# ഡോ. പ്രജിത്ത് കെ.കെ.

കണിക്കൊന്ന, ആന, മലമുഴക്കി വേഴാമ്പല്‍ ഇവയ്‌ക്കൊക്കെ എന്താണ് പ്രത്യേകത? ഒറ്റശ്വാസത്തില്‍ പറയും കേരളത്തിന്റെ സംസ്ഥാനപുഷ്പം, മൃഗം,  പക്ഷി എന്നിവയാണെന്ന്.  അതുപോലെ കേരളത്തിന്റെ സംസ്ഥാന മത്സ്യമാണ് കരിമീന്‍. കേരളത്തിന് മാത്രമല്ല, ഇന്ത്യയിലെ മറ്റുചില സംസ്ഥാനങ്ങള്‍ക്കുമുണ്ട്   അവരുടേതായ മത്സ്യങ്ങള്‍. ഭാരതത്തിലെ നമ്മുടെ ജലാശയങ്ങളില്‍ 2500-ഓളം മത്സ്യ ഇനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ മനുഷ്യരുടെ ഇടപെടല്‍മൂലം നമ്മുടെ മത്സ്യസമ്പത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് ഭാരതീയ കാര്‍ഷിക ഗവേഷണകൗണ്‍സില്‍ സംസ്ഥാന മത്സ്യങ്ങള്‍ എന്ന ഒരു ആശയം മുന്നോട്ടുവെക്കുകയുണ്ടായി. ഓരോ സംസ്ഥാനത്തെയും പ്രധാനപ്പെട്ട മത്സ്യങ്ങള്‍, സംരക്ഷിക്കപ്പെടേണ്ട ഇനങ്ങള്‍ എന്നിങ്ങനെ വര്‍ഗീകരിച്ചു പഠനം നടത്തി ഓരോ സംസ്ഥാനങ്ങള്‍ക്കും മത്സ്യങ്ങളെ നിര്‍ണയിച്ചുനല്‍കിയിട്ടുണ്ട്. ഈ സംസ്ഥാനമത്സ്യങ്ങളെ നമുക്കിവിടെ പരിചയപ്പെടാം.

മഹാനാണ് മഹസീര്‍!
മഹസീര്‍ എന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഈ മത്സ്യം കേരളത്തില്‍ കുയില്‍മത്സ്യം എന്നാണ് അറിയപ്പെടുന്നത്. മഹസീര്‍ മത്സ്യങ്ങളെ ഒരു വിനോദമത്സ്യം  (recreational fish) ആയാണ് പ്രധാനമായും കണക്കാക്കിപ്പോരുന്നത്. വമ്പന്‍ മഹസീറുകളെ ചൂണ്ട ഉപയോഗിച്ച് പിടിച്ചെടുക്കുകയും തൂക്കവും നീളവും മറ്റും രേഖപ്പെടുത്തി ഫോട്ടോയും മറ്റും എടുത്ത് നദിയിലേക്കുതന്നെ വിട്ടയയ്ക്കുകയും ചെയ്യുന്ന രീതിയാണ് വിനോദ മത്സ്യബന്ധനം എന്ന് അറിയപ്പെടുന്നത്. ഹിമാലയന്‍ നദികളിലും പശ്ചിമഘട്ടത്തില്‍നിന്നും ഉദ്ഭവിക്കുന്ന നദികളിലും ഈ മത്സ്യങ്ങളെ കാണുന്നു. നമ്മുടെ നാട്ടില്‍ പ്രധാനമായും മൂന്ന് ഇനത്തില്‍പെട്ട മഹസീറുകളാ ണുള്ളത് (ടോര്‍ കുദ്രി, ടോര്‍ മലബാരിക്കസ്, ടോര്‍ മുസുള്ള). കേരളത്തിലെ നദിക്കരയില്‍ സ്ഥിതിചെയ്യുന്ന പല ക്ഷേത്രങ്ങളിലും കുയില്‍ മത്സ്യങ്ങള്‍ക്ക് ദൈവികമായ പരിവേഷമാണ് നല്‍കിയിട്ടുള്ളത്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ബാലശാസ്താ ക്ഷേത്രത്തിലെ മത്സ്യങ്ങള്‍ 'തിരുമക്കള്‍' എന്നാണ് അറിയപ്പെടുന്നത്. ഏഴുസംസ്ഥാനങ്ങളുടെ ദേശീയ മത്സ്യമാണിത്.

