വനിതാമന്ത്രിമാർ

നീണ്ട 64 കൊല്ലത്തെ തിരഞ്ഞെടുപ്പുചരിത്രത്തിനിടെ സംസ്ഥാനത്തെ മന്ത്രിമാരുടെ പട്ടികയിലിടംനേടിയ വനിതകളുടെ എണ്ണം വെറും പതിനൊന്നാണ്. പുരുഷമന്ത്രിമാർ 218 ഉള്ളിടത്താണ് ഈ കണക്ക്. നിലവിൽ പതിനഞ്ചാം നിയമസഭയിൽ പതിനൊന്ന് വനിതാ അംഗങ്ങളാണുള്ളത്.

കെ.ആർ. ഗൗരിയമ്മ

കേരളത്തിന്റെ ആദ്യ മന്ത്രിസഭയിൽത്തന്നെ അംഗമായിരുന്ന വനിതയാണ് കെ.ആർ. ഗൗരിയമ്മ. 1957-ലെ ഇ.എം.എസ്. മുഖ്യമന്ത്രിയായിരുന്ന സർക്കാരിൽ റവന്യൂ, എക്സൈസ്, ദേവസ്വം മന്ത്രിയായി. കുടിയൊഴിപ്പിക്കൽ നിരോധന നിയമബിൽ, ഭൂപരിഷ്കരണ ബിൽ, വനിതാകമ്മിഷൻ ബിൽ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ ബില്ലുകൾ സഭയിൽ കൊണ്ടുവന്നത് ഗൗരിയമ്മയാണ്. 1967, 1980, 1987, 2001, 2004 എന്നീ സഭകളിലായി 16 (ആറുതവണ) വർഷം മന്ത്രിയും 46 വർഷം (13 തവണ) എം.എൽ.എ.യുമായി. അഞ്ചാം നിയമസഭയിലൊഴികെ ഒന്നുമുതൽ 11 വരെയുള്ള എല്ലാ സഭയിലും അംഗം. 
ജനനം- 1919 ജൂലായ് 14
മരണം- 2021 മേയ് 11

എം. കമലം

കേരളത്തിലെ ആദ്യ കോൺഗ്രസ് വനിതാമന്ത്രി. 1982-’87 ലെ കെ. കരുണാകരൻമന്ത്രിസഭയിൽ സഹകരണവകുപ്പ് മന്ത്രിയായി. മലബാറിൽനിന്നുള്ള ആദ്യ വനിതാമന്ത്രി. വനിതാകമ്മിഷൻ ചെയർപേഴ്സണും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായിരുന്നു. 
ജനനം- 1926 ഓഗസ്റ്റ് 14
മരണം- 2020 ജനുവരി 30

സുശീലാ ഗോപാലൻ

1996-ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വ്യവസായമന്ത്രി. 1980-ലും 1991-ലും ലോക്‌സഭ എം.പി.
ജനനം- 1929 ഡിസംബർ 29
മരണം- 2001 ഡിസംബർ 19

എം.ടി. പദ്മ

1991മുതൽ 1995വരെ കരുണാകരൻമന്ത്രിസഭയിലും 1995-ലെ എ.കെ. ആന്റണി മന്ത്രിസഭയിലും മന്ത്രി.

പി.കെ. ശ്രീമതി

2006-ലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആരോഗ്യ-കുടുംബക്ഷേമവകുപ്പ് മന്ത്രി. 

പി.കെ. ജയലക്ഷ്മി

2011-ലെ ഉമ്മൻചാണ്ടിമന്ത്രിസഭയിൽ പിന്നാക്കവിഭാഗ ക്ഷേമവകുപ്പ് മന്ത്രി. ആദിവാസിമേഖലയിൽനിന്നുള്ള ആദ്യ വനിതാമന്ത്രി.

കെ.കെ. ശൈലജ

2016-ലെ പിണറായി വിജയൻ സർക്കാരിൽ ആരോഗ്യമന്ത്രി. നിപ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടി.

