എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്നു കരുതിയ തങ്ങളുടെ പ്രിയപ്പെട്ട രാജ്ഞിയുടെ തിരുശേഷിപ്പ് നാല്‌ നൂറ്റാണ്ടിനുശേഷം തിരികെക്കിട്ടിയ സന്തോഷത്തിലാണ് ജോർജിയയിലെ ജനങ്ങൾ. ആ സന്തോഷം തിരികെ നൽകിയതാകട്ടെ നമ്മുടെ ഇന്ത്യയും. ജോർജിയയിലെ കഖേതി പ്രവിശ്യയുടെ മുൻ ഭരണാധികാരിയായ വിശുദ്ധ കെറ്റവൻ രാജ്ഞിയുടെ തിരുശേഷിപ്പിന്റെ ഭാഗമാണ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ജോർജിയൻ ഭരണകൂടത്തിന് കൈമാറിയത്.

ആരായിരുന്നു കെറ്റവൻ രാജ്ഞി

ജോർജിയയുടെ കിഴക്കൻ പ്രവിശ്യയായ കഖേതിയിൽ അതേ പേരുള്ള സാമ്രാജ്യത്തിൽ 1605 മുതൽ 1614 വരെ റീജന്റ് ഭരണാധികാരിയായിരുന്നു കെറ്റവൻ രാജ്ഞി. ഇസ്‌ലാമിക സാമ്രാജ്യങ്ങളായ ഓട്ടോമൻ സാമ്രാജ്യത്തിനും ( ഇന്നത്തെ തുർക്കി) സഫാവിദ് സാമ്രാജ്യത്തിനും (ഇന്നത്തെ ഇറാൻ) ഇടയിലായിരുന്നു കഖേതിയുടെ സ്ഥാനം.
1560-ൽ ജോർജിയയിലെ ബഗ്രാടിയോണി രാജകുടുംബത്തിൽ ജനിച്ച കെറ്റവൻ കഖേതി കിരീടാവകാശിയായ ഡേവിഡിനെ വിവാഹം ചെയ്തു. ചെറുസാമ്രാജ്യങ്ങൾ തങ്ങളുടെ സുരക്ഷയെക്കരുതി രാജകുടുംബത്തിലെ അംഗങ്ങളിൽ ചിലരെ അടിമകളായി കൈമാറുന്ന രീതിയനുസരിച്ച് സഫാവിജ് ചക്രവർത്തി ഷാ അബ്ബാസിന്റെ രാജകീയ കോടതിയിലേക്ക് ഡേവിഡിന്റെ സഹോദരങ്ങളിലൊരാളായ കോൺസ്റ്റന്റൈൻ ബന്ദിയായി പോകുകയും അവിടെനിന്ന് ഇസ്‌ലാംമതം സ്വീകരിക്കുകയും ചെയ്തിരുന്നു.

 ഡേവിഡ് പിന്നീട് കഖേതിയുടെ രാജാവായി. എന്നാൽ, 1602-ൽ ഡേവിഡ് പെട്ടെന്ന് മരിച്ചതോടെയാണ് കെറ്റവൻ രാജ്ഞിയുടെ ദുരന്തങ്ങൾക്ക് തുടക്കമാകുന്നത്. ഡേവിഡിന്റെ വിയോഗത്തോടെ അദ്ദേഹത്തിന്റെ പിതാവ് അലക്സാണ്ടർ രണ്ടാമൻതന്നെ വീണ്ടും രാജാവായി. എന്നാൽ, കഖേതിയുടെ അധികാരം പിടിച്ചെടുക്കാൻ തക്കംപാർത്തിരിക്കുകയായിരുന്നു ഷാ അബ്ബാസ് ഒന്നാമൻ. പിതാവിനെയും മറ്റ് സഹോദരങ്ങളെയും കൊന്ന് അധികാരം പിടിക്കാൻ നിർദേശം നൽകി കോൺസ്റ്റന്റൈനെ കഖേതിയിലേക്കയച്ചു. കഖേതിയിലെത്തിയ കോൺസ്റ്റന്റൈൻ തന്നെ വിവാഹം ചെയ്യണമെന്ന് കെറ്റവനോട് ആവശ്യപ്പെട്ടത് കഖേതിയിലെ പ്രഭുക്കന്മാരെ ചൊടിപ്പിച്ചു. കോൺസ്റ്റന്റൈനിന്റെ വധത്തിലാണ് ഇത് കലാശിച്ചത്. ഡേവിഡിന്റെയും കെറ്റവന്റെയും മകനായ തൈമുറാസിനെ കഖേതി ഭരണാധികാരിയായി അംഗീകരിക്കാൻ പ്രഭുക്കൾ ഷാ അബ്ബാസിനോടാവശ്യപ്പെട്ടു. 1614-ലായിരുന്നു ഇത്. തൈമുറാസിനെ രാജാവായി അംഗീകരിച്ചതിനു പകരം അമ്മ കെറ്റവനെയും തന്റെ രണ്ടുമക്കളെയും സഫാവിജ് കോടതിയിലേക്ക് ബന്ദികളായി അയക്കണമെന്നായിരുന്നു ഷാ അബ്ബാസിന്റെ നിർബന്ധം. തൈമുറാസിന് ഇതനുസരിക്കേണ്ടി വന്നു. സഫാവിജിലെത്തിയയുടൻ തൈമുറാസിന്റെ മക്കളായ അലക്സാണ്ടർ, ലെവൻ എന്നിവർ വധിക്കപ്പെട്ടു. കെറ്റവൻ രാജ്ഞിയെ തടങ്കലിൽ പാർപ്പിച്ചു. സഫാവിജ്‌ സാമ്രാജ്യത്തിനെതിരേ തൈമുറാസ് റഷ്യയിലെ സാർ ചക്രവർത്തിയുടെ സഹായം തേടുന്നെന്ന വിവരം പടർന്നതോടെ കെറ്റവനെ മതംമാറ്റി പ്രതികാരം ചെയ്യാനായിരുന്നു ഷായുടെ തീരുമാനം. ഈ ആവശ്യം കെറ്റവൻ നിരാകരിച്ചതിൽ ക്ഷുഭിതനായ ഷാ അബ്ബാസ് ഒന്നാമൻ കെറ്റവൻ രാജ്ഞിയെ പരസ്യമായി വധിക്കാൻ ഉത്തരവിട്ടു. 1624 സെപ്റ്റംബർ 22-ന് പഴുപ്പിച്ച ചവണകൊണ്ട് ശരീരഭാഗങ്ങൾ പിഴുതെടുത്ത് അതിക്രൂരമായാണ് കെറ്റവനെ വധിച്ചത്. 

