മലയാളത്തിൽ ആന എന്നെഴുതുന്നതിനെക്കാൾ എളുപ്പം ആനയെ വരച്ചിടുന്നതാണെന്ന്‌ പറയാറുണ്ട്‌. എന്നാൽ ‘അ’യെ സൂക്ഷിച്ചുനോക്കിയാൽ ‘റ’ എന്ന ഒരു വളഞ്ഞവരകൊണ്ട്‌ ഇത്‌ എഴുതാവുന്നതേയുള്ളൂ എന്നു കാണാം. ‘റ’ എന്ന വളഞ്ഞ വരയും ‘-’ എന്ന നേർവരയും പഠിച്ചാൽ മലയാളത്തിലെ എല്ലാ അക്ഷരങ്ങളും എഴുതാമെന്നതാണ്‌ വസ്തുത.
ഉച്ചാരണവും എഴുത്തും
മലയാളം അക്ഷരോച്ചാരക ഭാഷയാണെന്ന്‌ പറയും. എഴുത്തുപോലെതന്നെ ഉച്ചാരണവും. എന്നാൽ, ബ്രാഹ്മണർ സായാഹ്നം തുടങ്ങിയ വാക്കുകൾ ഉച്ചരിച്ചുനോക്കൂ. ഹ്‌മ, ഹ്‌ന എന്നിങ്ങനെ ചേർത്താണെഴുതിയതെങ്കിലും മ്‌ഹ, ന്‌ഹ എന്നിങ്ങനെയാണ്‌ ഉച്ചരിച്ചുപോരുന്നത്‌. എഴുത്തിന്റെ വിപരീതദശയിലാണ്‌ ഉച്ചാരണം. ഇതുകൊണ്ടാണ്‌ റഹ്‌മാൻ, രഹ്‌ന തുടങ്ങിയ വാക്കുകൾ ചേർത്തെഴുതരുതെന്ന്‌ പറയുന്നത്‌. ബ്രാമ്‌ഹണൻ, സായാന്‌ഹം എന്നു ഉച്ചരിക്കുകയും ബ്രാഹ്മണൻ, സായാഹ്നം എന്ന്‌ എഴുതുകയും ചെയ്യുന്നത്‌ മലയാളത്തിന്റെ സവിശേഷതകളിലൊന്നാണ്‌. ഭാഷാപരമായ കാരണങ്ങൾ പറയുന്നുമുണ്ട്‌.
ഒരു അക്ഷരം, രണ്ട്‌ ഉച്ചാരണം
നനയ്ക്കുക എന്ന പദത്തിൽ ‘ന’യുടെ ഉച്ചാരണ വ്യത്യാസം ശ്രദ്ധിച്ചുനോക്കൂ. വാക്കിലെ ആദ്യ ‘ന’യുടെ ഉച്ചാരണമല്ല രണ്ടാമത്തേതിൽ. പനിയും പന്നിയും രണ്ട്‌ ഉച്ചാരണം. മുൻപ്‌ ‘’
എന്നൊരു അക്ഷരംകൂടിയുണ്ടായിരുന്നു. പിന്നീട്‌ അവ ഒന്നായി. മലയാളികളല്ലാത്തവർ ‘നമ്മുടെ നാട്‌’ എന്നൊക്കെ പറയുമ്പോൾ പ്രയാസപ്പെടുന്നത്‌ ഇതുകൊണ്ടാണ്‌. ഉൗന്നലിനനുസരിച്ച്‌ അർഥവ്യത്യാസം വരുന്നത്‌ മലയാളത്തിന്റെയും സവിശേഷതയാണ്‌. നിന്നാൽ/നിന്നാൽ, തന്നാൽ/ തന്നാൽ, എന്നാൽ/എന്നാൽ തുടങ്ങിയ പദജോടികളിൽ ഉൗന്നലിനനുസരിച്ചാണ്‌ അർഥവ്യത്യാസം. 
 ഇടത്തോട്ടോ, 
വലത്തോട്ടോ
