേക പരീക്ഷ എഴുതേണ്ട കാര്യമില്ല. ബിരുദാനന്തര പഠനത്തിന് കോഴ്‌സ് പൂർത്തിയാക്കിയ രാജ്യങ്ങളിൽ എളുപ്പത്തിൽ പ്രവേശനം നേടാം. എന്നാൽ, മിടുക്കരായ വിദ്യാർഥികൾക്കുമാത്രമേ ഇത് സാധിക്കൂ.
സിംഗപ്പൂർ ഇന്റർനാഷണൽ മെഡിക്കൽ ബിരുദ പ്രോഗ്രാമിന് SAT, TOEFL/ IELTS സ്കോറുകൾ നിഷ്കർഷിക്കാറുണ്ട്. പ്ലസ്ടു ബയോളജി ഗ്രൂപ്പെടുത്ത് ഇന്റർനാഷണൽ IB പരീക്ഷ, സിംഗപ്പൂർ ഹൈസ്കൂൾ ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
യു.കെ. സിലബസാണ് സിംഗപ്പൂരിൽ പിൻതുടരുന്നത്. എന്നാൽ, ബിരുദം എം.ബി.ബി.എസ്. തന്നെയാണ്. SAT-ഉം TOEFL-ഉം ഇല്ലാതെ അഡ്മിഷൻ നൽകുന്ന സ്ഥാപനങ്ങളുമുണ്ട്.
നീറ്റ് യോഗ്യതയോടെ അപേക്ഷിക്കാം
മെഡിക്കൽബിരുദ കോഴ്‌സുകൾക്ക് ഇംഗ്ലീഷ് സംസാരഭാഷയല്ലാത്ത രാജ്യങ്ങളിലെ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ തികച്ചും വ്യത്യസ്തമാണ്. ചൈന, റഷ്യ, തായ്‌ലൻഡ്, ഫിലിപ്പീൻസ്, യുക്രൈൻ, ജോർജിയ, മലേഷ്യ, സിംഗപ്പുർ, ഫിജിദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് ആറുവർഷ മെഡിക്കൽ പ്രോഗ്രാമിന് അപേക്ഷിക്കാം. ഈ വർഷംമുതൽ ഇതിന് നീറ്റ് യോഗ്യത നേടണം.
പഠനച്ചെലവ്
യു.കെ., അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിൽ വർഷം 15 മുതൽ 20 ലക്ഷം രൂപ ചെലവുവരും.
മറ്റുരാജ്യങ്ങളിൽ ശരാശരി 7 മുതൽ 9 ലക്ഷം രൂപയും സിംഗപ്പൂരിൽ 13 ലക്ഷം രൂപയും ചെലവുവരും.
സാധ്യതകൾ
ഇംഗ്ലീഷ് സംസാരഭാഷയല്ലാത്ത രാജ്യങ്ങളിൽനിന്നുള്ള മെഡിക്കൽപഠനം പൂർത്തിയാക്കിയവർക്ക് അമേരിക്കയിൽ ഉപരിപഠനത്തിനുള്ള USMLE (United States Medical Licensing Examination) പരീക്ഷയും യു.കെ.യിലും കാനഡയിലുമുള്ള PLAB പരീക്ഷയുമെഴുതാം.
എന്നാൽ, ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ FMGE (Foreign Medical Graduate Exam) സ്‌ക്രീനിങ് പരീക്ഷയോ പി.ജി. നീറ്റ് പരീക്ഷയോ എഴുതേണ്ടിവരും.
ശ്രദ്ധിക്കുക
വിദേശരാജ്യങ്ങളിലെ മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ട പൂർണവിവരങ്ങൾ (കോളേജുകൾ/സർവകലാശാലകൾ ഉൾപ്പെടെ) മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. www.mciindia.org എന്ന വെബ്‌സൈറ്റിൽ Indian & Foreign Qualification എന്ന സെക്‌ഷനിൽനിന്ന് ലഭിക്കും. വിദേശത്ത് പ്രവേശനം വാഗ്ദാനം ചെയ്യുന്ന ഏജന്റുമാരുടെ വലയിൽ ഒരിക്കലും വീഴരുത്. ഫീസ്, കോളേജ്/സർവകലാശാല എന്നിവയുടെ നിലവാരം തുടങ്ങിയവ ഉറപ്പുവരുത്തിയതിനുശേഷംമാത്രം പ്രവേശനം നേടുക.
സൗകര്യങ്ങൾ ഉറപ്പുവരുത്താം
ഇംഗ്ലീഷ് സംസാരിക്കുന്ന അഞ്ചുരാജ്യങ്ങളിലെ പഠനത്തിന് ഒരു വർഷത്തെ തയ്യാറെടുപ്പ് ആവശ്യമാണ്. SAT, TOEFL/ IELTS എന്നിവയിൽ മികച്ച സ്കോർ നേടുകയും വേണം. എന്നാൽ, മറ്റുരാജ്യങ്ങളിൽ അഡ്മിഷൻ താരതമ്യേന എളുപ്പമാണ്.
യൂറോപ്യൻ മെഡിക്കൽ പ്രോഗ്രാമുകളാണ് ഇവിടെ പിന്തുടരുന്നത്. വിദേശരാജ്യങ്ങളിൽ മെഡിക്കൽപഠനത്തിന് പതിനായിരക്കണക്കിന് വിദ്യാർഥികളുണ്ട്.
ഉദാഹരണമായി യുക്രൈനിൽ 3000-ത്തോളം ഇന്ത്യൻ വിദ്യാർഥികൾ മെഡിക്കൽ പഠനത്തിനുണ്ട്. ഇവരിൽ 40
ശതമാനത്തോളം മലയാളികളാണ്.
ഓർക്കുക
കുട്ടികളെ വിദേശത്ത് ചേർക്കാൻ ആഗ്രഹിക്കുന്നവർ മെഡിക്കൽ സ്കൂളുകൾ നേരിട്ട് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുക.
സർക്കാർ നിയന്ത്രണത്തിലുള്ള പബ്ലിക് സ്കൂളുകൾ തിരഞ്ഞെടുക്കുക.
ഇവ എജ്യുക്കേഷൻ/ആരോഗ്യ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലാണോയെന്ന് പരിശേധിക്കുക
കാലാവസ്ഥ, പഠനസൗകര്യം, ചെലവ് എന്നിവ വിലയിരുത്തുക