ആർ. ജയപ്രസാദ്
ഐ.ടി.രംഗത്തെ അത്യാധുനികകോഴ്‌സുകൾ രാജ്യാന്തര നിലവാരത്തിൽ പഠിക്കാൻ സൗകര്യമുള്ള സർക്കാർമേഖലയിലെ സ്ഥാപനമാണ് തിരുവനന്തപുരത്തുള്ള ട്രിപ്പിൾ ഐ.ടി.എം.കെ. എന്നറിയപ്പെടുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ്- കേരള (IIITM-K). സൈബർ സെക്യൂരിറ്റി, ഡേറ്റാ അനലറ്റിക്സ്, മെഷീൻ ഇന്റലിജൻസ്, ജിയോ സ്പേഷ്യൽ അനലറ്റിക്സ്, ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സ് തുടങ്ങിയ ആധുനിക വിവരസാങ്കേതികമേഖലകളിലെ സ്പെഷ്യലൈസേഷനുകൾ ഇവിടത്തെ പ്രത്യേകതയാണ്. ഇവയിൽ ഉന്നതപഠനം മാത്രമല്ല, ഗവേഷണവും ഇവിടെ സാധ്യമാക്കുന്നു. ഐ.ടി., കംപ്യൂട്ടർ സയൻസ് അധിഷ്ഠിത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, എം.ഫിൽ., പിഎച്ച്.ഡി. കോഴ്‌സുകളാണ് ഇവിടെയുള്ളത്.
എം.എസ്‌സി.
സൈബർ സെക്യൂരിറ്റി: സൈബർ ലോകത്തെ വിവര സുരക്ഷയ്ക്കുവേണ്ടിയുള്ള സാങ്കേതികപഠനമാണിത്. മെഷീൻ ഇന്റലിജൻസ്: ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിവുള്ള കംപ്യൂട്ടറുകളുടെ നിർമാണത്തെപ്പറ്റിയുള്ള പഠനശാഖ.ഡേറ്റാ അനലറ്റിക്സ്: വിവരങ്ങളെ വിശകലനംചെയ്ത് കിട്ടുന്ന അറിവുകളുടെ സഹായത്തോടെ വാണിജ്യ/ശാസ്ത്ര-സാങ്കേതിക/ഭരണപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായകരമായ പഠനം.ജിയോ സ്പേഷ്യൽ അനലറ്റിക്സ്: സ്ഥാനവും സമയവും സംബന്ധിച്ച വിവരങ്ങൾ അപഗ്രഥിച്ച് ഭരണം, വാണിജ്യം എന്നീ മേഖലകളിൽ ആവശ്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കാനുള്ള പഠനം.യോഗ്യത: 60 ശതമാനം മാർക്കിൽ (സി.ജി.പി.എ. 6.5) കുറയാതെ ഏതെങ്കിലും സയൻസ്/എൻജിനീയറിങ്/ടെക്‌നോളജി വിഷയങ്ങളിൽ ബിരുദം. ബിരുദതലത്തിൽ കണക്ക് പഠനവിഷയമായിരിക്കണം.
എം.ഫിൽ
ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സ്. യോഗ്യത: നാച്വറൽ സയൻസ് (ബോട്ടണി, സുവോളജി, എൻവയോൺമെന്റൽ സയൻസ്), ഫിസിക്കൽ സയൻസ് എന്നിവയിൽ എം.എസ്‌സി.
കംപ്യൂട്ടർ സയൻസ്: എം.എസ്‌സി., എം.സി.എ., എം.ടെക്. (കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്‌ട്രോണിക്സ്/കംപ്യൂട്ടേഷണൽ സയൻസ്/ജിയോ ഇൻഫർമാറ്റിക്സ്) . യോഗ്യതാപരീക്ഷയിൽ കംപ്യൂട്ടർ സയൻസ്/ഐ.ടി.യിൽ മൂന്നു പേപ്പറെങ്കിലുമുണ്ടാകണം. ഗവേഷണ അഭിരുചി പരീക്ഷയിലെയോ ഗേറ്റ്/നെറ്റ് സ്കോർ അടിസ്ഥാനത്തിലോ ആയിരിക്കും പ്രവേശനം.
