# ഷിജു

 കോവാക്സിൽ ചൈനയുടെ സംഭാവന
:ചൈന വികസിപ്പിച്ച കോവിഡ് വാക്സിനുകളായ സിനോഫാം, സിനോവാക് എന്നിവ കോവാക്സ് പദ്ധതിയുടെ ഭാഗമായി നൽകാൻ ഉടമ്പടിയായി. ഒക്ടോബറോടെ 11 കോടി ഡോസുകൾ കൈമാറും. ലോകത്തെമ്പാടും വാക്സിൻ തുല്യമായി വിതരണം ചെയ്യുന്നതിനു വേണ്ടി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള പദ്ധതിയാണ് കോവാക്സ് (COVID-19 Vaccine Global Access). ഈ ലക്ഷ്യം മുൻനിർത്തി രൂപവത്കരിക്കപ്പെട്ട ഗവി-ദ വാക്സിൻ അലയൻസ് എന്ന സംഘടനയുമായി ചേർന്നാണ് ഇത് നടപ്പാക്കുന്നത്. 165 രാജ്യങ്ങൾ ഇതിൽ പങ്കാളികളാണ്. 2021 ജൂലായ് ആറു വരെ 10 കോടി ഡോസ് വാക്സിൻ ഇതുവഴി വിതരണം ചെയ്തിട്ടുണ്ട്.

 ഹരിതോർജത്തിന് മെഗാപാർക്ക്
:പൊതുമേഖലാ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (NTPC) ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ രാജ്യത്തെ ഏറ്റവും വലിയ സോളാർ പാർക്ക് സ്ഥാപിക്കുന്നു. 4.75 ഗിഗാവാട്ട് ശേഷിയുള്ളതാണ് പാർക്ക്. കേന്ദ്ര പാരമ്പര്യേതര ഊർജ മന്ത്രാലയത്തിന്റെ അൾട്രാ-മെഗാ റിന്യൂവബിൾ എനർജി പവർ പാർക്‌സ് (UMREPP) പദ്ധതിയുടെ ഭാഗമാണിത്. ഒരു ലക്ഷം കോടി (ഒരു ട്രില്യൻ) രൂപ ചെലവിട്ട്, വിവിധ പദ്ധതികളിലായി 2032-ഓടെ 130 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് NTPC ലക്ഷ്യമിടുന്നത്. ഇതിൽ 60 ഗിഗാവാട്ട് പുനരുപയോഗക്ഷമമായ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതിയായിരിക്കും.

 കോവിഡ് പോഷകാഹാരവും കവർന്നു
:ലോകത്തിന്റെ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളെയൊക്കെ കോവിഡ് മഹാമാരി തകർത്തുവെന്ന് ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷന്റെ (FAO) റിപ്പോർട്ട്. ആഗോള ഭക്ഷ്യസുരക്ഷ, പോഷണ റിപ്പോർട്ട്-2021 അനുസരിച്ച്, പോഷകഗുണമുള്ള ഭക്ഷണം ലഭിക്കാത്ത മനുഷ്യരുടെ എണ്ണം പോയവർഷം 14.1 കോടി കൂടി. വരുമാനമില്ലാതായതും ഭക്ഷ്യവസ്തുക്കൾക്ക് വിലകൂടിയതുമാണ് കാരണം. മതിയായ ഭക്ഷണം ലഭിക്കാത്ത 237 കോടി ജനങ്ങളാണ് ലോകത്തുള്ളത്. അതായത്, ലോകജനസംഖ്യയുടെ മൂന്നിലൊന്ന്. ആഗോളതലത്തിൽ 12 ശതമാനം പേർ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നു.

 ഗഗൻയാൻ ഒരുങ്ങുന്നു
:മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐ.എസ്.ആർ.ഒ.യുടെ ആദ്യ ദൗത്യമായ ഗഗൻയാൻ അതിന്റെ മറ്റൊരു പരീക്ഷണഘട്ടത്തിലേക്ക് കടന്നു. ജി. എസ്‌.എൽ.വി. മാർക്‌-3 (GSLV Mk III) റോക്കറ്റിന്റെ ദ്രവ-ഇന്ധന എൻജിന്റെ മൂന്നാം ടെസ്റ്റ് ജൂലായ് 15-നു നടന്നു. യാത്രക്കാരില്ലാത്ത രണ്ടു വിക്ഷേപണങ്ങൾക്കു ശേഷമാവും മൂന്ന് ബഹിരാകാശ യാത്രികരെയും വഹിച്ചുള്ള ഗഗൻയാന്റെ കുതിക്കൽ. തീയതികൾ പ്രഖ്യാപിച്ചിട്ടില്ല. യാത്രികർ അഞ്ച്‌-ഏഴ്‌ ദിവസം ബഹിരാകാശത്ത് തങ്ങും. വിക്ഷേപണം വിജയകരമായാൽ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

