സ്കൂൾ തുറക്കുന്ന മഴക്കാലങ്ങൾ അങ്ങനെയാണ്‌. പുറം നനഞ്ഞൊട്ടിയും കിടികിടുത്തുമിരിക്കുമ്പോൾ ശരീരം പോഷകദരിദ്രമാകുമ്പോൾ... അതിനെയെല്ലാം അതിജീവിച്ച്‌ പൊരുതാനും നിലനിൽക്കാനും പഠിപ്പിച്ച അക്ഷരതേജസ്വികൾ... വായനയുടെ വസന്തങ്ങൾ! പുസ്തകങ്ങൾ!
അവയില്ലായിരുന്നെങ്കിൽ കവി പാടുംപോലെ ‘നിശ്ചലം ശൂന്യമീ ലോകം...
ഇ-ക്ളാസും ഇ-വായനയുമായി നിങ്ങൾ കുട്ടികൾ ഒതുങ്ങിക്കൂടുന്ന കോവിഡ്‌കാലമായിരുന്നില്ല അത്‌. യന്ത്രയുഗം ഇത്രകണ്ട്‌ വളർന്നിരുന്നില്ല. സാമ്പത്തികസമൃദ്ധിയും പലർക്കും ഒരു മരീചികയായിരുന്നു. ലോകം സ്വന്തംവീടിനുചുറ്റുമുള്ള ഗ്രാമങ്ങൾക്കകത്ത്‌ ചുരുങ്ങിനിന്നു. അനന്തവും അജ്ഞാതവുമായ ഭൂഗോളത്തിന്റെ ഒരു കോണിലിരിക്കുന്ന കഥയറിയാത്ത കേവലമനുഷ്യനു മുന്നിൽ അവർണനീയമായ പ്രപഞ്ചസത്യം അന്ന്‌ വിരൽത്തുമ്പിലെത്തിയിരുന്നില്ല.

വായന വന്ന വഴി

വളരാനും അറിയാനുമുള്ള ഒരേ ഒരു വഴി വായനമാത്രമായിരുന്നു. ക്ളാസ്‌മുറികളിൽ മലയാളം അധ്യാപകർ കൊണ്ടെത്തരുന്ന കഥാപുസ്തകങ്ങൾ. പുറംചട്ട കീറാത്ത, പുതുമണംമാറാത്ത പുസ്തകങ്ങൾ ഊഴത്തിലെത്താൻ പ്രാർഥിച്ചിരിക്കുമ്പോൾ, പ്രാർഥനപോലെ കൈയിൽവന്ന പുസ്തകം വലിയൊരു ഭാഗ്യവതിയെപ്പോലെ നെഞ്ചോടുചേർത്തിരിക്കുമ്പോൾ ഇല്ലാത്ത നാലുമണിപ്പലഹാരങ്ങളെ മറന്നുപോയിരുന്നു. ‘കുഞ്ഞിക്കൂനനും’ ‘ഒരു കുടയും കുഞ്ഞുപെങ്ങളു’മൊക്കെ സ്വർഗീയമായ വായനാനുഭവം തന്നത് മറക്കാൻ കഴിയില്ല. വയലാർ നാഗംകുളങ്ങരക്കവലയിലെ ‘ഗ്രാമീണ വായനശാല’ എന്ന് ചോക്കുകൊണ്ടെഴുതി തൂക്കിയിട്ട പലകക്കഷണം... അതിനപ്പുറം ദൃശ്യവത്കരിച്ചുകൊണ്ട് മനസ്സിൽ ചേക്കേറാൻ ഇതുവരെ മറ്റൊരു ബോർഡിനും കഴിഞ്ഞിട്ടില്ല. 

ഏഴാംക്ലാസിലെ ചിത്രകലാധ്യാപകനായിരുന്ന ഇസ്മയിൽ സാറിനോട് പിടിച്ചുപറിച്ചു വായിച്ച ‘ഖസാക്കിന്റെ ഇതിഹാസം’. തകഴിയും ഉറൂബും ബഷീറും പൊറ്റെക്കാട്ടും മാധവിക്കുട്ടിയും കാനവും മുട്ടത്തുവർക്കിയും കോട്ടയം പുഷ്പനാഥും... ചങ്ങമ്പുഴയുടെ  രമണനും വാഴക്കുലയും വയലാറിന്റെ ആയിഷയും.... അങ്ങനെയങ്ങനെ ഒട്ടേറെ പ്രിയപ്പെട്ട എഴുത്തുകാർ... പ്രിയപ്പെട്ട കഥാപാത്രങ്ങൾ.. സംഘർഷങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ ജീവിതങ്ങൾ..ബന്ധങ്ങൾ അതിന്റെ തീക്ഷ്ണവും ദൃഢവുമായ ഇഴയടുപ്പങ്ങൾ.. പൊട്ടിത്തെറികൾ...