വിലയേറിയ ഹില്‍സ
ഭാരതത്തിലെ വിലയേറിയ മത്സ്യം എന്ന് ഹില്‍സയെ വിളിച്ചാല്‍ തെറ്റില്ല. കാഴ്ചയില്‍ നമ്മുടെ സ്വന്തം മത്തിയെപ്പോലിരിക്കും. പക്ഷേ, മത്തിയുടെ നാലിരട്ടി വലുപ്പംകാണും. പശ്ചിമബംഗാള്‍, ഒഡിഷ തുടങ്ങിയ കിഴക്കന്‍തീരത്തുള്ള സംസ്ഥാനങ്ങളിലെ വിശിഷ്ടമത്സ്യമാണ് ഹില്‍സ. നമ്മുടെ നാട്ടില്‍ ഈ മത്സ്യം ലഭ്യമല്ല. പടിഞ്ഞാറന്‍ തീരപ്രദേശത്ത് ഗുജറാത്ത്, മഹാരാഷ്ട്രയുടെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഈ മത്സ്യം ലഭ്യമാണ്. അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനരീതികള്‍ ഹില്‍സ മത്സ്യത്തിന്റെ അളവിലും ലഭ്യതയിലും കാര്യമായ കുറവ് വരുത്തിയിരിക്കുന്നു.

കാക്കമീന്‍ എന്ന കാര്‍പ്പ്
മീന്‍വളര്‍ത്തുകുളങ്ങളില്‍ കാണുന്ന മീനുകളാണ് വിവിധയിനം കാര്‍പ്പ് മത്സ്യങ്ങളായ കറ്റ്ല, മൃഗാല്‍, രോഹു എന്നിവ. ഇതില്‍ രോഹു മത്സ്യത്തിന്റെ അടുത്ത ബന്ധുവാണ് ലെബിയോ കല്‍ബാസു.

നീന്തല്‍ ചിറകുകള്‍ക്കും മുതുകുഭാഗത്തും രോഹു മത്സ്യത്തെക്കാളും കറുപ്പുനിറം ഇവയ്ക്ക് കൂടുതലാകും. അതിനാല്‍ കാക്കമീന്‍ എന്നും വിളിക്കുന്നു. സാധാരണ കാര്‍പ്പ് മത്സ്യങ്ങളെ അപേക്ഷിച്ച് വളര്‍ച്ച കുറവായിരിക്കും ഇവയ്ക്ക്. മൃഗാല്‍ മത്സ്യത്തെപ്പോലെ ജലാശയത്തിന്റെ അടിത്തട്ടില്‍ ഭക്ഷണംതേടുന്ന മത്സ്യമാണിത്. പരമാവധി 90 സെന്റീമീറ്റര്‍ വരെ വളര്‍ച്ചയെത്തുന്നു. മറ്റ് കാര്‍പ്പ് മത്സ്യങ്ങള്‍ക്കൊപ്പം കൃഷിചെയ്യാന്‍ യോജിച്ചതാണ്.

കത്തിപോലൊരു മീന്‍!
കത്തിയുടെ ആകൃതിയുമായി സാമ്യമുള്ളതുകൊണ്ടാവും ഈ മത്സ്യത്തെ ഇംഗ്ലീഷില്‍ കത്തി മത്സ്യം എന്ന് വിളിക്കുന്നത്.
ഉപശ്വസനാവയവം ആയ വായുസഞ്ചി ഈ മത്സ്യങ്ങളുടെ പ്രത്യേകതയാണ്. രണ്ടടിയോളം വലുതാകുന്ന ഈ മത്സ്യത്തിന്റെ എണ്ണത്തിലും ലഭ്യതയിലുംവരെ കുറവുവന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ മിക്കവാറും എല്ലാ ജലാശയങ്ങളിലും ഈ മത്സ്യത്തെ കാണാന്‍ കഴിയും.

