#  ഷിജു

പാറയുമായി പെർസിവിയറൻസ്
അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസയുടെ പെർസിവിയറൻസ് റോവർ ചൊവ്വയിൽനിന്ന്‌ ആദ്യമായി പാറക്കഷണം സാംപിളായി ശേഖരിച്ചു. 2021 ഫെബ്രുവരിയിലാണ് പെർസിവിയറൻസ് ചൊവ്വയിലെ ജെസീറോ ക്രേറ്ററിൽ ഇറങ്ങിയത്. ചൊവ്വാഗ്രഹത്തിന്റെ ചരിത്രവും അന്തരീക്ഷവും ജീവന്റെ സാന്നിധ്യവും പഠിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് പെർസിവിയറൻസ് വിക്ഷേപിച്ചത്. നിലവിൽ ഒരു കിലോഗ്രാമോളം സാംപിളുകൾ റോവർ ശേഖരിച്ചിട്ടുണ്ട്. ഇപ്പോൾ ശേഖരിച്ച കല്ലുകൾ ഗവേഷണത്തിൽ നിർണായകമാകുമെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.


സാമൂഹിക സുരക്ഷയില്ലാതെ ലോകം
അന്താരാഷ്ട്ര തൊഴിൽസംഘടന(ILO)യുടെ ലോക സാമൂഹികസുരക്ഷാ റിപ്പോർട്ടനുസരിച്ച് (World Social Protection Report 2020-22) ആഗോളതലത്തിൽ 53 ശതമാനം (400 കോടിയിലേറെ) ജനങ്ങളും സാമൂഹികസുരക്ഷാപദ്ധതികൾക്ക് പുറത്താണ്. യൂറോപ്പിലെയും മധ്യേഷ്യയിലെയും രാജ്യങ്ങളിലെ ജനങ്ങളിൽ 84 ശതമാനം പേരും ഏതെങ്കിലും സാമൂഹികസുരക്ഷാപദ്ധതികളുടെ ഗുണഭോക്താക്കളാവുമ്പോൾ, ആഫ്രിക്കയിൽ ഇത് 17.4 ശതമാനമാണ്. അമേരിക്കയിൽ 64.3 ശതമാനം.

ഏഷ്യ-പസഫിക്, അറബ് രാജ്യങ്ങളിൽ 50 ശതമാനത്തിനുതാഴെയാണ് സാമൂഹികസുരക്ഷ. ലോകത്തെ നാലിലൊന്ന് കുട്ടികൾക്കുമാത്രമേ സുരക്ഷാപദ്ധതികളുടെ ഗുണം ലഭിക്കുന്നുള്ളൂ. സമ്പന്നരാഷ്ട്രങ്ങൾ പലതും ജി.ഡി.പി.യുടെ 16.4 ശതമാനംവരെ സാമൂഹികസുരക്ഷാ പദ്ധതികൾക്ക് നീക്കിവെക്കുമ്പോൾ അവികസിതരാഷ്ട്രങ്ങളുടെ വിഹിതം 1.1 ശതമാനംമാത്രമാണ്. ആരോഗ്യസുരക്ഷ, തൊഴിൽനഷ്ടത്തിനുപകരമായുള്ള സാമ്പത്തികസഹായം, വാർധക്യമോ ശാരീരിക അവശതകളോമൂലം തൊഴിൽചെയ്യാൻ കഴിയാത്തവർക്കുള്ള സഹായങ്ങൾ, കുട്ടികൾക്കും കുടുംബങ്ങൾക്കും നൽകുന്ന ആനുകൂല്യങ്ങൾ തുടങ്ങിയവയാണ് സാമൂഹികസുരക്ഷ എന്നതുകൊണ്ടർഥമാക്കുന്നത്.


ഇന്ത്യൻ സമുദ്രത്തിലേക്ക് ചൈനയുടെ ഇടനാഴി
പടിഞ്ഞാറൻ ചൈനയെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന പുതിയ വ്യാപാര ഇടനാഴി തുറന്നു. ചൈനീസ് നഗരമായ ചങ്ദൂ(Chengdu)വിനെ മ്യാൻമാറിലെ തുറമുഖനഗരമായ യാങ്കൂണുമായി ബന്ധിപ്പിക്കുന്ന സീ-റോഡ്-റെയിൽ ലിങ്കാണിത്. സിങ്കപ്പൂർ-മ്യാൻമാർ-ചൈന ചരക്കുവ്യാപാര ശൃംഖലയാണ് ലക്ഷ്യം.

