# സി. സാന്ദീപനി

നാക്ക് പൊന്നാകട്ടെ എന്നുപറയാറുണ്ട്. പറയുന്ന നല്ല കാര്യങ്ങൾ ഫലിക്കട്ടെ എന്നാണ് അതിനർഥം. വാക്ക് ഉച്ചരിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ആ നാവിലാണ് നമ്മൾ പൊന്നുകൊണ്ടെഴുതി വിദ്യാരംഭം കുറിക്കുന്നത്. നവരാത്രി ആഘോഷങ്ങൾക്ക് വിരാമംകുറിക്കുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം. കന്നിമാസത്തിലെ വെളുത്തപക്ഷത്തിലാണ് നവരാത്രിയെന്ന ഒമ്പതുരാത്രികളുടെ ഉത്സവം. വിദ്യാരംഭമെന്നാൽ അക്ഷരവിദ്യയുടെ ആരംഭം മാത്രമല്ല. ആയോധനകലയും സംഗീതകലയും ഉൾപ്പെടെയുള്ള കലകളുടെയും കലയായി മാറേണ്ട തൊഴിൽവിദ്യകളുടെയും ആരംഭദിനം കൂടിയാണ്.

ജ്ഞാനിയായ ഒരു ആചാര്യൻ വേണം കുഞ്ഞിന് ആദ്യക്ഷരം കുറിച്ചുകൊടുക്കാൻ. ആചാര്യൻ കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്ന്, നിലവിളക്കിനുമുന്നിൽ കുഞ്ഞിനെ മടിയിലിരുത്തി സ്വർണംകൊണ്ട് നാവിൽ 'ഓം' എന്നെഴുതുന്നു. പിന്നെ തളികയിൽ വെവ്വേറെ വെച്ചിട്ടുള്ള അരിയിലും (അരി മാത്രമോ അല്ലെങ്കിൽ നെല്ലും ചേർന്ന അക്ഷതമോ)മണലിലും കുഞ്ഞിന്റെ വലതുകൈപിടിച്ച് മോതിരവിരൽകൊണ്ട് 'ഹരിഃശ്രീ ഗം ഗണപതയേ നമഃ അവിഘ്‌നമസ്തു ശ്രീ ഗുരുഭ്യോ നമഃ' എന്ന് എഴുതിക്കും.  

ഹരി ജ്ഞാനമായി ഉള്ളിൽ വിളങ്ങേണ്ട ഈശ്വരനാണ്. ശ്രീ ഐശ്വര്യവും. വിദ്യാഭ്യാസത്തിൽ തടസ്സങ്ങളുണ്ടാകാതിരിക്കാൻ ഗണപതിയെയും നമിക്കുന്നു. ഇതാണ് ഈ മന്ത്രത്തിന്റെ പ്രാർഥന. ഇതേ ചടങ്ങ് കൂടുതൽ വിശദമായും ഇതിൽനിന്ന് വ്യത്യാസങ്ങളോടെയും ചെയ്യുന്നവരുണ്ട്. ചിലർ മന്ത്രത്തിൽ സരസ്വതിയെക്കൂടി നമിക്കും.

അറിവ് അന്നമാകണമെന്ന വിശ്വാസമാണ് അരിയിലെഴുതിക്കുന്നതിനുപിന്നിൽ. എഴുതിച്ച അരികൊണ്ട് കുഞ്ഞിന് ചോറുവെച്ചുകൊടുക്കുന്ന പതിവുമുണ്ട്. നമ്മുടെ നിലനില്പിന് ആധാരമായ മണ്ണി​െൻറ  പ്രാധാന്യം എടുത്തുകാണിക്കുകയാണ് മണലിലെഴുതുന്നതിലൂടെ. അറിവ് നിലനിർത്തുന്നതിന്റെ പ്രാധാന്യവും സൂചിപ്പിക്കുന്നു മണലിലെഴുത്ത്.

വിശ്വാസമനുസരിച്ച് മൂന്ന്, അഞ്ച് വയസ്സുകളാണ് എഴുത്തിനിരുത്താനുള്ള പ്രായം. രണ്ടുവയസ്സിനുശേഷം വാക്ക് ഉച്ചരിക്കാൻ ശേഷിയായാൽ എഴുത്തിനിരുത്താറുണ്ട്.

മഹിഷനെ തോൽപ്പിച്ച ദുർഗ അസുരരാജാവായ രംഭന് എരുമയിൽ(മഹിഷം) ഉണ്ടായ മകനാണു മഹിഷാസുരൻ. ഒരിക്കൽ മഹിഷാസുരൻ കഠിനമായ തപസ്സുചെയ്ത് ബ്രഹ്മാവിൽനിന്ന് നരനും ദേവനും തന്നെ കൊല്ലാനാകില്ലെന്ന വരം നേടി. അതനുസരിച്ച് മഹിഷനെകൊല്ലാൻ സ്ത്രീക്കുമാത്രമേ കഴിയൂ.

