പേരിന്റെ പിറവിക്കുപിന്നിൽ
: ഞായറിന്റെ വേളയാണ് ഞാറ്റുവേലയായി മാറിയത്. ഞായറെന്നാൽ സൂര്യൻ. ‘ഞായർവേള’ എന്നതാണ് ഞായറ്റുവേളയും ഞാറ്റുവേലയുമായി തീർന്നത്. ഞാറ്റുനില, ഞാറ്റില, ഞായിറ്റുവേല എന്നുമൊക്കെ പ്രാദേശികമായി പല പേരുകളിൽ അറിയപ്പെടുന്നു. സൂര്യന്റെ സമയമെന്നോ ദിശയെന്നോ ഒക്കെ വാക്യാ൪ഥം വരുന്നുവെങ്കിലും ഒരുവർഷം ലഭിക്കുന്ന മഴയുടെ വിതരണത്തെയും സസ്യങ്ങളുടെ വളർച്ചയെയും സാമ്പ്രദായിക കൃഷി അനുഭവ പരിജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേല കൾ കുറിച്ചിട്ടുള്ളത്.

ഞാറ്റുവേലയുടെ ശാസ്ത്രം
: രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നുപോകാൻ സൂര്യനു വേണ്ട കാലയളവാണ് ഒരു ഞാറ്റുവേല. അതായത് മേടം മുതൽ മീനം വരെയുള്ള 12 രാശികളിൽ സൂര്യൻ സഞ്ചരിക്കുമ്പോൾആകെയുള്ള ഞാറ്റുവേലകൾക്ക് 27 നാളുകളുടെ (നക്ഷത്രങ്ങളുടെ) പേരാണ് നൽകിയിരിക്കുന്നത്. അശ്വതി, ഭരണി, കാർത്തിക, തുടങ്ങി രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽസൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെയാണോ നിൽക്കുന്നത് ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല അറിയപ്പെടുന്നു. തിരുവാതിര ഞാറ്റുവേല എന്നു പറഞ്ഞാൽ സൂര്യൻ തിരുവാതിര നക്ഷത്രത്തോടൊപ്പം എന്നർഥം. ശരാശരി പതിമൂന്നരദിവസമാണ് ഒരു ഞാറ്റുവേലയുടെ ദൈർഘ്യം. എന്നാൽ, തിരുവാതിര ഞാറ്റുവേലക്ക് ഇത് പതിനഞ്ചു ദിവസവും. സൂര്യ൯ ഒരു നക്ഷത്രത്തിൽനിന്ന് മറ്റൊന്നിലേക്ക് മാറുന്നതിനെ ഞാറ്റുവേല പകർച്ച എന്നുപറയുന്നു.

 കാർഷിക ചക്രത്തിന്റെ ആധാരം
: ജ്യോതിശ്ശാസ്ത്രത്തിലും കാലാവസ്ഥാശാസ്ത്ര ത്തിലും പരിചയത്തിലും ഊന്നി ഒരു വർഷം ലഭിക്കുന്ന മഴയുടെ വിതരണത്തെ ശാസ്ത്രീയമായി നി൪ണയിച്ചതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നമ്മുടെ ഞാറ്റുവേല സങ്കല്പം.
ആദ്യ ഞാറ്റുവേലയായ അശ്വതി ഏപ്രിൽ പകുതിയോടെ തുടങ്ങും. അപ്പോൾ പുതുമഴ പെയ്ത് മണ്ണ് ആവശ്യത്തിന് ഈ൪പ്പവുമായി വിത്തിനെ മുളപ്പിക്കാ൯ തയ്യാറെടുത്തിരിക്കും. ഭരണി ഞാറ്റുവേല കരനെൽക്കൃഷിക്ക് അനുയോജ്യം . രണ്ട് രാശികളിലായി വരുന്ന കാ൪ത്തികഞാറ്റുവേലയിൽ പൊതുവേ അധികമഴ ലഭിക്കാറില്ല. രോഹിണി ഞാറ്റുവേലയോടെ കാലവർഷം വന്നു ചേരും. രോഹിണിക്ക് അപ്പുറം അധിക വിത വേണ്ടെന്ന് പറയും. മകീര്യം മദിച്ചുപെയ്യുമെന്നും പുണർതത്തിൽ പുകഞ്ഞ മഴയെന്നും സങ്കല്പം. പൂഴി തെറിപ്പിക്കുന്നയത്രയും വലിയ മഴയായിരിക്കുമതെന്ന് അർഥം.

