പ്ലാസ്മയെക്കുറിച്ച് നിങ്ങൾ പഠിക്കുന്നുണ്ടല്ലോ. വളരെ രസകരമായ ഒരു ലോകമാണ് പ്ലാസ്മയുടേത്. മാത്രമല്ല നമ്മുടെ ജീവൻ നിലനിർത്തുന്നതിൽ പ്ലാസ്മയ്ക്ക്, ഏറെ പ്രാധാന്യവുമുണ്ട്. നമ്മുടെ രക്തത്തിലെ ദ്രാവകഭാഗത്തെയാണ് പ്ലാസ്മ എന്ന് ജീവശാസ്ത്രത്തിൽ വിശേഷിപ്പിക്കുന്നത്. എന്നാൽ, അതിൽനിന്ന് തികച്ചും വ്യത്യസ്തമായി ഒരു പദാർഥത്തിന്റെ അവസ്ഥയെയാണ് ഊർജതന്ത്രത്തിലും രസതന്ത്രത്തിലും ഇത് അർഥമാക്കുന്നത്. ഓരോ പദാർഥത്തിനും ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ അവസ്ഥകളുണ്ടെന്ന് പഠിച്ചിട്ടുണ്ടല്ലോ. ഒരു പദാർഥത്തെ ചൂടാക്കുന്തോറും (ഉദാഹരണം ജലം) അത് ഖരം (ഐസ്), ദ്രാവകം (ജലം), വാതകം (നീരാവി) എന്നീ മൂന്ന് അവസ്ഥകളിലേക്ക് രൂപാന്തരപ്പെടും എന്നും നമുക്കറിയാം.

എങ്കിൽ വാതകത്തെ കൂടുതൽ ചൂടാക്കിയാൽ എന്തുസംഭവിക്കും? അത് നാലാമത്തെ അവസ്ഥയായ പ്ലാസ്മയിലേക്കുമാറും. ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളെക്കുറിച്ചും അവയുടെ സ്വഭാവത്തെക്കുറിച്ചും ധാരാളം പഠിക്കുന്നുണ്ടെങ്കിലും പ്ലാസ്മ എന്ന അവസ്ഥയെക്കുറിച്ച് സ്കൂൾ പാഠപുസ്തകങ്ങളിൽ അധികം പ്രതിപാദിക്കാറില്ല. ഭൂമിയിൽ നാം നിത്യവും ഉപയോഗിക്കുന്ന ഒരുവിധം എല്ലാ പദാർഥങ്ങളും ആദ്യത്തെ മൂന്ന് അവസ്ഥകളിലാണ് കാണപ്പെടുന്നത് എന്നതുതന്നെയാണ് ഇതിനു കാരണം. എന്നാൽ, പ്രപഞ്ചത്തിലുള്ള പദാർഥങ്ങളെയെടുത്താൽ  അവയിൽ 99 ശതമാനത്തിൽ കൂടുതൽ പ്ലാസ്മ എന്ന അവസ്ഥയിലാണ്. നമ്മുടെ സൂര്യനടക്കം എല്ലാ നക്ഷത്രങ്ങളും പ്ലാസ്മാവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത്. സൂര്യനിലെ ചൂട് നമുക്കറിയാമല്ലോ. സൂര്യനിൽനിന്നുള്ള ചൂടും വെളിച്ചവും ഉപയോഗിച്ചാണ് ഭൂമിയിലെ ഒരുവിധം എല്ലാ ജീവികളും നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെയാണ് നമ്മുടെ ജീവൻ പ്ലാസ്മയുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു എന്നു പറഞ്ഞത്. ഇപ്പോൾത്തന്നെ പ്ലാസ്മയുടെ ഒരു സ്വഭാവം നമുക്ക് മനസ്സിലായല്ലോ. പ്ലാസ്മാവസ്ഥയിലുള്ള ഒരു പദാർഥം എപ്പോഴും വെളിച്ചം  വമിച്ചുകൊണ്ടിരിക്കും. പ്ലാസ്മയുടെ ഉള്ളിൽ എന്താണ് സംഭവിക്കുന്നത്. എന്തുകൊണ്ടാണ് പ്ലാസ്മ വെളിച്ചം വമിക്കുന്നത് എന്നെല്ലാം നമുക്കറിയേണ്ടേ?

പ്രകാശിക്കുന്നത് എങ്ങനെ
പ്ലാസ്മാവസ്ഥയിൽ ഓരോ കണികയുടെയും (atom) ഊർജം വളരെയേറെയായതിനാൽ കണികയുടെ ഒന്നോ അതിലധികമോ ഇലക്‌ട്രോണുകൾ അതിന്റെ ന്യൂക്ലിയസിന്റെ വലയത്തിൽനിന്ന് വേർപെട്ട് (Ionization) സ്വതന്ത്രമായി വിഹരിക്കാൻ തുടങ്ങും. നെഗറ്റീവ് ചാർജുള്ള ഇലക്‌ട്രോൺ നഷ്ടപ്പെട്ട കണിക പോസിറ്റീവ് അയോൺ (Ion) ആയി മാറുകയും ചെയ്യും. ഇങ്ങനെ അനേകം അയോണുകളും ഇലക്‌ട്രോണുകളും ചേർന്നതാണ് പ്ലാസ്മ എന്ന അവസ്ഥ. അതുകൊണ്ടുതന്നെ വാതകാവസ്ഥ ഒരു വൈദ്യുത ഇൻസുലേറ്റർ  ആകുമ്പോഴും പ്ലാസ്മ ഒരു വൈദ്യുതചാലകമാണ് (Conductor).

