എല്ലാവർഷവും സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനമായി ആചരിക്കുന്നു. ആദ്യകാലങ്ങളിൽ ഒരുദിവസമായിരുന്നു ദിനാചരണം. പിന്നീട് ഒരാഴ്ചയായി. ഇപ്പോൾ രണ്ടാഴ്ചയാണ് ദിനാചരണ പരിപാടികൾ നടക്കുന്നത്.  ഭരണഘടനയുടെ ശില്പി ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാസമിതി 1949 സെപ്റ്റംബർ 14-ന് ഹിന്ദിഭാഷയെ ഇന്ത്യയുടെ ഭരണഭാഷയായി സ്വീകരിക്കാൻ തീരുമാനിച്ചു. 1950 ജനുവരി 26 ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു. ഭരണഘടനയുടെ ആർട്ടിക്കിൾ 343 പ്രകാരം, ഹിന്ദി ഔദ്യോഗിക ഭാഷകളിലൊന്നായി സ്വീകരിക്കുകയും ചെയ്തു. ഭരണഘടനാസമിതി ഭരണഭാഷയാക്കാൻ തീരുമാനിച്ച തീയതി പിന്നീട് ഹിന്ദിദിനമായി ആചരിക്കാൻ തിരഞ്ഞെടുക്കുകയായിരുന്നു.

ഹിന്ദിയുടെ പ്രചാരണത്തിനായി രാജ്യത്ത് അനേകം ഹിന്ദി പ്രചാരസഭകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽ പ്രധാനമായും രണ്ട് പ്രചാരസഭകളാണുള്ളത് -കേരള ഹിന്ദിപ്രചാരസഭയും ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയും.‌

ഇന്ത്യൻ സാഹിത്യവും ചരിത്രവും മനസ്സിലാക്കാൻ ഹിന്ദി നമ്മൾ പഠിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും നിലനിർത്തുന്നതിനും ഇന്ത്യയിലെ മുഴുവൻ ജനങ്ങളുമായി ആശയവിനിമയപൂർണതയ്ക്കും ഹിന്ദി അനിവാര്യമാണ്.

ദേവനാഗരി ലിപി
ഹിന്ദിഭാഷ ദേവനാഗരി ലിപിയിലാണ് എഴുതപ്പെടുന്നത്. ഇതുകൂടാതെ മറാഠി, നേപ്പാളി, സംസ്കൃതം, സിന്ധി, ബിഹാറി, കൊങ്കിണി, കശ്മീരി മുതലായ ഭാഷകൾ എഴുതാനും ഈ ലിപി ഉപയോഗിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രാചീനലിപിയായ ബ്രാഹ്മിയിൽനിന്ന് വികസിച്ചതാണ് ദേവനാഗരി ലിപി.

വിശ്വഹിന്ദിദിനം
ലോകജനതയെ ഹിന്ദിയിലേക്ക് ആകർഷിക്കാനായി എല്ലാ വർഷവും ജനുവരി 10 വിശ്വഹിന്ദിദിനമായി ആചരിക്കുന്നു.

ഹിന്ദി ഭരണഭാഷ
ഉത്തർപ്രദേശ്, ഉത്തരാഞ്ചൽ, ഛത്തീസ്ഗഢ്‌, ഡൽഹി, ഹരിയാണ, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഹിന്ദി ഭരണഭാഷയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഒഡിഷ, പഞ്ചാബ്, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ഹിന്ദി രണ്ടാംഭാഷയും ആണ്.


എല്ലാവർഷവും സെപ്റ്റംബർ 14 ദേശീയ ഹിന്ദിദിവസമായി ആചരിക്കുന്നു. രാഷ്ട്രഭാഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് ദിനാചരണലക്ഷ്യം. ദിനാചരണത്തോടനുബന്ധിച്ച് ഹിന്ദിയിലെ പ്രമുഖ എഴുത്തുകാരെ പരിചയപ്പെടാം.

ഭാരതേന്ദു ഹരിശ്ചന്ദ്ര (1850-1885)
ഉത്തർപ്രദേശിലെ വാരാണസിയിൽ ജനിച്ചു. കവി, നാടകകൃത്ത്‌, പത്രപ്രവർത്തകൻ. ആധുനികഹിന്ദി സാഹിത്യത്തിന്റെ പിതാമഹനായി കരുതപ്പെടുന്നു. അംധേർ നഗരി, ഭാരത്‌ ദുർദശ, കശ്മീർ കുസും എന്നിവ പ്രധാനകൃതികളാണ്. ‘ഹരിശ്ചന്ദ്ര ചന്ദ്രിക’, ‘കവി വചൻസുധ’, ‘ബാലബോധിനി’ എന്നീ പത്രികകളുടെ പത്രാധിപരായിരുന്നു.

 അയോധ്യാസിങ്‌ ഉപാധ്യായ്‌ ‘ഹരിഔധ്‌’ (1865-1943)
ഉത്തർപ്രദേശിലെ നിസാമാബാദിൽ ജനിച്ചു. കവി, ലേഖകൻ, പത്രപ്രവർത്തകൻ. ഹിന്ദിയിലെ ആദ്യമഹാകാവ്യം ‘പ്രിയ പ്രവാസ്‌’ രചിച്ചു.