മലാക്ക കടലിടുക്കുവഴിയുള്ള എണ്ണ ഇറക്കുമതിയിലെ തടസ്സങ്ങൾ (Malacca Dilemma) മറികടക്കാനുള്ള ചൈനയുടെ മറുവഴികൂടിയാണ് ഈ പാത. പാകിസ്താനിലെ ഗ്വദാർ തുറമുഖത്തിനു പിന്നാലെ ഇന്ത്യൻ സമുദ്രത്തിലേക്കുള്ള ചൈനയുടെ മറ്റൊരു വാതിൽ. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി മ്യാൻമാറിലെ ക്യോക്പ്യൂവിൽ മറ്റൊരു തുറമുഖം നിർമിക്കാനും ചൈനയിലെ യൂനാൻ നഗരത്തിൽനിന്ന്‌ നേരിട്ട് റെയിൽപ്പാത പണിയാനുമുള്ള നീക്കത്തിലാണ് ചൈന.


ഇന്ത്യ അധ്യക്ഷപദവി കൈമാറി
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി(United Nations Security Council - UNSC)യിൽ ഇന്ത്യയുടെ അധ്യക്ഷപദവി അവസാനിച്ചു. സെപ്റ്റംബർ മാസത്തെ അധ്യക്ഷപദവി അയർലൻഡിനാണ്. സമിതിയുടെ അധ്യക്ഷപദവി അക്ഷരമാലക്രമത്തിൽ അംഗരാജ്യങ്ങൾ ഓരോ മാസംവീതം വഹിക്കുന്നതാണ് രീതി. 2021-’22 കാലാവധിയിൽ ഇന്ത്യയുടെ ആദ്യ അധ്യക്ഷപദവിയായിരുന്നു ഓഗസ്റ്റിലേത്. 2022 ഡിസംബറിൽ ഇന്ത്യക്ക്‌ വീണ്ടും അധ്യക്ഷപദവി ലഭിക്കും. എട്ടാം തവണയാണ് ഇന്ത്യ യു. എൻ. സുരക്ഷാ സമിതിയിൽ താത്കാലിക അംഗമായിരിക്കുന്നത്. സമിതിയിൽ അഞ്ച് സ്ഥിരാംഗങ്ങളാണുള്ളത് - ഫ്രാൻസ്, റഷ്യ, യു.കെ., യു.എസ്., ചൈന. ഇന്ത്യയുൾപ്പെടെ 10 താത്കാലിക അംഗങ്ങളുമുണ്ട്. താത്കാലികാംഗങ്ങളുടെ കാലാവധി രണ്ടുവർഷമാണ്.


ലെഡഡ് പെട്രോൾയുഗം അവസാനിച്ചു
ലെഡ് (ഈയ്യം) കലർന്ന പെട്രോളിെന്റ കാലം കഴിഞ്ഞതായി യു.എൻ.ഇ.പി.(United Nations Environment Programme) ഓഗസ്റ്റ് 30-ന് പ്രഖ്യാപിച്ചു. 1970-കളിലാണ് ലെഡഡ് പെട്രോളിന്റെ ഉപയോഗം വ്യാപകമായത്. വാഹനങ്ങളുടെ എൻജിൻ പ്രവർത്തനം മെച്ചപ്പെടുമെന്നതാണ് കാരണം.

പക്ഷേ, പരിസ്ഥിതിക്കും മനുഷ്യരുടെ ആരോഗ്യത്തിനും ഗുരുതര ഭീഷണിയുയർത്തുന്ന മൂലകമാണ് ലെഡ്. 2002 മുതൽ ഇതിനെതിരേ യു.എൻ.ഇ.പി. കാമ്പയിനുകൾ ആരംഭിച്ചിരുന്നു. വികസിതരാജ്യങ്ങൾ പലതും 1980-കളിൽത്തന്നെ ഇതിന്റെ ഉപയോഗം അവസാനിപ്പിച്ചിരുന്നു. ഇന്ത്യ 2000-ൽ ലെഡഡ് പെട്രോൾ ഉപയോഗം നിരോധിച്ചു.

