വൈദ്യശാസ്ത്രം
ഡേവിഡ് ജൂലിയസ്, ആർഡെം 
പെറ്റാപൗടെയ്‌ൻ
ശരീരത്തിലെ ചൂടും സ്പർശവും മനസ്സിലാക്കാൻ തലച്ചോറിനെ സഹായിക്കുന്ന സ്വീകരണികളെ തിരിച്ചറിഞ്ഞ അമേരിക്കൻ ഗവേഷകരായ ഡേവിഡ് ജൂലിയസും ആർഡെം പെറ്റാപൗടെയ്നും വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടു.  ചർമത്തിലേൽക്കുന്ന ചൂട്, തണുപ്പ്, സ്പർശം എന്നിവയെ നാഡീവ്യൂഹം എങ്ങനെ തിരിച്ചറിയുന്നു എന്നതാണ് ഇവർ കണ്ടെത്തിയത്. ഇത്തരം ഭൗതികസംവേദനങ്ങൾ നാഡീവ്യൂഹത്തിലുണ്ടാക്കുന്ന വൈദ്യുതതരംഗങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞത് തീവ്രവേദനപോലുള്ള അവസ്ഥകൾ അകറ്റുന്നതിനുള്ള പുതിയ ചികിത്സാരീതികൾ കണ്ടെത്താൻ സഹായകമാണ്.

ഭൗതികശാസ്ത്രം
സ്യുക്കുറോ മനാബെ, ക്ലോസ് ഹാസിൽമാൻ, ജ്യോർജിയോ പരീസിയ

അമേരിക്കൻ കാലാവസ്ഥാ ശാസ്ത്രജ്ഞൻ സ്യുക്കുറോ മനാബെ, ജർമൻ സമുദ്രഗവേഷകൻ ക്ലോസ് ഹാസിൽമാൻ, ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ ജ്യോർജിയോ പരീസിയ എന്നിവർക്കാണ് ഭൗതികശാസ്‌ത്രത്തിനുള്ള നൊബേൽ പുരസ്കാരം. ആഗോളതാപനത്തിന്റെ ആഘാതം പ്രവചിക്കാൻ കാലാവസ്ഥയ്ക്ക് കംപ്യൂട്ടർ മാതൃക തയ്യാറാക്കിയ സ്യുക്ക്യൂറോ മനാബെയും ക്ലോസ് ഹാസിൽമാനും കൂടിയാണ് പുരസ്കാരത്തിന്റെ ഒരുപകുതി പങ്കിടുക. ക്രമമില്ലാത്ത പദാർഥങ്ങളും ആകസ്മികപ്രക്രിയകളും അടങ്ങിയ സങ്കീരണതകൾ അടുത്തറിയാനുള്ള നൂതനമാർഗങ്ങൾ ആവിഷ്ക
രിച്ച ജ്യോർജിയോ പരീസിയക്കാണ് പുരസ്കാരത്തിന്റെ മറുപാതി.

രസതന്ത്രം
ഡേവിഡ് മാക്മിലൻ, ബെഞ്ചമിൻ ലിസ്റ്റ്

ജർമൻ ശാസ്ത്രജ്ഞൻ ബെഞ്ചമിൻ ലിസ്റ്റും സ്കോട്ടിഷ് ശാസ്ത്രജ്ഞൻ ഡേവിഡ് മാക്മിലനും രസതന്ത്രത്തിലെ നൊബേൽ പുരസ്കാരം പങ്കിട്ടു. തന്മാത്രകളും അതിന്റെ പ്രതിബിംബ രൂപവും നിർമിക്കാൻ നവീനമാതൃകകൾ സൃഷ്ടിച്ചതിനാണ് പുരസ്കാരം. ഔഷധ നിർമാണരംഗത്തും സൗരോർജ പാനലുകളുടെ നിർമാണത്തിലും മുന്നേറ്റമുണ്ടാക്കുന്നതാണ് കണ്ടുപിടിത്തം.

