# ലിബിൻ കെ. കുര്യൻ

ഇംഗ്ലീഷ് ഭാഷ നമ്മുടെ അനുദിനജീവിതത്തിൽ പലസന്ദർഭങ്ങളിലും ഉപയോഗിക്കുമ്പോൾ സമാനതയുള്ള ചില വാക്കുകളുടെ പ്രയോഗം സംബന്ധിച്ച് ആശയക്കുഴപ്പം നേരിടാറുണ്ട്. അത്തരം ചില വാക്കുകൾ ഇത്തവണ ഈസി ഇംഗ്ലീഷിൽ പരിചയപ്പെടാം.  

 Continuously and continually
ഇടതടവില്ലാതെ, തുടർച്ചയായി എന്നൊക്കെയുള്ള അർഥത്തിൽ ഉപയോഗിക്കുന്ന വാക്കാണ് continuously. ഏതാണ്ട് സമാനമായ അർഥത്തിൽ പ്രയോഗിക്കാവുന്ന പദമാണ് uninterruptedly/incessantly. നേരെമറിച്ച് continually എന്ന വാക്കിന് കൂടെക്കൂടെ, നിശ്ചിത ഇടവേളകളിൽ എന്നൊക്കെയാണ് അർഥം. Recurrently, frequentlyതുടങ്ങിയ വാക്കുകൾ ഏതാണ്ട് സമാനമായ സന്ദർഭങ്ങളിൽ ഉപയോഗിച്ച് കാണുന്നു. Intermittently എന്ന പദം കൃത്യമല്ലാത്ത ഇടവേളകളിൽ എന്ന അർഥത്തിൽ ഉപയോഗിക്കാറുണ്ട്.
E.g.: It rained continuously for three hours, leaving the city soggy.
My grandmother corrects my composition continually.

 Subsequently and consequently
 തുടർന്ന് സംഭവിക്കുന്നത് അല്ലെങ്കിൽ ശേഷം നടക്കുന്നത് എന്നാണ് subsequentlyഎന്ന പദത്തിന്റെ അർഥം. consequently എന്ന പദം ഉപയോഗിക്കുന്നത് അതിന്റെ ഫലമായി എന്ന അർഥത്തിൽ ആണ്. ഒരു കാര്യ-കാരണ ബന്ധം ഈ പ്രയോഗത്തിലുണ്ട്.   
Eg: Veena scored well in the entrance test. Subsequently, she got admission in a premier institute.
There has been a great deal of rain and consequently the reservoirs are full.

 Misbelief and disbelief
 തെറ്റായ വിശ്വാസം അല്ലെങ്കിൽ പിശകുള്ള വിശ്വാസം എന്നാണ് misbelief എന്ന വാക്കിന്റെ അർഥം. അടിസ്ഥാനരഹിതമായ ഒരു ധാരണ വേരുറച്ചത് എന്ന തരത്തിൽ ഉപയോഗിച്ച് വരുന്ന ഇതിന്റെ ഒരു മറുവാക്ക് ആണ് delusion. എന്തെങ്കിലും കാര്യം ശരിയാണെന്ന് അംഗീകരിക്കാൻ വിസമ്മതിക്കുന്നതിനെ disbelief എന്ന് പറയുന്നു. ഈ പദത്തിന് അദ്ഭുതം, ആശ്ചര്യം എന്നും അർഥമുണ്ട്.    
E.g.: It is a common misbelief that art is a matter of entertainment.
My brother was in disbelief when he found that our dog had run away.
 I looked at the Gothic cathedral in disbelief.

 Misinformation and disinformation
 ബോധപൂർവമല്ലാതെ പ്രചരിപ്പിക്കപ്പെടുന്ന കൃത്യമല്ലാത്ത (വസ്തുതാപരമല്ലാത്ത) വിവരങ്ങൾ misinformation എന്നും ബോധപൂർവം പ്രചരിപ്പിക്കപ്പെടുന്ന വസ്തുതാപരമല്ലാത്ത വിവരങ്ങൾ disinformation എന്നും അറിയപ്പെടുന്നു.  
Eg. Assume that there was a clash between a group of Germans and a group of Frenchmen and 13 people (seven Germans and six Frenchmen) were killed.
Information: Thirteen people were killed in a clash.
Misinformation: Thirty people were killed in a clash. (The information is inaccurate because the reporter unintentionally mentioned the figure as thirty. She had heard the number ‘thirteen’ mispronounced as ‘thirty’ by an eye witness.
Disinformation: Thirty Frenchmen were massacred by a German mob. (This inaccurate information is intentionally spread by someone to mislead people and instigate violence.)


