# ഷിജു

 മലേഷ്യയിൽ പുതിയ പ്രധാനമന്ത്രി

ഇസ്മായിൽ സാബ്‌റി യാക്കൂബ് മലേഷ്യയുടെ പുതിയ പ്രധാനമന്ത്രി. ഏറെ നാളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്രധാനമന്ത്രിയായിരുന്ന മുഹീദ്ദിൻ യാസിൻ ഓഗസ്റ്റ് 16-ന് രാജിവെച്ചിരുന്നു. 222-ൽ 114 എംപിമാരുടെ പിന്തുണയാണ് ഇസ്മായിൽ സാബ്‌റിക്കുള്ളത്. രാജ്യത്തെ ഒൻപതാമത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം. ദിവാൻ റക്യാത് എന്ന ജനപ്രതിനിധിസഭ, ദിവാൻ നെഗാര എന്ന സെനറ്റ് എന്നിവയടങ്ങുന്നതാണ് പാർലമെന്റ്. രാജാവാണ് രാഷ്ട്രത്തലവൻ. അബ്ദുള്ള സുൽത്താൻ അഹമ്മദ് ഷാ ആണ് ഇപ്പോഴത്തെ രാജാവ്.


ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഇൻഡക്സ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഇൻഡക്‌സ് ആരംഭിക്കാൻ തീരുമാനിച്ചു. സമ്പദ്‌വ്യവസ്ഥയിൽ എല്ലാവിഭാഗം ജനങ്ങളും ഉൾക്കൊള്ളുന്നുണ്ടോ എന്ന പരിശോധനയാണ് ലക്ഷ്യം. ബാങ്കിങ്, ഇൻഷുറൻസ്, നിക്ഷേപങ്ങൾ, പെൻഷൻ പദ്ധതികൾ തുടങ്ങിയവയിൽ ജനങ്ങൾ എത്രത്തോളം ഉൾപ്പെടുന്നുണ്ട് എന്ന് പരിശോധിച്ച് തയ്യാറാക്കുന്ന സൂചികയിൽ പൂജ്യം മുതൽ 100 വരെയുള്ള സ്കോറുകളുണ്ടായിരിക്കും. സാമ്പത്തിക സൗകര്യങ്ങളുടെ ലഭ്യത, ഉപയോഗം, സേവനങ്ങളുടെ ഗുണനിലവാരം എന്നിവ അളക്കാനായി നൂറോളം സൂചകങ്ങൾ ഉപയോഗിക്കും.


13 ട്രില്യൺ ക്ലബ്ബിൽ ടി.സി.എസ്.

ടാറ്റ കൺസൾട്ടൻസി സർവീസ് (ടി.സി.എസ്.) കമ്പനി വിപണിമൂല്യം (market cap) 13 ലക്ഷം കോടി രൂപ പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യൻ കമ്പനിയും രാജ്യത്തെ ആദ്യ ഐ.ടി.കമ്പനിയുമായി. സ്റ്റോക്ക് മാർക്കറ്റിൽ പ്രവേശിച്ച് 17 വർഷങ്ങൾക്കു ശേഷമാണ് ടി.സി.എസ്. ഈ നേട്ടം കൈവരിക്കുന്നത്. റിലയൻസാണ് ഇതിനു മുമ്പ്‌ 13 ലക്ഷം കോടി കടന്നത്. ഓഗസ്റ്റ് 18-ന് വ്യാപാരമവസാനിക്കുമ്പോൾ ഓഹരിവില 2.32 ശതമാനം ഉയരുകയും കമ്പനിയുടെ വിപണിമൂല്യം 13.14 ലക്ഷം കോടിയിലെത്തുകയും ചെയ്തു. റിലയൻസിന്റെ മൂല്യം 13.7 ലക്ഷം കോടിയാണ്. മുംബൈ ആസ്ഥാനമായുള്ള ഐ.ടി. സർവീസ് കമ്പനിയായ ടി.സി.എസ്. നിലവിൽ 46 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.


