:വിദ്യാഭ്യാസ ഭൂപടത്തിലെ പ്രിയ ഇടങ്ങളിലൊന്നാണ് ബ്രിട്ടൻ. ഓരോ വർഷവും 4,38,000 വിദ്യാർഥികൾ ഉപരിപഠനത്തിനായി ആ രാജ്യത്ത് എത്തുന്നുണ്ടെന്നാണ് കണക്ക്. 
ഓക്സ്‌ഫഡ്, കേംബ്രിജ്‌ തുടങ്ങി പ്രമുഖ യൂണിവേഴ്‌സിറ്റികൾ ഏറെയുണ്ട് ബ്രിട്ടന് അവകാശപ്പെടാൻ. യൂണിവേഴ്‌സിറ്റികളുടെ ആകെ എണ്ണം 160-ലേറെ വരും. ഇവയെല്ലാം വൈവിധ്യമാർന്ന ഒട്ടേറെ കോഴ്‌സുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽനിന്നും താത്‌പര്യത്തിനിണങ്ങുന്ന മികച്ച കോഴ്‌സുകൾ തിരഞ്ഞെടുക്കാം. 
  അടുത്തിടെ ബ്രിട്ടീഷ് കൗൺസിലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സ്റ്റഡി യു.കെ. പ്രദർശനം സംഘടിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ബ്രിട്ടനിൽ ഉപരിപഠനത്തിനെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. 
  മികച്ച വിദ്യാഭ്യാസനിലവാരവും അനുബന്ധ സൗകര്യങ്ങളും തന്നെയാണ് ബ്രിട്ടന്റെ പ്രിയം കൂട്ടുന്നത്. പ്രവേശനം നേടുന്നതിന് മുൻപ്  ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് പറയുകയാണ് ബ്രിട്ടനിലെ ആബർട്ടെ യൂണിവേഴ്‌സിറ്റിയുടെ ദക്ഷിണേഷ്യൻ വിദ്യാർഥി റിക്രൂട്ട്‌മെന്റിന്റെ ചുമതലയുള്ള ജാനിസ് ഗ്രാന്റ്. സ്റ്റഡി യു.കെ. പ്രദർശനത്തിന്റെ ഭാഗമായി വിദ്യാർഥികളോട് സംവദിക്കാനാണ് ജാനിസ് കൊച്ചിയിലെത്തിയത്.   

ശ്രദ്ധവേണം ഈ കാര്യങ്ങളിൽ
  അംഗീകൃത യൂണിവേഴ്‌സിറ്റികളുടെയും കോളേജുകളുടെയും പട്ടിക ബ്രിട്ടീഷ് സർക്കാർ എല്ലാ വർഷവും പ്രസിദ്ധീകരിക്കാറുണ്ട്. പ്രവേശനത്തിന് മുൻപ് ഈ ലിസ്റ്റ് പരിശോധിക്കണം. പല സർവകലാശാലകളും ഇന്ററാക്ടീവ് മാതൃകയിലുള്ള പഠനരീതികളാണ് പിന്തുടരുന്നത്. അധ്യാപകരുമായി സംവദിച്ചും അത്യാധുനികസങ്കേതങ്ങൾ ഉപയോഗിച്ചും പഠിക്കാനുള്ള അവസരമുണ്ടാകും. ഇന്റേൺഷിപ്പ് പോലുള്ള സൗകര്യങ്ങളും പലരും വിദ്യാർഥികൾക്ക് നൽകുന്നുണ്ട്. 
  പഠനത്തിനുശേഷം ജോലിക്കുള്ള സാധ്യതകളുമുണ്ട്. തിരഞ്ഞെടുക്കുന്ന കോഴ്‌സിന്റെയും അവ മികച്ച രീതിയിൽ പൂർത്തിയാക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് ജോലിസാധ്യത. പഠനത്തിനെത്തുന്നവർക്ക് സ്റ്റുഡന്റ് വിസയാണ് അനുവദിക്കുന്നത്. 
  സാധാരണ സ്റ്റുഡന്റ് വിസകൾക്ക് പുറമേ ഷോർട്ട് ടേം സ്റ്റഡി വിസകളും ബ്രിട്ടൻ വിദേശവിദ്യാർഥികൾക്ക് നൽകുന്നുണ്ട്. ആറുമാസം മുതൽ 11 മാസം വരെ ദൈർഘ്യമുള്ള കോഴ്‌സുകൾ ചെയ്യുന്നതിനാണിത്. പഠനത്തിനൊപ്പം ജോലിചെയ്യാൻ പല വിദ്യാഭ്യാസസ്ഥാപനങ്ങളും അനുവദിക്കുന്നുണ്ട്. കോഴ്‌സിന് പ്രവേശനം നേടുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ഉറപ്പാക്കണം. 

