CURTAIN LECTURE 
ഉറങ്ങാൻ കിടക്കുന്ന സമയത്ത് കട്ടിലിൽവെച്ച് ഭാര്യ ഭർത്താവിനെ ശകാരിക്കുന്നതിനെയാണ് ‘curtain lecture’ എന്നു പറയുന്നത്. നമ്മൾ കട്ടിലിനുചുറ്റും കൊതുകുവല തൂക്കിയിടാറുള്ളതുപോലെ കട്ടിലിനു ചുറ്റും കർട്ടൻ തൂക്കിയിടുന്ന പതിവ് ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നു. ഭാര്യാഭർത്താക്കന്മാർ കട്ടിലിൽക്കയറി കർട്ടൻ വലിച്ചിട്ട ശേഷമാണ് ഭാര്യ തന്റെ ആവലാതികൾ പറഞ്ഞുതുടങ്ങുക. അതിനാലാണ് curtain lecture എന്ന പേരുണ്ടായത്. ഒരാൾ മറ്റൊരാളെ വേറെയാരും കേൾക്കാത്ത വിധത്തിൽ എവിടെവെച്ച് ശകാരിച്ചാലും വിമർശിച്ചാലും ഇതിനെ ഇന്ന് curtain lecture എന്ന് പറയാം. 
E.g.: My mother gave me a curtain lecture on watching cartoons.

DEO VOLENTE
ലാറ്റിൻ ഭാഷയിൽനിന്നു കടംകൊണ്ട ഈ പ്രയോഗത്തിന്റെ അർഥം God Willing (ദൈവം അനുഗ്രഹിച്ചാൽ) എന്നാണ്. ഈ പ്രയോഗം D.V./DV എന്ന് ചുരുക്കി ഉപയോഗിക്കുകയായിരുന്നു പതിവ്. ഭക്തരായ പ്രായംചെന്ന വ്യക്തികൾ D.V. ഉപയോഗിക്കാറുണ്ട്. 
E.g.: She should be back by Saturday, D.V. ക്രൈസ്തവരുടെ വിവാഹ ക്ഷണക്കത്തുകളിൽ D.V. കാണാറുണ്ട്. 

NOSEY PARKER
 മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി തലയിടുന്നവരെയാണ് Nosey Parker എന്നു പറയുന്നത്. Nose about എന്ന പ്രയോഗത്തിന് ‘മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിച്ചുകണ്ടെത്തുക’ എന്നാണ് അർഥം. Nosey Parker എന്ന അർഥത്തിൽ ഉപയോഗിച്ചുവരുന്ന മറ്റൊരു വാക്കാണ് busybody. 
E.g.: Instead of being a Nosey Parker, he can be a part of social activities.  

NEPOTISM
അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സ്വന്തം കുടുംബക്കാരെയും ബന്ധുക്കളെയും ഉന്നതപദവികളിൽ നിയമിക്കുന്ന പ്രവണതയാണ് Nepotism അഥവാ ‘സ്വജനപക്ഷപാതം’ എന്നറിയപ്പെടുന്നത്. 
15-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പോപ്പ് അലക്‌സാണ്ടർ ആറാമൻ സഭയുമായി ബന്ധപ്പെട്ട ഉന്നതപദവികൾ തന്റെ ബന്ധുക്കൾക്കു നൽകി. തന്റെ ചെറുപ്പക്കാരനായ മരുമകൻ ജിയോവാനിയെ കർദിനാളായി നിയമിച്ചതോടെ അദ്ദേഹത്തിന് നിശിതവിമർശനം നേരിടേണ്ടി വന്നു. ലാറ്റിൻ ഭാഷയിൽ മരുമകൻ, അനന്തരാവകാശി എന്നൊക്കെ അർഥമുള്ള nepos എന്ന വാക്കിൽ നിന്നുമാണ് nepotism എന്ന പദം ഉണ്ടായത്. 
E.g.: Corruption and nepotism are pervasive.

TO HAVE THE LAST LAUGH 
ആദ്യഘട്ടങ്ങളിൽ പരാജയപ്പെട്ടശേഷം അവസാനം തന്റെ എതിരാളികളുടെ മേൽ വിജയം നേടുക എന്ന അർഥത്തിൽ ഉപയോഗിക്കുന്ന ശൈലിയാണിത്. ഒരിക്കലോ പല തവണയോ നമ്മൾ പരാജയപ്പെടുമ്പോൾ മറ്റുള്ളവർ നമ്മെ പരിഹസിച്ചു ചിരിക്കുന്നു. അവസാനം നമ്മൾ വിജയം കൈവരിക്കുമ്പോൾ നമ്മൾ ചിരിക്കുന്നു. ജോർജ് ജെർഷ്‌വിനും ഐറാ ജെർഷ്‌വിനും ചേർന്ന് ചിട്ടപ്പെടുത്തിയ They All Laughed എന്ന ഗാനം 
1937-ൽ പുറത്തിറങ്ങിയതോടെ ഈ ശൈലി ജനകീയമായി മാറി.  
They all laughed at us and how!
But Ho, Ho, Ho!
Who’s got the last laugh now?
E.g.: Nita was fired from the company last year, but she had the last laugh when she was hired by their main rival at twice the salary.   

DOT THE i’S AND CROSS THE t’S 
ഇംഗ്ലീഷിൽ i, j, t എന്നിവ എഴുതുമ്പോൾ കുത്തിടാനും വരയിടാനും പേന ഉയർത്തേണ്ടി വരും. എന്നാൽ, തിരക്കിട്ടെഴുതുന്നത് ശീലമാക്കിയവർ കുത്തും വരയും ഒഴിവാക്കി മഷിയും സമയവും ലാഭിക്കാൻ ശ്രമിക്കും. ശ്രദ്ധാപൂർവം കാര്യങ്ങൾ ചെയ്യുന്നവർ എന്നും i യുടെ കുത്തും t യുടെ വരയും ഇടുന്നതിൽ ശ്രദ്ധപതിപ്പിക്കും. പ്രവർത്തനത്തിലോ സംസാരത്തിലോ തികഞ്ഞ കൃത്യത പുലർത്തുക, പരിപൂർണ വിശദീകരണം നൽകി കാര്യങ്ങൾ വ്യക്തമാക്കുക എന്നീ അർഥങ്ങളിൽ ഈ ശൈലി ഉപയോഗിച്ചു വരുന്നു.  E.g.: The negotiations are nearly finished, but we still have to dot the i’s and cross the t’s.