ഉയർന്ന ശമ്പളത്തോടെ അല്ലെങ്കിൽ സ്കോളർഷിപ്പോടെ ജർമനിയിൽ ഗവേഷണം നടത്താൻ താത്പര്യമുണ്ടോ? പ്രവേശനത്തിന് ജർമൻ ഭാഷ അറിഞ്ഞിരിക്കണമെന്ന് നിർബന്ധമില്ല. അവിടെ പൊതു സർവകലാശാലകളിൽ ട്യൂഷൻ ഫീസില്ലെന്ന് മാത്രമല്ല പല വഴിയിൽ സാമ്പത്തികസഹായം ലഭിക്കാം. താത്‌പര്യത്തിനനുസരിച്ച് ഗവേഷണത്തിനൊപ്പം ജർമൻഭാഷ സൗജന്യമായി പഠിക്കുകയും ചെയ്യാം. സ്ഥാപനത്തിനുപുറത്ത് ആളുകളുമായുള്ള ആശയവിനിമയത്തിനും ഭാവിയിൽ ജർമനിയിൽത്തന്നെ ഉദ്യോഗം ലഭിക്കുന്നതിനും ഇത് സഹായിക്കും. 
ജർമനിയിൽ രണ്ടുതരത്തിലുള്ള ഗവേഷണമാണുള്ളത്. ആദ്യത്തേത് ട്രഡീഷണൽ അല്ലെങ്കിൽ ഇൻഡിവിജ്വൽ. രണ്ടാമത്തേത് സ്ട്രക്‌ച്ചേഡ് പിഎച്ച്.ഡി. ഇന്ത്യയിലെ അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദാനന്തരബിരുദം ഉണ്ടെങ്കിൽ രണ്ടിനും അപേക്ഷിക്കാം.


ട്രഡീഷണൽ/ ഇൻഡിവിജ്വൽ പിഎച്ച്.ഡി.
 സർവകലാശാല പ്രൊഫസറുടെ കീഴിൽ ചെയ്യുന്ന ഗവേഷണമാണിത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ ജർമനിയിലെ സർവകലാശാലകളിൽ ചെയ്യുന്ന ഗവേഷണം ഒരു ജോലിയായിട്ടാണ് കണക്കാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്യൂഷൻ ഫീസ് ഇല്ല. ശമ്പളം ലഭിക്കും. മുഴുവൻസമയ കരാറിലാണ് കിട്ടുന്നതെങ്കിൽ ആദ്യവർഷം നികുതി കഴിഞ്ഞ് ഏകദേശം 2100 യൂറോ (ഏകദേശം ഒന്നേമുക്കാൽ ലക്ഷം രൂപ) മാസശമ്പളം ലഭിക്കും. വർഷംതോറും ശമ്പളവർധനയും കാണും.


കുടുംബത്തെ കൂട്ടാം
കുടുംബമുണ്ടെങ്കിൽ നികുതി കുറയും. ഒരു കുടുംബത്തിന് നല്ല രീതിയിൽ ജീവിക്കാനുള്ള സാമ്പത്തികം പിഎച്ച്.ഡി. ജോലിവഴി ലഭ്യമാണ്. ഗവേഷണം തീർക്കാൻ മൂന്നുമുതൽ അഞ്ചുവർഷംവരെ എടുത്തേക്കാം. സർവകലാശാല ഡിപ്പാർട്‌മെന്റുകളുടെ വെബ്‌സൈറ്റുകളിൽ ഒഴിവുകൾ പ്രസിദ്ധീകരിക്കും. അതുവഴി അപേക്ഷിക്കാം. അതല്ലെങ്കിൽ ആഗ്രഹിക്കുന്ന വിഷയത്തിലെ പ്രൊഫസർമാരെ കണ്ടുപിടിച്ച്‌ അവർക്ക്‌ നേരിട്ട് ഇ-മെയിൽ അയച്ച്‌ താത്‌പര്യം അറിയിക്കാം. രണ്ടാമത്തെ വഴിയാണ് പൊതുവേ വിജയിക്കാറുള്ളത്. ജർമനിയിലെ പ്രശസ്തമായ ഒമ്പത്‌ സാങ്കേതിക സർവകലാശാലകൾ TU9 (http://www.tu9.de/en/) എന്ന പേരിൽ അറിയപ്പെടുന്നു. ബാക്കിയുള്ള സർവകലാശാലകളുടെ വിവരങ്ങൾ ജർമൻ സർക്കാരിന്റെതന്നെ DAAD (German Academic Exchange Services- www.daad.de) വഴി അറിയാം