അംഗീകാരം കുസാറ്റിന്റേത്
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ അംഗീകാരത്തോടെയാണ് കോഴ്‌സുകൾ നടത്തുന്നത്. ഇവയിലേക്കുള്ള പ്രവേശനത്തിന് അവസാനതീയതി മേയ് 27. ഓൺലൈൻ പ്രവേശനപരീക്ഷ ജൂൺ പത്തിന്. വിവരസാങ്കേതികവിദ്യയിൽ പഠനവും ഗവേഷണവും മാത്രമല്ല, മാനേജ്‌മെന്റ് വൈഭവത്തിലും ഈ സ്ഥാപനം പരിശീലനം നൽകും.
ട്രിപ്പിൾ ഐ.ടി.എം.കെ.യിലെ പൂർവ വിദ്യാർഥികൾ ഐ.ടി. മേഖലയിലെ മുൻനിര കമ്പനികളിലാണ് ജോലിചെയ്യുന്നത്. വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് മാത്രമല്ല, സ്വയംതൊഴിൽ കണ്ടെത്താനുള്ള ഇൻകുബേഷൻ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഗവേഷണത്തിലും അധ്യയന വിനിമയപരിപാടികളിലും ബഹുരാഷ്ട്ര കമ്പനികളായ ഐ.ബി.എം., ടി.സി.എസ്., ഒറാക്കിൾ, ജി.ഇ. തുടങ്ങിയവയുമായി ട്രിപ്പിൾ ഐ.ടി.എം.കെ. സഹകരിക്കുന്നുണ്ട്. മൂന്ന് ജർമൻ സർവകലാശാലകളുമായി വിദ്യാർഥിവിനിമയ പദ്ധതികളുമുണ്ട്.
ഹരിത കാമ്പസ്
അന്താരാഷ്ട്ര നിലവാരമുള്ള കാമ്പസിന്റെ നിർമാണമാണ് ടെക്‌നോസിറ്റിയിൽ പരോഗമിക്കുന്നത്. യു.ജി.സി., എ.ഐ.സി.ടി.ഇ. എന്നിവയുടെ വ്യവസ്ഥകൾ പാലിക്കുന്ന ഹരിത കാമ്പസാണിത്. വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം, ഓപ്പൺ എയർ വേദികൾ, പരീക്ഷണ നിരീക്ഷണങ്ങൾക്കുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങൾ തുടങ്ങിയവ പുതിയ കാമ്പസിലുണ്ടാകും.
വിവരങ്ങൾക്ക് www.iiitmk.ac.in/admission. ഫോൺ 0471 2700777, 9744141350.
********************************************
പോലീസിലും എക്സൈസിലും പട്ടികവർഗക്കാർക്ക് 100 ഒഴിവുകൾ
സിവിൽ എക്സൈസ് ഓഫീസർ, സിവിൽ പോലീസ് ഓഫീസർ തസ്തികകളിലേക്ക് പട്ടികവർഗക്കാർക്ക് മാത്രമായുള്ള നിയമനത്തിന് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുകളുണ്ട്. ഇരുതസ്തികകളിലേക്കും പട്ടികവർഗ വനിതകൾക്ക് പ്രത്യേക റിക്രൂട്ട്‌മെന്റുമുണ്ട്. അപേക്ഷ മേയ് 31-നകം തപാലിൽ അയയ്ക്കണം.
തസ്തികകൾ:
64/2017: സിവിൽ പോലീസ് ഓഫീസർ (പോലീസ്)
65/2017: സിവിൽ എക്സൈസ് ഓഫീസർ (എക്സൈസ്)
66/2017: വനിതാ സിവിൽ പോലീസ് ഓഫീസർ (പോലീസ്)
67/2017: വനിതാ സിവിൽ എക്സൈസ് ഓഫീസർ (എക്സൈസ്)
റിസർവ് ബാങ്കിൽ 161 ഓഫീസർ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ വിഭാഗങ്ങളിലേക്ക് ഓഫീസർ ഗ്രേഡ് ബി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 161 ഒഴിവുകളുണ്ട്.
