വൈഖരി എന്ന വൈഫൈ!

ആദ്യത്തെ ഓൺലൈൻ വിദ്യാർഥി ആരെന്ന എന്റെ ചോദ്യത്തിന് ഒരു മിടുക്കൻ വിദ്യാർഥി കുസൃതിപൂർവം പറഞ്ഞ മറുപടി ഏകലവ്യൻ എന്നായിരുന്നു.  ഏകലവ്യൻ ഗുരുവിനെ നേരിട്ട് കാണാതെ വിദ്യകൾ പഠിച്ച ശിഷ്യൻ ആണെങ്കിൽ ഇന്ന്  ലോകം മുഴുവൻ ഏകലവ്യന്മാരെക്കൊണ്ട് നിറയുന്നു. ഭാഷയ്ക്കും അതീതമായി  ഗുരുശിഷ്യന്മാരുടെ  മനസ്സുകൾ പൊരുത്തപ്പെടുകയും ഗുരു സ്വന്തം മനസ്സിലുള്ളത് ശിഷ്യന്റെ പ്രജ്ഞയിലേക്ക്  പകർന്നുകൊടുക്കുകയും ചെയ്യുന്ന ഒരു സംവിധാനം പണ്ടുണ്ടായിരുന്നു പോലും. വൈഖരി എന്നത്രേ അതിന്റെ പേര്, വൈഫൈ പോലുള്ള ഒരു സംവിധാനം!

പരാതികൾ ഏറെ

പഠിക്കാൻ കഴിയുന്നില്ല, പഠിച്ചതൊന്നും ഓർമയിൽ നിൽക്കുന്നില്ല, പരീക്ഷാ സമയത്ത് വേണ്ടവണ്ണം എഴുതാൻ കഴിയുന്നില്ല എന്നൊക്കെയുള്ള  പരാതികളുമായി കുട്ടികൾ മനഃശാസ്ത്രജ്ഞനെ തേടിയെത്തുന്നു. ഇവരുടെ  ബുദ്ധിശക്തിയും ഓർമശക്തിയും ശാസ്ത്രീയമായി പരിശോധിക്കുമ്പോൾ പ്രത്യേകിച്ച് കുഴപ്പങ്ങൾ കാണാറില്ല. മറിച്ച് വില്ലനായി തീരുന്നത് മറ്റൊന്നാണ്,  ശ്രദ്ധക്കുറവും താത്‌പര്യമില്ലായ്മയും തന്നെ. 

പഠിച്ച  ഒരുഭാഗം ഓർത്തിരിക്കാൻ ശ്രമിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട അനേകം കാര്യങ്ങൾ മനസ്സിൽ വരുന്നു. ചില ക്വിസ് പ്രോഗ്രാമുകളിലും  മറ്റും ചോദ്യം ചോദിക്കുമ്പോൾ ഒരു ‘ക്ലൂ’ തരാമോ എന്ന് കുട്ടികൾആവശ്യപ്പെടുന്നത് കാണാറുണ്ട്. അതുമായി ബന്ധിപ്പിച്ച് ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാമെന്നുള്ള ആത്മവിശ്വാസമാണ് പുറത്തുവരുന്നത്. ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ  അടുത്തുവന്നു നിർത്താതെ ചിലച്ച കാക്ക, ഫിസിക്സ് ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ ഗ്രൗണ്ടിൽ കടിപിടി കൂടിയ തെരുവുനായ്ക്കൾ, ഒക്കെ  ആ പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ഓർമയിൽ ഇഴചേർന്നു നിൽക്കുന്നുണ്ടാവാം. ഓൺലൈൻ ക്ലാസുകളുടെ പ്രധാന ദൗർബല്യം എന്നത് ഇത്തരത്തിലുള്ള ഒരു  സൂചികപോലും പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടിക്ക് ഓർക്കാൻ കഴിയുന്നില്ല എന്നതാണ്.