എന്നാൽ, നൂറോളം രാജ്യങ്ങൾ അടുത്തകാലംവരെ ഉപയോഗം തുടർന്നു. ഏറ്റവുമൊടുവിൽ ഇതുപയോഗിച്ചിരുന്ന അൾജീരിയ ഇക്കഴിഞ്ഞ ജൂലായിൽ അത്തരം പെട്രോൾ സ്റ്റേഷനുകൾ പൂട്ടി. ലെഡഡ് പെട്രോൾ യുഗത്തിന്റെ അന്ത്യം, പ്രതിവർഷം 15 ലക്ഷം പേരുടെ അകാലമരണം ഒഴിവാക്കാനും 2.45 ലക്ഷംകോടി ഡോളർ ലാഭിക്കാനും സഹായിക്കുമെന്നാണ് യു.എൻ.ഇ.പി. പറയുന്നത്.


ലഡാക്കിന് ഔദ്യോഗികമൃഗം
കേന്ദ്രഭരണപ്രദേശമായ ലഡാക്ക്, അതിന്റെ ഔദ്യോഗികമൃഗമായി ഹിമാലയൻ പുള്ളിപ്പുലിയെയും (Snow leopard) ഔദ്യോഗികപക്ഷിയായി കരിങ്കഴുത്തുള്ള കൊക്കിനെയും (Black-necked crane) അംഗീകരിച്ചു.

ഇവ രണ്ടും വംശനാശഭീഷണി നേരിടുന്ന ജീവികളാണ്. 2019 ഒക്ടോബർ 31-നാണ് ജമ്മുകശ്മീരിൽനിന്ന്‌ വേർപെട്ട് പുതിയൊരു കേന്ദ്രഭരണപ്രദേശമായി ലഡാക്ക് മാറിയത്. ജമ്മുകശ്മീർ സംസ്ഥാനമായിരുന്നപ്പോൾ ഹംഗുലിനെ (Kashmir stag) സംസ്ഥാനമൃഗവും കരിങ്കഴുത്തുള്ള കൊക്കിനെ സംസ്ഥാനപക്ഷിയുമായി അംഗീകരിച്ചിരുന്നു.



EASY ENGLISH - 12

ഇംഗ്ലീഷ് നമ്മുടെ ആരുടെയും മാതൃഭാഷയല്ല. അതിനാൽത്തന്നെ, ഇംഗ്ലീഷ് സംസാരിക്കുകയോ എഴുതുകയോ ചെയ്യുമ്പോൾ പലതരത്തിലുള്ള പിശകുകൾ കടന്നുവരുക സ്വാഭാവികമാണ്. പൊതുവേ നമ്മൾ ഈ ഭാഷ ഉപയോഗിക്കുമ്പോൾ കണ്ടുവരുന്ന ചില തെറ്റായ പ്രയോഗങ്ങളെക്കുറിച്ചാവട്ടെ ഇന്നത്തെ ഈസി ഇംഗ്ലീഷ്

#  ലിബിൻ കെ. കുര്യൻ

പറഞ്ഞുപഴകിയ തെറ്റുകൾ

ഭാഷയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം ആശയവിനിമയമാണ്‌. തെറ്റില്ലാത്ത ഭാഷാപ്രയോഗം ആശയവിനിമയത്തെ കൂടുതൽ ഫലപ്രദവും മനോഹരവും ആക്കിത്തീർക്കും. ഇംഗ്ലീഷ് ഭാഷയുടെ ഇന്ത്യയിലെ ഉപയോഗത്തിൽ പൊതുവേ കണ്ടുവരുന്ന പിശകുകളിൽ ഒരെണ്ണം താഴെക്കൊടുക്കുന്നു.

 * It was of no use searching every nook and corner of the house for the toy.
എല്ലായിടത്തും എന്ന അർഥത്തിൽ പൊതുവേ ഉപയോഗിച്ചുകാണുന്ന പ്രയോഗമാണ് ‘every nook and corner’. എന്നാൽ, ഇതിന്റെ കൃത്യമായ രൂപം ‘every nook and cranny; എന്നതാണ്. സമാനമായ അർഥത്തിൽ ‘all nooks and crannies’ എന്നും ഉപയോഗിക്കാറുണ്ട്.
Eg: Our professor has stuffed every nook and cranny of his house with books and newspapers.
He searched all nooks and crannies for the cricket ball, but he couldn’t find it anywhere.