തസ്തികകൾ: ഓഫീസർ (ജനറൽ-ഡയറക്ട് റിക്രൂട്ട്മെന്റ്), ഓഫീസർ (ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് പോളിസി റിസർച്ച്), ഓഫീസർ (ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ്)
അവസാന തീയതി: മേയ് 23.
വെബ്‌സൈറ്റ്: www.rbi.org.in
സശസ്ത്രസീമാബലിൽ
355 കോൺസ്റ്റബിൾ
സശസ്ത്രസീമാബൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുട്ബോൾ, അത്‌ലറ്റിക്സ്, വോളിബോൾ, ബാസ്കറ്റ്ബോൾ, ഹാൻഡ്ബോൾ, കബഡി, അക്വാറ്റിക്സ്, ക്രോസ്-കൺട്രി, ജൂഡോ, ഹോക്കി, ഫെൻസിങ്, വാട്ടർ സ്പോർട്സ്, റെസ്‌ലിങ്, ബോക്സിങ്, വെയ്റ്റ് ലിഫ്റ്റിങ്, ജിംനാസ്റ്റിക്സ്, വുഷു, തയ്ക്ക്വാൺഡോ, ആർച്ചറി, സെപക് താക്രോ, ഷൂട്ടിങ് (സ്പോർട്സ്), ഇക്വസ്ട്രിയൻ, സൈക്ലിങ് എന്നീ കായിക ഇനങ്ങളിൽ മികവുതെളിയിച്ചവർക്കാണ് അവസരം. 355 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും അപേക്ഷിക്കാം.
അവസാനതീയതി: ജൂൺ 5.
വെബ്‌സൈറ്റ്: www.ssbrectt.gov.in
HAL: 500 അപ്രന്റിസ്
ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ കീഴിൽ നാസിക്കിലുള്ള എയർക്രാഫ്റ്റ് ഡിവിഷനിൽ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അവസരം.
11 ട്രേഡുകളിലായി ആകെ 500 ഒഴിവുകളുണ്ട്. അവസാന തീയതി: മേയ് 15. വെബ്‌സൈറ്റ്: www.hal-india.com
കോസ്റ്റ്ഗാർഡിൽ ഓഫീസർ
ഇന്ത്യൻ കോസ്റ്റ്ഗാർഡ് ജനറൽ ഡ്യൂട്ടി ഓഫീസർ, പൈലറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി., എസ്.ടി. വിഭാഗക്കാരായ പുരുഷൻമാർക്ക് മാത്രമേ അപേക്ഷിക്കാനാവൂ. അവസാനതീയതി: മേയ് 20.
www.joinindiancoastguard.gov.in
എസ്.ബി.ഐ.യിൽ 554 സ്പെഷ്യൽ
മാനേജ്മെന്റ് എക്സിക്യൂട്ടീവ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യൽ മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ബാങ്കിങ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 554 ഒഴിവുകളുണ്ട്.
അവസാന തീയതി: മേയ് 18. വെബ്‌സൈറ്റ്: www.sbi.co.in
*********************************************
GK Diary 24x7
ഫ്രാൻസിന് പ്രായംകുറഞ്ഞ
പ്രസിഡന്റ്
ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള ഇന്ത്യയുടെ ഉപഗ്രഹമായ ജി സാറ്റ്-9 വിക്ഷേപിച്ചു. ജി.എസ്.എൽ.വി.- എഫ് 09 റോക്കറ്റിലായിരുന്നു വിക്ഷേപണം. വാർത്താവിനിമയം, ടെലിവിഷൻ സംപ്രേഷണം, ഡി.ടി.എച്ച്., വിദ്യാഭ്യാസം, ടെലിമെഡിസിൻ, ദുരന്തനിവാരണം തുടങ്ങിയവയ്ക്ക് പ്രയോജനപ്പെടുത്താവുന്ന ഉപഗ്രഹമാണിത്. ഏഴ് രാജ്യങ്ങൾക്ക് ഉപഗ്രഹത്തിന്റെ സൗജന്യസേവനം ലഭിക്കും.