പുതിയ വിനോദങ്ങളിലേക്ക്

കുറെ നേരമെങ്കിലും വെയിലും കാറ്റും കൊള്ളുക ജീവശാസ്ത്രപരമായി അത്യാവശ്യമാണ്. സമയം എങ്ങനെ പ്രയോജനപ്പെടുത്തും എന്ന് വ്യാകുലപ്പെടേണ്ട. അതിനു  സ്വീകരിക്കാവുന്ന മാർഗം, അടുക്കളത്തോട്ടം, ഗാർഡനിങ്‌, വീട്ടുജോലികളിൽ സഹായിക്കുക എന്നിവയാണ്.  
കൂടാതെ ലളിതമായ വായനയും മുടങ്ങാതെ  അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക എന്നുള്ളതുമാണ്. സ്പാനിഷ്, ജർമൻ, ഫ്രഞ്ച് ഒക്കെ പഠിക്കാനുള്ള സൗജന്യ ട്യൂട്ടോറിയൽ യുട്യൂബിൽ തന്നെയുണ്ട്. അങ്ങനെയുള്ള ശ്രമങ്ങൾക്കുമാവട്ടെ ഈ ഒഴിവുസമയം.

മൊബൈൽഫോൺ ആധിപത്യം

മണ്ണുംചാരി നിന്നവൻ പെണ്ണുംകൊണ്ട് പോയി എന്ന് നാട്ടിൻപുറത്ത് ഒരു പറച്ചിലുണ്ട്. ആ സ്ഥിതിയാണ് ഇന്ന് മൊബൈൽ, ലാപ്ടോപ്പ്  എന്നിവ സമൂഹത്തിൽ നേടിയത്. സ്കൂളിൽ മൊബൈൽ കൊണ്ടുവന്നതിന് കുട്ടികളെ ഫൈൻ ചാർത്തിയിരുന്ന അധ്യാപകരും ഒളിച്ചുവെച്ചു മൊബൈൽ ഉപയോഗിച്ചതിന് മക്കളെ ശിക്ഷിച്ചിരുന്ന രക്ഷാകർത്താക്കളും കുട്ടികളോട് മൊബൈൽ കൈവശം വെക്കാനും പഠിത്തത്തിൽ കൂടുതൽ ശ്രദ്ധിക്കാനും ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ സമൂഹത്തിൽ വന്നുചേർന്ന മാറ്റം. ഇന്ന് നേരം വെളുത്തിട്ട് ഇതുവരെ നീ മൊബൈൽ കൈകൊണ്ട് തൊട്ടിട്ടില്ല മോനേ, കുറച്ചുനേരം മൊബൈൽ എടുത്ത് പഠിക്ക് എന്ന് പറയുന്ന മാതാപിതാക്കൾ പ്രായമുള്ളവരിൽ  ചിരി ഉണർത്തുന്നു. 

ഇത്തരമൊരു കാലഘട്ടത്തെ മുൻനിർത്തി കൗമാരക്കാരുടെ ഇടയിൽ ഓൺലൈൻ വിദ്യാഭ്യാസം ഉയർത്തുന്ന ആകുലതകളെപ്പറ്റി ചർച്ചചെയ്യാം. കൗമാരം മാനസികമായ  പിരിമുറുക്കത്തിന്റെ നാളുകളാണ്. അവർ സ്വയം ഒറ്റപ്പെട്ടുപോയി, സ്നേഹിക്കപ്പെടാതെ  അവഗണിക്കപ്പെടുന്നു എന്ന ചിന്ത നാൾക്കുനാൾ വളരുന്നു. ഉയർന്ന മാർക്ക് നേടാൻ കഴിയാതെ വന്നാൽ മറ്റുള്ളവരുടെ മുമ്പിൽ താൻ മോശക്കാരനായി തീരും എന്ന ഭീതിയും വിദ്യാർഥിയെ  നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, മാതാപിതാക്കൾക്കിടയിലുള്ള പ്രശ്നങ്ങൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിലുണ്ടാവുന്ന അതിരുകവിഞ്ഞ സൗഹൃദങ്ങൾ, ഉടമസ്ഥതാബോധം, വിഷാദം, ആത്മഹത്യാപ്രവണത എന്നിങ്ങനെ അനേകം പ്രശ്നങ്ങളിലൂടെ ഇവർ കടന്നുപോകുന്നു.  ഈ സമയത്ത് ഇവർക്ക് ഒരു കൈത്താങ്ങ് ആകുന്നത് സ്വന്തം ക്ലാസിലെ അല്ലെങ്കിൽ സമപ്രായക്കാരായ കൂട്ടുകാരാണ്. ഇവർ പ്രശ്നങ്ങൾ ചർച്ചചെയ്തു പൊതുവായ തീരുമാനങ്ങളിലെത്തി ആശ്വാസം കണ്ടെത്തുന്നു. സമപ്രായക്കാരുടെ ഇടയിലുള്ള വൈകാരിക ബന്ധങ്ങൾ നഷ്ടമാകുന്നു എന്നതാണ് ഓൺലൈൻ ക്ലാസിന്റെ ഏറ്റവും വലിയ വൈകല്യം.

