പൂർണ മലാവത്. ഈ പേര് കൂട്ടുകാർ കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് പർവതം കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയുടെ പേരാണത്. എവറസ്റ്റിന് മുകളിൽ എത്തുമ്പോൾ ആ ഒമ്പതാംക്ലാസുകാരിക്ക്  13 വയസ്സും 11 മാസവും മാത്രം. ആ കുട്ടിയുടെ സാഹസിക ജീവിതകഥ പറയുന്ന പൂർണ എന്ന പുസ്തകമാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. 

തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ പകാല ഗ്രാമത്തിൽ തോട്ടം തൊഴിലാളികളുടെ മകളായി പിറന്ന ഒരു സാധാരണ സ്കൂൾകുട്ടിയുടെ വിജയകഥയാണിത്. കൂട്ടുകാരിൽ ഒരാളെപ്പോലെ സ്കൂളിൽ കളിച്ചുനടന്നിരുന്ന പൂർണ പർവതാരോഹണം എന്ന സാഹസികതയിലേക്ക് എത്തിപ്പെടുന്ന രസകരവും എന്നാൽ, യഥാർഥവുമായ കഥ. തഡ് വായിലെ സാമൂഹികക്ഷേമ ബോർഡ് സ്കൂളിലേക്ക് ആറാംക്ലാസിൽ പഠിക്കാൻ എത്തിയതോടെയാണ് പൂർണ എന്ന കുട്ടിയുടെ സാഹസികതയുടെ കഥ തുടങ്ങുന്നത്. ചെറുപ്പത്തിൽ ഗ്രാമത്തിലെ കുന്നുകൾ ആവേശത്തോടെ കയറിയിരുന്ന അവളിൽ അന്നേ സാഹസികതയുടെ അംശമുണ്ടായിരുന്നു. 

നിരക്ഷരരരായ അച്ഛനും അമ്മയും മക്കളുടെ പഠനത്തിനും മറ്റ് ആഗ്രഹങ്ങൾക്കും താങ്ങുനൽകുകയും ചെയ്തു.  കൂടുതൽ പഠിക്കാനായി ഗ്രാമത്തിൽ സ്കൂൾ ഇല്ലാത്തതിനാലാണ് പൂർണയെ തഡ് വായിലെ ബോർഡിങ് സ്കൂളിൽ ഹോസ്റ്റലിൽ ചേർത്ത് പഠിപ്പിക്കാൻ തീരുമാനിച്ചത്. 

അവിടെവെച്ചുതന്ന നല്ല വോളിബോൾ കളിക്കാരിയായി പൂർണ മാറി. മരംകയറാനും ഉയരങ്ങളിൽ അള്ളിപ്പിടിച്ചുകയറാനുമെല്ലാമുള്ള അവളുടെ കഴിവു തിരിച്ചറിഞ്ഞ സ്വപ്ന എന്ന കായികാധ്യാപികയാണ് മലകയറ്റം പഠിപ്പിക്കുന്ന ക്യാമ്പിലേക്ക് അവളെ നിർബന്ധിച്ച് പറഞ്ഞയച്ചത്. അവിടുന്നങ്ങോട്ടാണ് പൂർണയുടെ ജീവിതത്തിന് പുതിയ വഴി തെളിയുന്നത്. 2014 മേയ് 25-ന് എവറസ്റ്റ് കീഴടക്കി ലോക റെക്കോ‍ഡ് സ്വന്തമാക്കിയതിലും പൂർണയുടെ മലകയറ്റം അവസാനിച്ചില്ല. ഏഴു ഭൂഖണ്ഡങ്ങളിലെയും ഏഴ് വലിയ കൊടുമുടികൾ അവൾ ലക്ഷ്യംവെച്ചു. അതിൽ അഞ്ചെണ്ണം ലക്ഷ്യം കണ്ടു. ഇനി രണ്ടെണ്ണം മാത്രമാണ് പൂർണയ്ക്ക്‌ മുമ്പിലുള്ളത്. എഴുത്തുകാരിയും കവിയുമായ അപർണ തോത്തയാണ് പൂർണ എന്ന പുസ്തകം എഴുതിയിരിക്കുന്നത്. രശ്മി കിട്ടപ്പ അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നു. 

തയ്യാറാക്കിയത്:  അഞ്ജന ശശി