മൈതാനത്തിലെ വിജയാരവങ്ങൾ
കോപ്പ അമേരിക്ക ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ബ്രസീലിനെ തോൽപ്പിച്ച് അർജ ന്റീനയും യൂറോകപ്പിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇറ്റലിയും കപ്പുയർത്തി. വിംബിൾഡൺ ടെന്നീസ് പുരുഷവിഭാഗം ഫൈനലിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഇറ്റലിയുടെ മാത്തിയോ ബരെറ്റീനിയെ തോൽപ്പിച്ചു. ജോക്കോയുടെ ആറാമത്തെ വിംബിൾഡണും 20-ാമത്തെ ഗ്രാൻഡ്സ്ലാം കിരീടവുമാണിത്. ജൂലായ് 10-നു നടന്ന വനിതാ വിഭാഗം ഫൈനലിൽ ഓസ്‌ട്രേലിയൻ താരം ആഷ്ലി ബാർട്ടി ചെക്ക് താരം കരോലിന പ്ലിസ്‌കോവയെ പരാജയപ്പെടുത്തിയിരുന്നു. വിംബിൾഡൺ നേടുന്ന ആദ്യ ഓസ്‌ട്രേലിയക്കാരിയാണ് ബാർട്ടി.

പാണ്ഡകൾക്ക് ഭീഷണിയില്ല
ചൈനീസ് ഭീമൻ പാണ്ഡ ചൈനയിൽ ഇനി വംശനാശഭീഷണി നേരിടുന്ന മൃഗമല്ല. അതേസമയം, ‘കരുതൽവേണ്ട’ മൃഗങ്ങളുടെ പട്ടികയിലാണുതാനും. ചൈനീസ് സർക്കാർ നടത്തിയ സംരക്ഷണ പ്രവർത്തനങ്ങളുടെ ഫലമായി പാണ്ഡകളുടെ എണ്ണം ഉയർന്നതിനെ തുടർന്നാണ് പട്ടികമാറ്റം. കരടി വർഗത്തിൽ പെടുന്ന ഭീമൻ പാണ്ഡകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞപ്പോഴാണ് ഇവയെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ പെടുത്തിയത്. ഇന്റർനാഷണൽ യൂണിയൻ ഓഫ് കൺസർവേഷൻ ഓഫ് നാച്വർ (IUCN) 2016-ൽ തന്നെ ഇവയെ റെഡ്‌ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിരുന്നു.

‘വിദ്യ ബാലൻ ഫയറിങ് റേഞ്ച്’
കശ്മീരിലെ ഗുൽമാർഗ് ഫയറിങ് റേഞ്ചിന് ഇന്ത്യൻ കരസേന ‘വിദ്യ ബാലൻ ഫയറിങ് റേഞ്ച്’ എന്നു പേരു നൽകി. പ്രമുഖ ചലച്ചിത്രനടി വിദ്യ ബാലനെ ആദരിക്കുന്നതിനാണ് ഈ നാമകരണം. മലയാളിയായ വിദ്യ 2005 മുതൽ ബോളിവുഡിലെ ശ്രദ്ധേയ അഭിനേതാവാണ്. 2011-ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ വിദ്യയെ 2014-ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.

കേന്ദ്രത്തിൽ ഇനി സഹകരണവും
കേന്ദ്രസർക്കാരിൽ സഹകരണമന്ത്രാലയം സ്ഥാപിക്കപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കാണ് സഹകരണ വകുപ്പിന്റെ ആദ്യ ചുമതല. നിലവിലുള്ള ചിലരെ മാറ്റിയും 36 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തിയും കേന്ദ്ര മന്ത്രിസഭ അഴിച്ചുപണിത വേളയിലാണ് സഹകരണവകുപ്പ് പുതുതായി ഉൾപ്പെടുത്തിയത്. 15 കാബിനറ്റ് മന്ത്രിമാരും 28 സഹമന്ത്രിമാരുമാണ് ജൂലായ് ഏഴിന് അധികാരമേറ്റത്. ഇതോടെ മോദി മന്ത്രിസഭയിലെ മൊത്തം മന്ത്രിമാരുടെ എണ്ണം (പ്രധാനമന്ത്രി ഉൾപ്പെടെ) 78 ആയി ഉയർന്നു.

റിയുഗുവിനെ പഠിക്കാൻ തുടങ്ങി
ഛിന്നഗ്രഹമായ (ആസ്‌ട്രോയ്ഡ്) റിയുഗു (162173 Ryugu) വിന്റെ ആദ്യ സാംപിൾ ജപ്പാൻ എയ്‌റോസ്‌പേസ് എക്സ്‌പ്ലൊറേഷൻ ഏജൻസി (JAXA) അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയ്ക്ക് കൈമാറി. ജപ്പാന്റെ ഹയാബുസ2 എന്ന ബഹിരാകാശ വാഹനം 2020 ഡിസംബറിൽ ഭൂമിയിലെത്തിച്ച ഛിന്നഗ്രഹ ഭാഗങ്ങൾ പ്രാഥമിക പരിശോധനകൾക്കായാണ് നാസയ്ക്ക് കൈമാറിയത്. സൗരയൂഥത്തിന്റെ ജനനവും ജീവന്റെ ഉത്‌പത്തിയും പഠിക്കുന്നതിന്റെ ഭാഗമായാണ് ഈ ഗവേഷണം. 1999-ലാണ് വജ്രാകൃതിയുള്ള റിയുഗുവിനെ ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

അക്ഷരമുറപ്പിക്കാൻ ‘നിപുൺ’
കുട്ടികളെ അക്ഷരവും അക്കങ്ങളും പഠിപ്പിക്കുന്നത് മെച്ചപ്പെടുത്താൻ പുതിയ പദ്ധതി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു. നിപുൺ (National Initiative in reading with Understanding and Numeracy- NIPUN) എന്നാണ് പദ്ധതിയുടെ പേര്. മൂന്നാം ക്ലാസിലെത്തുന്നതോടെ കുട്ടികൾക്ക് എഴുത്ത്, വായന, സംഖ്യാവബോധം എന്നിവയിൽ അത്യാവശ്യംവേണ്ട അറിവ് ഉറപ്പാക്കുകയാണ് ലക്ഷ്യം.  

സുസ്ഥിരവികസനം: ലക്ഷ്യം അകലെ
ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് എത്താനുള്ള ദൂരം കൂടുകയാണെന്ന് 2021-ലെ റിപ്പോർട്ട്. 2030-ൽ കൈവരിക്കാനുദ്ദേശിക്കുന്ന 17 ലക്ഷ്യങ്ങളിൽ പലതിലും രാജ്യങ്ങൾ പുരോഗമിക്കുന്നില്ലെന്നാണ് സൂചന. 2020-ൽ ബാലവേല 16 കോടി വർധിച്ചു. ലോകത്ത് 370 കോടി ജനങ്ങൾ ‘ഓൺലൈനി’നു പുറത്താണ്. ആരോഗ്യമേഖലയെ കോവിഡ് വലിയതോതിൽ പിന്നോട്ടടിച്ചു.