അന്തോണിയോ കണ്ട അദ്‌ഭുതജീവി 

1519-ൽ  ഇറ്റാലിയൻ  പര്യവേക്ഷകനും പണ്ഡിതനുമായ അന്തോണിയോ പിഗാഫിത്തയാണ് (Antonio Pigafetta) ഇലപ്രാണികളെ ആദ്യമായി കണ്ടെത്തിയതെന്ന് കരുതുന്നു. ഫിലിപ്പീൻസിലുള്ള  ‘സിമ്പോൺബോൺ’ എന്ന ദ്വീപിലാണ് (ഇന്നത്തെ ബാലബാക് ദ്വീപ്) അദ്ദേഹം ഇവയെ കണ്ടതായി രേഖപ്പെടുത്തിയത്. അവിടെയുള്ള മരങ്ങളിൽ പറ്റിപ്പിടിച്ചിരുന്ന ഇലപ്രാണികൾ ഇലകളാണെന്ന് അദ്ദേഹം കരുതി. തൊട്ടപ്പോൾ ചലിക്കുന്നതായി കണ്ടു. അവ ചലിക്കുന്ന ഇലകളാണെന്നുകരുതി അന്തോണിയോ അദ്‌ഭുതപ്പെട്ടു. ഞെരടിനോക്കിയപ്പോൾ രക്തം പൊടിഞ്ഞുമില്ല. അദ്ദേഹം അവയെ ഒരു പെട്ടിയിൽ ഒമ്പതുദിവസം അടച്ചുവെച്ചു. തുറന്നപ്പോൾ അവ നടന്നു രക്ഷപ്പെട്ടു. ഇക്കാര്യങ്ങളൊക്കെ അന്തോണിയോ രേഖപ്പെടുത്തിയിട്ടുണ്ട്.  

ഇലപ്രാണിയുടെ പൂർവികജീവിയെന്നുകരുതപ്പെടുന്ന Eophyllium messelensis-ന്റെ 47 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ ജർമനിയിലെ മെസലിൽനിന്ന്‌ കണ്ടെടുക്കുകയുണ്ടായി. ‘ഇയോസിൻ’ കാലഘട്ടത്തിൽത്തന്നെ (56-34 ദശലക്ഷം വർഷങ്ങൾക്കുമുമ്പ്) ഇവ ഭൂമിയിലുണ്ടായിരുന്നുവെന്ന് ഇതുതെളിയിക്കുന്നു.

അവളൊരു ഇല, അവനൊരു ചുള്ളി 

ഇവയിൽ പെൺപ്രാണികൾക്കാണ് വലുപ്പം കൂടുതൽ. ആൺപ്രാണികൾ  ശോഷിച്ചവയും ചെറുതുമാണെന്നുമാത്രമല്ല, എണ്ണത്തിലും കുറവാണ്. പ്രച്ഛന്നവേഷത്തിനുപുറമേ കടുകിടപോലും അനങ്ങാതിരിക്കുക എന്ന തന്ത്രവും ശത്രുക്കളിൽനിന്ന്‌ രക്ഷനേടാനായി ഇലപ്രാണി അനുവർത്തിക്കുന്നുണ്ട്. മുട്ട നിക്ഷേപിക്കുന്നതുപോലും ശവാസനത്തിലാണ്. തവിട്ടുനിറത്തിലുള്ള മുട്ടകൾ കാഴ്ചയിൽ പുഴുക്കളുടെ കാഷ്ഠത്തെ അനുസ്മരിപ്പിക്കും. മുട്ട വിരിഞ്ഞുണ്ടാകുന്ന  നിംഫുകൾ ഏഴുതവണ പടംപൊഴിച്ചാണ് പൂർണവളർച്ചയെത്തുക. ഓരോ ദശ കഴിയുമ്പോഴും പച്ചിലയോടുള്ള അവയുടെ സാമ്യവും കൂടിവരുന്നു. ഇതിനിടെ  അനങ്ങേണ്ടിവന്നാലും ശത്രുക്കളെ കബളിപ്പിക്കാനായി ഇല  കാറ്റടിച്ചുനീങ്ങുമ്പോലേ രണ്ടുവശങ്ങളിലേക്ക് ശരീരം ആട്ടി നൃത്തംചെയ്താണ് അവ സഞ്ചരിക്കുക.

