ആലിംഗനം എന്നാൽ,  കെട്ടിപ്പുണരുക. ഇത് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും ഊഷ്മളമായ പ്രകാശനമാണ്.
എന്നാൽ, ധൃതരാഷ്ട്രാലിംഗനം അങ്ങനെയല്ല. ഉള്ളിൽ ദേഷ്യവും വൈരവും വെച്ച്, പുറമേ സ്നേഹം ഭാവിച്ച് അപരനെ തന്റെ കൈക്കുള്ളിലാക്കി നശിപ്പിച്ചുകളയുന്നതിനെയാണ് ധൃതരാഷ്ട്രാലിംഗനം എന്നുപറയുക. മഹാഭാരതത്തിൽ നിന്നാണ് ഈ പ്രയോഗത്തിന്റെ വരവ്.

ധൃതരാഷ്ട്രർ ഹസ്തിനപുരത്തിന്റെ രാജാവായിരുന്നു. ജന്മനാ അന്ധനായിരുന്നു അദ്ദേഹം. പക്ഷേ, അപാരമായ കരുത്തിനുടമയാണ്. പതിനായിരം ആനകളുടെ ശക്തി എന്നാണ് ഇതി ഹാസത്തിൽ അദ്ദേഹത്തെ വർണിക്കുന്നത്. കണ്ണുണ്ടായിരുന്നെങ്കിൽ മഹാശക്തിമാനായ ഭീമനെയും തോൽപ്പിക്കും.

ധൃതരാഷ്ട്രരുടെ പുത്രന്മാരാണ് കൗരവർ (നൂറ്റിയൊന്ന് പേർ). അദ്ദേഹത്തിന്റെ അനുജന്റെ മക്കൾ പാണ്ഡവർ. അർജുനനും ഭീമനുമടങ്ങുന്ന വീരയോദ്ധാക്കൾ പഞ്ചപാണ്ഡവരിലാണ്. രാജ്യാവകാശത്തെക്കുറിച്ചുള്ള തർക്കത്തെ തുടർന്ന് ജ്യേഷ്ഠാനുജന്മാരായ കൗരവരും പാണ്ഡവരും തമ്മിൽ ഘോരയുദ്ധം നടന്നു. അതാണ് കുരുക്ഷേത്രയുദ്ധം. ധൃതരാഷ്ട്രരുടെ നൂറ്റൊന്ന് മക്കളെയും പാണ്ഡവർ വധിച്ചു. അദ്ദേഹത്തിന്റെ മൂത്തമകനായ ദുര്യോധനനെയടക്കം കൂടുതൽ പേരെ ഇല്ലായ്മ ചെയ്തത് ഭീമസേനനായിരുന്നു. യുദ്ധം അവസാനിച്ച് രാജ്യാവകാശം നേടിയ പാണ്ഡവർ കുറ്റബോധത്തോടെയും പശ്ചാത്താപത്തോടെയും വലിയച്ഛനായ ധൃതരാഷ്ട്രരെ പോയികണ്ടു. ശ്രീകൃഷ്ണനുമുണ്ടായിരുന്നു അവർക്ക് കൂട്ട്.

എല്ലാ മക്കളെയും നഷ്ടപ്പെട്ട് സമനില തെറ്റിയ ധൃതരാഷ്ട്രർക്ക് ആ വേളയിൽ പാണ്ഡവരിൽ ഒരാളെയെങ്കിലും വധിക്കണമെന്ന കലശലായ പ്രതികാരചിന്ത ഉടലെടുത്തു. ഏറ്റവും കരുത്തനായ ഭീമനെത്തന്നെ വധിച്ചുകളയാം എന്നദ്ദേഹം തീരുമാനിച്ചു. പക്ഷേ, നേരിട്ട് യുദ്ധംചെയ്യുക വയ്യ! സ്നേഹപൂർവം ആലിംഗനം ചെയ്യാനെന്ന ഭാവത്തിൽ കൈകൾക്കുള്ളിലാക്കി ഞെരിച്ചു കൊല്ലാമെന്ന് ധൃതരാഷ്ട്രർ കണക്കുകൂട്ടി. അത്രമാത്രം ശക്തി അദ്ദേഹത്തിനുണ്ടല്ലോ. ധൃതരാഷ്ട്രർ അന്ധനായതുകൊണ്ട് പാണ്ഡവർ ഓരോരുത്തരും സ്വയം പേരുപറഞ്ഞ് പരിചയപ്പെടുത്തി വലിയച്ഛനെ പുണർന്ന് കാൽതൊട്ട് വണങ്ങി. ധൃതരാഷ്ട്രരുടെ ദുഷ്ടലാക്ക് മനസ്സിലാക്കിയ ഭഗവാൻ ശ്രീകൃഷ്ണൻ ഭീമന്റെ ഊഴമെത്തിയപ്പോൾ ദുര്യോധനൻ ആയുധ പരിശീലനത്തിനായി ഉപയോഗിച്ചിരുന്ന വലിയൊരു ഇരുമ്പുപ്രതിമ ഭീമനാണെന്ന വ്യാജേന ധൃതരാഷ്ട്രരുടെ അടുത്തേക്ക് നീക്കിവെച്ചു. ശാന്തനായി, സ്നേഹപൂർവം ആലിംഗനംചെയ്ത ധൃതരാഷ്ട്രർ മുഴുവൻ തന്റെ കരവലയത്തിലായപ്പോൾ പ്രതിമയെ ഞെരിച്ച് പൊടിച്ചുകളഞ്ഞു. കുറെ നേരത്തേക്ക് ഭീമൻ മരിച്ചു എന്നു കരുതി അദ്ദേഹം സന്തോഷിക്കുകയും ചെയ്തു. അതായത് ദുരുദ്ദേശ്യത്തോടുകൂടി സ്നേഹം നടിച്ച് വശത്താക്കി ഒന്നിനെ ഇല്ലാതാക്കുക. അതാണ് ധൃതരാഷ്ട്രാലിംഗനം.

തയ്യാറാക്കിയത്: പ്രദീപ്  പേരശ്ശനൂർ