തിരുവാതിര ഞാറ്റുവേല
: ആണ്ടുമുഴുവ൯ ഞാറ്റുവേലയുണ്ടെങ്കിലും മലയാളി നെഞ്ചോടു ചേ൪ത്തുവെച്ച ഒന്നാണ് 27 ഞാറ്റുവേലകളിൽ ആറാമത്തേതായ തിരുവാതിര ഞാറ്റുവേല. വിരലൊടിച്ചു കുത്തിയാൽ പോലും മുളയ്‌ക്കുമെന്ന് പഴമൊഴിയുള്ള തിരുവാതിര ഞാറ്റുവേലയിൽ നൂറ്റൊന്ന് മഴയും നൂറ്റൊന്ന് വെയിലുമെന്ന് ചൊല്ല്. കനത്ത കാലവ൪ഷത്തിനുശേഷം കിട്ടുന്ന ഈ ഇടവേളയിൽ മഴയുടെ ശക്തികുറയുന്നതിനാലും വെയിലിന്റെ കാഠിന്യമില്ലാത്തതിനാലും കാ൪ഷികപ്രവൃത്തികൾക്ക് ഉത്തമം. ഈ കാലയളവിൽ പെയ്യുന്ന മഴയിൽ വളക്കൂറു കൂടുതലുണ്ടെന്ന്‌ കർഷകരുടെ വിശ്വാസം. വൈദ്യന്മാ൪ മരുന്നുണ്ടാക്കുന്നതിനുപോലും തിരുവാതിര ഞാറ്റുവേലയിൽ പെയ്യുന്ന മഴവെള്ളം ശേഖരിച്ചിരുന്നുവത്രേ.
കുരുമുളക് വള്ളികൾ, ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങളുടെ തൈകൾ എന്നിവ നടുന്നതിനും ഏറെ അനുയോജ്യം ഈ ഞാറ്റുവേല തന്നെ. കുരുമുളക് ചെടിയുടെ പരാഗണം നടക്കുന്നതും തിരുവാതിര ഞാറ്റുവേല യിലാണ്. ചില പഴമനസ്സുകളിലെങ്കിലും ഇപ്പോഴും തിരുവാതിരഞാറ്റുവേല എന്നത് കുരുമുളകുകൊടിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിനുമപ്പുറം അവരറിയാതെ ഉള്ളിൽ തുടികൊട്ടുന്ന ഒരു സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. നമ്മുടെ സ്വന്തം ഞാറ്റുവേല എന്ന സിരകളിൽ അലിഞ്ഞു ചേരുന്ന ഒരു വികാരം. കൈവശമുള്ള വിത്തും നടീൽ വസ്തുക്കളും കൈമാറ്റം ചെയ്തിരുന്ന, പരമ്പരാഗത വിത്തിനങ്ങളെ കാത്തുസൂക്ഷിച്ചിരുന്ന ചില നല്ല നാളുകളുടെ ഓർമകൾ. ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല ജൂൺ 22?-ന് ആരംഭിച്ച് ജൂലായ്‌ 7-ന് അവസാനിക്കുന്നു.