പൂർണവളർച്ചയെത്തിയ ഇലപ്രാണികളാവട്ടെ ഒരു മരത്തിൽത്തന്നെ ഇരുന്ന്, കഴിയുന്നത്ര അനങ്ങാതെ ജീവിതം പൂർത്തിയാക്കുന്നു. കൂടുതലായി വനങ്ങളിൽ കാണപ്പെടുന്ന ഇലപ്രാണി ഇലയും മറ്റും തിന്നാണ് കഴിയുന്നത്. മിക്കപ്പോഴും രാത്രിയാണ് ഇവയുടെ തീറ്റസമയം. ഏഷ്യ, ഓസ്ട്രലേഷ്യാ (ഓസ്ട്രേലിയ, ന്യൂസീലൻഡ്, സമീപ ദ്വീപുകൾ എന്നിവയുൾപ്പെടുന്ന പ്രദേശം), പസഫിക് പ്രദേശങ്ങളിൽ ഇലപ്രാണി അധികം കാണപ്പെടുന്നു. പശ്ചിമഘട്ടമലനിരകളിലും സമീപത്തുള്ള കാപ്പിത്തോട്ടങ്ങളിലും ഇലപ്രാണികളുണ്ട്‌.

ഇലപ്രാണികളിലെ ഭീമൻ

ഫിലിയം ജൈജാൻഷ്യം (Phyllium giganteum) ആണ് ഇലപ്രാണികളിൽ ഏറ്റവുംവലുപ്പമുള്ളത്. ഇതിലെ പെൺപ്രാണികൾക്ക് 12 സെന്റീമീറ്റർവരെ നീളമുണ്ടാവും. ആൺപ്രാണികൾ രണ്ടുസെന്റീമീറ്റർ മാത്രമേ നീളം വെക്കുകയുള്ളൂ. ആൺപ്രാണികൾ വളരെ  അപൂർവവുമാണ്. 1984-ൽ  മാത്രമാണ് ആദ്യമായി ഈയിനത്തിന്റെ ആൺപ്രാണികളെ കണ്ടെത്താനായത്.  മലേഷ്യ, ബോർണിയോ, ജാവ, ഇൻഡൊനീഷ്യ, സുമാത്ര എന്നിവിടങ്ങളിൽ ഫിലിയം ജൈജാൻഷ്യം കാണപ്പെടുന്നു. അരികുകൾ കരിഞ്ഞുതുടങ്ങിയ ഒരു വലിയ പച്ചിലപോലെയാണ് ഇവയുടെ രൂപം. മുട്ട വിരിഞ്ഞ്‌ ഏഴുമാസംകൊണ്ട്  ഈ ഇലപ്രാണി പൂർണ വളർച്ചയെത്തുന്നു.
 പെൺപ്രാണികൾ ഒരുവർഷം ജീവിക്കുമ്പോൾ ആൺപ്രാണികളുടെ ആയുസ്സ് ആഴ്ചകൾ മാത്രമാണ്. പെൺപ്രാണികൾ ‘പാർത്തനോജെനിസിസ്’ എന്ന പ്രക്രിയയിലൂടെ (Parthenogenesis

ആണുമായി ഇണചേരാതെതന്നെ പെൺജീവികൾ  സ്വയം പ്രത്യുത്‌പാദനം നടത്തുന്ന പ്രതിഭാസമാണിത്) സങ്കലനവിധേയമാകാത്ത  മുട്ടകളിടുന്നു. വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ അമ്മയുടെ ജനിതക പകർപ്പുകളായിരിക്കും.