 മുൻഷി പ്രേംചന്ദ്‌ (1880-1936)
ഉത്തർപ്രദേശിലെ വാരാണസിയിൽ ലമഹി ഗ്രാമത്തിൽ ജനിച്ചു. കഥാകൃത്ത്‌, നോവലിസ്റ്റ്‌, പത്രപ്രവർത്തകൻ, അധ്യാപകൻ. ‘നവാബ്‌ റായ്‌’ എന്നപേരിൽ ഉറുദുവിൽ എഴുതിത്തുടങ്ങി. ‘സോസ്‌ എ വതൻ’ (ഒരു രാഷ്ട്രത്തിന്റെ വിലാപം) രാജദ്രോഹപരമാണെന്നാരോപിച്ച്‌ ബ്രിട്ടീഷ്‌ സർക്കാർ കണ്ടുകെട്ടി കത്തിച്ചു. ഗാന്ധിജിയുടെ ആഹ്വാനത്താൽ ബ്രിട്ടീഷ്‌ ഉദ്യോഗം രാജിവെച്ച്‌ മുഴുവൻസമയം എഴുത്തിൽ മുഴുകി. മുന്നൂറോളം കഥകൾ, 12 നോവലുകൾ, മൂന്നു നാടകങ്ങൾ എന്നിവ എഴുതി. ‘ഗോദാൻ’, ‘നിർമല’, ‘സേവാസദൻ’ പ്രധാന നോവലുകൾ. ‘പഞ്ച്‌ പരമേശ്വർ’, ‘പൂസ്‌ കീ രാത്ത്‌’, ‘കഫൻ’ പ്രധാന കഥകൾ.

 മൈഥിലി ശരൺഗുപ്ത്‌ (1886-1964)
ഉത്തർപ്രദേശിലെ ചിർഗാവ്‌ ഝാൻസിയിൽ ജനിച്ചു. കവി, നാടകകൃത്ത്‌, വിവർത്തകർ, സ്വാതന്ത്ര്യസമരസേനാനി. പഞ്ചവടി, യശോധര, ഭാരത്‌ ഭാരതി, സാകേത്‌ പ്രധാന കൃതികൾ. ഗാന്ധിജി ‘രാഷ്ട്രകവി’യെന്ന പദവി നൽകി ആദരിച്ചു. 1954-ൽ രാഷ്ട്രം പദ്‌മഭൂഷൺ നൽകി.

 മാഖൻലാൽ ചതുർവേദി (1889-1968)
മധ്യപ്രദേശിലെ ഹോശങ്കാബാദ്‌ ജില്ലയിലെ ബാബയിഗ്രാമത്തിൽ ജനിച്ചു. കവി, ലേഖകൻ, നാടകകൃത്ത്‌, പത്രപ്രവർത്തകൻ, സ്വാതന്ത്ര്യസേനാനി. ‘ഹിമ കീർത്തിനി’, ‘ഹിമതരംഗിണി’, ‘ദീപ്‌ സേ ദീപ്‌ ജലേ’, ‘പുഷ്പ്‌ കി അഭിലാഷാ’ എന്നിവയാണ്‌ പ്രധാന കൃതികൾ. 1963-ൽ രാഷ്ട്രം അദ്ദേഹത്തിന്‌ പദ്‌മഭൂഷൺ നൽകി ആദരിച്ചു.

 ജയശങ്കർ പ്രസാദ്‌ (1889-1937)
ഉത്തർപ്രദേശിലെ കാശിയിൽ ജനിച്ചു. കവി, നാടകകൃത്ത്‌, കഥാകൃത്ത്‌, നോവലിസ്റ്റ്‌, ഉപന്യാസകാരൻ. ‘കാമായനി’ എന്ന മഹാകാവ്യവും  ‘ചന്ദ്രഗുപ്ത്‌’, ‘സ്കന്ദഗുപ്ത’, ‘ധ്രുവ സ്വാമിനി’എന്നീ നാടകങ്ങളും രചിച്ചു.

 സൂര്യകാന്ത്‌ ത്രിപാഠി ‘നിരാല’ (1897-1962)
ബംഗാളിലെ മേദിനിപുരിൽ ജനിച്ചു. കവി, നോവലിസ്റ്റ്‌, കഥാകാരൻ, പുരോഗമനാശയക്കാരനായ വിപ്ളവകവി. ‘ഭിക്ഷുക്‌’, ‘വഹ്‌ തോഡ്‌ത്തീ പത്ഥർ’, ‘ജാഗോ ഫിർ ഏക്‌ ബാർ’ എന്നിവ പ്രധാന കവിതകളാണ്.