ജീവിത പെയ്ത്താകട്ടേ ഞാറ്റുവേലയും
: വിത്തും വളവും നനുത്ത മണ്ണും ഉത്തമമായ കാലാവസ്ഥയും നല്ല വിളവിനാധാരമെന്ന് വിശ്വസിച്ച പൂർവികർ രൂപപ്പെടുത്തിയ ഞാറ്റുവേല സങ്കല്പം നമുക്ക് പൈതൃകമായി ലഭിച്ച അമൂല്യമായ അറിവു കൂടിയാണ്. കാലാവസ്ഥാ വ്യതിയാനവും കാലം തെറ്റി, പെയ്യുന്ന മഴയും ഋതുഭേദങ്ങളുടെ പ്രാപഞ്ചികമായ ധ൪മത്തിൽ പോലും പിഴവുകൾ വരുത്തിയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ഞാറ്റുവേല സങ്കല്പത്തിന് എന്തു പ്രസക്തി എന്ന് ചിന്തിച്ചുപോകുന്നത് സ്വാഭാവികം.. എന്നിരുന്നാലും കാ൪ഷികപൈതൃകത്തിന്റെ തുടിപ്പുകൾ ഏറ്റുവാങ്ങുന്ന ഏതൊരു കർഷകനും ഇതൊരു വഴികാട്ടിയാണ്. 'കുരുമുളക് കൊടിയല്ലേ കൊണ്ടുപോകൂ.. കൊണ്ടുപോകില്ലല്ലോ ഞാറ്റുവേല' എന്നു പറഞ്ഞ സാമൂതിരി നമ്മുടെ മുന്നിലേക്കുയ൪ത്തുന്നത് ഒരു വലിയ ചോദ്യം കൂടിയാണ്. അനുകൂല സാഹചര്യങ്ങൾ കൈമുതലായുള്ള കാലമത്രയും ആരെ ഭയക്കാ൯ എന്ന ജീവിതവുമായി അടുത്തുനിൽക്കുന്ന ചോദ്യത്തിന്റെ ധ്വനിയും അതിൽ വ്യക്തം. അതുകൊണ്ടുതന്നെ മറ്റൊരു ഞാറ്റുവേലക്കാലം കുടചൂടി വരുന്ന ഈ ദിവസങ്ങളിൽ ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ ഞാറ്റുവേല എന്നും ഇങ്ങനെയൊക്കെയാണ് നമ്മുടെ ഞാറ്റുവേല എന്നും .ഒരു നിമിഷമെങ്കിലും ഉൾക്കൊള്ളാം.

പതിരില്ലാത്ത ഞാറ്റുവേല ചൊല്ലുകൾ

    തിരുവാതിര മുറിയാതെ പെയ്യണം
    നെല്ലിനു മഴ പെയ്താൽ പുല്ലും നെല്ല്
    പൂയ്യത്തിൽ നട്ടാൽ പുഴുക്കേട്
    ചോതി വ൪ഷിച്ചാൽ ചോറ്റിന് പഞ്ഞമില്ല
    മകം മുഖത്ത് എള്ളെറിയണം
    ഭരണിയിലിട്ട വിത്തും ഭരണിയിലിട്ട നെല്ലിക്കയും കേമം
    നെല്ല് കൊയ്തു കഴിഞ്ഞാൽ എള്ള് വിതയ്‌ക്കണം
    ചോതിയിൽ മഴ പെയ്യുന്നത് വാഴയ്ക്കും തെങ്ങിനും
    'മാരിചൊരിയും മകീര്യത്തിൽ
    ചെമ്മാനം കണ്ടാൽ അമ്മാനം മഴയില്ല
    നട്ടുച്ചയ്‌ക്ക് പെയ്താൽ എട്ടുച്ചയ്‌ക്ക് പെയ്യും
   മുതിരയ്ക്കു മൂന്നു മഴ
  മീനത്തിൽ മഴ പെയ്താൽ മീങ്കണ്ണിനും ദണ്ണം

ചൂളമടിക്കാരന്‍

കുട്ടികൾക്കായുള്ള പുസ്തകങ്ങൾ എഴുതിയ എക്കാലത്തെയും മികച്ച രചയിതാക്കളിൽ ഒരാളായ റസ്കിൻ ബോണ്ടിന്റെ സ്കൂൾ ഓർമകളിൽനിന്നുള്ള ചെറുകഥകളുടെ ഒരു ശേഖരമാണ് ‘വിസിലിങ്‌ സ്കൂൾ കുട്ടിയും സ്കൂൾജീവിതത്തിലെ മറ്റ് കഥകളും’ (The Whistling Schoolboy and other stories of school life) തന്റെ സ്കൂൾ കാലത്തെ അവിസ്മരണീയമായ ചില സംഭവങ്ങളാണ് എഴുത്തുകാരൻ പുസ്തകത്തിൽ വിവരിക്കുന്നത്. സ്കൂളിൽ പോകുന്നവരും പോയവരുമായ എല്ലാ തരക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പുസ്തകമാണിത്.