കരിമീനാണ് താരം
നമ്മുടെ സംസ്ഥാനമത്സ്യം ആകാന്‍ ഇതിലും യോഗ്യതയുള്ള മത്സ്യം വേറെ ഇല്ല എന്ന് പറയാം നമ്മുടെ നിത്യജീവിതവും സംസ്‌കാരവുമായി അത്ര അടുപ്പമാണിതിനുള്ളത്.

     ഇംഗ്ലീഷില്‍ പേള്‍ സ്പോട്ട് (Pearl spot) എന്നാണ് ഇത് അറിയപ്പെടുന്നത്. കടുത്ത പച്ചനിറമുള്ള ശരീരത്തില്‍ മുത്തുകള്‍ വാരിവിതറിയപോലുള്ള ആകാരഭംഗിയാകാം സായിപ്പിനെ ഇങ്ങനെ വിളിക്കാന്‍ പ്രേരിപ്പിച്ചത്.  ഓരു ജലമത്സ്യം (കായല്‍) ആയാണ് പൊതുവെ കരിമീനിനെ വിശേഷിപ്പിക്കുന്നത്.

    എന്നിരുന്നാലും ശുദ്ധജലത്തിലും ഉപ്പിന്റെ അളവ് കൂടുതലുള്ള കടല്‍ വെള്ളത്തിലും കരിമീന്‍ വളരും. സസ്യ ജന്തു പ്ലവഗങ്ങള്‍ ആണ് ഇവയുടെ പ്രധാന ആഹാരം. 40 സെന്റീമീറ്ററോളം സ്വാഭാവിക ആവാസവ്യവസ്ഥയില്‍ വളരാറുണ്ട്. 1500 മുതല്‍ 6000 വരെ മുട്ടകള്‍ പെണ്‍മത്സ്യം ഇടാറുണ്ട്.

മീശയുള്ള മുഷി!
മുഷി എന്നുവിളിക്കുന്ന പൂച്ചയുടേതു പോലെ മീശയുള്ള ഈ മത്സ്യം ഏവര്‍ക്കും സുപരിചിതമാണ്. ഉപശ്വസനാവയവങ്ങളുടെ സഹായത്താല്‍ വെള്ളത്തിന് പുറത്തും ഇവയ്ക്ക് നിശ്ചിതസമയം കഴിച്ചുകൂട്ടാന്‍ കഴിയും. അതുകൊണ്ടുതന്നെ ചതുപ്പ് പ്രദേശങ്ങളിലും മറ്റും ഈ മത്സ്യം അതിജീവിക്കും. കുഞ്ഞുങ്ങള്‍ പ്ലവഗങ്ങള്‍ ഭക്ഷിച്ച് വളരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായവ മാംസഭോജികളാണ്. രണ്ടടിയോളമാണ് പരമാവധി വളര്‍ച്ച. നമ്മുടെ മത്സ്യ സമ്പത്തിന് ഇന്ന് വെല്ലുവിളിയായി നിലകൊള്ളുന്ന വിദേശിയായ ആഫ്രിക്കന്‍ മുഷിയും ഈ മത്സ്യകുടുംബത്തിലെ അംഗമാണ്.

തനിനാടന്‍ വരാല്‍!
ചേറുമീന്‍, ബ്രാല്‍ തുടങ്ങിയ നാടന്‍പേരില്‍ അറിയപ്പെടുന്ന മത്സ്യത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.

പാമ്പിന്റെ തലയോട് സാദൃശ്യം ഉള്ളതുകൊണ്ട് ഈ മത്സ്യത്തെ ഇംഗ്ലീഷില്‍ സ്നേക്ക് ഹെഡ് ഫിഷ് എന്നാണ് വിളിക്കുന്നത്. വെള്ളത്തിലെ ചെറുപ്രാണികള്‍, പുഴുക്കള്‍, തവളകള്‍ തുടങ്ങി മറ്റുമത്സ്യങ്ങള്‍വരെ ഇവയ്ക്ക് ആഹാരമാകുന്നു. പരമാവധി വളര്‍ച്ച 75 സെന്റീമീറ്റര്‍ ആണ്. ശരാശരി വലുപ്പം ഒരടി മുതല്‍ ഒന്നര അടിവരെയാണ്.  അടുത്തിടെ തെലങ്കാന സംസ്ഥാനവും ഈ മത്സ്യത്തെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിരുന്നു.