ലഹരി നൽകും വായന

വായന ലഹരിപിടിക്കും വായനയായി.... എം.ടി.യുടെ പുസ്തകങ്ങളെല്ലാം വായിച്ചുകഴിഞ്ഞ് വീണ്ടും എം.ടി.ക്കായി വായനശാലയുടെ അലമാരയിൽ തിരയുമ്പോൾ ‘‘എം.ടി. ഇനി അടുത്തതെഴുതട്ടെ’’ എന്ന ലൈബ്രേറിയൻ ഗോപാലകൃഷ്ണൻ നായരുടെ വാക്കുകൾ ചില്ലറ നിരാശയല്ല സമ്മാനിച്ചത്.
കർക്കടകത്തിൽ മഴ കലിതുള്ളിപ്പെയ്‌ത്‌ മാനം കറുത്തുനിൽക്കുമ്പോൾ ഇടവഴിയും പൊതുവഴിയും മറന്ന്‌ വീട്ടിനുള്ളിൽ ഒതുങ്ങിയിരിക്കുമ്പോൾ അക്ഷരങ്ങൾ ‘ഊഞ്ഞാലാടി’മുന്നിൽ വന്നുനിന്നു. ആഴ്ചകൾതോറും ആഴ്ചപ്പതിപ്പുകൾ വന്നു. താളുകൾ തുറന്ന്‌ കടലാസ്‌ ഗന്ധം നുകർന്ന്‌ അക്ഷരങ്ങളെ- കഥകൾ, നോവലുകൾ, നീണ്ടകഥകൾ, കാർട്ടൂണുകൾ, ചെറിയ മനുഷ്യരും വലിയ ലോകവും... മനസ്സിലേക്കാവാഹിച്ചു. ഓണത്തിനും വിഷുവിനും പ്രത്യേക പതിപ്പുകൾ.. പൂക്കൂടയേന്തി പൂവിളികളുമായി പൂപറിക്കാൻ പോകുന്ന കൊച്ചുപെൺകുട്ടികളുടെ മനോഹരമായ മുഖചിത്രങ്ങളുള്ള മാതൃഭൂമി ഓണപ്പതിപ്പുകൾ. ആ ചിത്രവായനയ്ക്കുമുണ്ട്‌ അതിമനോഹരമായ  ഒരനുഭൂതി. ഓണം കഴിഞ്ഞാലും വിഷു കഴിഞ്ഞാലും ഓർത്തുവെക്കാനും  തുറന്നുനോക്കാനും പ്രത്യേക സദ്യതന്ന വായനയുടെ പൂക്കാലങ്ങൾ. 
അന്ന്‌ ജൂൺ 19 മാത്രമായിരുന്നില്ല. വായനദിനം. ദൈനംദിനചര്യകളുടെ ഒരു വലിയ ഭാഗമായിരുന്നു വായന മിക്കവർക്കും. ‘മാൻമാർക്ക്‌ കുട’ എന്ന്‌ വി.ടി. ഭട്ടതിരിപ്പാട്‌ ആദ്യം കൂട്ടിവായിച്ച ശർക്കര പൊതിഞ്ഞ കടലാസുപോലെ.. ഉപ്പും മുളകുമൊക്കെ പൊതിഞ്ഞുവന്ന കടലാസിൽ അക്ഷരനക്ഷത്രങ്ങൾ പ്രകാശം വിതറിക്കൊണ്ട്‌ നിറഞ്ഞുനിന്നു. കണ്ടാലും കണ്ടാലും തീരാത്ത നീലാകാശംപോലെ അക്ഷരലോകം അനന്തമായി നമുക്കുമുന്നിൽ പടർന്നുപന്തലിക്കുന്നു. ദിവസവും ഇത്തിരിനേരം ആ തണലിലിരിക്കൂ.. ആ നന്മയുടെ തണലിൽ !