ഓൺലൈൻ ക്ലാസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിദ്യാർഥികൾ ശ്രദ്ധിക്കേണ്ടത്

സാധാരണയായി  വിദ്യാർഥികൾ  ഓൺലൈൻ പഠനത്തിനായി വിജനമായ സ്ഥലങ്ങളും അടച്ചിട്ട മുറികളും ഉപയോഗിക്കുന്നതായി കാണാറുണ്ട്. മുതിർന്നവർ  കരുതുന്നത് കൂടുതൽ ഏകാഗ്രത ലഭിക്കും എന്നാവും, എന്നാൽ ഇത് ശരിയല്ല.  എല്ലാവർക്കും കാണാൻപറ്റുന്ന  ഒരു സ്ഥലത്തിരുന്ന് ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യുന്നത് തന്നെയാണ് നല്ലത്. അല്ലെങ്കിൽ ക്ലാസിനിടയിൽ ദിവാസ്വപ്നം കാണുകയോ വിരസതയകറ്റാനായി  മറ്റേതെങ്കിലും സൈറ്റിലേക്ക് പോകാനോ സാധ്യതയുണ്ട്. 
  ക്ലാസ് തീർന്നാൽ ഉടൻ  ഏതെങ്കിലും സോഷ്യൽ നെറ്റ്‌വർക്കിലേക്ക് പോകാൻ ശ്രമിക്കരുത്, പഠിച്ചത് മറന്നുപോവാൻ കാരണമായേക്കാം.  ഒരു മണിക്കൂർ ക്ലാസ് കഴിഞ്ഞാൽ കുറച്ചുനേരം കണ്ണിന് റെസ്റ്റ് കിട്ടാൻ വേണ്ടി പുറത്തിറങ്ങി നടക്കുകയും സംഭാഷണത്തിലേർപ്പെടുകയും ചെയ്യുക 
 കുട്ടികൾ ഉപയോഗിക്കുന്ന മൊബൈലിന്റെ ബ്രൈറ്റ്നസ് വീട്ടിലുള്ള രണ്ടു മൂന്നു പേരെ കാണിച്ചു വായിക്കാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക. കുട്ടിക്ക് വായിക്കാൻ പ്രയാസം ആണെങ്കിൽ സ്‌ക്രീനിന്റെ  പ്രകാശം കൂട്ടി വായന സുഗമമാക്കുന്നതിന് പകരം ഒരു കണ്ണ് ഡോക്ടറെ സന്ദർശിച്ച് കണ്ണിന് എന്തെങ്കിലും തകരാർ ഉണ്ടോ എന്ന് പരിശോധിക്കുക. 
 ക്ലാസിനുവേണ്ടിമാത്രം മൊബൈൽ ഉപയോഗിക്കാൻ ശീലിക്കുക. എപ്പോഴും പുസ്തകം പോലെ കൈയിൽ കൊണ്ടുനടക്കേണ്ട ആവശ്യമില്ല.