മലയാളം ഇടത്തുനിന്ന്‌ വലത്തോട്ട്‌ എഴുതുന്നു എന്നാണ്‌ പറയുക. ഒാരോ അക്ഷരത്തിന്റെയും തൊട്ട്‌ വലത്താണ്‌ അടുത്ത അക്ഷരം എന്ന രീതിയിൽ ഇതുശരിയുമാണ്‌. എന്നാൽ, അക്ഷരമെഴുത്തിൽ എല്ലാം ഇടത്തോട്ടല്ല. പല രീതികൾ പിന്തുടരുന്നുണ്ട്‌. ഇത്‌ മനസ്സിലാക്കിയാൽ അക്ഷരവടിവും ഭംഗിയും പാലിച്ച്‌ എഴുതാനും കഴിയും. ല, ധ തുടങ്ങിയ അക്ഷരങ്ങൾ ഇടത്തോട്ടാണ് എഴുതുന്നത്. ‘ഋ’ ആണ്‌ ഏറെ കൗതുകകരം. ഇടത്തുതുടങ്ങി വലത്തോട്ടുമാറി പിന്നെ ഇടത്ത്‌ അവസാനിക്കുന്നു. ഓരോ വ്യക്തിക്കും ഓരോ എഴുത്തുരീതിയാണ്‌. എങ്കിലും അക്ഷരങ്ങളെ കൗതുകത്തോടെ പരിചയപ്പെടാനും താത്‌പര്യമുള്ളവർക്ക്‌ തുടർന്ന്‌ കൂടുതൽ അന്വേഷണത്തിനും പഠനത്തിനും സാധ്യതകൾ തുറന്നിടുന്നതാണ്‌ നമ്മുടെ അക്ഷരങ്ങൾ.
 കൂട്ടക്ഷരത്തിലെ കൂട്ടുകൾ
അക്ഷരസമൃദ്ധമാണ്‌ മലയാളം. ഇതിനു കാരണം മലയാളത്തിലെ കൂട്ടക്ഷരങ്ങളാണ്‌. കൂട്ടക്ഷരമെഴുത്തും പലരീതിയിലാണ്‌. ‘മ്മ’ പോലെയല്ല ‘പ്പ’. മയുടെ കൂട്ടക്ഷരമായ ‘മ്മ’ യിൽ രണ്ടക്ഷരവും മുഴുവനായി ഇടത്തും വലത്തും ചേർത്തെഴുതുമ്പോൾ ‘പ്പ’ യിൽ ഘടകാക്ഷരങ്ങൾ മുഴുവനായി മുകളിലും താഴെയുമാണ്‌. ‘ന്ന’ യും ‘ന്ത’ യും നോക്കൂ. ‘ന്ന’ യിൽ ‘ന’ മുഴുവനും ആദ്യഭാഗത്ത്‌ ചേർന്നെങ്കിൽ ‘ന്ത’ യിൽ ‘ന’ യുടെ പകുതി മാത്രം. ഉച്ചാരണംകൂടി ശ്രദ്ധിക്കുക. ‘ണ്ട’ യിൽ രണ്ടാം ഭാഗമായ ‘ട’ യാണ്‌ പൂർണം. ‘ട്ട’ യിൽ രണ്ടാം ഭാഗത്ത്‌ ‘ട’ അംശം മാത്രം. ‘ച്ച’ യിൽ അടിഭാഗത്ത്‌ ഒരു അടയാളം മാത്രം. ‘ങ’ യും ‘ങ’ യും ചേർന്ന ‘ങ്ങ’ യിൽ മറ്റൊരു രീതി. ‘മ’ യും ‘പ’ യും ചേർന്ന ‘മ്പ’ യിലാവട്ടെ ആകെ മാറ്റം. 
കൂട്ടക്ഷരങ്ങൾ രൂപപ്പെട്ട്‌ വരുന്നത്‌ കണ്ടും ഉച്ചാരണം കേട്ടും മനസ്സിലാക്കിയാൽ അക്ഷരത്തെറ്റുകൾ ഒഴിവാക്കാൻ എളുപ്പമാവും.
 വേണം ഒരു അക്ഷരംകൂടി
