2020 നവംബർ 25-നാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികളെ കണ്ണീരിലാഴ്ത്തി ഡീഗോ മാറഡോണ ഈ ലോകം വിട്ടുപോയത്. കളിമുഹൂർത്തങ്ങളും ഗോളുകളും കൊണ്ട് ഫുട്‌ബോൾപ്രേമികളെ ആനന്ദിപ്പിച്ച സമാനതകളില്ലാത്ത ജീവിതമായിരുന്നു മാറഡോണയുടേത്‌.
 കളിജീവിതം
എട്ടാംവയസ്സിൽ പന്ത് തട്ടിത്തുടങ്ങി. ഒരുവർഷത്തിനുള്ളിൽ അർജന്റീന ജൂനിയേഴ്‌സിന്റെ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 16-ാം വയസ്സിൽ സീനിയർ ടീമിലെത്തി. മധ്യനിരതാരമായ മാറഡോണ ബൊക്കാ ജൂനിയേഴ്‌സ്, സ്പാനിഷ് ക്ലബ്ബ് എഫ്.സി. ബാഴ്‌സലോണ, ഇറ്റാലിയൻ ക്ലബ്ബ് നാപ്പോളി, സ്പാനിഷ് ക്ലബ്ബ് സെവിയ, അർജന്റീന ക്ലബ്ബ്  നെവില്ലെ ഓൾഡ് ബോയ്‌സ് എന്നിവയിലും കളിച്ചു. അർജന്റീനയ്ക്കായി 91 മത്സരങ്ങളിൽനിന്ന് 34 ഗോൾ നേടി. ക്ലബ്ബ് കരിയറിൽ 589 മത്സരങ്ങളിൽനിന്നായി 310 ഗോൾ നേടി.
  ലോകകപ്പിലെ നായകൻ
അർജന്റീനയെ ലോകകപ്പിൽ ഏറ്റവുംകൂടുതൽ നയിച്ചത്‌ മാറഡോണ. 16 മത്സരങ്ങളിൽ മാറഡോണയ്ക്കുകീഴിൽ ടീം കളിച്ചു. നാലു  ലോകകപ്പുകളിലായി 21 മത്സരങ്ങൾ രാജ്യത്തിനായി കളിച്ചിട്ടുണ്ട്. 1986 ലോകകപ്പിൽ അർജന്റീനയെ ചാമ്പ്യൻമാരാക്കി. അഞ്ചുഗോളാണ് ആ ലോകകപ്പിൽ താരം നേടിയത്. മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും നേടി .ലോകകപ്പിലും അണ്ടർ-20 ലോകകപ്പിലും ഗോൾഡൻ ബോൾ നേടിയ രണ്ടുതാരങ്ങളിൽ ഒരാൾ മാറഡോണയാണ്. മറ്റൊരാൾ മെസ്സിയും. 1979-ലും 1986-ലുമാണ് മാറഡോണ നേട്ടം കൈവരിച്ചത്.

 ദൈവത്തിന്റെ കൈ
1986 ലോകകപ്പാണ് മാറഡോണയെ ഇതിഹാസമാക്കിത്. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരേ നേടിയ ആദ്യ ഗോൾ കൈകൊണ്ടായിരുന്നു. ഇതിനെ ‘ദൈവത്തിന്റെ കൈ’ എന്ന് താരം വിശേഷിപ്പിച്ചു. രണ്ടാമത്തെ ഗോൾ  ഗംഭീരമായിരുന്നു. 66 വാര അകലെനിന്ന് പന്തുമായി അഞ്ച് ഇംഗ്ലണ്ട് താരങ്ങളെ ഡ്രിബിൾ ചെയ്ത് ഗോളിയെയും മറികടന്നായിരുന്നു ഗോൾ. ഈ രണ്ടുഗോളുകളും ചരിത്രത്തിൽ ഇടംനേടി.
 വിവാദ മടക്കം
1994 യു.എസ്. ലോകകപ്പിൽ രണ്ടുമത്സരങ്ങളാണ് മാറഡോണ കളിച്ചത്. ഗ്രീസിനെതിരേ ഗോളും നേടി. എന്നാൽ, ഉത്തേജകമരുന്നുപരിശോധനയിൽ പരാജയപ്പെട്ടതോടെ നാട്ടിലേക്ക് തിരിച്ചയച്ചു. ഇറ്റാലിയൻ ക്ലബ്ബ് നാപ്പോളിയിൽനിന്ന്‌ മാറഡോണ മടങ്ങുന്നതും ഉത്തേജകമരുന്നുപരിശോധനയിൽ പരാജയപ്പെട്ടതോടെയാണ്.
 സ്റ്റേഡിയം
മാറഡോണയുടെ ആദ്യത്തെ ക്ലബ്ബായ അർജന്റീനോസ് ജൂനിയേഴ്‌സ്  അവരുടെ സ്റ്റേഡിയത്തിന്  താരത്തിന്റെ പേരാണ് നൽകിയത്. ‘എസ്റ്റുഡിയോ ഡീഗോ അർമാൻഡോ മാറഡോണ’ എന്നാണ് സ്റ്റേഡിയം അറിയപ്പെടുന്നത്. നാപ്പോളിയുടെ എക്കാലത്തെയും മികച്ച താരമായ മാറഡോണ ക്ലബ്ബ് വിട്ടതോടെ താരം അണിഞ്ഞ പത്താം നമ്പർ ജേഴ്‌സി വിരമിച്ചതായി പ്രഖ്യാപിച്ചു.
 ഫൗളിന്റെ കളി
ഒരു ലോകകപ്പിൽ ഏറ്റവുംകൂടുതൽ ഫൗൾ ചെയ്യപ്പെട്ട താരമാണ് മാറഡോണ. 1986 മെക്സിക്കോ ലോകകപ്പിൽ 53 തവണയാണ് വീഴ്ത്തപ്പെട്ടത്.  1982 ലോകകപ്പിലെ  ഇറ്റലിക്കെതിരായ കളിയിൽ 23 തവണയും.
 ഫൈനൽ വിസിൽ
കഴിഞ്ഞവർഷം നവംബർ ആദ്യവാരത്തിലാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രി വിട്ട മാറഡോണ നവംബർ 25- ന് ഹൃദയാഘാതത്തെത്തുടർന്നാണ് മരിക്കുന്നത്. മരണത്തെക്കുറിച്ച് വിവാദങ്ങളുണ്ടായി. അന്വേഷണം നടക്കുന്നുമുണ്ട്.
 കുടുംബം
ദീർഘകാലത്തെ പ്രണയത്തിനുശേഷം 1984 നവംബർ ഏഴിനാണ്  ക്ലൗഡിയ വില്ലാഫനെയെ വിവാഹം കഴിക്കുന്നത്. രണ്ട് പെൺമക്കളാണുള്ളത്. ദെൽമ നെറെയ, ജിയാനിന ദിനോറയും. 2004-ൽ വില്ലാഫനെയുമായുള്ള ബന്ധം പിരിഞ്ഞു.

 1960 ഒക്ടോബർ 30-ന് ബ്യൂണസ് ഐറിസിലെ ലാനുസിൽ ജനനം ഡീഗോ അർമാൻഡോ മാറഡോണ എന്ന്‌ മുഴുവൻ പേര്‌
  ഡീഗോ മാറഡോണയുടെയും ദെൽമ സാൽവദോറ ഫ്രാങ്കോയുടെയും എട്ടുമക്കളിൽ അഞ്ചാമൻ മാറഡോണയുടെ മൂത്ത നാലുപേരും സഹോദരികളാണ്