സ്ട്രക്‌ച്ചേഡ് പിഎച്ച്.ഡി.  
ജർമനിയിലെ വിവിധ ഗ്രാജുവേറ്റ് സ്കൂളുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഗവേഷണമാണിത്. ഗവേഷണത്തിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം എന്നതിനാൽ മൂന്നുവർഷംകൊണ്ട് ചെയ്തുതീർക്കാൻ പറ്റുന്ന രീതിയിലാണ് ഘടന. ആ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിൽ നിലവിലുള്ള ഒഴിവുകളും അപ്ലിക്കേഷൻ രീതികളും ഉണ്ടാകും. പ്രവേശനത്തിനൊപ്പം സ്കോളർഷിപ്പും ലഭിക്കുന്നു. സ്കോളർഷിപ്പ് തുക പ്രതിമാസം 1500 യൂറോ മുതൽ 2000 യൂറോ വരെ. ഈ സ്ഥാപനങ്ങൾ ഏതൊക്കെ എന്നത്  ജർമൻ സർക്കാരിന്റെതന്നെ DFG (www.dfg.de/en) അല്ലെങ്കിൽ DAAD (www.daad.de) എന്നീ വെബ്‌സൈറ്റുകളിൽനിന്ന്‌ അറിയാം. ചിലയിടത്ത്‌ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാൻ TOEFL , IELTS സ്കോർ വേണ്ടിവന്നേക്കാം. 
കൂടാതെ ജർമൻ സർക്കാർ DAAD വഴി നേരിട്ട് തരുന്ന സ്കോളർഷിപ്പുകളുമുണ്ട്. DAAD െന്റ ഡൽഹിയിലുള്ള ഓഫീസ് (www.daad.in) ആണ് ഇന്ത്യൻ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ നിർണയിക്കുന്നത്. വിവിധ സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ  എന്നിവവഴി ഇന്ത്യൻ വിദ്യാർഥികളെയും ഗവേഷകരെയും ജർമനിയിൽ പഠിക്കാനും ഗവേഷണം ചെയ്യാനും സഹായിക്കുന്നതിൽ DAADന്റെ സേവനം സ്തുത്യർഹമാണ്. 

ജർമനിയിലെ ആർ.ഡബ്യു.ടി.എച്ച്. ആഘൻ സർവകലാശാലയിൽ ഗവേഷണം പൂർത്തിയാക്കിയ ലേഖകൻ ഇപ്പോൾ നാസയുടെ ലാങ്‌ലി റിസർച്ച് സെന്ററിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയാണ് 

സ്ത്രീകളെ പ്രൊഫഷണൽ രീതിയിൽ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ കഴിയുന്ന സംവിധാനമാണ് ജർമനിയിലേത്. ഗവേഷണത്തോടൊപ്പം കുടുംബജീവിതവും മുന്നോട്ട് കൊണ്ടുപോവാൻ ഒരു വർക്ക് ലൈഫ് ബാലൻസ് സാധ്യമാകുന്ന രീതി സഹായകരമാണ്. കൂടാതെ, വ്യക്തിത്വനൈപുണ്യ വികസനത്തിന് സർവകലാശാലതന്നെ സൗജന്യമായി നൽകുന്ന വിവിധ പരിശീലനങ്ങൾ ഭാവിയിൽ സഹായിക്കും
-ശ്രീലക്ഷ്മി രാജൻ 
നാലാംവർഷ പിഎച്ച്.ഡി. വിദ്യാർഥി, സ്ട്രക്ചറൽ എൻജിനീയറിങ്, ആർ.ഡബ്യു.
ടി.എച്ച്. ആഘൻ സർവകലാശാല.
കോഴിക്കോട്‌ വടകര സ്വദേശിനി