പർവതമുകളിലെ പാർക്ക്

ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള ഔഷധസസ്യ പാർക്ക് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള മനായിൽ പ്രവർത്തനം തുടങ്ങി. ചൈന അതിർത്തിയിലുള്ള ഗ്രാമമായ മനാ സമുദ്രനിരപ്പിൽനിന്ന്‌ 11,000 അടി ഉയരെയാണ്. ഔഷധമൂല്യമുള്ളതും പരിസ്ഥിതി പ്രാധാന്യമുള്ളതുമായ സസ്യയിനങ്ങളെ സംരക്ഷിക്കാനും ഗവേഷണം നടത്താനും ഉദ്ദേശിച്ചുള്ളതാണ് ഈ പാർക്ക്. ഉത്തരാഖണ്ഡ് വനംവകുപ്പിന്റെ ഗവേഷണവിഭാഗമാണ് പാർക്ക് വികസിപ്പിച്ചെടുത്തത്. ഹിമാലയൻ മേഖലയിൽ വളരുന്ന നാല്പതോളം ഇനം സസ്യങ്ങൾ പാർക്കിലുണ്ട്. ഇതിൽ നല്ലൊരു പങ്കും വംശനാശ ഭീഷണിയുള്ളവയാണ്.


മൂന്നു കുട്ടി നയം പ്രാബല്യത്തിൽ

ചൈനയിൽ ‘മൂന്നു കുട്ടി നയം’ ദേശീയ നിയമനിർമാണ സഭ അംഗീകരിച്ചു. ദമ്പതികൾക്ക് മൂന്നു കുഞ്ഞുങ്ങൾ വരെയാകാമെന്ന പുതിയ വ്യവസ്ഥ 2021 മേയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചിരുന്നു. ജനസംഖ്യയിൽ യുവജനങ്ങളുടെ കുറവാണ് ചൈനീസ് സർക്കാരിനെ മാറിചിന്തിപ്പിച്ചത്. ജനസംഖ്യാ വിസ്‌ഫോടനം തടയാൻ 1979-ൽ കൊണ്ടുവന്ന ഒറ്റക്കുട്ടി നയം (One-Child Policy) ജനസംഖ്യാ വർധന വൻതോതിൽ കുറച്ചിരുന്നു. 2016-ൽ ഇതിൽ ഇളവുവരുത്തി രണ്ടുകുട്ടി നയം ആവിഷ്കരിച്ചു. എന്നിട്ടും ജനനനിരക്ക് കാര്യമായി ഉയരാത്തതിനാലാണ് ഇപ്പോൾ മൂന്നുകുട്ടി നയം അംഗീകരിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള (141 കോടി) രാജ്യമായ ചൈനയിൽ ഇന്ന് 18.7 ശതമാനം 60 വയസ്സിലേറെയുള്ളവരാണ്. പ്രസവനിരക്കാവട്ടെ, ഒരു സ്ത്രീക്ക്‌ 1.3 കുട്ടികളും.


എച്ച്.എ.എലിന്റെ ഹിന്ദുസ്ഥാൻ-228

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (HAL) നിർമിച്ച, വലുപ്പം കുറഞ്ഞ സിവിൽ ട്രാൻസ്പോർട്ട് വിമാനമായ ഹിന്ദുസ്ഥാൻ-228 ഉപരിതല പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി. 19 സീറ്റുകളുള്ള ഈ വിമാനം പ്രാദേശിക സർവീസുകൾ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഉഡാൻ (Ude Desh ka Aam Nagrik) പദ്ധതിയുടെ ഭാഗമാകും. യാത്രാ വിമാനമായും എയർ ആംബുലൻസ്, ക്ലൗഡ് സീഡിങ്, കാർഗോ തുടങ്ങിയ മറ്റാവശ്യങ്ങൾക്കായും ഇതുപയോഗിക്കാനാവും. ബെംഗളൂരു ആസ്ഥാനമായുള്ള എച്ച്.എ.എൽ. 1940-ലാണ് സ്ഥാപിതമായത്. പ്രതിരോധ ആവശ്യങ്ങൾക്കുള്ള വിമാനങ്ങൾ 1942 മുതൽ കമ്പനി നിർമിക്കുന്നുണ്ട്.


അറിയുമോ ഈ ഉത്തരങ്ങൾ?