തീരം തേടും തിരുത!
അയലയും മത്തിയും കൊങ്കണ്‍തീരത്ത് സുലഭമാണെങ്കിലും അതിലേറെ പ്രിയമുള്ള മത്സ്യമാണ് തിരുത.    നല്ല പച്ചയും നീലയും തവിട്ടും നിറങ്ങളുള്ള ശരീരത്തിന്റെ വയറുഭാഗം തിളങ്ങുന്ന വെള്ളിനിറത്തോടുകൂടിയതാണ്. കണമ്പ്, മാലാന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന മത്സ്യങ്ങളുടെ വിഭാഗത്തിലാണ് തിരുതയും. 2 മുതല്‍ 4 കിലോ വരെ തൂക്കം ഉണ്ടാകും. സസ്യപ്ലവഗങ്ങളും പായലുകളും മറ്റുമാണ് പ്രധാന ഭക്ഷണം.

പാവം, പെന്‍ഗ്ബ!
മണിപ്പൂരിന്റെ സ്വന്തം എന്ന് വിശേഷിപ്പിക്കാവുന്ന മത്സ്യമാണിത്.   ഈ മത്സ്യങ്ങളുടെ എണ്ണത്തില്‍ വന്ന കുറവ് കണക്കിലെടുത്ത് കൃത്രിമ പ്രജനനം നടത്തി വംശവര്‍ധന നടത്താനുള്ള നിരവധി ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. 38 സെന്റീമീറ്ററോളം  വലുപ്പം വെക്കും.


ശനി എന്ന രാജകുമാരന്‍

അനന്തുവിന്റെ ആകാശകൗതുകങ്ങള്‍

# സുരേന്ദ്രന്‍ പുന്നശ്ശേരി, അമച്വര്‍ വാനനിരീക്ഷകന്‍, surendranpunnasseri@gmail.com

ശനിഗ്രഹത്തെക്കുറിച്ചാണ് ഇത്തവണ മുത്തുരാമന്‍ മാഷ് പറഞ്ഞുതരുന്നത്.

അന്നൊരുദിവസം രാവിലെ അനന്തുവും അനുതാരയും കൂടി മുത്തുരാമന്‍ മാഷുടെ കൈയില്‍നിന്ന് വാങ്ങിയ പുസ്തകം തിരിച്ചു കൊടുക്കാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തി. അവിടെ നൗഷാദ്മാഷും മുത്തുരാമന്‍മാഷും എന്തോ ചര്‍ച്ചയിലാണ്. കഴിഞ്ഞയാഴ്ചയിലെ നക്ഷത്ര ക്ലാസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് അവര്‍ ചര്‍ച്ചചെയ്യുന്നതെന്ന് അല്പം ശ്രദ്ധിച്ചപ്പോള്‍ അനന്തുവിന് മനസ്സിലായി. അന്ന് ശനിഗ്രഹത്തെ കാണിക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടായിരുന്നു എന്നതായിരുന്നു വിഷയം. ''ഏതായാലും നല്ല സമയത്താ നിങ്ങളെത്തിയത് '' കുട്ടികളെ കണ്ടപ്പോള്‍ മുത്തുരാമന്‍മാഷ് പറഞ്ഞു. ശനിഗ്രഹത്തെക്കുറിച്ച് നിരവധി സംശയങ്ങള്‍ തനിക്കുമുണ്ട്. അതെല്ലാം ഇന്ന് ചോദിക്കണം. അനന്തു മനസ്സില്‍ കരുതി.

അതിനിടെ മുത്തുരാമന്‍മാഷ് കംപ്യൂട്ടറിലെ സ്റ്റെല്ലേറിയം സോഫ്റ്റ്വേര്‍ തുറക്കുകയും ശനിഗ്രഹം ഇപ്പോഴുള്ള സ്ഥാനം പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ക്ലാസ് നടന്ന സമയം ശനിഗ്രഹം കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചുവരുന്നേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് അന്നത് കാണാന്‍ കഴിയാതെ പോയത്. സ്റ്റെല്ലേറിയത്തില്‍ ശനിയുടെ ചിത്രം ഫോക്കസ് ചെയ്തുകൊണ്ട് മാഷ് അതിന്റെ വിശദീകരണത്തിലേക്ക് കടന്നു.