മലയാളത്തിൽ അക്ഷരങ്ങൾ ധാരാളമാണ്‌. എന്നാൽ, ഭാഷയുടെ വളർച്ചയിൽ മലയാളം ഒരു അക്ഷരംകൂടി ആവശ്യപ്പെടുന്നു. അത്‌ ‘പ’ യുടെ വകഭേദമാണ്‌. ‘ഫ’ എന്നൊരക്ഷരം മലയാളികളേറെയും തെറ്റായി ഉച്ചരിക്കുന്നു എന്നതാണ്‌ സത്യം. ഫ... കടക്കൂ പുറത്ത്‌ എന്നിടത്ത്‌ (fa) എന്നുച്ചരിച്ചാൽ മതിയാവില്ലല്ലോ. ‘ഫ’ (pha) എന്നുതന്നെ ഉച്ചരിക്കണം. ‘പ’ യോട്‌ ‘ഹ’ ചേർന്ന ശബ്ദം ‘pha’ എന്നുതന്നെ ഉച്ചരിക്കണം. അപ്പോൾ ഫാദറിന്‌ ഒരക്ഷരം ‘പ’ യുടെ കൂട്ടത്തിൽ വേണ്ടതാണ്‌. നമ്മുടെ ഭാഷയിൽ ഇല്ലാതെപോയൊരക്ഷരം ഉച്ചാരണത്തിൽ നിലനിൽക്കുന്നുമുണ്ട്‌.
 അക്ഷരസംഖ്യ
ഭാഷയിലെ എല്ലാ അക്ഷരങ്ങൾക്കുംകൂടി പറയുന്ന പേരാണ്‌ അക്ഷരമാല എന്നു ശബ്ദതാരാവലി. അങ്ങനെയെങ്കിൽ മലയാളത്തിലെ അക്ഷരങ്ങൾ ആയിരങ്ങൾ കവിയും. മുമ്പ്‌ മലയാള പാഠപുസ്തകങ്ങളിൽ 666 അക്ഷരങ്ങൾ പരിചയപ്പെടുത്തുന്നു.   18 സ്വരങ്ങൾ, 36 വ്യഞ്ജനങ്ങളിൽ ഓരോന്നിനോടും സ്വരങ്ങൾ ചേർന്ന്‌ (36x18) 648 വ്യഞ്ജനങ്ങൾ എന്നിങ്ങനെ. എന്നാൽ, ഇതിനൊപ്പം കൂട്ടക്ഷരങ്ങളും സ്വരചിഹ്നങ്ങൾ ചേർന്ന കൂട്ടക്ഷരങ്ങളും ചേരുമ്പോൾ അക്ഷരസംഖ്യ നാലായിരത്തോളമാവും. എന്നാൽ, അക്ഷരമാലയിൽ നാം പരിചയപ്പെടുന്നത്‌ അടിസ്ഥാന അക്ഷരങ്ങളാണ്‌. അത്‌ ഇപ്പോൾ 49 ആണെന്ന്‌ പറയാം. സ്വരങ്ങൾ 13, വർഗാക്ഷരങ്ങൾ 25, ഊഷ്മാക്കളും മധ്യമങ്ങളും കൂടി 11.
 വേറിട്ട ‘ന്റ’
ഉച്ചാരണത്തിൽ വേറിട്ട മറ്റൊരക്ഷരമാണ്‌ ‘’. ൻ, റ എന്നിവ ചേർന്നാണെങ്കിലും മലയാളികൾ ഉച്ചരിക്കുന്നത്‌ മറ്റൊരു രീതിയിലാണ്‌.
  ഒറ്റവാക്കിന്‌  ഒരക്ഷരം
മലയാളത്തിൽ ‘’ എന്നൊരക്ഷരം ഉണ്ടായിരുന്നു. ‘ള്’ എന്ന്‌ ഉച്ചാരണം ഇന്ന്‌ ബാങ്കുകളിലും മറ്റും കാണുന്ന ക്ളിപ്തം എന്ന വാക്ക്‌ ‘’ ഈ ചിഹ്നം ഉപയോഗിച്ചാണ്‌ എഴുതിയിരുന്നത്‌. പ്രായം ചെന്നവർ മലയാളം അക്ഷരമാല ഉരുവിടുമ്പോൾ ‘റ്്’ ‘ള്‌’ എന്നിങ്ങനെ ഉച്ചരിക്കുന്നതിന്റെ കാരണമിതാണ്‌.