ജെ. മേഴ്സിക്കുട്ടിയമ്മ

2016-ലെ പിണറായിസർക്കാരിൽ ഫിഷറീസ്, പരമ്പരാഗതവ്യവസായം, കശുവണ്ടി, ഹാർബർ എൻജിനിയറിങ് മന്ത്രി.

ആർ. ബിന്ദു

രണ്ടാം പിണറായിസർക്കാരിൽ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി. തൃശ്ശൂർ ജില്ലയിൽനിന്നുള്ള ആദ്യ വനിതാമന്ത്രി.

ജെ. ചിഞ്ചുറാണി

രണ്ടാം പിണറായിസർക്കാരിൽ മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി. നിയമസഭയിലെ ആദ്യ സി.പി.ഐ. വനിത. 

വീണാ ജോർജ്

2021-ലെ പിണറായിമന്ത്രിസഭയിൽ ആരോഗ്യമന്ത്രി. കേരളത്തിൽ മന്ത്രിയാകുന്ന ആദ്യ മാധ്യമപ്രവർത്തക.

വീണ ജോർജ്. ആർ.ബിന്ദു, ജെ. ചിഞ്ചുറാണി എന്നീ മന്ത്രിമാർക്ക് പുറമേ ഭരണപക്ഷത്തു നിന്ന് കെ.കെ.ശൈലജ, ആഷ സി.കെ, ദലീമ, കാനത്തിൽ ജമീല, ഒ.എസ്.അംബിക, യു.പ്രതിഭ, ശാന്തകുമാരി എന്നിവരും പ്രതിപക്ഷത്ത്‌ കെ.കെ.രമയുമാണ് ഇപ്പോഴത്തെ നിയമസഭയിലെ വനിതാ അംഗങ്ങൾ. 

ഇന്ത്യയിലെ വനിതാമുഖ്യമന്ത്രിമാർ​

16 സ്ത്രീകളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇതുവരെ  മുഖ്യമന്ത്രിമാരായിട്ടുള്ളത്. കേരളത്തിൽ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല

ഇന്ത്യൻ പ്രധാനമന്ത്രിയായ ഏക വനിത ഇന്ദിരാഗാന്ധി

ഇന്ത്യയിലെ ഏക വനിതാ പ്രസിഡന്റ്- പ്രതിഭാ പാട്ടിൽ

സുചേതാ കൃപലാനി 
(ഉത്തർപ്രദേശ്)
ഇന്ത്യയിലെ ആദ്യത്തെ വനിതാമുഖ്യമന്ത്രി. 1940-ൽ കോൺഗ്രസിന്റെ മഹിളാവിഭാഗം സ്ഥാപിച്ചത് സുചേതയാണ്.

നന്ദിനി സത്പതി (ഒഡിഷ)
ഒഡിഷയുടെ ‘ഉരുക്കുവനിത’യെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നന്ദിനി സത്പതി രണ്ടുവട്ടം ഒഡിഷയുടെ മുഖ്യമന്ത്രിയായി. എഴുത്തുകാരിയും വിവർത്തകയുംകൂടിയായിരുന്നു. 

ശശികല കാകോഡ്കർ (ഗോവ)
‘ബായി’ എന്ന പേരിലറിയപ്പെട്ട ശശികല കാകോഡ്കർ ഗോവ, ദാമൻ ആൻഡ്‌ ദിയു എന്നിവിടങ്ങളിൽ ആറുവർഷം മുഖ്യമന്ത്രിയായിരുന്നു.

സയ്യിദ അൻവര തൈമൂർ (അസം)
അസമിന്റെ ചരിത്രത്തിലെ ഏക വനിതാമുഖ്യമന്ത്രി. 