 ആദ്യത്തെ ധാന്യ എ.ടി.എം!
:ഇന്ത്യയിലെ ആദ്യത്തെ ‘ധാന്യ എ.ടി.എം.’(Grain ATM) ഹരിയാണയിലെ ഗുരുഗ്രാമിൽ പ്രവർത്തനം തുടങ്ങി. റേഷൻകടകളിൽ വരിനിൽക്കുന്നത് ഒഴിവാക്കാനുള്ള പദ്ധതിയുടെ തുടക്കമാണിത്. കൃത്യമായ അളവിൽ ധാന്യം ലഭിക്കാനും ഇത് സഹായിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യു.എന്നിന്റെ ആഗോള ഭക്ഷ്യപദ്ധതി (WFP) യുടെ ഭാഗമായുള്ള ഈ സംവിധാനത്തിന്റെ പേര് ‘ഓട്ടോമേറ്റഡ്, മൾട്ടി കമ്മോഡിറ്റി, ഗ്രെയിൻ ഡിസ്‌പെൻസിങ് മെഷീൻ’ എന്നാണ്.

 സ്‌പേസ് ടൂറിസത്തിന് തുടക്കമായി
:ബഹിരാകാശ വിനോദയാത്രായുഗത്തിന് തുടക്കംകുറിച്ച് ശതകോടീശ്വരനായ റിച്ചഡ് ബ്രാൻസനും സംഘവും ജൂലായ് 12-ന് ശൂന്യാകാശത്തിന്റെ അതിരുതൊട്ട് മടങ്ങിയെത്തി. ബ്രാൻസന്റെ ഉടമസ്ഥതയിലുള്ള വെർജിൻ ഗാലിക്ടിക് വാഹനത്തിൽ ഇന്ത്യൻ വംശജ സിരിഷ ബാൻഡ്‌ല ഉൾപ്പെടെ ആറുപേരാണുണ്ടായിരുന്നത്. യൂണിറ്റി 22 എന്നു പേരിട്ട പരീക്ഷണപ്പറക്കലിൽ ഭൂമിയിൽനിന്ന് 86 കിലോമീറ്റർ (53 മൈൽ) ഉയരത്തിലാണ് വെർജിൻ ഗാലിക്ടിക് എത്തിയത്. ഇതിനെ ബഹിരാകാശയാത്ര എന്നു വിളിക്കാനാവില്ലെന്ന വാദങ്ങളും ഉയർന്നിട്ടുണ്ട്. എന്തായാലും, സ്പേസ് ടൂറിസത്തിനൊരുങ്ങുന്ന, ഇലോൺ മസ്‌കിന്റെ സ്പേസ്എക്സിനും ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനും മുമ്പേ പറക്കാനായതിന്റെ അഭിമാനത്തിലാണ് റിച്ചഡ് ബ്രാൻസൻ.

കാർബൺ പുറന്തള്ളി ആമസോണും

:ആമസോൺ മഴക്കാടുകൾ ആഗിരണം ചെയ്യുന്നതിനെക്കാൾ കാർബൺ പുറന്തള്ളുന്നതായി പഠനം. ബ്രസീൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസർച്ചിലെ ഗവേഷകർ നാലു മേഖലകളിലായി നടത്തിയ പഠനത്തിൽ മൊത്തം 41 കോടി മെട്രിക് ടൺ കാർബൺ പ്രതിവർഷം ഇവിടെനിന്ന്‌ പുറന്തള്ളപ്പെടുന്നതായി തെളിഞ്ഞു. എന്നാൽ ആഗിരണം ചെയ്യപ്പെടുന്നതാകട്ടെ, 12 കോടി മെട്രിക് ടണ്ണും. വനനശീകരണവും കാട്ടുതീയും കാലാവസ്ഥാ വ്യതിയാനവുമാണ് കാരണമെന്ന് നാച്വർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. തെക്കേ അമേരിക്കയിലെ വിവിധ രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന ആമസോൺ വനമേഖലയുടെ വിസ്തീർണം 55 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്.


അഭിപ്രായങ്ങൾ പറയാം

EASY ENGLISH - 5

# ലിബിൻ കെ. കുര്യൻ

അനുദിന ജീവിതത്തിലെ ഭാഷാപ്രയോഗത്തിൽ നമ്മുടെ ഇഷ്ടങ്ങൾ, മുൻഗണനകൾ, അഭിപ്രായങ്ങൾ തുടങ്ങിയവ സൂചിപ്പിക്കേണ്ടിവരുന്ന ചില സന്ദർഭങ്ങൾ
ഉണ്ടായേക്കാം. ഇംഗ്ലീഷിൽ അവ വിവിധ രീതിയിൽ പ്രകടിപ്പിക്കാൻ സാധിക്കും. അതേക്കുറിച്ചാണ് ഇന്നത്തെ ഈസി ഇംഗ്ലീഷിൽ

