അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് ഒന്നരനൂറ്റാണ്ടോളം പഴക്കമുണ്ട്. 1877 മാർച്ചിൽ, ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലാണ് ആദ്യ ഔദ്യോഗികമത്സരം നടന്നത്. അത് അഞ്ചുദിവസം നീളുന്ന ടെസ്റ്റ് ക്രിക്കറ്റായിരുന്നു. ഒരുനൂറ്റാണ്ടോളം കഴിഞ്ഞ്, 1971 ജനുവരി അഞ്ചിനാണ് ഏകദിനമത്സരം തുടങ്ങിയത്. എട്ടുപന്തുകൾ വീതമുള്ള 40 ഓവർ മത്സരമായാണ് ഏകദിനത്തിന്റെ തുടക്കം. ആദ്യ ഏകദിനവും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലായിരുന്നു. ഏകദിനമത്സരം തുടങ്ങി നാലാംവർഷം, 1975-ൽ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നടന്നു.
2005 ഫെബ്രുവരി 17-ന് ഓസ്‌ട്രേലിയയും ന്യൂസീലൻഡും തമ്മിലാണ് ആദ്യ അന്താരാഷ്ട്ര ട്വന്റി-20 മത്സരം നടന്നത്. രണ്ടുവർഷത്തിനുശേഷം ട്വന്റി-20 ഫോർമാറ്റിലെ ലോകകപ്പ് നടന്നു.

ആദ്യ വിജയി ഇന്ത്യ
2007 സെപ്റ്റംബർ 11മുതൽ 24വരെ ദക്ഷിണാഫ്രിക്കയിൽനടന്ന പ്രഥമ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ജേതാക്കളായി. ഫൈനലിൽ പാകിസ്താനെ അഞ്ചുറൺസിന് തോൽപ്പിച്ചാണ് എം.എസ്. ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടമുയർത്തിയത്. ഇക്കുറി യു.എ.ഇ.യിലും ഒമാനിലുമായി നടക്കുന്നത് ഏഴാമത് ട്വന്റി 20 ലോകകപ്പ്.
ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് കാരണം വിദേശത്തേക്ക്‌ മാറ്റുകയായിരുന്നു.

ട്വന്റി 20 ലോകകപ്പ് റെക്കോഡുകൾ

 • കൂടുതൽ മത്സരങ്ങൾ നയിച്ച ക്യാപ്റ്റൻ: എം.എസ്. ധോനി: 33
 •  കൂടുതൽ റൺസ്: മഹേല ജയവർധനെ (ശ്രീലങ്ക) -1016 റൺസ് (31 മത്സരം)
 •  കൂടുതൽ റൺസ് നേടിയ ഇന്ത്യക്കാരൻ: വിരാട് കോലി -777 (16 മത്സരം)
 •  ഉയർന്ന വ്യക്തിഗത സ്കോർ: ബ്രെണ്ടൻ മക്കെല്ലം (ന്യൂസീലൻഡ്): 123 റൺസ്
 •  ബാറ്റിങ്ങിലെ ഉയർന്ന ശരാശരി: വിരാട് കോലി: 86.33
 •  കൂടുതൽ സെഞ്ചുറി: ക്രിസ് ഗെയ്ൽ (വെസ്റ്റിൻഡീസ്): 2
 • കൂടുതൽ അർധസെഞ്ചുറി: വിരാട് കോലി, ക്രിസ് ഗെയ്‌ൽ: ഒമ്പതുവീതം
 •  അതിവേഗ സെഞ്ചുറി: ക്രിസ് ഗെയ്‌ൽ: 48 പന്തിൽ
 •  കൂടുതൽ സിക്സ്: ക്രിസ് ഗെയ്‌ൽ: 60 എണ്ണം
 •  അതിവേഗ അർധസെഞ്ചുറി: യുവരാജ് സിങ് (ഇന്ത്യ): 12 പന്തിൽ
 •  കൂടുതൽ വിക്കറ്റ്: ഷാഹിദ് അഫ്രീഡി (പാകിസ്താൻ): 39 വിക്കറ്റ് (34 മത്സരം)
 •  ഒരു മത്സരത്തിലെ മികച്ച ബൗളിങ്:  അജന്ത മെൻഡിസ് (ശ്രീലങ്ക): എട്ടുറൺസിന് ആറുവിക്കറ്റ്