‘നല്ലവായന, നല്ലപഠനം, നല്ലജീവിതം’

ഈവർഷത്തെ വായനോത്സവത്തിന് തുടക്കംകുറിക്കാം. ജൂൺ 19-ന് തുടങ്ങി രണ്ടാഴ്ച ആദ്യ പക്ഷവും നവംബർ ഒന്ന്‌ കേരളപ്പിറവിദിനംമുതൽ നവംബർ 14 ശിശുദിനത്തിൽ അവസാനിക്കുന്ന രണ്ടാം പക്ഷവും വരെയുള്ള സമഗ്രാസൂത്രണ പരിപാടിയാണിത്.

കാലയളവ്

ഇവിടെ സൂചിപ്പിച്ച കാലയളവ് ആറുമാസമാണ്. ദീർഘിപ്പിക്കുന്നതിൽ വിരോധമില്ല. നല്ല വായനക്കാർ നല്ല പഠിതാക്കളായിരിക്കും. തുടർന്നുള്ള എല്ലാവർഷവും ഈ രീതിയും പദ്ധതിയും പുതുമയോടെ മുന്നോട്ടുകൊണ്ടുപോകാവുന്നതാണ്.

എങ്ങനെ ആസൂത്രണം ചെയ്യാം

1. നല്ല വായനയും അറിവുമുള്ള ക്ഷണിക്കപ്പെട്ട ഒരാളെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാം. പ്രാദേശിക ആനുകൂല്യം ഉപയോഗപ്പെടുത്തുക.
2. തുടർന്നുള്ള ദിവസങ്ങളിൽ (ജൂൺ 19-ജൂലായ്‌ രണ്ട്‌) കുട്ടികളുടെ ക്ലാസ് അടിസ്ഥാനത്തിൽ സ്പെഷ്യൽ പരിപാടികൾ (ഗൂഗിൾ മീറ്റ്) സംഘടിപ്പിക്കാം. ഇവിടെ സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പിനെ ഫലപ്രദമായി ഉപയോഗിക്കാം.
2.1. എല്ലാ പാഠഭാഗങ്ങളുമെടുക്കുന്ന ഗൂഗിൾ മീറ്റിങ് സമയത്തും ഒരു കുട്ടിയെക്കൊണ്ട് അഞ്ചുമിനിറ്റ് ചെറുവായനയ്ക്ക് സമയം കണ്ടെത്താം.
2.2 സ്കൂളിലെ അധ്യാപകർതന്നെ ഒരു വിഷയം/പുസ്തകവിചാരം, കവിതാ/കഥാസ്വാദനം.... പഠിച്ച്‌  എല്ലാ ഡിവിഷനിലും ഈ ആറു മാസക്കാലത്തിനിടയ്ക്ക് ഒരു സെഷൻ നടത്തുക. (പാഠ്യവിഷയമല്ല. അവർ പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട പൊതുവായന)
3. ക്ലാസ് റൂം സ്പെഷ്യൽ പരിപാടിക്ക് അതത് ടീച്ചർമാർക്ക് വ്യക്തികളെ കണ്ടെത്താം. വിദ്യാലയത്തിലെ പൂർവ അധ്യാപകർ-വിദ്യാർഥികൾ തുടങ്ങി പലരെയും സ്കൂളുമായി ബന്ധപ്പെടുത്താം.
4. ചിലദിവസങ്ങൾ ഇംഗ്ലീഷ് ദിനം, ഹിന്ദി ദിനം.... എന്ന രീതിയിൽ മാറ്റാവുന്നതാണ്. രണ്ടോ മൂന്നോ മിനിറ്റുള്ള കഥകൾ, സംഭാഷണം എന്നിവ ചെയ്യിപ്പിക്കാം. വീഡിയോയാക്കി നവമാധ്യമങ്ങളിലിടാം.
5. ഓരോ വീട്ടിലും കുട്ടികൾ ഒരു പ്രദർശനബോർഡ് വെക്കട്ടെ. അതിൽ ഒരു മഹാന്റെ വാചകം/കവിയുടെ വരികൾ അർഥമറിഞ്ഞ് എഴുതട്ടെ. അവ ഷെയർ ചെയ്യുന്നതും നന്ന്.
6. കാവ്യകേളി സംഘടിപ്പിക്കാം. എല്ലാ ക്ലാസിലും ഈണത്തിൽ കവിത ചൊല്ലാൻ സാധിക്കുന്ന മൂന്നുനാലുപേർ ഉണ്ടായാൽ നന്നാവും. അങ്ങനെയുള്ള കുട്ടികളെ/രക്ഷാകർത്താക്കളെ  ഉപയോഗിച്ച് ക്ലാസ്‌  ആകർഷകമാക്കാം.
7. കടങ്കഥാദിനം രസകരമാവും
8. കണ്ട സിനിമയുടെ വിമർശനം

