ഇന്ത്യൻ പ്രീമിയർ ലീഗിലെയും (ഐ.പി.എൽ.) ഇന്ത്യൻ സൂപ്പർ ലീഗിലെയും (ഐ.എസ്.എൽ.) ആവേശപ്പോരാട്ടങ്ങൾ ഇഷ്ടപ്പെടുന്ന ന്യൂജെൻ അതിലും നിർണായകമായൊരു മത്സരത്തിനൊരുങ്ങുകയാണ്. വിജയിച്ചാൽ കപ്പല്ല, ജീവിതം മാറ്റിമറിക്കുന്ന ജോലിയാണ് അവരെ കാത്തിരിക്കുന്നത്. സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സി.ജി.എൽ.) പരീക്ഷയുടെ ആദ്യഘട്ടം ഓഗസ്റ്റിൽ നടക്കും.

എന്താണ് സി.ജി.എൽ.
കേന്ദ്രസർക്കാർ വകുപ്പുകളിലെ 23 തസ്തികകളിലേക്കുള്ള നിയമനത്തിനായാണ് സി.ജി.എൽ. പരീക്ഷ നടത്തുന്നത്. വിദേശകാര്യ മന്ത്രാലയം, റെയിൽവേ, ഇന്റലിജൻസ് ബ്യൂറോ എന്നിവിടങ്ങളിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, സെൻട്രൽ എക്സൈസ്, തപാൽവകുപ്പ്, സി.ബി.ഐ., സെൻട്രൽ ബ്യൂറോ ഓഫ് നാർകോട്ടിക്സ് എന്നിവിടങ്ങളിൽ ഇൻസ്പെക്ടർ, വിവിധ മന്ത്രാലയങ്ങളിൽ അസിസ്റ്റന്റ് എന്നിവയാണ് വിജയികളെ കാത്തിരിക്കുന്ന പ്രധാനപ്പെട്ട അവസരങ്ങൾ. തസ്തികകൾ മാറുന്നതനുസരിച്ച് ശമ്പളനിരക്കിൽ ചെറിയ വ്യത്യാസങ്ങളുണ്ടാകും. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ (എൻ.ഐ.എ.) സബ് ഇൻസ്പെക്ടറാകാനും അവസരമുണ്ട്. ഇതാദ്യമായാണ് എൻ.ഐ.എ.യിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് നടത്തുന്നത്. 18-നും 27-നും ഇടയിൽ പ്രായമുള്ള ബിരുദധാരികൾക്ക് സി.ജി.എൽ. പരീക്ഷ എഴുതാനാകും. ചില തസ്തികകളിലേക്ക് 32 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. ഈ വർഷം മേയിലായിരുന്നു എസ്.എസ്.സി. സി.ജി.എൽ. പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചത്. അന്ന് അപേക്ഷിച്ചവർക്കുള്ള പരീക്ഷയാണ് ഓഗസ്റ്റിൽ നടക്കാനിരിക്കുന്നത്. 

പരീക്ഷ നാലുഘട്ടങ്ങളായി
തുടക്കത്തിൽത്തന്നെ 50,000 രൂപയ്ക്കടുത്ത് ശമ്പളം ലഭിക്കുന്ന ഗ്ലാമർ തസ്തികകളായതുകൊണ്ടാകാം സി.ജി.എൽ. പരീക്ഷ പാസാവൽ  അത്ര എളുപ്പമല്ല. ടയർ 1, 2, 3, 4 എന്നിങ്ങനെ നാലുഘട്ടങ്ങളുണ്ട് പരീക്ഷയ്ക്ക്. ആദ്യ രണ്ടുഘട്ടങ്ങൾ ഒബ്ജക്ടീവ് ടൈപ്പ് എഴുത്തുപരീക്ഷയും മൂന്നാംഘട്ടം വിവരണാത്മകരീതിയിലുള്ള എഴുത്തുപരീക്ഷയുമാണ്. മൂന്നിലും വിജയിക്കുന്നവർക്ക് കമ്പ്യൂട്ടർ പ്രൊഫിഷ്യൻസി/സ്കിൽ ടെസ്റ്റുമുണ്ടാകും. ഈ കടമ്പകൂടി കടക്കുന്നതോടെ കേന്ദ്രസർക്കാർ ജോലി കൈയെത്തും ദൂരത്തിലാകും. ടയർ I പരീക്ഷ ഓഗസ്റ്റിലും ടയർ II നവംബറിലും നടക്കും. വിവരണാത്മക പരീക്ഷയായ ടയർ III അടുത്തവർഷം ജനുവരിയിലായിരിക്കും. ഫെബ്രുവരിയിലാണ് സ്കിൽ ടെസ്റ്റ്. 