വരത്തിന്റെ ബലത്തിൽ അഹങ്കരിച്ച മഹിഷൻ മൂന്നുലോകവും ആക്രമിച്ചുകീഴടക്കി. ദേവന്മാർ മഹാവിഷ്ണുവിനെ സമീപിച്ചു. വിഷ്ണുവും ശിവനും ബ്രഹ്മാവും മറ്റുസകലദേവതമാരും ചേർന്ന് അവരുടെയെല്ലാം ശക്തിചൈതന്യങ്ങൾ ഒത്തുചേർന്ന ഒരു ദേവതയെ സൃഷ്ടിച്ചു. അതാണ് ദുർഗാദേവി.

തുടർന്നുനടന്ന യുദ്ധത്തിൽ വിഷ്ണുചക്രംകൊണ്ട് ദേവി മഹിഷനെ കൊന്നു. ദുർഗ മഹിഷനുമേൽ വിജയംനേടിയ ഈ ദിവസമാണു വിജയദശമി. ദേവി വിജയം നേടിയ നാളിൽ വിദ്യ ആരംഭിച്ചാൽ വിദ്യയിൽ വിജയം നേടാനാകുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് വിജയദശമിനാളിൽ വിദ്യാരംഭംം കുറിക്കുന്നത്. അജ്ഞാനത്തിനുമേൽ ജ്ഞാനം നേടുന്ന വിജയത്തിന്റെ പ്രതീകവുമാണ് ഈ കഥ.

ആയുധപൂജയ്ക്കുപിന്നിലെ കഥ

മഹാഭാരതത്തിലെ പാണ്ഡവരുടെ 'അജ്ഞാതവാസ'ത്തെപ്പറ്റി കേട്ടിരിക്കുമല്ലോ. ഒരുവർഷം പാണ്ഡവർ ആളറിയാത്ത രീതിയിൽ താമസിക്കാൻതുടങ്ങിയ സമയത്ത് അർജുനൻ തന്റെ ആയുധങ്ങളെല്ലാം ശമീവൃക്ഷത്തിന്റെ പൊത്തിൽ ഒളിപ്പിച്ചുവെക്കുകയായിരുന്നു. അജ്ഞാതവാസം കഴിഞ്ഞ് അർജുനൻ ആയുധങ്ങൾ തിരിച്ചെടുത്ത് പൂജിച്ചത് വിജയദശമിനാളിലാണ്.  ഈ പൂജയുടെ ഫലമായാണ് അസ്ത്രവിദ്യയിൽ അർജുനൻ മികച്ച വിജയങ്ങൾ നേടിയത് എന്നാണ്‌ വിശ്വാസം.

കേരളത്തിൽ പണ്ട് വിദ്യാരംഭത്തിന്റെ ഭാഗമായി ഗുരുവിനെയും ഗണപതിയെയും സരസ്വതിയെയും പൂജിച്ചിരുന്നു. ഇന്ന് ക്ഷേത്രങ്ങൾ, വീടുകൾ, തുഞ്ചൻപറമ്പുപോലുള്ള സാംസ്‌കാരികസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ആയുധപൂജയും എഴുത്തിനിരുത്തലും നടത്തുന്നു.


ഒക്ടോബർ 16-ലോക ഭക്ഷ്യദിനം

മറ്റെന്തൊക്കെ ഉണ്ടായാലും ശരി, മനുഷ്യന്റെ ആവശ്യങ്ങളുടെയെല്ലാം അടിസ്ഥാനമായി, ഭക്ഷണവും അതിന്റെ നിരന്തരമായ ലഭ്യതയും നിലനിൽക്കുന്നു.

പ്രധാനം ഭക്ഷ്യസുരക്ഷ

# ലിദിത്ത് എൻ.എം.

പതിനായിരക്കണക്കിന് വർഷങ്ങളുടെ ബൗദ്ധിക-സാമൂഹിക-സാങ്കേതികവിദ്യാ വികാസത്തിനു ശേഷവും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പ്രധാനമായ ഭക്ഷണലഭ്യത ഇനിയും ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ല. 2019-ൽ, 690 മില്യൺ ജനങ്ങൾ പട്ടിണിയിലായിരുന്നുവെന്ന് യൂണിസെഫ് റിപ്പോർട്ടു ചെയ്യുന്നു.