നിലവിൽ ഇലപ്രാണി, വനങ്ങളിൽ വംശനാശം നേരിടുന്നില്ല.  മനുഷ്യസാമീപ്യമുള്ള ഇടങ്ങളിൽ എത്തുന്നവ കീടനാശിനിയുടെ  അംശമുള്ള ഇലകളും മറ്റും കഴിച്ച് മരണപ്പെടുന്നു. മറുവശത്ത്  ഇലപ്രാണിയെ പെറ്റായി ധാരാളംപേർ ഇപ്പോൾ വളർത്തുന്നുണ്ട്. ഇവ മനുഷ്യരുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.

പ്രച്ഛന്നവേഷത്തിന്റെ രാജാവ് 

ഇലപ്രാണികളും  ചുള്ളിപ്രാണികളും (Stick  insect)  ഫസ്മറ്റോഡിയ (Phasmatodea) അഥവാ ഫസ്‌മിഡാ (Phasmida) എന്ന ഓർഡറിലെ അംഗങ്ങളാണ്. ലോകത്ത് ഈ ഓർഡറിൽപ്പെട്ട മൂവായിരത്തോളം വർഗങ്ങളുണ്ട്. ഭാരതത്തിൽ 146 വർഗങ്ങളെ കണ്ടെത്തിയിട്ടിട്ടുണ്ട്. ഫില്ലയ്‌ഡീ (Phylliidae) എന്ന  കുടുംബത്തിൽപ്പെട്ട ഇലപ്രാണികളിൽ അമ്പതോളം സ്പീഷീസുകളുണ്ട്. ജീവികൾ തിരിച്ചറിയാനാവാത്തവിധം ചുറ്റുപാടുകളുമായി ഇഴുകിച്ചേരുന്ന രൂപം സ്വീകരിക്കുന്നതിനെ ‘Protective Resemblance’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ വിദ്യയിൽ അഗ്രഗണ്യരാണ് ഇലപ്രാണികൾ. ഇലയെപ്പോലെത്തന്നെ പച്ചനിറവും ആകൃതിയുമാണിവയ്ക്ക്. നന്നേ പരന്ന  ശരീരത്തിൽ  ഇലഞരമ്പുകൾ പോലുള്ള ഞരമ്പുകളും കാണാം. ചിലയിനങ്ങളിൽ ഇലയുടെ അരികുകൾ  കരിഞ്ഞിരിക്കുംപോലെ ശരീരത്തിന്റെ അഗ്രഭാഗങ്ങളിൽ തവിട്ടുനിറം ദൃശ്യമാണ്. ചുറ്റുപാടിനനുസരണമായി മഞ്ഞ, ഓറഞ്ച്, തവിട്ട് നിറങ്ങളിലും ഈ ഷഡ്‌പദം  കാണപ്പെടുന്നു. ഇവയുടെ കണ്ണുകളും സ്പർശനികളും സസ്യഭാഗങ്ങളിൽ അള്ളിപ്പിടിച്ചിരിക്കാൻ സഹായിക്കുന്ന ഇരട്ടവിരലുകളും ശ്രദ്ധിക്കപ്പെടാത്തവിധം ചെറുതാണ്.


