നൊബേൽ സമ്മാനത്തിന്റെ കഥ ഒരു ശാസ്ത്രജ്ഞന്റെ കണ്ടുപിടിത്തത്തിന്റെയും പിന്നീടുണ്ടായ പശ്ചാത്താപത്തിന്റെയും കഥയാണ്.
ആൽഫ്രഡ് നൊബേൽ എന്ന സ്വീഡിഷ് ശാസ്ത്രജ്ഞനാണ് നൊബേൽ സമ്മാനം ഏർപ്പെടുത്തിയത്. ഒരു കെമിക്കൽ എൻജിനിയറായിരുന്നു ആൽഫ്രെഡ്. പാരീസിൽവെച്ച് അദ്ദേഹം ഒരു ഇറ്റാലിയൻ രസതന്ത്രജ്ഞനെ പരിചയപ്പെട്ടു -അസ്കനിയോ സൊബ്രറോ. അദ്ദേഹം വളരെ പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന നൈട്രോഗ്ലിസറിൻ (nitroglycerine) എന്ന ദ്രാവകം കണ്ടുപിടിച്ചിരുന്നു. സ്ഫോടകസ്വഭാവംമൂലം വളരെ അപകടകാരിയായിരുന്നു അത്.

ഈ പദാർഥം ആൽഫ്രഡിൽ വലിയ താത്‌പര്യമുണർത്തി. ഒട്ടേറെ  ഗവേഷണങ്ങൾക്കുശേഷം നൈട്രോഗ്ലിസറിൻ ഉപയോഗപ്പെടുത്തി ഡൈനാമിറ്റ് എന്ന സ്ഫോടകവസ്തു ആൽഫ്രെഡ് കണ്ടെത്തി. നിർമാണമേഖലയിലും മറ്റും ഒരുപാട് ഉപകാരപ്രദമായ ഡൈനാമിറ്റ് ആൽഫ്രെഡിന് ഒരുപാട് പണം നേടിക്കൊടുത്തു(അദ്ദേഹം മരിക്കുന്നതിനുമുമ്പ് 355 പേറ്റന്റുകൾ കരസ്ഥമാക്കിയിരുന്നു). ആൽഫ്രെഡിന്റെ ഡൈനാമിറ്റ് എന്ന കണ്ടുപിടിത്തം  യുദ്ധങ്ങളിൽ വ്യാപകമായി പ്രയോജനപ്പെടുത്തി.

ഇത് ആയിരക്കണക്കിന് മനുഷ്യരുടെ മരണത്തിനുകാരണമായി. ഇതുമൂലമുണ്ടായ പശ്ചാത്താപം കാരണം തന്റെ സമ്പാദ്യം മനുഷ്യരാശിക്ക് നന്മചെയ്യുന്നവരെ  പ്രോത്സാഹിപ്പിക്കാൻവേണ്ടി പ്രയോജനപ്പെടുത്താൻ അദ്ദേഹം തീരുമാനിച്ചു.

ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിൽ മനുഷ്യരാശിക്ക് ഏറ്റവുംമികച്ച സംഭാവന നൽകുന്നവർക്ക് സമ്മാനം നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വിൽപ്പത്രത്തിലുള്ളത്.


എന്തെല്ലാമാണ് ലഭിക്കുക ?

  • നൊബേൽ പ്രൈസ് ഡിപ്ലോമ
  • നൊബേൽ പ്രൈസ് മെഡൽ
  • സമ്മാനത്തുക

നൊബേൽ പ്രൈസ് മെഡലുകൾ നിർമിക്കുന്നത് 18 കാരറ്റ് റീസൈക്കിൾഡ് സ്വർണത്തിലാണ്. 175 ഗ്രാം ആണ് ഈ മെഡലുകളുടെ ഭാരം. സാമ്പത്തിക നൊബേൽ സമ്മാനമെഡലിന്റെ ഭാരം 185 ഗ്രാമാണ്.
2021-ൽ നൊബേൽ സമ്മാനം പങ്കുവെക്കാതെ ഒറ്റയ്ക്കുനേടുന്ന ഒരാൾക്ക് 10 മില്യൺ സ്വീഡിഷ് ക്രോണർ ആണ് സമ്മാനത്തുക ലഭിക്കുക. ഇത് ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ ഏകദേശം എട്ടുകോടി 53 ലക്ഷത്തിനടുത്ത് വരും !


ഭൗതികശാസ്ത്രം, രസതന്ത്രം, ഫിസിയോളജി/വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിലാണ് നൊബേൽ സമ്മാനം നൽകുന്നത്. 1901 മുതലാണ്
നൽകിത്തുടങ്ങിയത്. 1901മുതൽ 2020വരെ 605 നൊബേൽ സമ്മാനം നൽകിക്കഴിഞ്ഞു. 930 വ്യക്തികളും 25 സംഘടനകളും (1901 മുതൽ 2020 വരെ) നൊബേൽ സമ്മാനം നേടി. ജെ.ബാർഡീൻ, മേരിക്യൂറി, ലീനസ്‌ പോളിങ്‌, ഫ്രെഡറിക്‌ സാംഗർ എന്നിവർ രണ്ടുതവണവീതം നൊബേൽ സമ്മാനം നേടി. ICRC, UNHCR എന്നീ സംഘടനകളും ഒന്നിലധികം തവണ നൊബേൽ നേടി. ഒക്ടോബർ മാസത്തിൽ നൊബേൽ പ്രഖ്യാപിക്കും. ഡിസംബർ 10-ന് സമ്മാനിക്കും. മൂന്നിലധികംപേർക്ക് ഒരു നൊബേൽ സമ്മാനം വീതംവെക്കാറില്ല.


# തിരഞ്ഞെടുക്കുന്നതെങ്ങനെ?
സ്വയം അപേക്ഷ കൊടുത്ത് വാങ്ങാൻ കഴിയുന്ന ഒന്നല്ല നൊബേൽ സമ്മാനം. സെപ്‌റ്റംബർ മാസത്തിൽ തുടങ്ങി അടുത്ത ഡിസംബറിൽ സമ്മാനദാനത്തോടെ അവസാനിക്കുന്ന ഒരു പ്രക്രിയയാണത്. ലോകത്തിലെ വിവിധ സർവകലാശാലാ പ്രൊഫസർമാർക്കും സ്വീഡിഷ് അക്കാദമിയിലെ ശാസ്ത്രജ്ഞന്മാർക്കും മുൻ നൊബേൽ ജേതാക്കൾക്കുമൊക്കെ നൊബേൽ സമ്മാനത്തിനായി വ്യക്തികളുടെ നാമനിർദേശം നടത്താം. ഏറ്റവുംകൂടുതൽപേർ നിർദേശിച്ചവരിൽനിന്ന്‌ ഒടുവിൽ സ്വീഡിഷ് അക്കാദമിയാണ് നൊബേൽ ജേതാവിനെ തിരഞ്ഞെടുക്കുക. ഒക്ടോബർ മാസത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ പേരുകൾ പ്രഖ്യാപിക്കും. ആൽഫ്രെഡ് നൊബേലിന്റെ ചരമദിനമായ ഡിസംബർ 10-ന് അവർക്കുള്ള പുരസ്കാരങ്ങൾ സമ്മാനിക്കും.
സമാധാനം ഒഴികെയുള്ള മേഖലകളിലെ നൊബേൽ സമ്മാനം സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ വെച്ച് നൽകും. സ്വീഡനിലെ രാജാവാണ് സമ്മാനിക്കുക. സമാധാന നൊബേൽ സമ്മാനം നൽകുന്നത് നോർവേയിലെ ഓസ്‌ലോയിൽ വെച്ചാണ്. നോർവേ രാജാവിന്റെ സാന്നിധ്യത്തിൽ നോർവീജിയൻ നൊബേൽ കമ്മിറ്റി ചെയർമാനാണ് നൽകുക. മനുഷ്യരാശിയുടെ പുരോഗതിക്കായി, സമാധാനത്തിനായി, മികച്ച സംഭാവനകൾ അർപ്പിക്കുക. നാളെ നിങ്ങളും ഒരു നൊബേൽ ജേതാവ്‌ ആയേക്കും.


# നൊബേൽ സമ്മാനവും വനിതകളും (1901മുതൽ 2020വരെ)
57 വനിതകൾക്കാണ് ഇതുവരെ നൊബേൽ സമ്മാനം ലഭിച്ചത്. ആദ്യമായി നൊബേൽ സമ്മാനം ലഭിച്ച വനിത മേരി ക്യൂറിയാണ്. 1903-ലെ ഭൗതികശാസ്ത്ര നൊബേൽ സമ്മാനം പിയറി ക്യൂറിക്കും ഹെൻട്രി ബെക്കറിലിനുമൊപ്പം പങ്കുവെച്ചു. രണ്ടുതവണ നൊബേൽ സമ്മാനം നേടിയ ആദ്യ വ്യക്തിയും മേരി ക്യൂറിയാണ്. രണ്ടു വ്യത്യസ്തമേഖലകളിൽ (ഭൗതികശാസ്ത്രം, രസതന്ത്രം) നൊബേൽ നേടിയ ആദ്യവ്യക്തിയും മേരി ക്യൂറിതന്നെ.
സമാധാനത്തിനുള്ള ആദ്യ നൊബേൽ സമ്മാനം നേടിയ വനിത ബർത്ത വോൺ സട്ട്‌നറാണ്.


# ചില നൊബേൽ കൗതുകങ്ങൾ
ഏറ്റവും പ്രായംകുറഞ്ഞ നൊബേൽ സമ്മാനജേതാവ് മലാല യൂസുഫ് സായ് ആണ്. 2014-ലെ സമാധാന നൊബേൽ  സമ്മാനം നേടിയ മലാലയ്ക്ക് അന്ന് 17 വയസ്സായിരുന്നു പ്രായം.
ശാസ്ത്രവിഷയങ്ങളിൽ ഏറ്റവും പ്രായംകുറഞ്ഞ നൊബേൽ സമ്മാന ജേതാവ് 1915-ലെ ഭൗതികശാസ്ത്ര നൊബേൽ ജേതാവായ ലോറൻസ് ബ്രാഗ് ആണ്. 25 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന് പ്രായം.
ഏറ്റവും പ്രായംകൂടിയ നൊബേൽ സമ്മാനജേതാവ് 2019-ലെ കെമിസ്ട്രി നൊബേൽ സമ്മാനം നേടിയ ജോൺ ബി ഗുഡിനഫാണ്. 97 വയസ്സായിരുന്നു നൊബേൽ സമ്മാനം ലഭിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം.


ആദ്യ നൊബേൽ സമ്മാനം
1901-ലാണ് ആദ്യ നൊബേൽ സമ്മാനങ്ങൾ നൽകിയത്. ഫിസിക്സ്, രസതന്ത്രം, സാഹിത്യം എന്നീ മേഖലകളിലെ സമ്മാനം സ്റ്റോക്ക്‌ഹോമിൽ വെച്ചും സമാധാന നൊബേൽ സമ്മാനം ഓസ്‌ലോ(നോർവേ)യിൽ വെച്ചുമാണ് നൽകിയത്.

ആദ്യ ഭൗതികശാസ്ത്ര നൊബേൽ സമ്മാനം നേടിയത് എക്സ്‌റേ കണ്ടുപിടിച്ച വില്യം കോൺറാഡ് റോൺജൻ ആണ്. ആദ്യ രസതന്ത്ര നൊബേൽ സമ്മാനം നേടിയത് ജാക്കോബസ് ഹെന്റികസ് വാന്റ് ഹോഫ് ആണ്. ആദ്യ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ചത് എമിൽ അഡോൾഫ് വോൺ ബെ റിംഗിനാണ്. ഡിഫ്തീരിയക്കെതിരേയുള്ള സെറം തെറാപ്പി ആവിഷ്കരിച്ചതിനായിരുന്നു അദ്ദേഹത്തിന് പുരസ്കാരം.

ആദ്യ സാഹിത്യ നൊബേൽ സമ്മാനം ലഭിച്ചത് ഫ്രഞ്ച് സാഹിത്യകാരനായ സള്ളി പ്രൂഥോമിനാണ്. ആദ്യ സമാധാന നൊബേൽ സമ്മാനം ലഭിച്ചത് റെഡ്‌ക്രോസ് സ്ഥാപകനായ ജീൻ ഹെന്റി ഡുനാന്റിനാണ്. സാമ്പത്തികശാസ്ത്രത്തിനുള്ള ആദ്യത്തെ നൊബേൽ സമ്മാനം നൽകിയത് 1969-ലാണ്. ആൽഫ്രഡ് നൊബേലിന്റെ  ഓർമയ്ക്കായി സ്വറിഗ്‌സ്‌ റിക്സ്ബാങ്ക്‌
(സ്വീഡന്റെ കേന്ദ്രബാങ്ക്‌) ആണ്‌ ഈ പുരസ്കാരം ഏർപ്പെടുത്തിയത്. റഗ്‌നാർ ഫ്രിഷ്, ജാൻ ടിൻബെർജൻ എന്നിവർക്കായിരുന്നു ആദ്യ പുരസ്കാരം.


