എബിൻ കെ.ഐ.
ലോകത്തുള്ള മിക്ക രാജ്യങ്ങളിലും വലുതും ചെറുതുമായ ഒട്ടേറെ നഗരങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളാണ് രാജ്യങ്ങളുടെ തലസ്ഥാനം. യൂറോപ്യൻ ഭൂഖണ്ഡത്തിലാണ് ഏറ്റവും പേരുകേട്ടതും സമ്പന്നവുമായ നഗരങ്ങൾ. 
  നഗരദിനം
2013 ഡിസംബർ 27-ന് നടന്ന യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയിലാണ്‌ 2014 മുതൽ ഒക്ടോബർ -31 ലോക നഗരദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ചൈനയിലെ ഷാൻഹായ് നഗരമാണ് ആദ്യമായി ലോക നഗരദിനത്തിന് ആതിഥേയരായത്. സുരക്ഷിതവും സുസ്ഥിരവും പ്രതിരോധവും തീർക്കുന്ന നഗരജീവിതം ഉറപ്പുവരുത്തുകയാണ് ദിനചാരണത്തിന്റെ മുഖ്യ ലക്ഷ്യം.
  വെല്ലുവിളികൾ
ജനസംഖ്യാവർധന, പരിസ്ഥിതി സൗഹൃദമല്ലാത്ത നിർമിതികൾ, മലിനീകരണം, കുടിയേറ്റം, സ്ഥലലഭ്യത ഇല്ലായ്മ, ഗതാഗതക്കുരുക്ക്, പ്രകൃതിവിഭവങ്ങളുടെ ചൂഷണം, ചേരികളുടെ രൂപവത്‌കരണം, പകർച്ചവ്യാധികൾ, ഉയരുന്ന കുറ്റകൃത്യങ്ങൾ ഇവയെല്ലാം നഗരങ്ങൾക്ക്‌ വെല്ലുവിളി ഉയർത്തുന്നു. 
  വികസനത്തിന് ഊന്നൽ
ഇന്ന് നഗരാസൂത്രണത്തിൽ എല്ലാ രാജ്യങ്ങളും പ്രഥമപരിഗണന നൽകുന്നത് സുസ്ഥിര വികസനത്തിനാണ്. ജൈവവൈവിധ്യങ്ങളുടെ നാശവും അന്തരീക്ഷ മലിനീകരണവുംകാരണം നഗരങ്ങളിലെ ജനജീവിതം ദുസ്സഹമായിരിക്കുന്നു. സി.എൻ.
ജി., സോളാർ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളാണ്‌ മലിനീകരണം കുറയ്ക്കാൻ നഗരങ്ങളിൽ കൂടുതലായി ഉപയോഗിച്ചുവരുന്നത്. 
  ഇന്ത്യയിലെ പ്രധാന നഗരങ്ങൾ
രാജ്യ തലസ്ഥാനമായ ന്യൂഡൽഹി, 
സാമ്പത്തിക തലസ്ഥാനം- മുംബൈ, 
സാംസ്കാരിക തലസ്ഥാനം -കൊൽക്കത്ത, 
ഇലക്‌ട്രോണിക് സിറ്റി -ബെംഗളൂരു, പേൾ സിറ്റി -ഹൈദരാബാദ്, ക്വീൻ ഓഫ് ഡെക്കാൻ -പുണെ എന്നിങ്ങനെ നീളുന്നു ഇന്ത്യയിലെ വൻ നഗരങ്ങളുടെ ലിസ്റ്റ്.

  ഉയർന്ന ജനസംഖ്യയുള്ള  പത്ത്‌ നഗരങ്ങൾ (2021)

1. ടോക്യോ, 2. ഡൽഹി, 
3. ഷാങ്‌ഹായ്, 
4. സാവോ പൗലോ, 
5. മെക്സിക്കോ സിറ്റി, 
6. ധാക്കാ, 7. ​കയ്‌റോ, 
8. ബെയ്‌ജിങ്, 9. മുംബൈ, 10. ഒസാക്ക, ഇവയിൽ 
ഭൂരിഭാഗം നഗരങ്ങളും ഏഷ്യൻ ഭൂഖണ്ഡത്തിലാണ്

ലോക നഗരദിന തീം 2021
‘ബെറ്റർ സിറ്റി ബെറ്റർ ലൈഫ്’ എന്നതാണ് ലോക നഗരദിനത്തിന്റെ പൊതുവായ തീം. ഇതിനുപുറമേ ഓരോവർഷവും പ്രത്യേക വിഷയത്തിന് ഊന്നൽ നൽകിയാണ് ലോക നഗരദിനം ആചരിച്ചുവരുന്നത്. ഈ വർഷത്തെ തീം ‘അഡാപ്റ്റിങ്‌ സിറ്റീസ് ഫോർ ക്ലൈമറ്റ് റീസൈലെൻസ്’ എന്നതാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നഗരങ്ങൾ നേരിടുന്ന പ്രതിസന്ധികളുമായി പൊരുത്തപ്പെടുത്തുക എന്നതാണ് ഈ വർഷത്തെ മുഖ്യവിഷയം. ഈജിപ്തിലെ ലക്ഷർ നഗരമാണ് ഈ വർഷത്തെ ദിനാചരണത്തിന് ആതിഥേയത്വംവഹിച്ചത്.