ട്വന്റി 20 ലോകകപ്പ് ജേതാക്കൾ

വർഷം - ആതിഥേയർ  - വിജയി  - റണ്ണറപ്പ്

2007 - ദക്ഷിണാഫ്രിക്ക - ഇന്ത്യ - പാകിസ്താൻ

2009 - ഇംഗ്ലണ്ട് - പാകിസ്താൻ - ശ്രീലങ്ക

2010 - വെസ്റ്റിൻഡീസ് - ഇംഗ്ലണ്ട് -  ഓസ്‌ട്രേലിയ

2012 - ശ്രീലങ്ക - വെസ്റ്റിൻഡീസ് - ശ്രീലങ്ക

2014 - ബംഗ്ലാദേശ്  - ശ്രീലങ്ക - ഇന്ത്യ

2016 - ഇന്ത്യ - വെസ്റ്റിൻഡീസ് - ഇംഗ്ലണ്ട്


24 ഒക്ടോബർ ഐക്യരാഷ്ട്രദിനം

ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യവും പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവർഷവും ഐക്യരാഷ്ട്ര ദിനം ആഘോഷിക്കുന്നത്

രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകസമാധാനം നിലനിർത്താൻ ഒരു സംഘടന രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ചില രാജ്യങ്ങൾ സാൻഫ്രാൻസിസ്കോയിൽ ഒത്തുകൂടി. 1945 ജൂൺ മാസത്തിലായിരുന്നു അത്. പിന്നീട്‌ ഒക്ടോബർ 24-ന് ഐക്യരാഷ്ട്രസഭ നിലവിൽവന്നു. ഈ ദിനത്തിന്റെ വാർഷികമാണ് ഐക്യരാഷ്ട്രദിനം. ഐക്യരാഷ്ട്രസഭയുടെ നിയമപുസ്തകമാണ് യു.എൻ. ചാർട്ടർ.  

ലക്ഷ്യം
മാനുഷികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങൾക്കുവേണ്ടി നിലകൊള്ളുക, സാമൂഹികപുരോഗതിയും ജീവിതനിലവാരവും ഉയർത്തുക, അന്താരാഷ്ട്ര നിയമങ്ങളെയും നീതിയെയും പിന്തുണയ്ക്കുക, യുദ്ധത്തിനെതിരേ നിലകൊള്ളുക, സ്ത്രീക്കും പുരുഷനും തുല്യഅവകാശം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ.

ഭാഷ
ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, അറബിക്, സ്പാനിഷ്, ചൈനീസ് എന്നീ ആറുഭാഷകളാണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകൾ.

സെക്രട്ടറി ജനറൽ
നോർവേക്കാരനായിരുന്ന ട്രീ ഗ്വെലീ ആണ് യു.എന്നിന്റെ ആദ്യ സെക്രട്ടറി ജനറൽ. പോർച്ചുഗീസുകാരനായ അന്റോണിയോ ഗുട്ടെറസ് ആണ് ഇപ്പോഴത്തെ സെക്രട്ടറി ജനറൽ.

ഘടകങ്ങൾ
പൊതുസഭ, രക്ഷാസഭ, സാമൂഹിക സാമ്പത്തിക സഭ, സെക്രട്ടേറിയറ്റ്‌, അന്താരാഷ്ട്രാ നീതിന്യായ കോടതി, ട്രസ്റ്റീഷിപ്പ്‌ കൗൺസിൽ തുടങ്ങിയവയാണ്‌ ഐക്യരാഷ്ട്രസഭയുടെ പ്രധാന ഘടകങ്ങൾ.

അനുബന്ധ സംഘടനകൾ
ഐക്യരാഷ്ട്രസഭയ്ക്കു കീഴിൽ ധാരാളം അനുബന്ധ സംഘടനകളുണ്ട്. UNESCO, W.H.O, W.M.O., I.M.F, U.N.H.C.R, I.T.U, F.A.D., UNICEF, I.A.E.A., I.F.D.A., I.B.R.D, I.F.C., U.N.D.P. എന്നിവ അവയിൽ ചിലതാണ്.

 • 1945 ഒക്ടോബർ 30-ന് ഇന്ത്യ യു. എൻ. അംഗത്വം നേടി.
 • ആദ്യം 51 രാജ്യങ്ങൾ, ഇപ്പോൾ 193 രാജ്യങ്ങൾ യു.എന്നിൽ അംഗങ്ങളാണ്.
 • അമേരിക്കൻ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ളിൻ റൂസ് വെൽറ്റാണ് യുണൈറ്റഡ് നേഷൻസ് (യു.എൻ.) എന്ന പേര്‌ നിർദേശിച്ചത്.
 • ആസ്ഥാനം മാൻഹട്ടൻ.