കാക്കത്തൊള്ളായിരം

വാക്കിന്റെ കഥ - പ്രദീപ്‌ പേരശ്ശന്നൂർ

ഗണിതത്തിൽ ഇങ്ങനെയൊരു സംഖ്യ ആരെങ്കിലും പഠിച്ചിട്ടുണ്ടോ? ഉണ്ടാവില്ല. പിന്നെന്താണ്‌, എത്രയാണീ കാക്കത്തൊള്ളായിരം. എണ്ണിത്തീർക്കാനാവാത്തത്ര പെരുപ്പമുള്ള സംഗതികളെ, കൃത്യതയില്ലാതെ അതിശയോക്തിപരമായി സൂചിപ്പിക്കാനുള്ള പദമാണിത്‌. ആകാശത്ത്‌ തെളിയുന്ന നക്ഷത്രങ്ങളെ എണ്ണാൻ കഴിയുമോ?
അതുപോലെ നദിയിലെ മണൽത്തരികളെ, കൂട്ടമായ്‌ പറന്നുപോകുന്ന ദേശാടനപ്പക്ഷികളെ... ഇല്ല! അത്തരം  സാഹചര്യങ്ങളിൽ അസംഖ്യം നക്ഷത്രങ്ങൾ എന്നുപറയുന്നതിനെക്കാൾ ചന്തം കാക്കത്തൊള്ളായിരം നക്ഷത്രങ്ങൾ എന്നുപറയുമ്പോഴാണ്‌. പക്ഷേ, ഈ പദപ്രയോഗത്തിന്‌ ഔപചാരികതയില്ല എന്ന്‌ പ്രത്യേകം ഓർക്കണം. കൗതുകവും വിമർശനവുമൊക്കെ സാന്ദർഭികമായി വാക്കിന്റെ മുഖമുദ്രയാകും.
ഒരു പ്രയോഗം ശ്രദ്ധിക്കൂ: ‘‘വെറും മൂന്നരക്കോടിയോളം ആളുകൾ കൈകാര്യംചെയ്യുന്ന കൊച്ചുഭാഷയാണ്‌ നമ്മുടെ മലയാളം. എന്നാലോ, കാക്കത്തൊള്ളായിരം പ്രസിദ്ധീകരണങ്ങൾ ഇന്നാട്ടിലുണ്ട്‌”. വായനക്കാരെക്കാൾ കൂടുതൽ പ്രസിദ്ധീകരണങ്ങളുണ്ട്‌ ഇവിടെ എന്ന്‌ പരാമർശിച്ചിരിക്കുകയാണ് കാക്കത്തൊള്ളായിരം എന്ന പദവിന്യാസത്തിലൂടെ.
ഈ പദം പരിചിതമായല്ലോ. നാട്ടുമ്പുറത്ത്‌ പതിറ്റാണ്ടുകൾക്കുമുമ്പ്‌ വ്യത്യസ്തയിനം  പൂക്കൾകൊണ്ടുള്ള കളിയിലെ ഒരു ചൊല്ലുകൂടി കേൾക്കൂ:

‘നീയെനിക്ക്‌ ഇരുപത്തൊന്ന്‌ ചെണ്ടുമല്ലികൾ തന്നാൽ
നൂറ്റൊന്ന്‌ കോളാമ്പിപ്പൂക്കൾ തന്നാൽ
ആയിരത്തൊന്ന്‌ തുമ്പപ്പൂക്കൾ തന്നാൽ
പന്തീരായിരം ജമന്തിപ്പൂക്കൾ തന്നാൽ
കാക്കത്തൊള്ളായിരം മുല്ലപ്പൂക്കൾ
    കൊണ്ടിവൾ മഴ പെയ്യിക്കാം.’

 

 

ഫോട്ടോ എടുക്കൂ.. അയയ്ക്കൂ

കൂട്ടുകാരുടെ വീടും പരിസരവും നോക്കിയാൽ ചിലപ്പോൾ ഇത്തരം കൗതുകമുള്ള ചെറിയ ജീവികളെ കാണാനാവും. അത്തരം ജീവികളുടെ ഫോട്ടോ എടുത്ത് സ്ഥലവും ഫോട്ടോ എടുത്ത സമയവും വെച്ച് വിദ്യയിലേക്ക് മെയിൽ അയയ്ക്കൂ. യോഗ്യമായത് കൂട്ടുകാരുടെ പേരുവെച്ച് പ്രസിദ്ധീകരിക്കും.
അയയ്ക്കേണ്ട വിലാസം:
vidyaidam@gmail.com