ഡെത്ത് റോഡ് - ബൊളീവിയ

ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിലെ യുങ്കാസിനെയും ലാപാസിനെയും ബന്ധിപ്പിക്കുന്ന റോഡ് അറിയപ്പെടുന്നത് ഡെത്ത് റോഡ് എന്നാണ്. റോഡിലുണ്ടാകുന്ന അപകടമരണങ്ങളുടെ നിരക്ക് കൂടുതലായതാണ് ഈ പേരിനുകാരണം.  ഒരുഭാഗത്ത് പർവതങ്ങളും മറുഭാഗത്ത് ആഴത്തിലുള്ള കൊക്കയുമാണ്. ഇതിനു നടുവിലൂടെയാണ് 69 കിലോമീറ്റർ നീളമുള്ള വീതികുറഞ്ഞ റോ‍ഡ്. കുത്തനെയുള്ള ഇറക്കങ്ങൾ, തീരെ വീതികുറഞ്ഞ ഒറ്റയടിപ്പാത, വശങ്ങളിലെ സുരക്ഷാവേലികളുടെ അഭാവം എന്നിവ അപകടസാധ്യത കൂട്ടുന്നു. അടിക്കടിയുണ്ടാകുന്ന മഴയും മൂടൽമഞ്ഞും ഭീഷണിയാകാറുമുണ്ട്. 1994-നുശേഷം പ്രതിവർഷം 300പേർ ഇവിടെ വാഹനാപകടങ്ങളിൽ മരിക്കുന്നതായാണ് കണക്കുകൾ. ബൊളീവിയയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഇവിടെ ഓരോകൊല്ലവും 25,000-ത്തിലേറെപ്പേർ എത്തുന്നുണ്ട്.

ഒയിമിയാകോൺ - റഷ്യ

റഷ്യയിലെ ഒയിമിയാകോൺസ്കൈ ജില്ലയിലെ ചെറിയൊരു ഗ്രാമമാണ് ഒയിമയാകോൺ.
ലോകത്തെ ഏറ്റവുംതണുപ്പേറിയ പ്രദേശമാണിവിടം. അതിശൈത്യത്തെത്തുടർന്ന് കൺപീലികളിൽ വരെ മഞ്ഞുറയുന്ന അവസ്ഥ. ശൈത്യകാലമായാൽ താപനില ശരാശരി മൈനസ് 58 ഡിഗ്രിയാണ്.
2013-ലാണ് ഒയിമിയാകോണിൽ റെക്കോഡ് ശൈത്യം രേഖപ്പെടുത്തിയത്. മൈനസ് 98 ആയിരുന്നു അന്നത്തെ താപനില.
 പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് ഇവിടെ 500-ഓളം പേർ താമസിക്കുന്നുണ്ട്. ശൈത്യകാലമായാൽ ദിവസത്തിന്റെ 21 മണിക്കൂറും ഇരുട്ടിലായിരിക്കും. താപനില മൈനസ് 40-ലെത്തുമ്പോൾ തന്നെ ഇവിടത്തെ സ്കൂളുകൾക്ക് അവധിപ്രഖ്യാപിക്കും.

ഡാനകിൽ ഡിപ്രഷൻ - എത്യോപ്യ

എത്യോപ്യയിലെ ഏറ്റവും പ്രധാന  ആകർഷണങ്ങളിലൊന്നാണ് ഡാനകിൽ ഡിപ്രഷൻ. എത്യോപ്യയുടെ വടക്കുകിഴക്കൻഭാഗത്തുള്ള അഫാർ ട്രയാംഗിളിന്റെ ഭാഗമാണ് ഡാനകിൽ. ഭൂമിയിലെ ഏറ്റവും ചൂടേറിയതും വാസയോഗ്യമല്ലാത്തതുമായ സ്ഥലങ്ങളിലൊന്നാണ് ഇവിടം. അഗ്നിപർവതസ്ഫോടനങ്ങളിലൂടെ പുറന്തള്ളപ്പെട്ട ലാവകൾ, വരണ്ട കാലാവസ്ഥയിൽ ബാഷ്പീകരിക്കപ്പെട്ടതോടെ ഇത്തരമൊരു ഭൂഘടന രൂപപ്പെടുകയായിരുന്നു. സ്ഥിരമായി 50 ഡിഗ്രി സെൽഷ്യസാണ് താപനില. വിഷവാതകങ്ങൾ പുറന്തള്ളുന്ന ചൂടുള്ള നീരുറവകൾ, സജീവമായ അഗ്നിപർവതമായ ‘എർട്ട ഏലെ’ എന്നിവ ഇവിടെയുണ്ട്.