സാഹിത്യം
അബ്ദുൾറസാഖ് ഗുർണ
ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ ടാൻസാനിയൻ എഴുത്തുകാരൻ അബ്ദുൾറസാഖ് ഗുർണയ്ക്കാണ് സാഹിത്യ നൊബേൽ. ഗുർണയുടെ നോവലുകൾ മിക്കവയും പലായനങ്ങളുടെ കഥപറയുന്നവയാണ്.
സ്വത്വവും രാജ്യവും നഷ്ടപ്പെടുന്നവരുടെ യാതനകളും കോളനിവത്കരണത്തിന്റെയും അടിമത്തത്തിന്റെയും ശേഷിപ്പുകൾ അവയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുമാണ് ഗുർണയുടെ നോവലുകളെ അടയാളപ്പെടുത്തുന്നത്.

സമാധാനം
മരിയ റെസ്സ, ദിമിത്രി മുറതോവ്

ഫിലിപ്പീൻസ് മാധ്യമപ്രവർത്തക മരിയ റെസ്സയും റഷ്യൻ പത്രപ്രവർത്തകൻ ദിമിത്രി മുറതോവിനുമാണ് സമാധാനത്തിനുള്ള പുരസ്കാരം ലഭിച്ചത്. സ്വന്തം നാട്ടിൽ നടക്കുന്ന അധികാരദുർവിനിയോഗവും അക്രമങ്ങളും തന്റെ വാർത്താസൈറ്റായ റാപ്ലറിലൂടെ മരിയ തുറന്നുകാട്ടി. റഷ്യയിലെ സ്വതന്ത്രപത്രമായ നൊവായ ഗസെറ്റയുടെ സഹസ്ഥാപകനും പത്രാധിപരുമാണ് മുറതോവ്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ സർക്കാരിനെതിരേ വിമർശനാത്മക പത്രപ്രവർത്തനം നടത്തുന്ന റഷ്യയിലെ ഏക പത്രമാണ് നൊവായ.

സാമ്പത്തികശാസ്ത്രം
ഡേവിഡ് കാർഡ്, ജോഷ്വ ആൻഗ്രിസ്റ്റ്, 
ഗ്വീഡോ ഇംബെൻസ്
ബെർക്‌ലി കാലിഫോർണിയ സർവകലാശാലയിലെ ഡേവിഡ് കാർഡ്, മാസച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ജോഷ്വ ആൻഗ്രിസ്റ്റ്, സ്റ്റാൻഫഡ് സർവകലാശാലയിലെ ഗ്വീഡോ ഇംബെൻസ് എന്നിവർക്കാണ് പുരസ്കാരം. മിനിമം കൂലി കൂട്ടിയാൽ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാം, കുടിയേറ്റം നാട്ടുകാരായ തൊഴിലാളികളുടെ കൂലിയെ ബാധിക്കും എന്നീ പൊതുവിശ്വാസങ്ങളെ പൊളിച്ച ശാസ്ത്രജ്ഞനാണ് ഡേവിഡ് കാർഡ്. ഇത്തരം സാമൂഹിക വിഷയങ്ങൾ പഠിക്കുന്നതിന് മാർഗമാവിഷ്കരിച്ചതിനാണ് ജോഷ്വയ്ക്കും ഗ്വീഡോയ്ക്കും പുരസ്കാരം ലഭിച്ചത്. 

 സമാധാനത്തിനുള്ള നൊബേൽ നേടിയ മരിയ റെസ്സ ഫിലിപ്പീൻസിലെ ആദ്യ നൊബേൽ ജേതാവാണ്‌ 
 സാഹിത്യ നൊബേൽ നേടിയ അബ്ദുൽ റസാഖ്‌ ഗുർണയുടെ വിഖ്യാതകൃതി 1994-ൽ പുറത്തിങ്ങിയ ‘പാരഡൈസ്‌ ’ ആണ്‌ 
 അസിമെട്രിക്‌ ഓർഗാനോ കാറ്റലിസ്റ്റ്‌ എന്ന രാസത്വരഗത്തിന്റെ കണ്ടുപിടിത്തത്തിനാണ്‌ ഇത്തവണത്തെ രസതന്ത്ര നൊബേൽ
 2021-ലെ നൊബേൽ സമ്മാനം 13 പേർക്കാണ്‌ ലഭിച്ചത്‌
 വൈദ്യശാസ്ത്ര നൊ​ബേൽ ലഭിച്ച ജൂലിയസ്‌ പച്ചമുളകിന്‌ എരിവു പകരുന്ന കാപ്‌സെയ്‌സിൻ മിശ്രിതമാണ്‌ പഠനത്തിന്‌ തിരഞ്ഞെടുത്തത്‌