എം.ആർ. സിജു
നിങ്ങൾ ഇതിൽ ഏതെങ്കിലും വിഭാഗത്തിൽ ഉൾപ്പെടുന്നവരാണോ?
• വിദേശത്ത് തൊഴിൽ ആഗ്രഹിക്കുന്നവർ
• പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർ
• കോഴ്‌സ് പൂർത്തിയാക്കിയെങ്കിലും പരീക്ഷ എഴുതാത്തവർ
• മികച്ച തൊഴിൽപരിചയം കൈമുതലായുണ്ടെങ്കിലും കോഴ്‌സ് സർട്ടിഫിക്കറ്റില്ലാത്തവർ
• ഇംഗ്ലീഷ് ഭാഷ സംസാരിക്കാനും കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും അറിയാത്തവർ
• വലിയതുക ഫീസ് നല്കി തൊഴിൽപരിശീലനം നേടാൻ സാമ്പത്തികശേഷിയില്ലാത്തവർ

മൂന്നുമാസംകൊണ്ട് ഇത്തരം പ്രശ്നങ്ങൾക്കൊരു പരിഹാരം. അതാണ് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നോർക്ക റൂട്ട്‌സിന്റെ തൊഴിൽ വൈദഗ്ധ്യപരിശീലനത്തിലൂടെ ലഭിക്കുന്നത്. വിദേശത്ത്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ സാധ്യതയേറെയുള്ള കോഴ്‌സുകളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യസ്ഥാപനങ്ങൾ മിക്കതും വൻതുക ഫീസ് വാങ്ങി പഠിപ്പിക്കുന്ന കോഴ്‌സുകൾ തുച്ഛമായനിരക്കിൽ സർക്കാർ സ്ഥാപനങ്ങളിലൂടെ പഠിക്കാമെന്നതാണ് ഇതിന്റെ മെച്ചം.
34 കോഴ്‌സുകൾ
സംസ്ഥാനത്തെ ഐ.ടി.ഐ.കൾ, പോളിടെക്‌നിക് കോളേജുകൾ, എൽ.ബി.എസ്. സെന്ററുകൾ എന്നിവിടങ്ങളിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും പരിശീലനകേന്ദ്രങ്ങളുണ്ട്. യോഗ്യതയും താത്പര്യവും അനുസരിച്ച് 34 കോഴ്‌സുകളിൽ ഉചിതമായവ തിരഞ്ഞെടുക്കാം. പല കേന്ദ്രങ്ങളിലും ഒന്നിലേറെ കോഴ്‌സുകളുണ്ട്. ഒരു ബാച്ചിൽ 20 പേർക്കുമാത്രമാകും പ്രവേശനം. ചില കോഴ്‌സുകൾക്ക് കുറഞ്ഞവിദ്യാഭ്യാസയോഗ്യത നിശ്ചയിച്ചിട്ടുണ്ട്.  
പരിശീലനം മൂന്നുമാസം
പ്രായോഗികപരിശീലനത്തിന് മുൻതൂക്കം നല്കിയുള്ള കോഴ്‌സിന്റെ കാലയളവ് 300 മണിക്കൂറാണ്. പ്രായപരിധി 18-നും 45-നും ഇടയിൽ. കോഴ്‌സ് ഫീസിന്റെ 20 ശതമാനം മാത്രം പഠിതാവ് നല്കിയാൽ മതി. അതായത് 10,000 രൂപയുടെ കോഴ്‌സിന് 2000 രൂപ മാത്രമാണ് പഠനച്ചെലവ്. വിവിധ കോഴ്‌സുകൾക്ക് 5000 രൂപ മുതൽ 10,000 വരെ രൂപയാണ് ഫീസ്.
കോഴ്‌സുകൾ
ഐ.ടി.ഐ.: ഓട്ടോ കാഡ് 2ഡി ആൻഡ് 3ഡി, വെൽഡർ-ആർക്ക് ആൻഡ് ഗ്യാസ്, ഇൻഡസ്ട്രിയൽ ഇലക്‌ട്രിഷ്യൻ, ഓട്ടോമൊബൈൽ ടെക്‌നീഷ്യൻ, സി.എൻ.സി. പ്രോഗ്രാമിങ്, പ്ലംബിങ് ആൻഡ് സ്റ്റേഷനറി, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ, ഡെന്റിങ് ആൻഡ് പെയിന്റിങ്, ഷട്ടർ കാർപെന്റർ, അഡ്വാൻസ്ഡ് ഫാഷൻ ഡിസൈനിങ്, കംപ്യൂട്ടർ എയിഡഡ് എംബ്രോയ്‌ഡറി, ടോട്ടൽ സ്റ്റേഷൻ, വെൽഡർ-ടിഗ് ആൻഡ് മിഗ്.
എൽ.ബി.എസ്.:
ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, മൊബൈൽ ഫോൺ റിപ്പയറിങ്, പി.സി. അസംബ്ലിങ് ആൻഡ് സോഫ്‌റ്റ്‌വേർ ഇൻസ്റ്റലേഷൻ, ഡി.ടി.പി., ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഫിനാൻഷ്യൽ അക്കൗണ്ടിങ് പാക്കേജ്, ഇന്റർനെറ്റ് ആൻഡ് വെബ് ഡിസൈനിങ്, കംപ്യൂട്ടർ ഹാർഡ്‌വേർ മെയിന്റനൻസ് ആൻഡ് ബേസിക് നെറ്റ് വർക്കിങ്, ഓഫീസ് ഓട്ടോമേഷൻ ആൻഡ് പി.സി. മെയിന്റനൻസ്. 
പോളിടെക്‌നിക് കോളേജ്:  അലൂമിനിയം ഫാബ്രിക്കേഷൻ കമ്പോസിറ്റ് പാനലിങ്, അഡ്വാൻസ്ഡ് വെൽഡിങ് ടെക്‌നോളജി, പോളിമർ ടെക്‌നോളജി, കംപ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ് വർക്കിങ്, ടോട്ടൽ സ്റ്റേഷൻ സർവേ, ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കൺസ്ട്രക്ഷൻ മാനേജ്‌മെന്റ്, കംപ്യൂട്ടർ എയിഡഡ് ഡിസൈൻ, ടിഗ് ആൻഡ് മിഗ് വെൽഡിങ്, ടൂൾ ആൻഡ് ഡൈ മേക്കിങ്,  ഫയർ ആൻഡ് ഇൻഡസ്ട്രിയൽ സേഫ്ടി, ഡിപ്ലോമാ ഇൻ ഡിസൈനിങ്, ഡിപ്ലോമാ ഇൻ ട്രാഫിക് ഡിസൈനിങ്.
പരിശീലനത്തിൽ ഇതും
തൊഴിൽതേടുന്നവർക്ക് കംപ്യൂട്ടർ ഓപ്പറേഷൻ, സ്പോക്കൺ ഇംഗ്ലീഷ്, വ്യക്തിത്വവികസനം എന്നിവയിലും പരിശീലനം നൽകും. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റാണ് ഇതിനുള്ള പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പരിശീലനകേന്ദ്രങ്ങളുടെ വിലാസവും അപേക്ഷാഫോറവും കോഴ്‌സ് ഫീസും കൂടുതൽ വിവരങ്ങളും നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിൽ ലഭിക്കും. പരിശീലനകേന്ദ്രങ്ങളിൽനിന്നും സൗജന്യമായി അപേക്ഷ ലഭിക്കും. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് നോർക്കയുടെ സർട്ടിഫിക്കറ്റാണ് നല്കുക. അപേക്ഷിക്കാനുള്ള അവസാനതീയതി നവംബർ 10. 
വിവരങ്ങൾക്ക്- www.norkaroots.net ഇമെയിൽ- mail@norkaroots.net ഫോൺ-0471 2770500, ടോൾ ഫ്രീ നമ്പർ-1800-425-3939 (ഇന്ത്യ), 0091-471-2333339 (വിദേശം)