കോവിഡ്-19 മഹാമാരി ആഗോള ഭക്ഷ്യവിതരണ സംവിധാനങ്ങളെ ഗുരുതരമായി ബാധിച്ചതായും അത് സൃഷ്ടിച്ച യഥാർഥമായ ആഘാതം തിരിച്ചറിയാൻ ഇനിയും സമയം എടുക്കുമെന്നും, ചുരുങ്ങിയത് 83 മുതൽ 132 മില്യൺ ജനങ്ങൾ ഇനിയും പട്ടിണിയിലേക്ക് നീങ്ങുമെന്നും യൂണിസെഫ് കണക്കുകൂട്ടുന്നു.

 ഭക്ഷ്യസുരക്ഷ
ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ (The Food and Agriculture Organization of the United Nations) നിർവചനപ്രകാരം, ‘മുഴുവനാളുകൾക്കും അവരുടെ ആരോഗ്യകരമായ ജീവിതത്തിനുതകുംവിധം ഹാനികരമല്ലാത്തതും പോഷകസമ്പുഷ്ടവുമായ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുന്നതിലേക്കുള്ള ഭൗതികവും സാമ്പത്തികവുമായ പ്രാപ്യത ഉണ്ടാകുന്ന സ്ഥിതിയാണ് ഭക്ഷ്യസുരക്ഷ.’

 വിവിധ ഘടകങ്ങൾ
ആഗോള ഭക്ഷ്യ കാർഷിക സംഘടന നാലു  ഘടകങ്ങളെ ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാന ശിലകളായി വിലയിരുത്തുന്നു.
1) ഭക്ഷ്യലഭ്യത (Availability of Food): എല്ലാവർക്കും ഉപയോഗിക്കാനാവും വിധം, ഭക്ഷ്യവസ്തുക്കൾ അവരവരുടെ പ്രദേശത്ത് ലഭ്യമായിരിക്കുക.
2) ഭക്ഷ്യപ്രാപ്യത (Access to Food): സമൂഹത്തിലെ എല്ലാ തലത്തിലുമുള്ള ആളുകൾക്ക് ഭക്ഷ്യവസ്തുക്കൾ എളുപ്പത്തിൽ ലഭ്യമാവുക.
3) ഉപഭോഗം (Utilization): ആളുകൾക്ക് അവരവരുടെ ആരോഗ്യത്തിനും അഭിവൃദ്ധിക്കും ഉതകുംവിധം ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കാൻ സാധിക്കുക.
4) സ്ഥിരലഭ്യത (Stability): എല്ലാ കാലത്തും ഉപയോഗിക്കാനാവുംവിധം ഭക്ഷ്യവസ്തുക്കൾ ലഭ്യമായിരിക്കുക.

 ആഗോള ഭക്ഷ്യസമ്മേളനം
1970-കളിലാണ് ഭക്ഷ്യസുരക്ഷ എന്ന ആശയം രൂപപ്പെട്ടുവരുന്നത്. ഭക്ഷ്യോത്‌പാദനം, വിതരണം, അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു ഈ ഘട്ടത്തിൽ ഭക്ഷ്യസുരക്ഷ നിലകൊണ്ടിരുന്നത്.

ഇതുമായി ബന്ധപ്പെട്ട നയരൂപവത്‌കരണത്തിനും സംഘാടനത്തിനുമായി, 1974-ൽ ആദ്യത്തെ ആഗോള ഭക്ഷ്യസമ്മേളനം (World Food Conference) റോമിൽ നടന്നു.‘താന്താങ്ങളുടെ ശാരീരികവും മാനസികവുമായ കഴിവുകളെ വികസിപ്പിക്കുന്നതിലേക്കായി, ഓരോ പുരുഷനും സ്ത്രീക്കുംകുട്ടികൾക്കും പട്ടിണിയിൽനിന്നും പോഷണ ശോഷണത്തിൽനിന്നും മോചിതരാവാനുള്ള പൂർണമായ അവകാശമുണ്ട്’  എന്നതായിരുന്നു ആഗോള ഭക്ഷ്യസമ്മേളനത്തിന്റെ മുഖവാക്യം.  

ഡോ. നോർമൻ ഇ ബോർലോഗും എം.എസ്. സ്വാമിനാഥനും
അമേരിക്കൻ കൃഷിശാസ്ത്രജ്ഞനായ ഡോ. നോർമൻ ഇ ബോർലോഗ് ആണ് ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിലും പട്ടിണി ഇല്ലായ്മചെയ്ത്  മനുഷ്യന്റെ അന്തസ്സ്‌  ഉയർത്തുന്നതിലും ഏറെ സംഭാവനകൾ നൽകി. 1970-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇദ്ദേഹം നേടുകയുണ്ടായി.