ടയർ വൺ
സി.ജി.എൽ. പരീക്ഷയുടെ ആദ്യചുവടായ ടയർ വണ്ണാണ് അടുത്ത മാസം നടക്കാനിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചുമുതൽ 24 വരെയുള്ള തീയതികളിലായിരിക്കും പരീക്ഷയെന്ന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽത്തന്നെ ഓഗസ്റ്റ് 7, 13, 14, 15 തീയതികളിൽ പരീക്ഷ നടത്തില്ലെന്നും എസ്.എസ്.സി. അറിയിക്കുന്നു. അങ്ങനെയെങ്കിൽ ഓഗസ്റ്റ് 6, 20 എന്നീ ഞായറാഴ്ചകളിലായിരിക്കും പരീക്ഷ. അപേക്ഷകരുടെ എണ്ണം കൂടുതലുണ്ടെങ്കിൽ മറ്റുദിവസങ്ങളിലും ഉണ്ടാകും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. 

കഴിഞ്ഞ വർഷംതൊട്ടാണ് സി.ജി.എൽ. ടയർ I പരീക്ഷ ഓൺലൈൻ രീതിയിലേക്ക് മാറിയത്. അതുവരെ ഒരു മാർക്ക് വീതമുള്ള 200 ചോദ്യങ്ങളായിരുന്നു പരീക്ഷയ്ക്കുണ്ടായിരുന്നതെങ്കിൽ കഴിഞ്ഞവർഷം മുതൽ അത് രണ്ടുമാർക്ക് വീതമുള്ള 100 ചോദ്യങ്ങളായി. ആകെ സമയം ഒരു മണിക്കൂർ. തെറ്റായ ഉത്തരത്തിന് അരമാർക്ക്‌വീതം കുറയ്ക്കുന്ന നെഗറ്റീവ് മാർക്കിങ് സമ്പ്രദായവുമുണ്ട്. 

100 ചോദ്യങ്ങളായതോടെ സി.ജി.എൽ. ടയർ I പരീക്ഷയുടെ കടുപ്പം അല്പം കുറഞ്ഞിട്ടുണ്ടെന്നാണ് പൊതുവായുള്ള അഭിപ്രായം. അതോടെ കട്ട് ഓഫ് മാർക്കും ഉയർന്നു. 2016-17 വർഷത്തിൽ ടയർ I പരീക്ഷയെഴുതിയ ജനറൽ വിഭാഗക്കാരുടെ കട്ട് ഓഫ് 137 മാർക്ക് വരെ ഉയർന്നു എന്നറിയുമ്പോഴേ മത്സരത്തിന്റെ കാഠിന്യം വ്യക്തമാകൂ. 100 ചോദ്യങ്ങളിൽ 65 എണ്ണത്തിൽ കൂടുതൽ ശരിയാക്കിയാൽമാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ.

നാലുവിഷയങ്ങൾ പ്രധാനം
സിലബസ് കൃത്യമായി വായിച്ചുമനസ്സിലാക്കി അതിനനുസരിച്ചുള്ള പഠനക്രമം തയ്യാറാക്കണം. എസ്.എസ്.സി. വെബ്‌സൈറ്റിൽനിന്ന്  സിലബസ് പ്രിന്റൗട്ട് എടുക്കണം. പി.എസ്.സി. പരീക്ഷകളെ അപേക്ഷിച്ച് സിലബസ് കൃത്യമായി പിന്തുടരുന്ന പതിവാണ് എസ്.എസ്.സി.ക്കുള്ളത്.

ജനറൽ ഇന്റലിജൻസ്-റീസണിങ്, ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്,  ഇംഗ്ലീഷ് കോംപ്രിഹെൻഷൻ എന്നീ നാല് വിഷയങ്ങളിൽനിന്ന് 25 ചോദ്യങ്ങൾവീതം ആകെ 100 ചോദ്യങ്ങളാണ് ഉണ്ടാവുക. ഇവതന്നെയാണ് രണ്ടാംഘട്ട പരീക്ഷയായ ടയർ II-വിലും ചോദിക്കുകയെന്നിരിക്കെ ഈ വിഷയങ്ങൾ അതിപ്രാധാന്യമേറിയതാണ്. ഒരു മണിക്കൂർകൊണ്ടുവേണം ഇതത്രയും ചെയ്തുതീർക്കാൻ. അതിനാൽ സമയക്ലിപ്തത പാലിച്ച് ഓരോ ഭാഗങ്ങൾക്കും ഉത്തരങ്ങൾ കണ്ടെത്തണം. ജനറൽ ഇന്റലിജൻസ്-റീസണിങ്ങിനും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡിനും 20 മിനുട്ട് വീതവും ജനറൽ അവേർനെസിനും ഇംഗ്ലീഷിനും 10 മിനുട്ട് വീതവും നീക്കിവെച്ചുവേണം പരീക്ഷയെഴുതി തുടങ്ങാൻ. ആദ്യഭാഗമായ ജനറൽ ഇന്റലിജൻസ്-റീസണിങ്ങിൽനിന്ന് പരമാവധി മാർക്കുകൾ സ്കോർ ചെയ്യാൻ ശ്രമിക്കണം. ഇതത്ര ബുദ്ധിമുട്ടുള്ളതല്ല. കോഡിങ്-ഡീകോഡിങ്, പ്രോബ്ലം സോൾവിങ്, നമ്പർ സീരീസ്, മിറർ ഇമേജ്, വാട്ടർ ഇമേജ് തുടങ്ങി എല്ലാ മത്സരപരീക്ഷകളിലും ചോദിക്കുന്ന ചോദ്യങ്ങൾതന്നെയാണ് ടയർ I പരീക്ഷയിലുമുണ്ടാകുക. ഇതിനുള്ള ചില സൂത്രവാക്യങ്ങളും എളുപ്പവഴികളും മനഃപാഠമാക്കിയാൽ  അടുത്ത ഭാഗത്തേക്ക് പോകാം. 