സുപ്രീംകോടതി വിധിയെതുടർന്ന് ടി.പി. സെൻകുമാർ സംസ്ഥാനപോലീസ് മേധാവിയായി വീണ്ടും ചുമതലയേറ്റു. പോലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ വിജിലൻസ് ഡയറക്ടറായി മാറ്റി നിയമിച്ചു
അസ്ലൻ ഷാ ഹോക്കി ടൂർണമെന്റിൽ ഓസ്ട്രേലിയയെ കീഴടക്കി ബ്രിട്ടന് കിരീടം. ഇന്ത്യയ്ക്കാണ് വെങ്കലം.
ഐ ലീഗ് പത്താം സീസൺ ഫുട്‌ബോൾ കിരീടം ഐസ്വാൾ എഫ്.സി.ക്ക്
പത്തുദിവസംകൊണ്ട് ബാഹുബലി-2 വാരിക്കൂട്ടിയത് 1000 കോടി രൂപ. ആദ്യമായാണ് ഒരു ഇന്ത്യൻസിനിമ ഈ നേട്ടം കൈവരിക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റായി എമ്മാനുവേൽ മക്രോൺ തിരഞ്ഞെടുക്കപ്പെട്ടു. ഫ്രാൻസിന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റാണ് മക്രോൺ.
***********************************
LDC Quick LOOK
കാസർകോട്
വിസ്തൃതി: 1992 ച.കി.മീ.
ജനസംഖ്യ: 13,07,375
ജനസാന്ദ്രത: 656 ച.കി.മീ.
സ്ത്രീപുരുഷ അനുപാതം: 1080/1000
സാക്ഷരതാശതമാനം: 90.09
മുനിസിപ്പാലിറ്റികൾ: കാഞ്ഞങ്ങാട്, കാസർകോട്, നീലേശ്വരം
താലൂക്കുകൾ: കാസർകോട്, ഹോസ്ദുർഗ്, മഞ്ചേശ്വരം, വെള്ളരിക്കുണ്ട്
റവന്യൂ വില്ലേജുകൾ: 136
ബ്ലോക്ക് പഞ്ചായത്തുകൾ: ആറ്
ഗ്രാമപ്പഞ്ചായത്തുകൾ: 38
വനം: 621 ച.കി.മീ.
നദികൾ: കേരളത്തിൽ ഏറ്റവുമധികം പുഴകൾ ഒഴുകുന്ന ജില്ല. 12 എണ്ണം. ഷിറിയ, ഉപ്പള, മഞ്ചേശ്വരം, നീലേശ്വരം, മൊഗ്രാൽ എന്നിവയാണ് പ്രധാനപ്പെട്ടവ.
കൃഷി: തെങ്ങ്, കശുവണ്ടി, അടയ്ക്ക, പുകയില.
പ്രധാന സ്ഥലങ്ങൾ: ബേക്കൽ കോട്ട, കാപ്പിൽ ബീച്ച്, വലിയപറമ്പ കായൽ, റാണിപുരം, മായിപ്പാടി കൊട്ടാരം, മാലിക് ദീനാർ പള്ളി, മല്ലികാർജുന ക്ഷേത്രം.
സംസ്ഥാനത്ത് ഏറ്റവുമവസാനം രൂപവത്കരിച്ചതും ഏറ്റവും വടക്കേ അറ്റത്തുള്ളതുമായ ജില്ല. സംസ്ഥാനത്തെ രണ്ടാമത്തെ ചെറിയ ജില്ല. 1984-ലാണ് കാസർകോട് ജില്ലയായത്. കേരളത്തിൽ ഏറ്റവുമധികം പ്രാദേശികഭാഷകളുള്ള ജില്ലയാണിത്.
മുന്നൂറിലധികം വർഷം പഴക്കമുള്ള ബേക്കൽ കോട്ട കാസർകോടാണ്. ബദനൂരിലെ ശിവപ്പ നായിക്കിന്റെ കാലത്താണ് നിർമാണം. 1992-ൽ കേന്ദ്രസർക്കാർ കോട്ടയെ പ്രത്യേക ടൂറിസം പ്രദേശമായി പ്രഖ്യാപിച്ചു.