മറ്റുചില പ്രയോഗങ്ങൾ നോക്കാം.
 The Manager had given warnings many a times. But she didn’t mind them.
 My brother came back as he couldn’t cope up with the climate abroad.
 ‘I shall check the mail and revert back’, she said.
 Me and my friends went for dinner last night.
 He is having two sisters who are working in Delhi.
 Mr. Ram’s article was entitled as ‘The impact of online classes among school students’.
ആദ്യത്തെ വാചകത്തിലെ പിശക് ‘many a’ എന്നതിനുശേഷം ബഹുവചനം ഉപയോഗിച്ചതാണ്. അത് ‘time’ എന്ന ഏകവചനം ആയാൽ ശരിയായി.
അതല്ലെങ്കിൽ ‘many times’ എന്നതും ശരിയായ പ്രയോഗമാണ്. രണ്ടാമത്തെ വാചകം പരിശോധിക്കുമ്പോൾ ‘cope up with’ എന്നത് പൊതുവേ ഇന്ത്യൻ ഇംഗ്ലീഷിൽ കാണപ്പെടുന്ന ഒരു പ്രയോഗമാണ്. Native speakers സാധാരണ ‘cope with’ എന്നാണുപയോഗിക്കാറുള്ളത്. Revert; നുശേഷം അനാവശ്യമായ ‘back’ ആണ് മൂന്നാമത്തെ വാചകത്തിലെ തെറ്റ്. ‘She will return back from Mumbai next week’. എന്ന വാചകത്തിലും സമാനമായ പിശക് കാണാം. ‘My friends and I went for dinner last night’. എന്ന് പറയുന്നതാണ് ‘me and my friends’
എന്ന പ്രയോഗത്തെക്കാൾ അഭികാമ്യം.
ഉടമസ്ഥതയെയോ ബന്ധത്തെയോ സൂചിപ്പിക്കാൻ Progressive Tense സാധാരണ ഉപയോഗിക്കാറില്ല. ആയതിനാൽ ‘He has two sisters who are working in Delhi’ എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം. അവസാനത്തെ വാചകത്തിലെ പിഴവ് എന്താണ്? ‘entitled’-നുശേഷം ‘as’ ഒഴിവാക്കിയാൽ ആ വാചകവും ശരിയായി. ‘Entitle’ ഒരു ‘transitive verb’ ആണ്. താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണങ്ങൾ ശ്രദ്ധിക്കൂ.
 Esha Deol has entitled her book ‘Amma Mia’.
 The software entitled Kiri Infotech costs 15k.

ഇനി താഴെക്കൊടുത്ത
വാചകങ്ങൾ നോക്കൂ.
 You are coming with me tomorrow, no?
 Many people have lost their lives due to the pandemic, no?
രണ്ടിലും യഥാക്രമം ‘aren’t you?’, ‘haven’t they?’ എന്നീ Tag Questions-നു പകരമാണ് ‘no’ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലീഷ് സംഭാഷണത്തിൽ ഇന്ത്യയിൽ പലയിടത്തും പൊതുവേ കണ്ടുവരുന്ന ഒരു തെറ്റാണ് അനവസരത്തിൽ ഉപയോഗിച്ചുകാണുന്ന ഈ ‘no’.
എഴുത്തിലേക്ക് വരുമ്പോൾ ചിലരെങ്കിലും ‘no’-യും കടന്ന്‌ ‘know’ എഴുതിക്കാണാറുണ്ട്. ശരിയായ മറ്റു രണ്ടു പ്രയോഗങ്ങൾ നോക്കാം.
 You’ll meet the doctor, won’t you?
 She attended the meeting, didn’t she?
ഭാഷയുടെ ഉപയോഗത്തിൽ തെറ്റുകൾ പരമാവധി കുറയ്ക്കുന്നത് ആശയവിനിമയം കൂടുതൽ ഫലപ്രദവും ആകർഷകവുമാക്കുന്നതിന്‌ സഹായിക്കുന്നു.