EASY ENGLISH

#  ലിബിൻ കെ. കുര്യൻ

വൈവിധ്യമേറിയ ഒട്ടേറെ സവിശേഷതകളാൽ സമ്പന്നമാണ് ഇംഗ്ലീഷ് ഭാഷ. ഇതിലെ പദാവലികളും വ്യാകരണനിയമങ്ങളുമായി ബന്ധപ്പെട്ട രസകരമായ ഏതാനും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഇത്തവണ ഈസി ഇംഗ്ലീഷിൽ

350-ൽ ഏറെ ഭാഷകളിൽനിന്നുള്ള വാക്കുകളും പ്രയോഗങ്ങളും കടമെടുത്താണ് നാം ഇന്ന് കേൾക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഇംഗ്ലീഷ് ഭാഷ ഉണ്ടായത്. ഈ ഭാഷയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾക്ക് ഉത്തരം
നൽകാൻ ശ്രമിച്ചുനോക്കൂ

  1.  Eyen, Coyen എന്നീ വാക്കുകൾ ഓൾഡ് ഇംഗ്ലീഷിൽ യഥാക്രമം ഇന്ന് നാം ഉപയോഗിക്കുന്ന ഏതെല്ലാം വാക്കുകളുടെ ബഹുവചന രൂപങ്ങൾ ആയിരുന്നു?
  2.  ഒരു ഭാഷ എങ്ങനെ എഴുതണം, അതിലെ വാക്കുകളുടെ ഉച്ചാരണം എങ്ങനെ ആയിരിക്കണം, ചിഹ്നങ്ങൾ എങ്ങനെ ഉപയോഗിക്കണം, വാക്കുകൾ എവിടെ മുറിക്കണം തുടങ്ങിയവയെക്കുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു?
  3.  രണ്ടു വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന വ്യക്തികൾ പരസ്പരം ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ലളിതവും താത്കാലികവുമായ ഭാഷ എങ്ങനെ അറിയപ്പെടുന്നു?
  4.  ഇംഗ്ലീഷ് ഭാഷയുടെ വളർച്ചയും വികാസവും പ്രമേയമായ രസകരമായ ഒരു ബി.ബി.സി. സീരീസ് 1986-ൽ ഇറങ്ങി. എന്താണ് അതിന്റെ പേര്?
  5.  രണ്ടോ അതിലധികമോ വാക്കുകളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് പുതിയ വാക്ക് ഉണ്ടാകുന്ന രീതിയെ Blending എന്നും അത്തരം പദങ്ങളെ Portmanteau words എന്നും പറയുന്നു. (Eg. Breakfast + lunch = Brunch) വലിയ വാക്കുകളെ പറയാനും എഴുതാനുമുള്ള സൗകര്യത്തിനു വേണ്ടി മുറിച്ച് ഉപയോഗിക്കുന്നതിനു പറയുന്ന പേരെന്ത്? (Eg. Advertisement– Ad)
  6. സ്വരാക്ഷരങ്ങൾ (a,e,i,o,u) ഉപയോഗിക്കാത്ത ഏറ്റവും ദൈർഘ്യമുള്ള വാക്ക് ഏത്?
  7. ഇംഗ്ലീഷിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന Almost എന്ന വാക്കിന് ഒരു പ്രത്യേകതയുണ്ട്. എന്താണത് എന്ന് കണ്ടുപിടിക്കാമോ?
  8. സുപരിചിതമായ ഒരു വാക്കാണല്ലോ delightful. എന്തെങ്കിലും പ്രത്യേകത ഈ വാക്കിലുണ്ടോ എന്ന് ശ്രദ്ധിക്കൂ.
  9. വലത്തോട്ടും ഇടത്തോട്ടും ഒരേ രീതിയിൽ വായിക്കാൻ കഴിയുന്ന വാക്കുകൾ (Eg. Madam, Malayalam etc.) ഏതു പേരിൽ അറിയപ്പെടുന്നു?
  10. ചില വസ്തുക്കളോ ജീവികളോ ഉണ്ടാക്കുന്ന ശബ്ദത്തിനു ആ ശബ്ദം ഉപയോഗിച്ച് തന്നെ പേരിടുന്നതിനെ (Eg. splash, tweet, roar etc.) എന്ത് പറയുന്നു?

ഉത്തരങ്ങൾ

1. Eyes, Cows
2. Orthography
3. Pidgin
4. The Story of English
5. Clipping
6. Rhythm
7. Almost- ലെ ആറക്ഷരങ്ങളും അക്ഷരമാലയിലെ പിന്തുടർച്ചാക്രമത്തിലാണ് വരുന്നത്.
8. Delightful എന്ന വാക്കിൽ d,e,f,g,h,i എന്നീ ആറക്ഷരങ്ങളും അടങ്ങിയിരിക്കുന്നു.
9. Palindrome
10. Onomatopoeia