1957-ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് മത്സരിച്ചത് ജില്ലയിലെ നീലേശ്വരം മണ്ഡലത്തിലാണ്. യക്ഷഗാനം പ്രചാരത്തിലുള്ള കേരളത്തിലെ ഏക ജില്ല കൂടിയാണ്.
*************************
ഇന്റർവ്യൂ ഈസിയാക്കാം
ഹരിമോഹൻ
എഴുത്തുപരീക്ഷ എന്ന കടമ്പ എങ്ങനെയും മറികടക്കാം. എന്നാൽ, അഭിമുഖം... കേൾക്കുമ്പോഴേ മുട്ടിടിക്കും. അത് കടന്നുകിട്ടുക ഏറെ ബുദ്ധിമുട്ടാണെന്നാകും മത്സരാർഥികളുടെ ചിന്ത. ആശയവിനിമയത്തിനുള്ള ആത്മവിശ്വാസക്കുറവും പറയുന്നത് തെറ്റുമോ എന്ന ആശങ്കയും സാഹചര്യത്തിന്റെ സമ്മർദവും ഒക്കെ ഒത്തുചേരുമ്പോൾ നിർണായകമായ ‘ഇന്റർവ്യൂ’ അഥവാ ‘അഭിമുഖ പരീക്ഷ’യിൽ നാം പിറകോട്ടുപോകുന്നു.
വിവിധതരത്തിലുള്ള അഭിമുഖങ്ങളുണ്ട്. മുഖാമുഖമുള്ളവയാണ് കൂടുതലും. അഭിമുഖം നടത്തുന്നത് ഒരു വ്യക്തി മാത്രമാകില്ല. ഒന്നിലധികം വിദഗ്ധരടങ്ങുന്ന ഒരു പാനൽ തന്നെയാകും.
എങ്ങനെ തയ്യാറെടുക്കാം
ഇന്റർവ്യൂ നേരിടുന്ന വ്യക്തിയുടെ വിജയം നിർണയിക്കുന്ന സുപ്രധാനഘടകം തയ്യാറെടുപ്പാണ്. മികച്ചരീതിയിൽ മുന്നൊരുക്കം നടത്തുന്നവർക്ക് അഭിമുഖത്തിനായി കയറുമ്പോൾത്തന്നെ പകുതി വിജയം ഉറപ്പിക്കാം.
അഭിമുഖത്തിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾക്ക് ചുറുചുറുക്കോടെ മറുപടി പറയണം. ആദ്യം ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾക്ക് നല്ല പരിശീലനം ആവശ്യമാണ്.
* നിങ്ങളെപ്പറ്റി സ്വയം പരിചയപ്പെടുത്തൂ എന്നാകും ആദ്യചോദ്യം. സ്വയം വിലയിരുത്തി ഇതിനുള്ള ഉത്തരം മനസ്സിൽ കരുതണം. കണ്ണാടിക്കുമുമ്പിൽ ആവർത്തിച്ച് പറഞ്ഞുശീലിക്കുന്നത് ഉപകാരപ്പെടും.
* ഈ ജോലി തിരഞ്ഞെടുക്കാൻ എന്താണ് കാരണമെന്നാവും അടുത്ത ചോദ്യം.
* ചോദ്യങ്ങൾക്ക് അടുക്കുംചിട്ടയോടും കൂടി മറുപടി തയ്യാറാക്കി പറയാൻ തയ്യാറെടുത്തിരിക്കണം.
*സ്വന്തം കരിയറിനെക്കുറിച്ച് വ്യക്തമായി അവതരിപ്പിക്കാൻ അറിഞ്ഞിരിക്കണം.
*പഠനംകഴിഞ്ഞ് ജോലിയിലേക്ക് ദീർഘനാളത്തെ ഇടവേളയുണ്ടെങ്കിൽ, അതിനെക്കുറിച്ച് ചോദിച്ചാൽ അതെന്തുകൊണ്ടെന്ന് വ്യക്തമാക്കണം.
*ജോലി ഏതുവിഷയത്തെ അടിസ്ഥാനമാക്കിയാണോ, അതേക്കുറിച്ച് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ തയ്യാറാക്കുക.
*ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ ആത്മവിശ്വാസക്കുറവുള്ളവർ ഈ ദൗർബല്യം മാറ്റിയെടുക്കാനുള്ള ശ്രമം നേരത്തേത്തന്നെ തുടങ്ങേണ്ടതാണ്.