വിശുദ്ധയായത്

കെറ്റവന്റെ മരണശേഷം ജോർജിയയിലെ ഓർത്തഡോക്സ് സഭ അവരെ വിശുദ്ധയായി പ്രഖ്യാപിച്ചു. നിർബന്ധിത മതപരിവർത്തനത്തെ ധീരയായി എതിർത്ത്‌ ക്രൂരമായ മരണമേറ്റുവാങ്ങിയതിനാലായിരുന്നു ഇത്.

തിരുശേഷിപ്പ് ഇന്ത്യയിൽ

ഇറാനിലെ ഷിരാസിലാണ് രാഞ്ജിയുടെ മൃതശരീരം അടക്കംചെയ്തത്. കെറ്റവനെ വധിക്കുന്നതിന് സാക്ഷികളായ പോർച്ചുഗീസ് അഗസ്തീനിയൻ സന്ന്യാസിമാരായ അംബ്രോസിയോയും മാനുവലും അവിടെനിന്ന് രാജ്ഞിയുടെ മൃതശരീരം കടത്തുകയും 1627 വരെ ഭൗതികാവശിഷ്ടം ഇറാനിൽത്തന്നെ രഹസ്യമായി സൂക്ഷിക്കുകയും ചെയ്തിരുന്നു. ഭൗതികാവശിഷ്ടങ്ങളുടെ ഒരുഭാഗം പിന്നീട് തൈമുറാസിന് കൈമാറി. മറ്റൊരു ഭാഗം ഗോവയിലെത്തിച്ചു. തൈമുറാസിന് കൈമാറിയ ഭാഗം ജോർജിയയിലെ അൽവേർദി ദേവാലയത്തിൽ കബറടക്കിയെങ്കിലും ശത്രുക്കൾ നശിപ്പിക്കുമെന്ന സൂചന ലഭിച്ചതോടെ അവിടെനിന്ന് മാറ്റിസ്ഥാപിക്കാൻ കൊണ്ടുപോകുന്നതിനിടെ അർഗാവി നദിയിൽ നഷ്ടപ്പെട്ടു. 

രേഖകൾ പ്രകാരം അവശേഷിക്കുന്ന ഭാഗം ഇന്ത്യയിലുണ്ടെന്ന് മനസ്സിലാക്കിയ ജോർജിയ ഇന്ത്യയെ സമീപിച്ചു. 1989 മുതൽ നീണ്ടകാലത്തെ പഠനങ്ങൾക്കും പരിശോധനകൾക്കുമൊടുവിൽ ഗോവയിലെ സെയ്ന്റ് അഗസ്റ്റിൻ കോൺവെന്റിൽനിന്ന് 2005-ൽ കെറ്റവൻ രാജ്ഞിയുടെ തിരുശേഷിപ്പുകൾ കണ്ടെത്തി. 2017-ൽ ജോർജിയയിൽ ആറ്‌ മാസത്തെ പ്രദർശനത്തിനായി തിരുശേഷിപ്പ് ഇന്ത്യ കൈമാറിയിരുന്നു. പിന്നീട് ജോർജിയയുടെ നിരന്തര അഭ്യർഥന പ്രകാരം തിരുശേഷിപ്പ് അവർക്കുതന്നെ കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തു.

തയ്യാറാക്കിയത്: കൃഷ്ണപ്രിയ ടി. ജോണി