എം.എസ്. സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. ഈ മേഖലയിൽ നടത്തിയ ഇടപെടലുകളുടെ പേരിൽ, 1987-ൽ ആദ്യത്തെ ആഗോള ഭക്ഷ്യസമ്മാനം (World Food Prize) അദ്ദേഹത്തിന് ലഭിച്ചു. പ്രസ്തുത പുരസ്കാരത്തുക ഉപയോഗിച്ച് അദ്ദേഹം, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന ഗവേഷണ-അനുബന്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യയിൽ എം.എസ്. സ്വാമിനാഥൻ ഗവേഷണനിലയം സ്ഥാപിച്ചു.

ഭക്ഷ്യ അരക്ഷിതത്വം
ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന അടിസ്ഥാനഘടകങ്ങളുടെ അഭാവത്തെയാണ് പൊതുവിൽ ഭക്ഷ്യ അരക്ഷിതത്വം എന്നു പറയുന്നത്. ഭക്ഷ്യവസ്തുക്കളുടെ ഇല്ലായ്മ മാത്രമല്ല, സമീകൃതാഹാരം, സൂക്ഷ്മപോഷണം എന്നിവയുടെ അഭാവവും ഈയിനത്തിൽ ഉൾപ്പെടുന്നു. വിറ്റാമിനുകൾ ഉൾപ്പെടുന്ന സൂക്ഷ്മപോഷണ അഭാവത്തെ പൊതുവായി ഹിഡൻ ഹംഗർ (Hidden Hunger) എന്നു  വിളിക്കുന്നു. പോഷണ ശോഷണം (Malnutrition), ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്ലായ്മ, ഗുണമേന്മയില്ലായ്മ, വൈവിധ്യമില്ലായ്മ എന്നിവ ഭക്ഷ്യ അരക്ഷിതത്വത്തിനു കീഴിൽവരുന്നു.

 ജൈവവൈവിധ്യവും കാർഷിക ജൈവവൈവിധ്യവും
ജൈവവൈവിധ്യം, കാർഷിക ജൈവവൈവിധ്യം എന്നിവ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ അടിസ്ഥാന ഘടകങ്ങളാണ്. ഈ ഘടകങ്ങൾ എത്രത്തോളം ശക്തിമത്താകുന്നുവോ അത്രത്തോളം ഭക്ഷ്യസുരക്ഷയുടെ സ്ഥിതിയും സ്ഥിരപ്പെട്ടുനിൽക്കുന്നു.

 വെല്ലുവിളികൾ
ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയായി അനേകം ഘടകങ്ങളുണ്ട്‌. കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക പ്രശ്നങ്ങൾ, വർധിച്ചുവരുന്ന ജനസംഖ്യ, ജലദൗർലഭ്യം, മഹാമാരികൾ, രാജ്യങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരത, ഭക്ഷ്യ-വ്യാപാര ഉടമ്പടികളും വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും എന്നിവ അവയിൽ പ്രധാനമാണ്.


 ഹരിതവിപ്ലവം

ഭക്ഷ്യസുരക്ഷ എന്ന സങ്കല്പത്തെ ഭൗതികതലത്തിൽ പ്രായോഗികമാക്കുന്നതിനായി ഘടനാപരമായ സംഭാവനകൾ നൽകിയ ഒരു പ്രക്രിയയാണ് ഹരിതവിപ്ലവം.

അത്യുത്‌പാദന ശേഷിയുള്ള വിത്തുകളുടെയും രാസവളങ്ങളുടെയും ആധുനിക കീടനിയന്ത്രണമാർഗങ്ങളുടെയും മെച്ചപ്പെട്ട വിളപരിചരണ രീതികളുടെയും ജലസേചന മാർഗങ്ങളുടെയും സഹായത്തോടെ ഭക്ഷ്യോത്‌പാദന രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാൻ ഈ പ്രക്രിയക്ക്‌ കഴിഞ്ഞു.


ദേശീയ ഭക്ഷ്യസുരക്ഷാ നിയമം

ജനങ്ങൾക്കു മതിയായ അളവിലുള്ള ഭക്ഷ്യപദാർഥങ്ങൾ  ലഭ്യമാക്കുന്നതിനും ഭക്ഷ്യ-പോഷണ സുരക്ഷ ഉറപ്പുവരുത്തുന്നതിനായും ഇന്ത്യൻ പാർലമെന്റ് 2013 ജൂലായ് അഞ്ചിന് പാസാക്കിയ നിയമമാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം