#  ടി.എസ്. സലിം

ഗാന്ധിജിയെ ആകർഷിച്ച പദ്യം
ഗുജറാത്തിയിലുള്ള ഒരു ഉപദേശാത്മക പദ്യം ഗാന്ധിജിയെ ഏറ്റവുമധികം ആകർഷിച്ചു. ‘‘അതിലെ തിന്മയ്ക്കുപകരം നന്മചെയ്യൂ എന്നത് എന്നെ നയിക്കുന്ന തത്ത്വമായി മാറി. ഈ തത്ത്വത്തിൽ പല പരീക്ഷണങ്ങളും ചെയ്യാൻമാത്രം അതെനിക്കൊരു ആവേശമായിമാറി’’ -ആത്മകഥയിൽ ഗാന്ധിജി പറയുകയും ആ പദ്യം എടുത്തെഴുതുകയും ചെയ്തിട്ടുണ്ട്.
"ഒരു മൊന്ത വെള്ളം തരുന്നവർക്കായ്
ഒരു നല്ല ഭോജനം നൽകിടേണം
ഒരുവൻ നിൻമുന്നിൽ തലകുനിച്ചാൽ
അവനുടെ കാൽക്കൽ നീ വീണിടേണം
വെറുമൊരു കാശു നിനക്കു തന്നാൽ
പകരം നീ നൽകിടേണം സ്വർണനാണ്യം
ഒരുവൻ നിൻ ജീവനു രക്ഷചെയ്താൽ
‌അവനായി നിൻ ജീവൻ നൽകിടേണം
അറിവുള്ളൊരെന്നാലോ തന്മനസ്സിൽ
 വചനത്തിൽ കർമത്തിലാകമാനം
ചെറിയോരു സേവനംചെയ്തവർക്കായ്
ഉപകാരം ചെയ്യുന്നു പത്തിരിട്ടി
ശരിയെന്നാലുത്തമ പൂരുഷന്മാർ
മനുജരെയൊന്നായി കാൺകയാലേ
അപരന്റെ തിന്മയ്ക്കു നന്മമാത്രം
പകരമായ് ചെയ്യുന്നു മോദപൂർവം.

സ്വാധീനിച്ച നാടകങ്ങൾ
 ശ്രാവണ പിതൃഭക്തി (അന്ധരായ മാതാപിതാക്കളെ രണ്ടു കുട്ടയിലാക്കി തോളിൽവെച്ചു കൊണ്ടുപോകുന്ന കവർചിത്രം ഗാന്ധിജിയെ ഏറെ സ്വാധീച്ചു.)
 ഹരിശ്ചന്ദ്രൻ ("എന്തുകൊണ്ട് ഹരിശ്ചന്ദ്രനെപ്പോലെ സത്യസന്ധനായി കൂടാ" എന്ന് അദ്ദേഹം സ്വയം
ചോദിച്ചു)

മോഹിച്ചത് ഡോക്ടറാവാൻ
മെട്രിക്കുലേഷൻ പരീക്ഷ കഴിഞ്ഞ് ഡോക്ടറാവുക എന്നതായിരുന്നു മോഹൻദാസിന്റെ ആഗ്രഹം. "വൈഷ്ണവരായ നമുക്ക് ശവശരീങ്ങൾ കീറിമുറിക്കാൻ പാടില്ല. വക്കീലാക്കാനാണ് അച്ഛൻ ഉദ്ദേശിച്ചത്"- എന്ന് ഗാന്ധിജിയുടെ സഹോദരൻ പറഞ്ഞിരുന്നു. അതിനാൽ ഡോക്ടറാകാനുള്ള ആഗ്രഹം ഗാന്ധിജി ഉപേക്ഷിച്ചു. ഗാന്ധിയെ ബാരിസ്റ്റർ പഠനത്തിന് ഇംഗ്ലണ്ടിൽ അയക്കാൻ ഗാന്ധികുടുംബത്തെ പ്രേരിപ്പിച്ചത് കുടുംബസുഹൃത്തും ഉപദേശകനുമായ മാവ്ജി ദവേ ആയിരുന്നു.
 ബാരിസ്റ്റർ പഠനത്തിനായി ഗാന്ധിജി ലണ്ടനിലെ ഇന്നർടെമ്പിളിലാണ് പ്രവേശനം നേടിയത്.
 ഇന്ത്യയിൽവെച്ച് ഒരിക്കലും പത്രം വായിക്കാത്ത ഗാന്ധിജി മറ്റൊരാളുടെ പ്രേരണയാൽ പത്രം വായിച്ചുതുടങ്ങി.

സസ്യാഹാരം മാത്രം
ഗാന്ധിജി താമസിച്ചിരുന്ന കുടുംബത്തിൽനിന്ന് ലഭ്യമായ സസ്യാഹാരം അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയിരുന്നില്ല. ഗൃഹനാഥയുടെ രണ്ടുപെൺമക്കൾ അവർക്ക് ലഭ്യമാകുന്ന റൊട്ടിയിൽനിന്ന്‌ ഓരോ കഷണം പതിവായി ഗാന്ധിജിക്ക് കൊടുക്കുമായിരുന്നു. അതുകൊണ്ടൊന്നും ഗാന്ധിജിയുടെ വയറുനിറയുമായിരുന്നില്ല.

അതിനാൽ ഒഴിവുസമയങ്ങൾ സസ്യാഹാരശാല തേടി നടക്കുന്നതു ശീലമാക്കി. ദിവസവും പത്തോ പന്ത്രണ്ടോ മൈൽനടന്ന് ചെലവുകുറഞ്ഞ ഹോട്ടലിൽ കയറി വയറുനിറയെ ആഹാരം കഴിച്ചിരുന്നുവെങ്കിലും ഒരിക്കലും തൃപ്തനായിരുന്നില്ല. ഇങ്ങനെ ചുറ്റിത്തിരിഞ്ഞു നടക്കുന്നതിനിടയിലാണ് ഫാറ്റിങ്‌ടൺ ടൗണിൽ ഒരു ഭക്ഷണശാല കണ്ടെത്തി ‘‘ഒരു കുട്ടിക്ക് കൊതിച്ച വസ്തു കിട്ടുമ്പോഴുണ്ടാകുന്ന അതേ ആഹ്ലാദമാണ് ഈ കാഴ്ച എന്നിൽ ഉളവാക്കിയത്’’ എന്ന് ഗാന്ധിജി തന്നെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുണ്ട്. അവിടെ പ്രവേശിക്കുന്നതിനു മുൻപുതന്നെ വാതിലിനടുത്ത് വെച്ചിരുന്ന സസ്യഭക്ഷണവാദം (Plea For Vegitarianism) എന്ന ഹെൻട്രി സാൾടിന്റെ പുസ്തകം ഒരു ഷില്ലിങ്‌ കൊടുത്തുവാങ്ങി. ശേഷം സസ്യാഹാരശാലയിൽ പ്രവേശിച്ചു.

ഇംഗ്ലണ്ടിൽ ചെന്നശേഷം ഏറ്റവും സ്വാദിഷ്ഠമായ ആദ്യഭക്ഷണമായിരുന്നു അത്. തന്റെ അമ്മയുടെ മുൻപിൽവെച്ച് എടുത്ത പ്രതിജ്ഞ (മദ്യം - മാംസ്യം- സ്ത്രീ എന്നിവ വർജിക്കും എന്ന് അമ്മയ്ക്കു നൽകിയ പ്രതിജ്ഞ) വളരെ ആഹ്ലാദത്തോടെ ഗാന്ധിജി സ്മരിച്ചു. അന്നുമുതൽ സസ്യാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പ്രചാരണം നടത്താൻ ഗാന്ധിജി തീരുമാനിച്ചു. (ഗാന്ധിജി സസ്യാഹാരം കഴിക്കാനും പ്രചരിപ്പിക്കാനും ബോധപൂർവം തീരുമാനിച്ചത് ഈ അവസരത്തിലാണ്). തുടർന്ന് സസ്യാഹാരവുമായി ബന്ധപ്പെട്ട് ഹവാഡ് വില്യംസിന്റെ ആഹാരത്തിന്റെ നീതിശാസ്ത്രം(The Ethics of Diet), ഡോ. അന്നാ കിംങ്‌സ്‌ ഫോഡിന്റെ സമ്പൂർണ ആഹാരരീതി(The Perfect way in Diet) കൂടാതെ, ഡോ. അലിൻസന്റെ ആരോഗ്യപരിപാലനത്തെക്കുറിച്ചുള്ള ലേഖനങ്ങളും വായിച്ചു. ഇവയെല്ലാം വായിച്ചതിനാലാണ് തന്റെ ജീവിതത്തിൽ ഭക്ഷണപരീക്ഷണങ്ങൾക്ക് വലിയ സ്ഥാനം ഉണ്ടായതെന്ന് ഗാന്ധിജി വിശ്വസിക്കുന്നു.

ഗാന്ധികുടുംബം

ഉത്തംചന്ദ്‌ ഗാന്ധി - പിതാമഹൻ (മുത്തച്ഛൻ)
ലക്ഷ്മിഭായി ഗാന്ധി - പിതാമഹി (മുത്തശ്ശി)
കരംചന്ദ് ഗാന്ധി (കാബാ ഗാന്ധി) - പിതാവ്
പുത്‌ലിഭായ്‌ - മാതാവ്
സഹോദരങ്ങൾ : ലക്ഷ്മിദാസ്, രാലിയത് ബെൻ, കർസൻ ദാസ് ഗാന്ധി
ഭാര്യ - കസ്തൂർബാ ഗാന്ധി
മക്കൾ - ഹരിലാൽ ഗാന്ധി, മണിലാൽ ഗാന്ധി, രാംദാസ് ഗാന്ധി, ദേവദാസ് ഗാന്ധി