സ്കോളർഷിപ്പ്
  ഭാരിച്ച പഠനച്ചെലവാണ് പലർക്കും തടസ്സമാകുന്നത്. ഇതിനുള്ള പരിഹാരമാണ് സ്കോളർഷിപ്പുകൾ. കോഴ്‌സിനുശേഷം സ്കോളർഷിപ്പ് അന്വേഷിച്ച് നടന്നാൽ പലപ്പോഴും കിട്ടിയെന്ന് വരില്ല. 
പ്രവേശനം ലഭിക്കുന്നതിനുമുൻപുതന്നെ സ്കോളർഷിപ്പിന്റെ സാധ്യതകൾ കണ്ടെത്തണം. പ്രവേശന നടപടിക്രമങ്ങൾക്കൊപ്പം സ്കോളർഷിപ്പിനും അപേക്ഷിക്കുന്നത് ഗുണംചെയ്യും. വിദേശ വിദ്യാർഥികൾക്കായി ഒട്ടേറെ സ്കോളർഷിപ്പുകൾ ബ്രിട്ടനിലെ സർവകലാശാലകൾ നൽകുന്നുണ്ട്. ബ്രിട്ടീഷ് കൗൺസിലിന്റെ വെബ്‌സൈറ്റിൽ ഇതിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. 

പ്രത്യേകതകൾ
കോഴ്‌സുകളുടെ നിലവാരം തന്നെയാണ് പ്രത്യേകത. അന്താരാഷ്ട്രതലത്തിൽ വിലമതിക്കുന്നതാണ് ബ്രിട്ടനിലെ പല സർവകലാശാലകളുടെയും കോഴ്‌സുകൾ. പഠനത്തിനൊപ്പം ജോലി ചെയ്യാനുള്ള സൗകര്യവും സർവകലാശാലകൾ ഒരുക്കി നൽകുന്നുണ്ട്. വിദേശവിദ്യാർഥികൾക്ക് ജീവിതച്ചെലവ് കണ്ടെത്താനുള്ള മാർഗം കൂടിയാണിത്.   വ്യത്യസ്തമായ കോഴ്‌സുകളിൽ ഉപരിപഠനത്തിനുള്ള സാധ്യതയും ബ്രിട്ടനിലെ സർവകലാശാലകൾ ഒരുക്കുന്നുണ്ട്. എത്തിക്കൽ ഹാക്കിങ്, കംപ്യൂട്ടർ ഗെയിംസ്, സംരംഭകത്വവികസനം എന്നിവ ഇതിൽ ചിലതാണ്. 
ആർട്ട് ആൻഡ് ഡിസൈനിലെല്ലാം ഒട്ടേറെ കോഴ്‌സുകൾ ലഭ്യമാണ്. പഠനശേഷമുള്ള കാര്യങ്ങളിൽ മാർഗനിർദേശത്തിന് കരിയർ വിദഗ്ധരുടെ സഹായവും പല കോളേജുകളും നൽകുന്നുണ്ട്.