എന്നാൽ, ഇലക്‌ട്രോണുകൾ ഇടയ്ക്കിടയ്ക്ക് പോസിറ്റീവ് അയോണുകളുമായി പുനഃസംയോജിക്കുകയും (Recombination), ഇലക്‌ട്രോണിന്റെ ഊർജം പുറത്തേക്കുവിടുകയും ചെയ്യും. പ്ലാസ്മയ്ക്കുള്ളിൽ ഇത്തരം അയോണൈസേഷനുകളും പുനഃസംയോജനങ്ങളും ഇലക്‌ട്രോണുകളുടെ മറ്റ് ഊർജകൈമാറ്റങ്ങളും (Electron transitions) എപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് പ്ലാസ്മ എപ്പോഴും പ്രകാശവും ഇൻഫ്രാറെഡ് (Infrared-IR), അൾട്രാ വയലറ്റ് (Ulta Violet -UV) തുടങ്ങിയ പ്രസരണങ്ങളും (Radiations) വമിച്ചുകൊണ്ടിരിക്കും. ഇതിൽനിന്ന് സൂര്യൻ എന്തുകൊണ്ടാണ് ജ്വലിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായല്ലോ.

ഇടിമിന്നൽ
ചൂട് എന്ന ഊർജം കൂടാതെ മറ്റു ഊർജങ്ങൾ ഉപയോഗിച്ചും പ്ലാസ്മ ഉണ്ടാക്കാൻ കഴിയും. വൈദ്യുതിയെയും ഇതിനായി ഉപയോഗിക്കാം. വായുവിനെയും പ്ലാസ്മ എന്ന അവസ്ഥയിലേക്ക് മാറ്റാൻ കഴിയും. പക്ഷേ, അതിന് വളരെയധികം വോൾട്ടേജ് ആവശ്യമാണ്. മേഘങ്ങളിൽ ഇത്രയധികം വോൾട്ടേജുകൾ ( പത്തുകോടി വോൾട്ട് ഒക്കെ) ഉണ്ടാകുമ്പോൾ വായു പ്ലാസ്മ അസ്ഥയിലേക്ക് മാറുന്നതാണ് ഇടിമിന്നൽ. എന്തുകൊണ്ടാണ് ഇടിമിന്നലിൽ വെളിച്ചമുണ്ടാകുന്നതെന്ന് മനസ്സിലായല്ലോ. നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന വൈദ്യുതി വെറും 230 വോൾട്ട് മാത്രമാണെന്ന് മനസ്സിലാക്കുമ്പോൾ ഇടിമിന്നലിന്റെ തീവ്രത നമുക്ക് അനുമാനിക്കാനാകും.

ഇത്രയുമധികം വോൾട്ടേജിനിടയിൽ നാം ചെന്നുപെട്ടാലുണ്ടാകുന്ന അവസ്ഥയെക്കുറിച്ച് പറയേണ്ടതില്ലല്ലോ. കൂടാതെ ഇടിമിന്നൽ സമയത്ത് പതിനായിരക്കണക്കിന് ആംപിയർ വൈദ്യുതി പ്രഹരിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഇടിമിന്നൽസമയത്ത്‌ നാം വളരെയേറെ സുരക്ഷാ മുൻകരുതലുകൾ എടുക്കണം.

വീട്, സ്കൂൾ തുടങ്ങിയ കെട്ടിടങ്ങൾക്കുള്ളിലാണ് ഏറ്റവും സുരക്ഷിതം. പലപ്പോഴും ഉയരംകൂടിയ മരങ്ങളിലൂടെയോ ഒറ്റപ്പെട്ടുനിൽക്കുന്ന മരങ്ങളിലൂടെയൊക്കെയാണ് ഇടിമിന്നൽ ഭൂമിയിൽ പതിക്കുന്നത്. അതുകൊണ്ട് ഇടിമിന്നൽസമയത്ത്‌ മരങ്ങളുടെ ചുവട്ടിൽ അഭയംതേടരുത്. അതുപോലെ ജലാശയങ്ങൾക്കരികിലേക്കോ തുറസ്സായ സ്ഥലങ്ങളിലേക്കോ പോകരുത്.