''ശനി അഥവാ സാറ്റേണ്‍ പ്രാചീന റോമക്കാരുടെ കാര്‍ഷികദേവനായിരുന്നു. എന്നാല്‍ ഭാരതീയര്‍ക്ക് ഇത് പലപ്പോഴും ഒരു പാപഗ്രഹമാണ്. ദൂരക്രമത്തില്‍ സൂര്യനില്‍നിന്ന് 6-ാമത്തെ ഗ്രഹമായ ശനി വലുപ്പത്തില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നു. ഇതും വ്യാഴത്തെപ്പോലെ ഒരു വാതകഭീമനാണ്. അറുപതിലധികം ചന്ദ്രന്മാരുള്ള ശനിയുടെ ഏറ്റവും വലിയ ചന്ദ്രന്‍ ടൈറ്റന്‍ ആണ്.''  ശനിയുടെ ചിത്രം കണ്ടപ്പോള്‍തന്നെ അനന്തുവിനും അനുതാരയ്ക്കും ചോദിക്കാനുണ്ടായത് പ്രധാനമായും അതിന്റെ വലയങ്ങളെപ്പറ്റിയായിരുന്നു.

''നിങ്ങള്‍ അത് ചോദിച്ചത് നന്നായി. ശനിയെ ഏറ്റവും മനോഹരമാക്കി മാറ്റുന്നത് ഈ വലയങ്ങളാണ്. മറ്റ് വാതക ഗോളങ്ങള്‍ക്കും വലയങ്ങള്‍ ഉണ്ടെങ്കിലും അവ ഇത്ര പ്രകടമല്ല. പൊട്ടിത്തകര്‍ന്ന ക്ഷുദ്ര ഗ്രഹങ്ങളുടെയും വാല്‍നക്ഷത്രങ്ങളുടെയും അവശിഷ്ടങ്ങളാവാം ഇതെന്ന് കരുതപ്പെടുന്നു. ഇവയെ ആദ്യമായി ടെലസ്‌കോപ്പിലൂടെ നിരീക്ഷിച്ചത് ഗലീലിയോ ഗലീലി ആണ്.'' മാഷ് വിശദീകരിച്ചു.

മുത്തുരാമന്‍മാഷ് ഒരു ഗ്ലാസ്സില്‍ മുക്കാല്‍ ഭാഗം വെള്ളമെടുത്തു.  ഷെല്‍ഫില്‍നിന്ന് തെര്‍മോക്കോളിന്റെ ഒരു ചെറിയ ബോളെടുത്ത് ഗ്ലാസിലെ വെള്ളത്തിലേക്കിട്ടു. എന്നിട്ട് കുട്ടികളോട് ചോദിച്ചു, ഇപ്പോള്‍ നിങ്ങള്‍ എന്ത് കാണുന്നു.''ബോള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു'' കുട്ടികള്‍ പറഞ്ഞു. ''ഇതാണ് ശനി അഥവാ ഇതുപോലെയാണ് ശനി. ഈ ഗ്രഹത്തിന് ജലത്തേക്കാള്‍ സാന്ദ്രത കുറവാണ്. ശനിയേക്കാള്‍ വലിയൊരു സമുദ്രം ഉണ്ടായിരുന്നുവെങ്കില്‍ ഈ ഗ്രഹം അതില്‍ പൊങ്ങിക്കിടന്നേനെ.'' അപ്പോഴാണ് നൗഷാദ് മാഷിന് കാര്യം ശരിക്കും പിടികിട്ടിയത്. ശനിയിലേക്ക് അയയ്ക്കപ്പെട്ട ബഹിരാകാശ വാഹനങ്ങളെക്കുറിച്ചായിരുന്നു നൗഷാദ് മാഷിന് അറിയേണ്ടിയിരുന്നത്. മുത്തുരാമന്‍ മാഷ്  അത്  വിശദീകരിച്ചു തുടങ്ങി.
1980-81 കാലഘട്ടങ്ങളില്‍ വൊയേജര്‍ - I ഉം II ഉം ആണ് ശനിയെപ്പറ്റി നിരവധി കാര്യങ്ങള്‍ വിശദീകരിച്ചുതന്നത്. എന്നാല്‍ ഈ വാഹനങ്ങളുടെ കാഴ്ച ഒരു വിദൂര വീക്ഷണം മാത്രമായിരുന്നു. 'കാസിനി' എന്ന ബഹിരാകാശ വാഹനമാണ് ശനിയുടെ പഠനത്തില്‍ നിരവധി പുതിയ കാര്യങ്ങള്‍ നമുക്ക് നല്‍കിയത്.