ബോർഡിങ്‌ സ്കൂളിൽ പഠിക്കുമ്പോൾ നാണംകുണുങ്ങിയും ശാന്തനുമായിരുന്നു റസ്കിൻ. മറ്റു കുട്ടികൾ ഫുട്ബോൾ കളിക്കുമ്പോൾ കുഞ്ഞു റസ്കിൻ പുസ്തകങ്ങളും വായനശാലയുമാണ് തിരഞ്ഞെടുത്തത്. ബോയ്സ് സ്കൗട്ട്് പ്രസ്ഥാനത്തിൽ അംഗമായിരുന്ന അവൻ അവർക്കിടയിലെ മികച്ച പാചകക്കാരനായും അറിയപ്പെട്ടു.

സ്കൂളിൽ പോകുന്ന കുട്ടികൾ സുഹൃത്തുക്കളുമായി പങ്കിടുന്ന വിചിത്രമായ കെട്ടിച്ചമച്ച കഥകളുടേതും അനുഭവിച്ച അവസരങ്ങളുടേതുമായ ചെറുകഥകളുടെ ഒരു കൂട്ടമാണിത്. പ്രേത സംഭാഷണങ്ങൾ, കർശനമായ പ്രിൻസിപ്പൽ, സ്കൂൾ സുഹൃത്തുക്കൾക്കിടയിലെ പ്രിയപ്പെട്ട കായിക വിനോദങ്ങൾ, ഇരുട്ടിലെ മുഖം, വെള്ള വസ്ത്രത്തിലെ സ്ത്രീ,  കാണാതായ പ്രിൻസിപ്പൽ, ഗ്രാമത്തിൽ പുള്ളിപ്പുലി, സുഹൃത്തിന്റെ വേർപിരിയൽ, സ്കൂളിൽ എത്താൻ വളരെ ദൂരം സഞ്ചരിക്കുന്ന വിദ്യാർഥി തുടങ്ങി രണ്ടു ഭാഗങ്ങളിലായി പതിനാറു കഥകളാണുള്ളത്. പുസ്തകത്തിൽ പറയുന്ന ഓരോ കഥയും എല്ലാ കുട്ടികൾക്കും അവരവരുട ജീവിതവുമായി താരതമ്യം ചെയ്യാൻ പറ്റുന്നതും രസകരമായ ഘടകങ്ങൾ നിറഞ്ഞതുമാണ്. സിംലയിലെ ബോർഡിങ്‌ സ്കൂളിൽ താമസിച്ചിരുന്നപ്പോഴുണ്ടായിരുന്ന കാര്യങ്ങളും കഥാപാത്രങ്ങളും മടുക്കാത്ത രീതിയിൽ അതിമനോഹരമായാണ് ബോണ്ട്‌ വിവരിച്ചിരിക്കുന്നത്.
അവസാനത്തെ കഥയായ ‘പൈൻ മരത്തിനിടയിലെ സ്കൂൾ’ എന്നതിൽ വളരെദൂരം താണ്ടി സ്കൂളിലെത്താൻ കഷ്ടപ്പെട്ടിരുന്ന കുട്ടികളുടെ അവസ്ഥ വിവരിക്കുന്നുണ്ട്. പ്രകൃതിസംരക്ഷണത്തിന്റെ  സന്ദേശംകൂടി ഇതിലൂടെ നൽകുന്നു. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവർക്കും ആസ്വദിക്കാവുന്ന ഈ പുസ്തകം കൂട്ടുകാർ വാങ്ങി വായിക്കൂ, ആസ്വദിക്കൂ.

റസ്കിൻ ബോണ്ട്

ബ്രിട്ടീഷ് വംശജനായ ഇന്ത്യൻ എഴുത്തുകാരനാണ് റസ്‌കിൻ ബോണ്ട്. അഞ്ഞൂറിലധികം ചെറുകഥകളും ഉപന്യാസങ്ങളും നോവലുകളും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രശസ്തമായ നോവൽ ‘ദി ബ്ലൂ അംബ്രല്ല’ 2007 ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡിന് അർഹനായി. കുട്ടികൾക്കായി 50-ലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇന്ത്യ കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ ബ്രിട്ടീഷ് ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം കുട്ടിക്കാലം ജാംനഗറിലും ഷിംലയിലും ചെലവഴിച്ചു. പതിനാറാം വയസ്സിൽ തന്റെ ആദ്യത്തെ ചെറുകഥകളിലൊന്ന് എഴുതി. 1999 ൽ പദ്‌മശ്രീ, 2014 ൽ പദ്‌മഭൂഷൺ എന്നിവ ലഭിച്ചു.