ജാനകി രാമചന്ദ്രൻ (തമിഴ്നാട്)
കേരളത്തിലെ വൈക്കത്ത് ജനിച്ച ജാനകി രാമചന്ദ്രൻ 24 ദിവസം തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി. 1987 ഡിസംബറിൽ ഭർത്താവും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന എം.ജി.ആറിന്റെ മരണത്തോടെയായിരുന്നു ഇത്. 

ഉമാഭാരതി (മധ്യപ്രദേശ്)
ബി.ജെ.പി. നേതാവായിരുന്ന ഉമാഭാരതി മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. 

മായാവതി (ഉത്തർപ്രദേശ്) 
ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ (ബി.എസ്.പി.) ദേശീയപ്രസിഡന്റായ  മായാവതി ഉത്തർപ്രദേശിൽ നാലുതവണ മുഖ്യമന്ത്രിയായി. ഉത്തർപ്രദേശിൽ അഞ്ചുവർഷം തികച്ചുഭരിച്ച ആദ്യ മുഖ്യമന്ത്രി. ഇന്ത്യയിൽ മുഖ്യമന്ത്രിയാകുന്ന ആദ്യ ദളിത് വനിത.

രജീന്ദർ കൗർ ഭട്ടൽ (പഞ്ചാബ്)
പഞ്ചാബിന്റെ ഏക വനിതാ മുഖ്യമന്ത്രി. 

സുഷമാ സ്വരാജ് (ഡൽഹി)
മുൻ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് 1998-ൽ ഡൽഹി മുഖ്യമന്ത്രിയായി.

ഷീലാ ദീക്ഷിത് (ഡൽഹി)
തുടർച്ചയായി മൂന്നുതവണ ഡൽഹി മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിതിനാണ് ഏറ്റവുംകൂടുതൽകാലം മുഖ്യമന്ത്രിയായിരുന്ന വനിതയെന്ന റെക്കോഡ്. 2014-ൽ കേരള ഗവർണറായി.

ജയലളിത (തമിഴ്നാട്)
അഭിനേത്രിയായിരുന്ന ജയറാം ജയലളിത തമിഴ്നാട്ടിൽ നാലുതവണ മുഖ്യമന്ത്രിയായി. തമിഴ്‌നാടിന്റെ ചരിത്രത്തിലെ ഏറ്റവുംശക്തയായ വനിതയായിരുന്നു പുരട്ചി തലൈവി എന്നറിയപ്പെട്ട ജയലളിത. 

വസുന്ധര രാജെ (രാജസ്ഥാൻ)
രാജസ്ഥാനിൽ രണ്ടുവട്ടം മുഖ്യമന്ത്രിയായ ആളാണ് വസുന്ധര രാജെ സിന്ധ്യ.

മമതാ ബാനർജി (പശ്ചിമബംഗാൾ)
തൃണമൂൽ കോൺഗ്രസ് നേതാവായ മമത തുടർച്ചയായ മൂന്നുതവണ ബംഗാൾ മുഖ്യമന്ത്രിയായി. 

ആനന്ദിബെൻ പട്ടേൽ (ഗുജറാത്ത്)
2014-ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനെത്തുടർന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായി.

മെഹബൂബ മുഫ്തി (ജമ്മുകശ്മീർ)
ജമ്മുകശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഇന്ത്യയിലെ 16-ാമത്തെ വനിതാ മുഖ്യമന്ത്രിയുമാണ് മെഹബൂബ മുഫ്തി.

റാബ്രിദേവി (ബിഹാർ)
ബിഹാർ മുൻമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ പാർട്ടി നേതാവുമായ ലാലു പ്രസാദ് യാദവ് രാജിവെച്ചതോടെ ഭാര്യ റാബ്രിദേവി അപ്രതീക്ഷിതമായി ബിഹാർ മുഖ്യമന്ത്രിയായി. 

തയ്യാറാക്കിയത്: കൃഷ്ണപ്രിയ ടി. ജോണി