1. Would you like to + (verb): നമ്മൾ ചെയ്യാൻ/ഏർപ്പെടാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു പ്രവർത്തനത്തെ സൂചിപ്പിക്കാൻ ഈ പ്രയോഗം ഉപകരിക്കുന്നു.
Eg:     A: Would you like to watch a movie?
         B: No, I would like to listen to a song.
         A: Would you like to have a cup of tea?
         B: That’s a good idea.
2. Would you mind + ing form of verb: മുകളിൽ സൂചിപ്പിച്ച കാര്യം ഘടനാപരമായ ചെറിയൊരു വ്യത്യാസത്തോടെ  മറ്റൊരു തരത്തിലും പറയാം. ഒരു കാര്യം ചെയ്യുന്നതിൽ താങ്കൾക്ക് വിരോധമുണ്ടോ എന്നാണ് ഈ പ്രയോഗത്തിലൂടെ വിവക്ഷിക്കുന്നത്.
Eg:     A: Would you mind watching a movie?
         B: No, I don’t mind it; do you like action movies?
         A: No, comedy is my cup of tea.
3. Prefer (something) to (something else): ഒന്നിനെക്കാൾ മറ്റൊന്ന് ഇഷ്ടപ്പെടുന്നു എന്ന സൂചനയാണ് ഈ പ്രയോഗം നൽകുന്നത്. ചില സന്ദർഭങ്ങളിൽ ‘to’ ഉപയോഗിക്കുന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
Eg:    Amal prefers football to cricket.
        Dilna prefers reading books to watching movies.
        They prefer travel by bus rather than walk.
4. Would rather + (verb) or would rather + verb + than + verb: ഇഷ്ടപ്പെടുന്ന കാര്യം ഇതാണ് അല്ലെങ്കിൽ ഒരു കാര്യത്തെക്കാൾ മുൻഗണന കൊടുക്കുന്നത് മറ്റൊന്നിനാണ് എന്ന സൂചന ഈ പ്രയോഗം നൽകുന്നു. Would എന്നതിന് പകരം had ഉപയോഗിക്കാറുണ്ട്.
Eg:     She would rather take rest.
         Shabir would rather go home than stay out too late.
         I had rather not see him.
5. Had better + (verb): ഇക്കാര്യം ചെയ്യുന്നതാണ് നല്ലത് എന്ന നിർദേശം നൽകാൻ/അഭിപ്രായം പ്രകടിപ്പിക്കാൻ ഈ പ്രയോഗം സഹായിക്കുന്നു.
Eg:   It’s getting dark. We had better go back now.
       His health is deteriorating. He had better quit smoking.
       My car is not in good condition. You had better put off your purchase.
       The message is strictly confidential. You had better not tell anybody.
6. Do you like:  മറ്റൊരാളുടെ അഭിരുചി/ മുൻഗണന സംബന്ധിച്ച അന്വേഷണം ആണ് ഈ പ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത്.
Eg:     A: Do you like playing video games?
         B: Yes, I do.
7.  Do you want me to + (verb): മറ്റൊരാൾക്കു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ/സഹായിക്കേണ്ടതുണ്ടോ തുടങ്ങിയ ഉപചാരപൂർവമുള്ള അന്വേഷണങ്ങൾക്ക് ഈ പ്രയോഗം ഉപകരിക്കുന്നു.
Eg:    A: Do you want me to hold your bag?
        B: No, thanks. But I want you to carry my wallet.
8. How about/what about: ഒരു കാര്യംചെയ്താൽ എന്ത്/എങ്ങനെ എന്ന അഭിപ്രായം തേടുന്ന പ്രയോഗമാണ് ഇത്.
Eg:   A: How about starting a YouTube channel?
       B: Nice, how about I sing certain cover versions for that?
       A: Great, we’ll do it. By the way I am thirsty now.
        B: What about a pineapple juice?
        A: Yes, please.


ചാന്ദ്രദിനം എന്ന്?

:ചാന്ദ്രദിനം ജൂലായ് 20-നാണോ 21-നാണോ എന്നത് പലരുടെയും സംശയമാണ്. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ദൗത്യമായിരുന്നു ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ ആദ്യ യാത്ര. അവരുടെ രേഖകൾ പ്രകാരം ജൂലായ് 20-ന് രാത്രിയാണ് യാത്രികരെയും വഹിച്ചുകൊണ്ട് അപ്പോളോ പേടകം ചന്ദ്രനിൽ എത്തിയത്. അമേരിക്കയിൽ ജൂലായ് 20 രാത്രി എന്നത് ഇന്ത്യയിൽ ജൂലായ് 21 ആയതിനാലാണ് ഇത്തരമൊരു സംശയം പലരിലും ഉണ്ടാകുന്നത്.