നരകവാതിൽ - തുർക്ക്‌മെനിസ്താൻ

തുർക്ക്മെനിസ്താനിലെ ദേർവേസ് ഗ്രാമത്തിൽ 50 വർഷത്തിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന പ്രകൃതിവാതകഗർത്തമാണ് ‘നരകത്തിലേക്കുള്ള വാതിൽ’ എന്ന വിളിപ്പേരിലറിയപ്പെടുന്നത്. മരുഭൂമിക്ക് നടുവിൽ സ്ഥിതിചെയ്യുന്ന ഗർത്തത്തിന് ഏകദേശം 70 മീറ്റർ വീതിയും 20 മീറ്റർ ആഴവുമാണുള്ളത്.
തുർക്ക്മെനിസ്താൻ, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോൾ 1971-ലാണ് കരാകം മരുഭൂമിയിൽ പെട്രോൾ/പ്രകൃതിവാതക പര്യവേക്ഷണം ആരംഭിച്ചത്. ഭൂമി കുഴിച്ച ഗവേഷകർ പ്രകൃതിവാതകം കണ്ടെത്തി. ഇതിനിടെ കുഴി ഇടിയുകയും വൻ ഗർത്തമുണ്ടായി മീഥെയ്‌ൻ അടക്കമുള്ള വിഷവാതകങ്ങൾ പുറത്തുവരുകയുംചെയ്തു. ഇതോടെ പര്യവേക്ഷണം അവസാനിപ്പിച്ച ഗവേഷകർ, വിഷവാതകങ്ങൾ ഇല്ലാതാക്കാൻ തീയിട്ടു. വാതകങ്ങൾ ആഴ്ചകൾക്കകം കത്തിത്തീരുമെന്ന പ്രതീക്ഷയോടെയാണ് തീയിട്ടതെങ്കിലും 50 വർഷത്തിനുശേഷവും തീഗോളമായിത്തന്നെ ഈ പ്രദേശം നിലനിൽക്കുകയാണ്. പ്രകൃതിവാതകത്തിന്റെ അളവിനെക്കുറിച്ചുള്ള തെറ്റായധാരണയാണ് ഗവേഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്.
ഗർത്തത്തെക്കുറിച്ച് ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, എല്ലാം പുറത്തുനിന്നുള്ളവയായിരുന്നു. 2013-ൽ കാനഡക്കാരനായ ജോർജ് കൂറോണിസിസ് ഗർത്തത്തിൽ നേരിട്ടുപ്രവേശിച്ച് പഠനം നടത്തി. ‘ഗർത്തത്തിന്‍റെ വശങ്ങൾ കത്തിജ്വലിച്ച് നിൽക്കുകയാണ്. എല്ലാത്തിനും ഓറഞ്ച് നിറമാണ്. വിഷവാതകമാണ് എല്ലായിടത്തും.’ എന്നായിരുന്നു പുറത്തെത്തിയ ജോർജിന്റെ പ്രതികരണം. ലോകത്തിൽ ഏറ്റവുമധികം പ്രകൃതിവാതകശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ നാലാംസ്ഥാനമാണ് തുർക്ക്മെനിസ്താന്. പ്രകൃതിവാതകങ്ങളുടെ കയറ്റുമതിയിലൂടെ വൻലാഭമാണ് രാജ്യത്തുണ്ടാവാറ്‌.

സ്നേക് ഐലൻഡ് - ബ്രസീൽ

ബ്രസീലിലെ സാവോപോളോയിൽനിന്ന് 40 കിലോമീറ്റർ മാറിയാണ് ഈ ദ്വീപ്‌ സ്ഥിതിചെയ്യുന്നത്. ഇവിടെ മനുഷ്യവാസമില്ല. ഉഗ്രവിഷമുള്ള നാലായിരത്തോളം പാന്പുകളുടെ ആവാസകേന്ദ്രമാണ് ഈ ദ്വീപ്. ലോകത്തെതന്നെ ഏറ്റവും വിഷംവമിക്കുന്ന ബ്രോതോപ്സ് ഇനത്തിൽപ്പെട്ട പാമ്പുകളും ഇവിടെ ധാരാളമായുണ്ട്. അതിനാൽ ഇവിടേക്കുള്ള വിനോദസഞ്ചാരികളുെട യാത്രയ്ക്ക് സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഏകദേശം നൂറുവർഷങ്ങൾക്കുമുമ്പ് ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതായാണ് കണക്കാക്കുന്നത്. ഇക്കാലത്ത് നിർമിക്കപ്പെട്ട ലൈറ്റ്ഹൗസ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ബ്രസീലിയൻ നാവികസേനയ്ക്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബുടാൻടാനിലെ ഗവേഷകർക്കും മാത്രമാണ് ഇവിടെ പ്രവേശനാനുമതി കൊടുത്തിട്ടുള്ളത്.