നൊബേൽ സമ്മാനം നിരസിച്ചവർ
ലോകത്തിലെ ഏറ്റവുംവലിയ പുരസ്കാരം ലഭിച്ചിട്ടും നിരസിച്ചവരുണ്ട്. 1964-ലെ സാഹിത്യ നൊബേൽ സമ്മാനം ലഭിച്ച ജീൻപോൾ സാർത്ര് പുരസ്കാരം നിരസിച്ചു. എല്ലാ ഔദ്യോഗിക ബഹുമതികളും നിരസിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 1973-ലെ സമാധാന നൊബേൽ സമ്മാനം ഹെന്റി കിസിഞ്ജറിനൊപ്പം പ്രഖ്യാപിക്കപ്പെട്ട ലീ ഡക് ദോ പുരസ്കാരം നിര
സിച്ചു.


നൊബേൽ: ഒരു കുടുംബകാര്യം
അച്ഛനും അമ്മയ്ക്കും മകൾക്കും മകളുടെ ഭർത്താവിനും നൊബേൽ സമ്മാനം ലഭിക്കുക എന്നുള്ളത് ഒരു അപൂർവതയാണ്. മേരി ക്യൂറിയുടെ കുടുംബത്തിനാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.
1903-ലെ ഭൗതികശാസ്ത്ര നൊബേൽ സമ്മാനം പങ്കിട്ടെടുത്തത് പിയറി ക്യൂറിയും മേരി ക്യൂറിയും ഹെൻട്രി ബെ ക്വറേലുമാണ്.
പിയറിയുടെയും മേരിയുടെയും മകളായ ഐറിൻ ജൂലിയറ്റ് ക്യൂറിയും ഭർത്താവ് ഫ്രെഡറിക് ജൂലിയറ്റും 1935-ലെ രസതന്ത്ര നൊബേൽ സമ്മാനം പങ്കുവെച്ചു. നൊബേൽ സമ്മാനം നേടുന്ന ആദ്യ അമ്മയും മകളും മേരി ക്യൂറിയും ഐറിൻ ക്യൂറിയും ആണ്.


ഗാന്ധിജിയും നൊബേൽ പുരസ്കാരവും
സമാധാന നൊബേൽ പുരസ്കാരത്തിനായി ഗാന്ധിജി അഞ്ചുതവണ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. (1937, 1938, 1939, 1947, 1948)


നൊബേൽ ജേതാക്കളായ ഇന്ത്യക്കാർ
ഇതുവരെയായി അഞ്ച്‌ ഇന്ത്യൻ പൗരൻമാർക്ക് നൊബേൽ സമ്മാനം ലഭിച്ചിട്ടുണ്ട്.

1. രവീന്ദ്രനാഥ ടാഗോർ - 1913 - സാഹിത്യം
2. സി.വി. രാമൻ - 1930 - ഭൗതികശാസ്ത്രം
3. മദർ തെരേസ - 1979 - സമാധാനം
4. അമർത്യാസെൻ - 1998 - സാമ്പത്തികശാസ്ത്രം
5. കൈലാഷ് സത്യാർഥി - 2014 - സമാധാനം


ഏറ്റവും കൂടുതൽതവണ നൊബേൽ സമ്മാനം നേടിയ സംഘടനയാണ് റെഡ് ക്രോസ്.  മൂന്നുതവണ റെഡ്‌ക്രോസ് സമാധാന നൊബേൽ സമ്മാനം നേടി (1917, 1944, 1963).


ഒന്നിലേറെത്തവണ നൊബേൽ സമ്മാനം നേടിയവർ
ഫിസിക്സിനുമാത്രമായി രണ്ടുതവണ നൊബേൽ സമ്മാനം നേടിയ വ്യക്തിയാണ് ജെ. ബാർഡീൻ (1956, 1972). കെമിസ്ട്രിക്കും (1954) സമാധാനത്തിനും (1962) നൊബേൽ സമ്മാനം നേടിയ വ്യക്തിയാണ് ലീനസ് പോളിങ്. പങ്കുവെക്കപ്പെടാത്ത രണ്ട് നൊബേൽ പുരസ്കാരം നേടിയ ആദ്യ വ്യക്തിയാണ് അദ്ദേഹം. രസതന്ത്രത്തിൽ മാത്രമായി രണ്ടുതവണ നൊബേൽ സമ്മാനം നേടിയ വ്യക്തിയാണ് ഫ്രഡറിക് സാംഗർ.