1997-ല്‍ ഈ ബഹിരാകാശവാഹനം ഭൂമിയില്‍നിന്ന് വിക്ഷേപിച്ചതു മുതല്‍ നാളിന്നുവരെയുള്ള ടൈംലൈന്‍, കംപ്യൂട്ടറില്‍ മുത്തുരാമന്‍ മാഷ് കാണിച്ചുകൊടുത്തു. 2004-ല്‍ കാസിനി ശനിയുടെ അടുത്തെത്തി. പിറ്റേ വര്‍ഷംതന്നെ കാസിനിയില്‍നിന്ന് തൊടുത്തുവിട്ട ഒരു കൊച്ചുപേടകം ഹുയ്ജന്‍ (HUYGEN) ശനിയുടെ ചന്ദ്രനായ ടൈറ്റനില്‍ പറന്നിറങ്ങി. ടൈറ്റന് ഭൂമിയെപോലെ ഒരന്തരീക്ഷം ഉണ്ടത്രേ. നദികളും തടാകങ്ങളും മലകളും സമതലങ്ങളും നിറഞ്ഞ വിചിത്രമായ ഒരു ലോകം. ആ ഒഴുകുന്നത് ജലമല്ലെന്ന് മാത്രം. പകരം മീഥൈന്‍ എന്ന പദാര്‍ഥം. നമുക്ക് വെള്ളമെന്നപോലെ ടൈറ്റനുള്ളത് മീഥൈന്‍ ആണ്. അവ മഴയായും ഹിമമായും മാറി മാറി വരുന്നു. കട്ടികൂടിയ അന്തരീക്ഷത്തിലൂടെ അരിച്ചെത്തുന്ന തുച്ഛമായ സൂര്യരശ്മികള്‍ ടൈറ്റന് ഒരു സന്ധ്യയുടെ വെളിച്ചം മാത്രമാണ് നല്‍കുന്നത്.

താടിക്ക് കൈയുംകൊടുത്ത് മാഷുടെ മുന്നില്‍ കുട്ടികള്‍ ആകാംക്ഷയോടെ ഇരുന്നു. മറ്റൊരു ചിത്രത്തിലേക്ക് മുത്തുരാമന്‍ മാഷ് അവരുടെ ശ്രദ്ധ തിരിച്ചു. അതും കാസിനി ബഹിരാകാശപേടകംതന്നെ എടുത്ത ചിത്രമായിരുന്നു. എന്‍സിലാഡസ് എന്നു പേരുള്ള ശനിയുടെ ഒരു വിചിത്ര ചന്ദ്രന്‍, ഈ ചന്ദ്രന്റെ ഉപരിതലത്തിന് തൊട്ടുതാഴെ വലിയൊരു സമുദ്രം ഉണ്ടത്രേ. ഉപരിതലത്തിലെ വിള്ളലിലൂടെ നൂറു കണക്കിന് ജലധാരകള്‍ അന്തരീക്ഷത്തിലേക്ക് ചീറ്റുകയാണ്. ശനിയുടെ ഉത്തരധ്രുവത്തിലുള്ള ഭീമാകാരമായ ഒരു ഷഡ്ഭുജാകൃതി അവിടത്തെ കൊടുംകാറ്റുമായി ബന്ധപ്പെട്ടതാണത്രേ, അതിന്റെ ചിത്രവും കുട്ടികളില്‍ അമ്പരപ്പുളവാക്കി.