പത്തംക്ലാസ് വരെയുള്ള സി.ബി.എസ്.ഇ. പാഠപുസ്തകങ്ങളിൽനിന്നുള്ള ചരിത്രം, ഭൂമിശാസ്ത്രം, സയൻസ് വിഷയങ്ങളും അല്പം ആനുകാലിക സംഭവങ്ങളുമാണ് ജനറൽ അവേർനെസ് ഭാഗത്തിൽ ചോദിക്കുക. ഇന്ത്യൻ ഭരണഘടന, സമ്പദ്‌വ്യവസ്ഥ, നയതന്ത്രരംഗം എന്നീ വിഷയങ്ങളിൽനിന്ന്‌ ഇപ്പോൾ ചോദ്യങ്ങൾ കൂടുതലായി കണ്ടുതുടങ്ങിയിട്ടുണ്ട്. 

ഡെസിമൽസ് ആൻഡ് ഫ്രാക്ഷൻസ്, റേഷ്യോ ആൻഡ് പ്രൊപ്പോർഷൻ, സ്ക്വയർ റൂട്ട്, ട്രിഗണോമെട്രി, ജ്യോമെട്രി എന്നീ ഭാഗങ്ങളിൽ നിന്നായിരിക്കും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡിലെ പ്രധാന ചോദ്യങ്ങളത്രയും. പ്ലസ്ടുതലം വരെയുള്ള കണക്ക് പുസ്തകങ്ങളിലെ ചോദ്യങ്ങൾ പരിശീലിച്ചാൽ ഈ ഭാഗം എളുപ്പത്തിൽ മറികടക്കാം.

വാക്കുകളിലെ അക്ഷരത്തെറ്റ് കണ്ടുപിടിക്കൽ, വിട്ടഭാഗം കൂട്ടിച്ചേർക്കൽ, ഇഡിയംസ് ആൻഡ് ഫ്രേസസ്, വൺ വേഡ് സബ്സ്റ്റിറ്റ്യൂഷൻ എന്നിവയാണ് ഇംഗ്ലീഷിൽനിന്ന് കാര്യമായി വരുന്ന ചോദ്യങ്ങൾ. ഇംഗ്ലീഷ് വ്യാകരണത്തിന്റെ അടിസ്ഥാനവസ്തുതകൾകൂടി മനസ്സിലാക്കിെവച്ചാൽ ഈ ഭാഗവും വലിയ പരിക്കില്ലാതെ നേരിടാം.

മാർക്ക് നേടാൻ എളുപ്പവഴികൾ
പഴയ ചോദ്യപ്പേപ്പറുകൾ തേടിപ്പിടിച്ച് പഠിക്കുക എന്നതാണ് ഇനിയുള്ള കുറഞ്ഞസമയത്ത് ചെയ്യാനുള്ളത്. 10 വർഷത്തെ സി.ജി.എൽ. ടയർ I ചോദ്യപേപ്പറുകൾ മനസ്സിരുത്തി പഠിക്കുന്നവർക്ക് ഏറെ എളുപ്പത്തിൽ കട്ട് ഓഫ് മാർക്കിന് അരികിലെത്താൻ സാധിക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതിനാൽ വിവിധ വെബ്‌സൈറ്റുകളിൽ ലഭ്യമായിട്ടുള്ള മോക്ക് ടെസ്റ്റ് പേപ്പറുകൾ ചെയ്തുനോക്കുന്നതും ഗുണം ചെയ്യും. ചോദ്യങ്ങളുടെ രൂപം മനസ്സിലാക്കാൻ മോക്ക് ടെസ്റ്റുകൾ സഹായകമാവുമെങ്കിലും ഇതിൽ നൽകിയിട്ടുള്ള ഉത്തരങ്ങൾ കണ്ണുമടച്ച് പഠിക്കാൻ ശ്രമിക്കരുത്. ചില മോക്ക് ടെസ്റ്റുകളിൽ നൽകിയിട്ടുള്ള ഉത്തരങ്ങളിൽ തെറ്റുകൾ കണ്ടതുകൊണ്ടാണീ മുന്നറിയിപ്പ്. ആധികാരികമായ പുസ്തകങ്ങളോ ഔദ്യോഗിക വെബ്‌സൈറ്റുകളോ പരിശോധിച്ച് ഉത്തരങ്ങൾ ശരിയാണെന്ന്‌ ഉറപ്പുവരുത്തണം. വിപണിയിൽ ലഭ്യമായിട്ടുള്ള സി.ജി.എൽ. റാങ്ക്ഫയലുകളുടെ കാര്യത്തിലും ഇത് ബാധകമാണ്.