 സുഭദ്രകുമാരി ചൗഹാൻ (1904-1948)
ഉത്തർപ്രദേശിലെ അലഹാബാദിൽ ജനിച്ചു. കവയിത്രി, സ്വാതന്ത്ര്യസമരസേനാനി. നിസ്സഹകരണപ്രസ്ഥാനത്തിൽ പങ്കെടുത്ത്‌ ജയിൽശിക്ഷ അനുഭവിച്ചു. ‘ജലിയൻ വാലാ ബാഗ്‌ മേ വസന്ത്‌’, ‘വീരോം കാ കൈസാ ഹെ വസന്ത്‌’, ‘രാഖി കീ ചുനൌത്തി’, ‘ഝാൻസി കി റാണി’ എന്നീ കവിതകൾ സ്വാതന്ത്ര്യസമരത്തിന് ആവേശം പകർന്നു.

 മഹാദേവി വർമ (1907-1982)
ഉത്തർപ്രദേശിലെ ഫറൂക്കാബാദിൽ ജനിച്ചു. കവയിത്രി, സ്വാതന്ത്ര്യസമരസേനാനി, സ്ത്രീ അവകാശപ്രവർത്തക, അധ്യാപിക, പത്രാധിപർ എന്നീനിലകളിൽ പ്രവർത്തിച്ചു. കൃഷ്ണഭക്തിയും വിരഹവും കവിതകളിൽ അടങ്ങിയിരിക്കുന്നതുകൊണ്ട്‌ ‘ആധുനികമീര’ എന്നു വിളിക്കപ്പെടുന്നു. ‘യാമ’, ‘അതീത്‌ കേ ചലച്ചിത്ര്‌’, ‘മേരാ പരിവാർ’ പ്രധാന കൃതികൾ. 1956-ൽ പദ്‌മഭൂഷൺ, 1982-ൽ ‘യാമ’ കൃതിക്ക്‌ ജ്ഞാനപീഠപുരസ്കാരം 1988-ൽ മരണാനന്തരം പദ്‌മവിഭൂഷൺ എന്നിവ ലഭിച്ചു.

 രാംധാരി സിംഹ്‌ ദിൻകർ (1908-1974)
ബിഹാറിലെ സിമരിയ ഗ്രാമത്തിൽ ജനിച്ചു. കവി, സ്വാതന്ത്ര്യസമര സേനാനി, സാഹിത്യനിരൂപകൻ, പത്രപ്രവർത്തകൻ, രാജ്യസഭാംഗം. 1959-ൽ സാഹിത്യ അക്കാദമി പുരസ്കാരം, പദ്‌മവിഭൂഷൺ. 1972-ൽ ‘ഉർവശി’യെന്ന കാവ്യത്തിന് ജ്ഞാനപീഠപുരസ്കാരം എന്നിവ ലഭിച്ചു.

 സച്ചിദാനന്ദ്‌ ഹീരാനന്ദ്‌ വാത്സ്യായൻ (1911-1987)
ഉത്തർപ്രദേശിലെ കസിയഗ്രാമത്തിൽ ജനിച്ചു. കവി, കഥാകാരൻ, നോവലിസ്റ്റ്‌, പത്രപ്രവർത്തകൻ, വിമർശകൻ, അധ്യാപകൻ. 1964-ൽ ‘ആംഗൻ കേ പാർ ദ്വാർ’ എന്ന കവിതയ്ക്ക് സാഹിത്യ അക്കാദമി പുരസ്കാരം. 1978-ൽ ‘കിതനീ നാവോം മേ കിതനീ ബാർ’ എന്ന കവിതയ്ക്ക് ജ്ഞാനപീഠപുരസ്കാരം എന്നിവ ലഭിച്ചു.


 ഹിന്ദി പ്രചാരണ സ്ഥാപനങ്ങൾ

കേന്ദ്രീയ ഹിന്ദി നിദേശാലയ്  (ന്യൂഡൽഹി)
കേന്ദ്രീയ ഹിന്ദി സൻസ്ഥാൻ (ആഗ്ര)
സാഹിത്യ അക്കാദമി (ന്യൂഡൽഹി)
രാഷ്ട്രീയ ബാൽഭവൻ (ന്യൂഡൽഹി)
ഭാരതീയ ഗ്യാൻപീഠ് (ന്യൂഡൽഹി)
നാഷണൽ ബുക്ക് ട്രസ്റ്റ് (ന്യൂഡൽഹി)
ഹിന്ദി സാഹിത്യ അക്കാദമി (ഉത്തർപ്രദേശ്)
ഭാരതീയ ഭാഷാ പരിഷത്ത്‌ (കൊൽക്കത്ത)
കേന്ദ്രീയ ഭാഷാ സൻസ്ഥാൻ  (കർണാടക)
ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ (എറണാകുളം)
മധ്യഭാരത് ഹിന്ദി സാഹിത്യസഭ (മധ്യപ്രദേശ്)
കേരള ഹിന്ദി പ്രചാരസഭ (തിരുവനന്തപുരം)
മഹാത്മാഗാന്ധി അന്താരാഷ്ട്രീയ വിശ്വവിദ്യാലയ് (മഹാരാഷ്ട്ര)
വൈഗ്യാനിക് തഥാ തക്‌നീകി ശബ്ദാവലി ആയോഗ് (ന്യൂഡൽഹി)