''ഇപ്പോഴും കാസിനി ശനിയെ ചുറ്റുന്നുണ്ടോ സാര്‍.'' ചോദ്യം അനുതാരയുടേതായിരുന്നു. ''ഉണ്ടല്ലോ. എങ്കിലും ഈ വര്‍ഷത്തോടെ (2017) ഈ പേടകം അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് അറിയുന്നത്.'' വിശദീകരണം അവസാനിപ്പിച്ച് മുത്തുരാമന്‍മാഷ് കംപ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് നൗഷാദ് മാഷ് ചോദിച്ചു. ഇതൊക്കെ സത്യമായിരിക്കുമോ സാര്‍.

''ആകാശ കൗതുകങ്ങളല്‍ പലതും നമ്മള്‍ പറയുന്ന സാമാന്യ കാര്യങ്ങളേക്കാള്‍ ഏറെ അദ്ഭുതകരവും കൗതുകമുള്ളതുമാണ്. നാം അല്പസമയം അതിനുവേണ്ടി ചെലവഴിക്കണമെന്നുമാത്രം. ഏതായാലും അടുത്ത മാസം മഴക്കാറില്ലാത്ത ഒരു രാത്രി നമുക്ക് ടെലസ്‌കോപ്പിലൂടെ ശനിയെ നിരീക്ഷിക്കാം. ഈ വര്‍ഷം ജൂണ്‍ 15-നാണ് ശനിയുടെ 'ഓപ്പോസിഷന്‍' അതായത് സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കുമ്പോള്‍ ശനി കിഴക്കുദിക്കുന്ന സമയം. മാത്രവുമല്ല 2017 ശനിയുടെ വലയം ഏറ്റവും നന്നായി കാണാവുന്ന വര്‍ഷങ്ങളില്‍ ഒന്നുമാണ്. നമ്മുടെ ഇരുപത്തൊമ്പതര വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു ശനി വര്‍ഷത്തില്‍ ചിലകാലങ്ങളില്‍ മാത്രമേ ശനിവലയങ്ങള്‍ ഭൂമിയില്‍നിന്ന് നന്നായി കാണാവുന്ന തരത്തില്‍ വരാറുള്ളൂ,'' മുത്തുരാമന്‍ മാഷ് പറഞ്ഞുനിര്‍ത്തി.


എഴുതാം അനുഭവക്കുറിപ്പ് നേടാം സമ്മാനം
കേരളത്തിലെ നാട്ടുമാവുകളുടെ സംരക്ഷണത്തിനായി  മാതൃഭൂമി സീഡിന്റെ  'നാട്ടുമാഞ്ചോട്ടില്‍'  എന്ന പദ്ധതി  വിജയകരമായി മുന്നേറുകയാണ്.   ഈ പദ്ധതിയുമായി ബന്ധപ്പെട്ട്  കൂട്ടുകാര്‍ക്ക്  ഇതാ ഒരു അടിപൊളി മത്സരം.

  • നാട്ടുമാവും നാട്ടുമാങ്ങകളുമായി ബന്ധപ്പെട്ട അനുഭവക്കുറിപ്പ് തയ്യാറാക്കുകയാണ് മത്സരം.
  • നാട്ടുമാവുമായി ബന്ധപ്പെട്ട നാട്ടറിവുകള്‍, ചരിത്രം, ഐതിഹ്യം, പേരുവന്ന വഴി, നാട്ടുമാവ് നാടുമായി എങ്ങനെയെല്ലാം ബന്ധപ്പെട്ടുകിടക്കുന്നു എന്നിങ്ങനെ എന്തും അനുഭവക്കുറിപ്പില്‍ എഴുതാം.
  • സമ്മാനാര്‍ഹമായ അനുഭവക്കുറിപ്പുകള്‍ വിദ്യയില്‍ പ്രസിദ്ധീകരിക്കും.
  • അനുഭവക്കുറിപ്പുകള്‍ രണ്ട് പുറത്തില്‍ കവിയാന്‍ പാടില്ല.
  • പ്ലസ്ടു വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് പങ്കെടുക്കാം.
  •  അനുഭവക്കുറിപ്പുകള്‍ അയയ്‌ക്കേണ്ട അവസാന തീയതി 2017 ജൂണ്‍ 17.

അയക്കേണ്ട വിലാസം:
അനുഭവക്കുറിപ്പ് മത്സരം, മാതൃഭൂമി വിദ്യ,   എം.എം.പ്രസ്, ചെറൂട്ടി റോഡ്, കോഴിക്കോട് -1