ഗവേഷണവും വേണം
ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുമുമ്പ് ആവശ്യത്തിന് ഗവേഷണം നടത്തേണ്ടതുണ്ട്. ഇന്റർവ്യൂ ഏത് സ്ഥാപനത്തിലെ ജോലിക്കുവേണ്ടിയാണോ, ആ സ്ഥാപനത്തെക്കുറിച്ച് വിശദമായി അറിയുക. അവരുടെ വെബ്സൈറ്റ് സന്ദർശിക്കാൻ ഒരു കാരണവശാലും മറക്കരുത്. സ്ഥാപനത്തെക്കുറിച്ച് അത്യാവശ്യം ചരിത്രവും അറിഞ്ഞിരിക്കണം.
കരുതലോടെ
*അഭിമുഖത്തിന്റെ തലേദിവസവും കരുതൽ വേണം. ഇന്റർവ്യൂ നടക്കുന്നതിന്റെ തലേദിവസം രാത്രി നന്നായി ഉറങ്ങുക.
*ഇൻറർവ്യൂ ആരംഭിക്കുന്നതിന് കുറഞ്ഞത് 20 മിനിറ്റ് മുമ്പെങ്കിലും എത്തണം.
*പ്രഭാതഭക്ഷണം നന്നായി കഴിക്കുക.
എന്തെല്ലാം കരുതണം
ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, അവയുടെ ആവശ്യത്തിനുള്ള പകർപ്പുകൾ, പേന.
വസ്ത്രധാരണം
‘ഒരു വേഷത്തിലെന്തിരിക്കുന്നു? കഴിവും അറിവുമുണ്ടെങ്കിൽ അഭിമുഖത്തിൽ പരാജയപ്പെടില്ല’ എന്ന ചിന്ത കുറേയൊക്കെ ശരിയാണ്. എന്നാൽ, ഓരോ വ്യക്തിയുടെയും വ്യക്തിത്വം അളക്കുന്നത് (തുടക്കത്തിലെങ്കിലും) അവരുടെ വേഷവിധാനത്തിലൂടെയാണ്. ‘First impression is the best impression’ എന്നതിനാൽ ലളിതമായ, എന്നാൽ പക്വതയും ആത്മവിശ്വാസവും പ്രസരിക്കുന്ന വേഷമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.
സന്ദർഭത്തിനിണങ്ങാത്ത വേഷം ധരിച്ചുവന്ന ഒരാളെ കാണുമ്പോൾത്തന്നെ ഇയാൾക്ക് ജോലി നൽകേണ്ടതില്ല എന്ന ചിന്ത ചോദ്യകർത്താക്കളുടെ മനസ്സിൽ നിറഞ്ഞേക്കാം. എല്ലാത്തിനുമുപരിയായി, മറ്റ് മത്സരാർഥികളുടെ വസ്ത്രധാരണവുമായി താരതമ്യപ്പെടുത്തി ‘എന്റെ വേഷം ഉചിതമല്ല’ എന്ന ചിന്ത നമ്മുടെ മനസ്സിൽ വന്നാൽ ഏകാഗ്രത നഷ്ടപ്പെടും. അതിനാൽ ആത്മവിശ്വാസത്തിന്, നല്ല വസ്ത്രധാരണം അനിവാര്യമാണ്.
*അനാവശ്യമായി ആഭരണങ്ങൾ ധരിക്കാതിരിക്കുക.
* മുടി നന്നായി ചീകിയൊതുക്കി വെയ്ക്കുക.
*നിങ്ങൾ െെകയിലെടുക്കുന്ന ബാഗ്, ഫയൽ എന്നിവ മികച്ചതാണെന്ന് ഉറപ്പുവരുത്തുക.
*ഓരോ ചോദ്യത്തെയും പുഞ്ചിരിയോടെ നേരിടുക. അത് നിങ്ങളിലുള്ള ആത്മവിശ്വാസത്തെ കാണിക്കുന്നു.
*പ്രകോപനമുണ്ടാക്കുന്ന ചോദ്യങ്ങളിൽ വീഴാതിരിക്കുക.