മരത്തിന്റെ നൊമ്പരം

മനോഹരമായ ഒരു ഗ്രാമം. ഗ്രാമത്തിന്റെ പേര് മാഞ്ചോലക്കുന്ന്. ആ ഗ്രാമത്തിൽ വലിയ പ്രമാണിയായിരുന്ന  മുത്തശ്ശൻ ഉണ്ടായിരുന്നു. അവർക്ക് ഒരു വലിയ പറമ്പും  ആ പറമ്പിൽ ഒരു കൊച്ചു വീടും ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ആ മുത്തശ്ശനും മുത്തശ്ശിയും അവിടെ ഇല്ല. മക്കളുടെ കൂടെ അങ്ങ് അമേരിക്കയിലാണ്. വീടും പറമ്പും ഒരു തോട്ടക്കാരനെ നോക്കാൻ ഏൽപ്പിച്ചിട്ടാണ് അവർ പോയത്. അവരുടെ ആ വലിയ പറമ്പിൽ ഒട്ടേറെ ചെടികളും മരങ്ങളും ഉണ്ട്.

അവരുടെ വീടിന്റെ തൊട്ടരികിലായി ഒരു മാവുണ്ട്. അത്‌ മുത്തശ്ശിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. അവർ പോയതോടെ ആ തോട്ടക്കാരന്റെ  മേൽനോട്ടത്തിലായി ആ പറമ്പ്. പണ്ട് മുത്തശ്ശിയും മുത്തശ്ശനും അവിടെ ഉണ്ടായിരുന്നപ്പോൾ അവിടെയുള്ള കുട്ടികൾ എല്ലാവരും ആ പറമ്പിൽ വരുമായിരുന്നു.  മാവ് നിറയെ മാങ്ങ ഉണ്ടാവും. അത് തിന്നാൻ കുട്ടികളും പക്ഷികളും മറ്റു ജീവജാലങ്ങളും എല്ലാവരും എത്തും. പക്ഷേ, ഇപ്പോൾ അതിന്റെ അവസ്ഥ എന്താണെന്നോ, ആ തോട്ടക്കാരൻ കുട്ടികൾ ആ പറമ്പിൽ കയറുന്നത് തടയാൻ വേണ്ടി പറമ്പ് ചുറ്റും വേലികെട്ടി. അതോടെ കുട്ടികളാരും പറമ്പിൽ കയറാതെയായി. കുട്ടികളൊന്നും വരാത്തതുകൊണ്ട് പക്ഷികളും ആ ഭാഗത്തേക്ക് വരാതായി. തോട്ടക്കാരൻ മറ്റ് എല്ലാ മരങ്ങളും നന്നായി പരിപാലിക്കുമായിരുന്നു. പക്ഷേ, മാവിനെ അയാൾ തിരിഞ്ഞുനോക്കിയില്ല. അങ്ങനെ ആ മാവിലെ മാങ്ങ ഒക്കെ ആർക്കും വേണ്ടാതെ കെട്ട് പുഴുവന്നു നിലത്തുവീണു ചപ്പുചവറുകളും മാവിന് ചുറ്റും കൊഴിഞ്ഞുവീണു.

ഒരു സുപ്രഭാതത്തിൽ മുത്തശ്ശനും മുത്തശ്ശിയും നാട്ടിലേക്ക് തിരിച്ചുവന്നു. മുത്തശ്ശി ആദ്യം ഓടിച്ചെന്നത് ആ മാവിന്റെ അടുത്തേക്കാണ്. മാവിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് മുത്തശ്ശി പൊട്ടിക്കരഞ്ഞു. മുത്തശ്ശിയുടെ അവസ്ഥ കണ്ട് മുത്തശ്ശനും സങ്കടം വന്നു. അവർ ആ പറമ്പിലുള്ള വേലിയെല്ലാം പൊളിച്ചുമാറ്റി തോട്ടക്കാരനെ ഒരുപാട് വഴക്ക് പറയുകയും ചെയ്തു. മുത്തശ്ശൻ മുത്തശ്ശിയോടു ചോദിച്ചു നമുക്കിനി ഈ മാവുകൊണ്ട് ഒരു ഉപകാരവും ഇല്ല, നമുക്ക് ഇത് മുറിച്ചു കളഞ്ഞാലോ, മുത്തശ്ശി പറഞ്ഞു നിങ്ങൾ എന്താ ഈ പറയുന്നേ ഇത് മുറിക്കാനോ ഞാൻ സമ്മതിക്കില്ല ഞാൻ ഇതിനെ പഴയതുപോലെ ആക്കും. അങ്ങനെ മുത്തശ്ശി അതിനെ നന്നായി പരിപാലിച്ചു. അങ്ങനെ ആ മാവിൽ മാങ്ങകൾ ഉണ്ടാവാൻ തുടങ്ങി. പഴയതുപോലെ ആ മാങ്ങ തിന്നാൻ കുട്ടികളും പക്ഷികളും എല്ലാം അവിടേക്ക് വന്നു. അപ്പോൾ മുത്തശ്ശൻ പറഞ്ഞു ഞാൻ ഇതിനെ അന്ന് മുറിച്ചു കളയാൻ പറഞ്ഞത് അല്ലായിരുന്നോ, അന്ന് മുറിച്ചുകളയാൻ നീ സമ്മതിക്കാഞ്ഞത് എത്ര നന്നായി.