മിസ് ചെയ്യില്ല നാട്
  ഇന്ത്യക്കാർ ഏറെയുണ്ട് ബ്രിട്ടനിൽ. ഇന്ത്യൻ ഭക്ഷണശാലകളും പലയിടങ്ങളിൽ കാണാം. ഓണവും ദീപാവലിയും ഉൾപ്പെടെയുള്ളവയും വിപുലമായി ആഘോഷിക്കും.
 ഇത്തരം ദിവസങ്ങളിൽ ധരിക്കുന്നതിനായി ഇന്ത്യൻ വസ്ത്രങ്ങൾ കരുതണമെന്ന് വിദ്യാർഥികളോട് നേരത്തേതന്നെ നിർദേശിക്കാറുണ്ട്. കോളേജുകളിൽ പാട്ടിനും ഡാൻസിനും സ്പോർട്‌സിനുമെല്ലാമായി വിവിധ ക്ലബ്ബുകളുണ്ടാകും. ഫിറ്റ്‌നസിന്റെ ഭാഗമായി പല കോളേജുകളും യോഗ ക്ലാസുകളും നടത്താറുണ്ട്. 

പിറന്നാൾ സ്കോളർഷിപ്പ്

:ബ്രിട്ടീഷ് കൗൺസിലിന് ഇന്ത്യയിലിത് എഴുപതാം വർഷമാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള സ്ത്രീകൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്കോളർഷിപ്പുകൾക്കായി വിദ്യാർഥികൾക്ക് നേരിട്ട് അപേക്ഷിക്കാനാകില്ല. 
ബ്രിട്ടനിലെ വിദ്യാഭ്യാസസ്ഥാപനങ്ങളാണ് വിദ്യാർഥികളെ ഈ സ്കോളർഷിപ്പിനായി നിർദേശിക്കുക. സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്‌ എന്നീ വിഷയങ്ങളിൽ ബ്രിട്ടനിൽ ഉന്നതപഠനത്തിനാണ് സ്കോളർഷിപ്പ്. മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് ലഭിച്ച അപേക്ഷകളിൽനിന്ന് അർഹരെന്ന് തോന്നുന്നവരെ അതത് വിദ്യാഭ്യാസസ്ഥാപനങ്ങൾ നിർദേശിക്കും. 2018-’19 അധ്യയനവർഷത്തേക്കാണ് സ്കോളർഷിപ്പ്.
  സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ബ്രിട്ടീഷ് കൗൺസിൽ അധികൃതർ വ്യക്തമാക്കുന്നു. ഇന്ത്യയിൽ എവിടെ നിന്നുള്ളവർക്കും സ്കോളർഷിപ്പ് ലഭിക്കും. അരുണാചൽ പ്രദേശ്, അസം, മണിപ്പുർ, മേഘാലയ, മിസോറം, നാഗാലൻഡ്, സിക്കിം, ത്രിപുര തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് മുൻഗണന നൽകുന്നുണ്ട്. 

തൊഴിലറിയാമോ, ദാ മത്സരിക്കാം

തൊഴിൽ നൈപുണ്യ മത്സരത്തിന് രജിസ്‌ട്രേഷൻ തുടങ്ങി 
ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