വൈദ്യുത വിളക്കുകൾ
വീടുകളിൽ ഉപയോഗിക്കുന്ന ചെറിയ വോൾട്ടേജുകൾ ഉപയോഗിച്ചും വാതകങ്ങളെ പ്ലാസ്മ അവസ്ഥയിലേക്ക് മാറ്റാൻ കഴിയും. ഇതിന് സാധ്യമാകണമെങ്കിൽ വാതകങ്ങളുടെ മർദം വളരെ കുറയ്ക്കണം. (Low pressure). ഇങ്ങനെയാണ് ട്യൂബ്‌ലൈറ്റുകളും സി.എഫ്.എൽ. ബൾബുകളും ഉണ്ടാക്കുന്നത്. ഇവ എങ്ങനെയാണ് നമുക്ക് പ്രകാശം തരുന്നത് എന്നറിയാമല്ലോ. പലതരം വാതകങ്ങളുപയോഗിച്ച് വ്യത്യസ്തങ്ങളായ നിറങ്ങൾ ഉണ്ടാക്കുവാനും കഴിയും.

മറ്റ് ഉപയോഗങ്ങൾ
കുറഞ്ഞ വോൾട്ടേജിൽ ഉത്പാദിപ്പിക്കുന്ന പ്ലാസ്മകൊണ്ട് മറ്റ് അനേകം ഉപയോഗങ്ങളുമുണ്ട്. നമുക്കാവശ്യമായ പല പദാർഥങ്ങളും പ്ലാസ്മ ഉപയോഗിച്ച് വളരെയേറെ ഗുണകരമായി നിർമിക്കാൻ കഴിയും. കൂടാതെ, പദാർഥങ്ങളുടെ പ്രതലത്തിൽ മാറ്റങ്ങൾവരുത്തി (Plasma treatement) പല നൂതന സവിശേഷതകൾ സൃഷ്ടിച്ചെടുക്കുന്നതിനും പ്ലാസ്മ ഉപയോഗിക്കാറുണ്ട്. നമ്മുടെ കംപ്യൂട്ടറുകളിലും മൊബൈൽഫോണുകളിലും മറ്റും ഉപയോഗിക്കുന്ന ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ (Semi conductor chips) ഉത്പാദിപ്പിക്കുന്നതിൽ പ്ലാസ്മ പ്രക്രിയകൾക്ക്‌ വളരെയേറെ പ്രാധാന്യമുണ്ട്. ഇതുപോലെ പല മണ്ഡലങ്ങളിലും പ്ലാസ്മ ഇന്ന് ഏറെ ഉപയോഗപ്രദമാണ്.


EASY ENGLISH - 28

നൂതനപദങ്ങൾ

#  ലിബിൻ കെ. കുര്യൻ

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ് ഭാഷയിൽ സമീപകാലത്തായി കൂട്ടിച്ചേർക്കപ്പെട്ട ചില വാക്കുകൾ ഇത്തവണ ഈസി ഇംഗ്ലീഷിലൂടെ പരിചയപ്പെടാം.
• digital disruption: Oxford Learners Dictionary-യുടെ ഓൺലൈൻ വേർഷനിൽ അടുത്തകാലത്തായി കൂട്ടിച്ചേർത്ത ഈ വാക്കിന്റെ അർഥം ‘significant change to an industry or market due to innovation in technology’ എന്നാണ്.
E.g.: No industry today is immune to digital disruption.
• vaccine passport: കോവിഡിന്റെ ആഗമനത്തിനുശേഷം Collins Dictionary, Merriam-Webster Dictionary എന്നിവയിൽ പുതുതായി ചേർത്ത ഈ പദംകൊണ്ട് അർഥമാക്കുന്നത് ‘a physical or digital document certifying that the holder has been vaccinated against a disease, esp COVID - 19’ എന്നാണ്.
E.g.: You need to produce vaccine passport so that you can have access to international travel.
• PPE: ‘Personal Protective Equipment’ എന്നതിന്റെ ചുരുക്കരൂപമാണ് PPE. കോവിഡ്-19 ന്റെ ആരംഭത്തിൽ നാം കേട്ടുതുടങ്ങിയ ഈ വാക്ക് Merriam-Webster Dictionary പദാവലിയിൽ ചേർത്തു.
E.g.: Without enough personal protective equipment (PPE), healthcare workers will be exposed to COVID-19.
• WFH: ‘Work (or working) from home’ എന്നതിന്റെ ചുരുക്കരൂപമാണ് WFH. Cambridge Dictionary, Merriam-Webster Dictionary എന്നിവയിൽ ഈ പദം കാണാൻ സാധിക്കും.
E.g.: WFH may stay even after the pandemic scare fades.
• TBH: സാമൂഹികമാധ്യമങ്ങളിലും ടെക്‌സ്റ്റ്‌ മെസേജുകളിലും ഉപയോഗിച്ചുവരുന്ന TBH, ‘to be honest’ എന്നതിന്റെ ചുരുക്കരൂപമാണ്. അടുത്തകാലത്ത് Merriam-Webster Dictionary-യിൽ ഈ പദം കണ്ടുതുടങ്ങി.
E.g.: TBH, I couldn't follow your report due to the presence of jargon.