* അറിയാത്ത ഉത്തരങ്ങൾ പറയാതിരിക്കുക. അറിയില്ല എന്നുതന്നെ പറഞ്ഞ് ഒഴിവാകാം.
ആത്മവിശ്വാസം
സ്വന്തം കഴിവിലുള്ള വിശ്വാസവും വിജയത്തിന് അനിവാര്യമാണ്. ‘എനിക്ക് വലിയ അറിവില്ല. ചോദ്യങ്ങളെ എങ്ങനെ നേരിടും?’ എന്ന ചിന്ത മാറ്റുക. എല്ലാം അറിഞ്ഞുകൊണ്ട് ഇന്റർവ്യൂ നേരിടാൻ ആർക്കും പറ്റില്ല. നമുക്ക് അറിയുന്നതോ അറിയാത്തതോ ആയ കാര്യങ്ങൾ ചോദിച്ചേക്കാം. കഴിയുന്നതുപോലെ നല്ല ഉത്തരങ്ങൾ നൽകണം.
*തോൽക്കുമെന്നുള്ള ചിന്ത അയൽപ്പക്കത്തുപോലും ഉണ്ടാകരുത്.
*‘ഇന്റർവ്യൂ മുറിയിലുള്ള 20-30 മിനിറ്റ് സമയം എന്റെ കഴിവിന്റെ പരമാവധി ഞാൻ പുറത്തെടുക്കും’ എന്ന മാനസിക തയ്യാറെടുപ്പുവേണം.
*മനസ്സിലുള്ള ഉത്തരങ്ങൾ സ്പഷ്ടമായും കൃത്യമായും പറയണം.
**************************************
ഇംഗ്ലീഷ് വിംഗ്ലീഷ്
Simple Thoughts
ശ്രീദത്ത് എസ്.പിള്ള
ആശയവിനിമയത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും അതെങ്ങനെ ഉദ്യോഗലബ്ധിക്ക് സഹായകമാകുന്നുവെന്നും നാം കഴിഞ്ഞയാഴ്ച ചർച്ചചെയ്തു. ആശയവിനിമയശേഷിയുടെ അഭാവം ഒരു വ്യക്തിയുടെ കരിയറിനെ ഏതെല്ലാം തരത്തിൽ ബാധിക്കുമെന്നും കണ്ടു.
ആശയവിനിമയത്തിൽ ആത്മവിശ്വാസക്കുറവിന് പ്രധാനകാരണം ഇംഗ്ലീഷിലുള്ള പ്രാവീണ്യക്കുറവാണ്. പച്ചയായ യാഥാർഥ്യമാണിത്.
എന്തുകൊണ്ടാവാം ഒരുപാടുപേർക്ക് ഇംഗ്ലീഷ് വലിയ പ്രശ്നമാകുന്നത്?. ആവശ്യത്തിലധികം ബഹുമാനത്തോടെയും ഭയത്തോടെയും ഇംഗ്ലീഷിനെ സമീപിക്കുന്നതാകാം ഇതിനുകാരണം. ഇംഗ്ലീഷുമായി അടുക്കുകയാണ് ഇതിനുള്ള പരിഹാരം.
“Good English is part of one’s character’’ എന്നാണ് പറയുന്നത്. ''അതെങ്ങനെ?" എന്നായിരുന്നു ആദ്യം ആലോചിച്ചത്. കൂടുതൽ ചിന്തിച്ചപ്പോൾ അത് ശരിയാണെന്നുതോന്നി.
ഒരു ഉദാഹരണമെടുക്കാം. ഒരു തമിഴനോ ബംഗാളിയോ കേരളത്തിലെത്തിയാൽ ഏതാനും മാസംകൊണ്ട് അവർക്ക് മലയാളം വഴങ്ങും. ഉത്തരേന്ത്യയിലെത്തുന്ന മലയാളി ഏതാനും നാൾകൊണ്ട് ഹിന്ദി അനായാസം കൈകാര്യം ചെയ്യുന്നു. എന്നാൽ, ഇംഗ്ലീഷിന്റെ കാര്യത്തിൽ അങ്ങനെയല്ല. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ വർഷങ്ങളോളം താമസിച്ചശേഷവും ആ ഭാഷ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്.
എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? ഇംഗ്ലീഷിനോടുള്ള ഭയം തന്നെയാവാം പ്രധാന കാരണം. ഒപ്പം ഇംഗ്ലീഷ് എന്നത് ഉയർന്ന വിഭാഗത്തിന്റെ ഭാഷയാണ് എന്ന ധാരണയും.
ഇംഗ്ലീഷ് അത്തരത്തിൽ ഒരു വിഭാഗത്തിന്റെ ഭാഷയാണെന്ന അഭിപ്രായം എനിക്കില്ല. ആ ഭാഷ നമ്മുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിക്കുന്നുവെന്നുള്ള വസ്തുത നിരാകരിക്കാനാവില്ല.
ഇന്ന് തൊഴിൽ ലഭിക്കുന്നതിൽ നിർണായക സ്വാധീനം ഇംഗ്ലീഷിനുണ്ട്. ഒരു ആഗോള ഭാഷയെന്നതിലുപരി ബിസിനസ് ലോകത്തിന്റെ ഭാഷകൂടിയാണിത്. അതിൽനിന്ന് എത്ര അകലം പാലിക്കുന്നുവോ, അത്രത്തോളം കൂടുതൽ പ്രതിബന്ധങ്ങൾ നേരിടേണ്ടി വരും.
ഇംഗ്ലീഷ് സംസാരിക്കുമ്പോൾ വ്യാകരണം, പദസഞ്ചയം, ഉച്ചാരണം എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ തരണം ചെയ്യേണ്ടതുണ്ട്. പ്രൊഫഷണൽ കോളേജുകളിൽ ആശയവിനിമയശേഷിയിലെ പരിശീലന രീതികളോട് പൂർണമായി യോജിക്കാനാവില്ല. വ്യാകരണനിയമങ്ങൾ കാണാതെ പഠിച്ച് ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കുന്ന ആരെയും കണ്ടിട്ടില്ല.
ഇംഗ്ലീഷിനെ നമ്മുടെ മാതൃഭാഷപോലെ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടത്. അകലം പാലിച്ച് ഇംഗ്ലീഷിൽ പ്രാവീണ്യം നേടുകയെന്നത് അസാധ്യമാണ്. അതായത് ഇംഗ്ലീഷിൽ കൂടുതലായി ചിന്തിക്കുക, കേൾക്കുക, വായിക്കുക അങ്ങനെ... ഇത്രയുമായാൽ ഇംഗ്ലീഷ് പഠിക്കുവാൻ ജീവിതപശ്ചാത്തലം ഒരു വിഷയമാകില്ല.
കേരളത്തിലെ ഒരു ഗ്രാമത്തിൽനിന്ന് വന്നു എന്നതുകൊണ്ട് ദേശീയചാനലുകളിൽ ഇംഗ്ലീഷ് പരിപാടികൾ അവതരിപ്പിക്കുവാൻ എനിക്ക് ഒരിക്കലും തടസ്സമായിട്ടില്ല. കപടസദാചാര ബോധവും കപടവിശ്വാസവുംപോലെ മാതൃഭാഷയോട് കപടമായ സ്നേഹം പുലർത്തുന്ന ചിലരെ കാണാറുണ്ട്. തീർച്ചയായും മാതൃഭാഷയെ സ്നേഹിക്കണം. അതിനുവേണ്ടി മറ്റ് ഭാഷകളെ വെറുക്കുകയല്ല വേണ്ടത്. മാതൃഭാഷ നമ്മുടെ അഭിമാനമാണ്.
മറ്റ് ഭാഷകളിൽ പ്രാവീണ്യമില്ല എന്നതാവരുത് മാതൃഭാഷയെ സ്നേഹിക്കാനുള്ള കാരണം.
നമ്മുടെ മാതൃഭാഷ, അതൊരു വികാരമാണ്, ഇംഗ്ലീഷ് ഒരു അനിവാര്യതയും. രണ്ടിനും സന്തോഷകരമായ സഹവർത്തിത്വം തികച്ചും സാധ്യമാണ്.