എം.ആർ. സിജു

:നിങ്ങൾ പരിശീലിക്കുന്നതോ ചെയ്യുന്നതോ ആയ തൊഴിലിലെ പ്രാവീണ്യം എത്രത്തോളമാണ്? അതിൽ നിങ്ങൾക്കുള്ള കഴിവ് മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ താത്‌പര്യമുണ്ടോ? അതേ, തൊഴിൽ പരിശീലിക്കുന്നവരുമായി മത്സരമായാലോ? 
ഇതിനെല്ലാമുള്ള അവസരമാണ് സംസ്ഥാന വ്യാവസായിക പരിശീലനവകുപ്പും കേരള അക്കാദമി ഫോർ എക്സലൻസും (kase) ചേർന്നൊരുക്കുന്ന ഇന്ത്യാ സ്കിൽ കേരളാ മത്സരം. പങ്കെടുക്കാൻ പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ വിഷയമല്ല. യുവാക്കളുടെ തൊഴിൽശേഷിയും നൈപുണ്യവും നിലവാരവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ നടക്കുന്ന വേൾഡ് സ്കിൽ ഇന്റർനാഷണലിന്‌ മുന്നോടിയായാണ് സംസ്ഥാനത്തും തൊഴിൽ നൈപുണ്യമത്സരം നടത്തുന്നത്. ഇതിനായി 20 നൈപുണ്യമേഖലകളിലൊന്ന് തിരഞ്ഞെടുക്കാം.
നൈപുണ്യ മേഖലകൾ  
കാർപെന്ററി, പെയിന്റിങ് ആൻഡ്‌ ഡെക്കറേഷൻ, പ്ലംബിങ് ആൻഡ്‌ ഹീറ്റിങ്, റഫ്രിജറേഷൻ ആൻഡ്‌ എയർ കണ്ടീഷനിങ്, വാൾ ആൻഡ്‌ ഫ്ളോർ ടൈലിങ്, ഫാഷൻ ടെക്‌നോളജി, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനീയറിങ് കാഡ്, ഷീറ്റ് മെറ്റൽ ടെക്‌നോളജി, വെൽഡിങ്, സി.എൻ.സി. മില്ലിങ്, സി.എൻ.സി. ടർണിങ്, ബേക്കറി, റെസ്റ്റോറന്റ് ആൻഡ്‌ സർവീസ്, ഓട്ടോമൊബൈൽ ടെക്‌നോളജി, ഫ്ലോറിസ്ട്രി, ഗ്രാഫിക് ഡിസൈൻ ടെക്‌നോളജി, ത്രീഡി ഡിജിറ്റൽ ഗെയിം ആർട്ട്, വെബ് ഡിസൈൻ ആൻഡ്‌ ഡെവലപ്മെന്റ്, മൊബൈൽ റോബോട്ടിക്സ്. 
സാങ്കേതിക പഠനം ഇല്ലാത്തവർക്കും
ഏതെങ്കിലും ടെക്‌നിക്കൽ യോഗ്യതയുള്ളവർക്കും ഐ.ടി.ഐ., പോളിടെക്‌നിക്, വി.എച്ച്.എസ്.ഇ., എൻജിനീയറിങ്, ടി.എച്ച്.എസ്. തുടങ്ങിയവയോ സമാനമായ മറ്റുകോഴ്‌സുകളോ പഠിച്ചവർക്കും സാങ്കേതിക പഠനം നേടാതെ ഈ മേഖലകളിൽ സ്വയം നൈപുണ്യം സ്വായത്തമാക്കിയവർക്കും പങ്കെടുക്കാം.
പ്രായം, സമ്മാനം
1997 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവരാവണം. സംസ്ഥാനതലത്തിൽ ഒന്നാമത് എത്തുന്നവർക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയുമാണ് സമ്മാനം. സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും പ്രോത്സാഹന സമ്മാനമുണ്ട്. താത്‌പര്യമുള്ളവർ http://www.indiaskillskerala.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അവസാന തീയതി ഫെബ്രുവരി 25. 
ഫോൺ: 0471 2735949, +918547878783, +919633061773. Email: info@indiaskillskerala.com  
https://www.facebook.com/IndiaSkillsKerala2018/