നിങ്ങളെല്ലാവരും ഒന്നോർക്കണം ഈ മരങ്ങളാണ് നമുക്കു ശുദ്ധവായുവും തണലും കഴിക്കാൻ പഴങ്ങളും എല്ലാം നൽകുന്നത്. ഈ മരങ്ങൾ മുറിച്ച് കളയുമ്പോൾ നമുക്ക് ഇതെല്ലാം നഷ്ടമാവുന്നു. എന്തിനാണ് നാം അറിഞ്ഞുകൊണ്ടുതന്നെ ദുരിതത്തിലേക്ക് പോകുന്നത് ഇനിയെങ്കിലും നിങ്ങളെല്ലാവരും മരങ്ങൾ നട്ടുവളർത്തണം, അത്‌ പരിപാലിക്കാനും ശ്രമിക്കൂ.


വാക്കിന്റെ കഥ

മലയാളികളുടെ നിത്യോപയോഗത്തിലുള്ള വാക്കുകളുടെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം

വെള്ളാന

കേരളത്തിലും ഇന്ത്യയിലുമൊക്കെ ആനകളുടെ നിറം കറുപ്പാണ്. എന്നാൽ, മലയാളഭാഷയിൽ സംഭാഷണങ്ങളിലും എഴുത്തിലുമൊക്കെ ‘വെള്ളാന’ എന്നപദം ധാരാളം കടന്നുവരുന്നുമുണ്ട്.

കെടുകാര്യസ്ഥത, അഴിമതി, ഉപയോഗശൂന്യത തുടങ്ങിയവയെ സൂചിപ്പിക്കാനുപയോഗിക്കുന്ന വാക്കാണ് വെള്ളാന. നമ്മുടെ മിക്ക സർക്കാർസ്ഥാപനങ്ങളെയും ഈപദത്തോടൊപ്പം ചേർത്ത് വിമർശിച്ച് പരാമർശിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഒരുസംരംഭത്തിന് അല്ലെങ്കിൽ സ്ഥാപനത്തിന് അതിന്റെ നടത്തിപ്പിനായി ചെലവിടുന്ന തുക, അതിൽനിന്ന് കിട്ടുന്ന ആദായത്തെക്കാൾ കൂടുതലാണെങ്കിലോ ആ സ്ഥാപനംകൊണ്ട് ഗുണഭോക്താക്കൾക്ക് വേണ്ടവിധ പ്രയോജനം ലഭിക്കുന്നില്ലെങ്കിലോ അത്തരം സംരംഭങ്ങളെ ‘വെള്ളാന’യെന്ന്  ആക്ഷേപിക്കും.

തായ്‌ലൻഡിലെ ഒരുരാജാവ് തന്റെ സഭാംഗത്തിന് അഴിമതിക്ക് ശിക്ഷയെന്ന നിലയിൽ പദവിയിൽനിന്ന് പിരിച്ചുവിട്ട് ഒരു വെള്ളാനയെ (പ്രത്യേകമായ ജൈവപ്രകൃതിമൂലം തായ്‌ലൻഡിലെ ആനകൾക്ക് കറുപ്പുനിറമല്ല) നൽകിയ കഥയിൽനിന്നാണീ വിശേഷണത്തിന്റെ ഉദ്‌ഭവം. ആനയെ പോറ്റാനുള്ള ചെലവ് ഭീമമായതിനാൽ ശിക്ഷാർഹനായ വ്യക്തി ദരിദ്രനായി മുടിഞ്ഞുപോകുമെന്ന പ്രതീക്ഷയിലാണ് വ്യത്യസ്തമായൊരു ശിക്ഷ രാജാവ് നൽകിയത്. ജനോപകാരമില്ലാത്ത പൊതുസ്ഥാപനങ്ങളെ പരിഹസിക്കാൻ മലയാളത്തിൽ ഈ വാക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പൊതു  നിർമാണമേഖലയിലെ അഴിമതി വെളിപ്പെടുത്തുന്ന പ്രിയദർശൻ സംവിധാനംചെയ്ത ഒരു ചലച്ചിത്രത്തിന്റെ പേര് ‘വെള്ളാനകളുടെ നാട്’ എന്നായിരുന്നു.