ഗാന്ധിജിയെ അറിയാം

#

1.  1932-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ പങ്കെടുക്കാനൊരുങ്ങുകയായിരുന്ന ഇന്ത്യൻ ഹോക്കി ടീം സാമ്പത്തിക പ്രാരാബ്ധങ്ങൾകൊണ്ടു ബുദ്ധിമുട്ടിയപ്പോൾ പണം സ്വരൂപിക്കാനായി ഗാന്ധിജിയെക്കണ്ട് അപേക്ഷിക്കാൻ തീരുമാനിച്ചു. ഗാന്ധി-ഇർവിൻ സന്ധിയുമായി ബന്ധപ്പെട്ട് സിംലയിലായിരുന്ന അദ്ദേഹത്തെക്കണ്ട് അപേക്ഷ സമർപ്പിക്കാൻ അന്നത്തെ ഹോക്കി ഇന്ത്യ പ്രതിനിധിയായി ചാൾസ് ന്യൂമാൻ എന്ന വ്യക്തിയെ അയച്ചു. ഹോക്കിടീമിന് അമേരിക്കയിലേക്ക് പോകാനുള്ള പണം സ്വരൂപിക്കാൻ ഒരു പ്രസ്താവനയിറക്കാമോ എന്ന് ചാൾസ് ചോദിച്ചപ്പോൾ ഗാന്ധിജി ചോദിച്ച മറുചോദ്യം ഏറെ പ്രശസ്തമായിരുന്നു. എന്തായിരുന്നു ആ ചോദ്യം?

2.  ജുനഗഢിലെ നവാബ് 1853-ൽ രാജ്കോട്ടിൽ സ്ഥാപിച്ച സ്കൂൾ വിക്ടോറിയയുടെയും ആൽബർട്ടിന്റെയും മകന്റെ പേരിലാണ് നാമകരണം ചെയ്തത്. രാജ്‌കോട്ട് സ്കൂൾ എന്നും അറിയപ്പെട്ടിരുന്ന ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന സ്കൂളുകളിൽ ഒന്നായിരുന്നു. ഗാന്ധിജി പഠിച്ച ഈ സ്കൂളിന്റെ പേരെന്ത്?

3. തന്റെ ജീവിതത്തിൽ ആകെ രണ്ടു സിനിമയാണ് കണ്ടത്. ഒന്ന് രാമായണത്തെ അധികരിച്ച് ചിത്രീകരിച്ച രാമരാജ്യം എന്ന സിനിമ ആയിരുന്നെങ്കിൽ ആദ്യത്തേത് അമേരിക്ക-സോവിയറ്റ് യൂണിയൻ ബന്ധത്തെ അടിസ്ഥാനമാക്കിയ ഒരു ഹോളിവുഡ് സിനിമ ആയിരുന്നു. എന്നാൽ, സിനിമയിലെ പല രംഗങ്ങളും അദ്ദേഹത്തിന് ഇഷ്ടമായില്ല. അങ്ങനെ ഒരു സിനിമ കാണേണ്ടിവന്നതിൽ അദ്ദേഹം ദേഷ്യവും നിരാശയും പ്രകടിപ്പിച്ചിരുന്നത്രേ. ഏതായിരുന്നു ആ ഹോളിവുഡ് സിനിമ?

4. 2009-ൽ അമേരിക്കയിലെ ആന്റി ക്വാറം എന്ന സ്ഥാപനം വഴി ജെയിംസ് ഓട്ടിസ് എന്ന വ്യക്തി ഗാന്ധിജി ഉപയോഗിച്ചിരുന്ന കണ്ണടയും പാത്രങ്ങളും വാച്ചും ലേലത്തിൽ വെച്ചത് ഏറെ വിവാദമായിരുന്നു. എന്നാൽ, 1.8 മില്യൻ ഡോളർ നൽകി അവ കരസ്ഥമാക്കിയ വ്യക്തി അത് ഇന്ത്യയിൽത്തന്നെ തിരികെയെത്തിച്ചു. ഇടയ്ക്കൊക്കെ വാർത്തകളിലും വിവാദങ്ങളും അകപ്പെട്ട് നമുക്ക് പരിചിതനായ ഈ വ്യക്തി ആരാണ്?

5. 1915 ജനുവരി 9-നാണ് ഗാന്ധിജിയും കസ്‌തൂർബയും ദക്ഷിണാഫ്രിക്കയിൽനിന്ന്‌ ഇന്ത്യയിൽ തിരിച്ചെത്തിയത്. അതിനെ അനുസ്മരിച്ചുകൊണ്ടാണ് ജനുവരി 9 ദേശീയ പ്രവാസിദിനമായി ആചരിക്കുന്നത്. അന്ന് അവർ തിരിച്ചെത്തിയ ദിവസം അവരുടെ കപ്പൽ ബോംബെ തുറമുഖത്തെത്തിയപ്പോൾ ഒട്ടേറെ പേരാണ് അവിടെ സ്വീകരിക്കാൻ തടിച്ചുകൂടിയത്. ഏതായിരുന്നു ആ കപ്പൽ?

1 എന്താണ് ഹോക്കി
2 ആൽഫ്രഡ് സ്കൂൾ
3 Mission to Moscow
4 വിജയ് മല്യ
5 എസ്.എസ്. അറേബ്യ