മിടുക്കുണ്ടെങ്കിൽ 
റഷ്യയിലേക്ക്‌ പറക്കാം

:ജില്ലാതലത്തിലുള്ള മത്സരം മാർച്ച് 15-നും 17-നും ഇടയിൽ നടക്കും. അഭിരുചിയുള്ള സ്കിൽ മേഖലയിലെ പ്രോജക്ട് നിശ്ചിതസമയത്തിനകം ചെയ്തുതീർക്കുകയാണ് ചെയ്യേണ്ടത്. 
20 വിഭാഗങ്ങളിലും മത്സരമുണ്ടാകും. ഇതിൽ ജയിച്ചാൽ സോണൽ തലത്തിലെത്താം. ജില്ലകളെ മൂന്നുസോണായി തിരിച്ചാകും മത്സരം. 
സൗത്ത് സോൺ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട. സെൻട്രൽ സോൺ: ഇടുക്കി, എറണാകുളം, കോട്ടയം, തൃശ്ശൂർ, പാലക്കാട്. നോർത്ത് സോൺ: കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം. ഏപ്രിൽ ഒൻപതിനും 13-നും ഇടയിലാകും സോണൽ മത്സരം. സംസ്ഥാനതല മത്സരം ഏപ്രിൽ 28-നും 30-നും ഇടയിൽ നടക്കും.
വേൾഡ് സ്കിൽസ് മത്സരത്തിന്റെ അതേ മാനദണ്ഡപ്രകാരം നടത്തുന്ന ഇൻഡ്യാ സ്കിൽസ് കേരളയിലെ വിജയികൾക്ക് ജൂലായിൽ നടത്തുന്ന അഖിലേന്ത്യാ സ്കിൽസ് മത്സരത്തിൽ പങ്കെടുക്കാം. ഇതിലെ വിജയികളാണ് റഷ്യയിൽ നടക്കുന്ന വേൾഡ് സ്കിൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക.

ഒഴിവുകൾ

ഇന്ത്യൻ ഓയിലിൽ 601 ഒഴിവുകൾ www.iocl.com 
മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ 
ഫാർമസിസ്റ്റ് ട്രെയിനി. www. kmscl.kerala.gov.in 
പാലക്കാട് ഐ.ഐ.ടിയിൽ അധ്യാപകർ www.iitpkd.ac.in 
ഐ.എസ്.ആർ.ഒയിൽ സയന്റിസ്റ്റ്/ എൻജിനീയർ
www.isro.gov.in
മലബാർ ദേവസ്വം ബോർഡിൽ 13 എക്സിക്യുട്ടീവ് ഓഫീസർ
www.kdrb.kerala.gov.in

Feb 16

 തമിഴ്‌നാടിന് കർണാടകം നൽകേണ്ട വെള്ളത്തിന്റെ അളവ് ഗണ്യമായി കുറച്ചുകൊണ്ട് കാവേരി കേസിൽ സുപ്രീകോടതി വിധി. തമിഴ്‌നാടിന് 177.25 ടി.എം.സി. വെള്ളം നൽകിയാൽ മതിയെന്നു കോടതി വ്യക്തമാക്കി.

Feb 15

 കേന്ദ്രസർക്കാരിന്റെ ആരോഗ്യസുരക്ഷാപദ്ധതിയായ ‘ആയുഷ്മാൻ ഭാരതി’ന്റെ ഡയറക്ടറായി ഡോ. ദിനേഷ് അറോറയെ നിയമിച്ചു.
കെ.പി. ഒലി നേപ്പാൾ 
പ്രധാനമന്ത്രി

ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് അധ്യക്ഷൻ സിറിൾ റാമഫോസ തിരഞ്ഞെടുക്കപ്പെട്ടു. ജേക്കബ് സുമ രാജിവെച്ചതോടെയാണിത്.

Feb 12

സംസ്ഥാന വിജിലൻസ് ഡയറക്ടറായി ഡി.ജി.പി. ഡോ. നിർമൽ ചന്ദ്  അസ്താനയെ നിയമിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി കന്നഡ എഴുത്തുകാരൻ ചന്ദ്രശേഖര കമ്പാർ തിരഞ്ഞെടുക്കപ്പെട്ടു.