 ‘അയ്യയ്യാ’യും ‘അയ്യയ്യയ്യോ’യും

എല്ലാ വ്യാകരണനിയമങ്ങളെയും കാറ്റിൽപറത്തുന്ന സ്വരച്ചേർച്ചകൾ മലയാളത്തിന്റെ സവിശേഷതയാണ്‌. അഇഅഇഅ (അയ്യയ്യ) എന്ന പഞ്ചസ്വരങ്ങളുടെ ചേർച്ചയും  അഇഅഇഅഇഅഒ (അയ്യയ്യയ്യോ) എന്നിങ്ങനെ എട്ട്‌ സ്വരങ്ങളുടെ ചേർച്ചയുമെല്ലാം നമ്മുടെ ഭാഷയുടെ കരുത്തും സൗന്ദര്യവുമാണ്‌. ഉച്ചാരണത്തിലും എഴുത്തിലുമുള്ള സൗന്ദര്യങ്ങൾ കൂടുതൽ അന്വേഷിക്കാനും കണ്ടെത്താനും കൂട്ടുകാർക്കു കഴിയട്ടെ

‘ഋ’ ആണ്‌ ഏറെ 
കൗതുകകരം. 
ഇടത്തുതുടങ്ങി വലത്തോട്ടുമാറി പിന്നെ ഇടത്ത്‌ അവസാനിക്കുന്നു

 പാറ്റയും നാറ്റവും
എഴുത്തിലെ പ്രശ്നക്കാരനാണ്‌ ‘റ’. ‘റ’യുടെ ഇരട്ടിപ്പിലാണ്‌ കൗതുകം. നാറുക-നാറ്റം. മാറുക-മാറ്റം തുടങ്ങിയ പദങ്ങളിൽ ‘റ’യുടെ ഇരട്ടിപ്പായി ‘റ്റ’ കാണാം. എന്നാൽ പാറ്റയിലെ ‘റ്റ’ റയുടെ ഇരട്ടിപ്പല്ല. മുൻപ്‌ ‘’ എന്നൊരക്ഷരം നമ്മുടെ അക്ഷരമാലയിൽ ഉണ്ടായിരുന്നു. പക്ഷേ, നിലനിൽക്കാനായില്ല. 

തെളിഞ്ഞും മറഞ്ഞും ‘ഉ’
മലയാളത്തിൽ ‘ഉ’ തെളിഞ്ഞും മറഞ്ഞും ഉച്ചരിക്കുന്ന അക്ഷരമാണ്‌. കണ്ടു, കേട്ടു എന്നിങ്ങനെ തെളിഞ്ഞും കണ്ട്‌, കേട്ട്‌ എന്നിങ്ങനെ മറഞ്ഞുമാണ്‌ ‘ഉ’ കാരം. മറഞ്ഞ ഉച്ചാരണത്തിന്‌ മുകളിൽ ചന്ദ്രക്കല ചേർക്കുകയാണ്‌ പതിവ്‌. സംസാരത്തിലും എഴുത്തിലും ബ്രേക്കിട്ട്‌ നിർത്താൻ തെളിഞ്ഞ ‘ഉ’കാരം വേണം. ഇതിന്‌ വിവൃതോകാരം എന്നു പേരുണ്ട്‌. മറഞ്ഞ ‘ഉ’കാരമാണ്‌ സംവൃതോകാരം.

കൈസർ ഇ ഹിന്ദ് അരുണാചലിന്റെ സ്വന്തം ശലഭം

: അരുണാചൽ പ്രദേശിന്റെ സംസ്ഥാന ശലഭമായി കൈസർ ഇ ഹിന്ദ് എന്ന ചിത്രശലഭത്തെ തിരഞ്ഞെടുത്തിരിക്കുന്നു. നേപ്പാൾ ഭൂട്ടാൻ, ഹിമാലയത്തിന്റെ കിഴക്കൻ മേഖലകൾ, മ്യാൻമാർ തുടങ്ങിയിടങ്ങളിൽ കണ്ടുവരുന്ന ശലഭമാണ് കൈസർ ഇ ഹിന്ദ്. കിളിവാലൻ ശലഭങ്ങളിലെ വളരെ അപൂർവമായ ജനുസ്സിൽപ്പെട്ട ശലഭമാണിത്. ഇന്ത്യൻ ചക്രവർത്തി എന്നാണ് ഇതിന്റെ പേരിനർഥം. ശലഭശേഖരണക്കാർക്ക് ഏറെ പ്രയപ്പെട്ടശലഭമാണ് കൈസർ ഇ ഹിന്ദ്. teinopalpus imperialis എന്നാണ് ഇതിന്റെ ശാസ്ത്രനാമം.