തുടർ പ്രവർത്തനങ്ങൾ

വായന എന്നാൽ, പുസ്തകവായന മാത്രമല്ല. ഓരോ എഴുത്തുകാരനെയും പ്രാസംഗികരെയും നാം വായിക്കുന്നുണ്ട്. ചുറ്റും കാണുന്ന കാഴ്ചകളെല്ലാം വായനയാണ്. അത്തരം വായനയും വായനയാണ്. അതിനെ പ്രോത്സാഹിപ്പിക്കുക. ‘കണ്ടുപഠിക്കാനും കേട്ടുപഠിക്കാനും കണ്ഠം തുറന്ന് ഉച്ചരിക്കാനും’ കുട്ടികൾക്ക് സാധിക്കട്ടെ. തുടർന്നുവരുന്ന എല്ലാ മറ്റുദിനങ്ങളും (യോഗദിനം, സ്വാതന്ത്ര്യദിനം....) വായനയ്ക്കുവേണ്ടി  ഒരു കരുതലാവണം.
വാർഷികത്തിന് നല്ലൊരു വായനക്കുറിപ്പ് പുസ്തകം പ്രസിദ്ധീകരിക്കണം. വായനയിൽനിന്നനുഭവപ്പെട്ട ചർച്ചകൾ, സ്വന്തം കഥ, കവിത എന്നിവ അവതരിപ്പിക്കാം. ചെറിയ സിനിമകൾ (short filim) കുട്ടികൾ ചെയ്യട്ടെ.
ഈ കൊറോണക്കാലം കഷ്ടനഷ്ടങ്ങളുടെ കാലമാണ്. പറയാതെ വയ്യാ. സംഘഗാനം പാടാനും നാടകം നടിക്കാനും കളിക്കാനും മുമ്പത്തെപ്പോലെ സാധിക്കില്ല. വേണ്ടാ! ഗൂഗിൾ മീറ്റിൽ ‘ഹാസ്യ’മെന്ന രസത്തെപ്പറ്റി  പഠിപ്പിക്കുന്ന അധ്യാപകന്റെ നർമംകേട്ട് കൂട്ടായി ചിരിക്കുന്നതിന്റെ സുഖം അനുഭവിക്കാനുമാവില്ല. പറ്റാത്തതിനെക്കുറിച്ച് ആകുലത വേണ്ടാ. നന്നായി വായിക്കാം. പഠിക്കാൻവേണ്ടി. ജീവിക്കാൻവേണ്ടി.

ലക്ഷ്യങ്ങൾ

  • വിദ്യാലയത്തിലെ എല്ലാകുട്ടികളെയും മികച്ച വായനക്കാരാക്കിമാറ്റുക.
  • വിദ്യാലയത്തിൽ ക്ലാസ് ലൈബ്രറി, സെൻട്രൽ ലൈബ്രറി എന്നിവ ആരംഭിക്കുക.
  • അധ്യാപകർ ഡിജിറ്റൽ ലൈബ്രറിയുടെ സേവനം ഉപയോഗപ്പെടുത്തുക.
  • പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ വായന പ്രോത്സാഹിപ്പിക്കുന്നതിനും പുതുമയുള്ള സാംസ്കാരികപ്രവർത്തനങ്ങൾക്കും വേദിയൊരുക്കുക.
  • ഓരോ വിദ്യാലയത്തിലെയും മികച്ച വിദ്യാർഥികളുടെ (സംസ്ഥാന സർക്കാർ യു.എസ്‌.എസ്‌. പരീക്ഷനടത്തി തിരഞ്ഞെടുക്കുന്നപോലെ) ഒരു പട്ടിക രൂപപ്പെടുത്തുക. അവരെ സ്വയം വായനയിലും പഠനത്തിലും മുന്നിലുള്ളവരാക്കുക.  

    തയ്യാറാക്കിയത്: ഡോ. പി.കെ. ശങ്കരനാരായണൻ, (അകവൂർ ഹൈസ്കൂൾ)