രക്ഷാകർത്താക്കളും അധ്യാപകരും  ശ്രദ്ധിക്കേണ്ടത്
 ക്ലാസിന്റെ ഷെഡ്യൂൾ,  കുട്ടിയെപ്പോലെതന്നെ  രക്ഷാകർത്താക്കളും അറിഞ്ഞിരിക്കുക. ക്ലാസ് നടക്കുന്ന സമയത്ത് കൃത്യമായി ക്ളാസിൽ കയറുന്നുണ്ടോ, അതിനിടെ മറ്റേതെങ്കിലും സൈറ്റിലേക്ക് പോകുന്നുണ്ടോ എന്നും  ശ്രദ്ധിക്കണം.
 അധ്യാപകർ തങ്ങളാലാവും വിധം  ക്ലാസുകൾ രസകരവും താത്‌പര്യജനകവും  ആക്കാൻ ശ്രമിക്കണം. വിഷയത്തിൽ നിന്നും അല്പം വ്യതിചലിച്ചാലും കുട്ടികൾ ഓർത്തിരിക്കാൻ സാധ്യതയുള്ള തമാശകളോ കളിയാക്കലുകളോ ആവും  ക്ലാസിനെ കൂടുതൽ രസകരമാക്കുക.  കുട്ടികൾ കൂടുതൽ അതിൽ പങ്കെടുക്കുകയും ചെയ്യും, അങ്ങനെ പങ്കെടുത്താർജിച്ച വിജ്ഞാനം അവരുടെ മനസ്സിൽ കുടിയിരിക്കും. ബോർഡ്മാത്രം  കാണിച്ചുകൊണ്ട് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്  അഭിലഷണീയമല്ല.  ഏതോ ഒരു കൈ വന്നു എഴുതുന്നു എന്നല്ലാതെ അധ്യാപകനെ കാണാനും അവരുടെ മുഖഭാവങ്ങൾ മനസ്സിലാക്കാനും കുട്ടികൾക്ക്  കഴിയാതെ പോകുന്നു.
 മാതൃഭൂമി ചാനലിൽ, ഒരു മലയോര പ്രദേശത്തെ കുട്ടികൾ വൃക്ഷങ്ങളിലും മറ്റും കയറിയിരുന്നു ഓൺലൈൻ ക്ലാസ് ശ്രദ്ധിക്കേണ്ടിവരുന്ന ദയനീയമായ ദൃശ്യം കാണാനിടയായി. പുതിയ സംവിധാനങ്ങൾ ഉപയോഗിച്ച് കമ്പനികൾക്ക് നെറ്റ്‌വർക്ക് ലഭ്യത ഉറപ്പുവരുത്താവുന്നതാണ്.
  ഒരു പുതിയ  സ്റ്റുഡൻസ് പ്ലാൻ ആരംഭിക്കുന്നതിനെപ്പറ്റി ചിന്തിക്കാം. ഈ പ്ലാൻ വിജ്ഞാന സമ്പാദനത്തിനായുള്ള  സൈറ്റുകളും  ഓൺലൈൻ ക്ലാസുകളും  മാത്രം ലഭ്യമാകുന്ന രീതിയിൽ ആവണം വിഭാവനം ചെയ്യാൻ.  കുട്ടികൾ ഇന്റർനെറ്റ്  ദുരുപയോഗം ചെയ്യും എന്നുള്ള പേടിയും അപ്പോൾ അസ്ഥാനത്താണ്. സൗജന്യമായോ നേരിയ നിരക്കിലോ കുട്ടികൾക്ക് ഇത് ലഭ്യമാവണം.
  ഓൺലൈൻ ക്ലാസുകൾ കുട്ടികളുടെ ചിട്ടയായ ജീവിതചര്യയെ അവതാളത്തിലാക്കി എന്ന് നേരത്തേ പറഞ്ഞല്ലോ. 
മനോഭാരം ലഘൂകരിക്കുന്ന സൗഹൃദ സംഭാഷണങ്ങളും കളികളും അന്യമായി തീർന്നിരിക്കുന്നു. പകരം ലഭിച്ചതോ മുഖമില്ലാത്ത ചില ഓൺലൈൻ സൗഹൃദങ്ങളാണ്. ഇത്തരം ശിഥിലമായ സൗഹൃദങ്ങളും ബന്ധങ്ങളും നന്മയിലേക്ക് നയിക്കും എന്ന് കരുതാൻ ഒട്ടും നിവൃത്തിയില്ല.
 ഇനി രക്ഷാകർത്താക്കൾക്കായി ഒരു കാര്യംകൂടി പറഞ്ഞോട്ടെ. കുട്ടികൾ മൊബൈൽ അല്ലെങ്കിൽ ലാപ്ടോപ്പ് കൂടുതൽ ഉപയോഗിക്കുന്നതിന്  അവരെ അമിതമായി കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരുടെ പല സ്വഭാവങ്ങളും നമ്മുടെ സൗകര്യത്തിനുവേണ്ടി നമ്മൾ തന്നെ ഉണ്ടാക്കി കൊടുത്തതാണ്. നാലു വയസ്സുള്ള ഒരു കുട്ടി മുറ്റത്തിറങ്ങി ചാടുകയോ സൈക്കിൾ ഓടിക്കുകയോ  ചെയ്താൽ ഉണ്ടായേക്കാവുന്ന പരിക്ക്  മുൻകൂട്ടിക്കണ്ട്, ടി.വി.യുടെ മുന്നിൽ ഇരുത്തി കൊറിക്കാൻ  വല്ലതും കൊടുത്തിട്ട്  സ്വന്തം ജോലികൾ ചെയ്യുകയോ സീരിയലുകൾ മുടങ്ങാതെ കാണുകയോ ചെയ്യുന്ന രക്ഷകർത്താക്കൾ അപൂർവമല്ല.
 കുട്ടികൾ പൊതുവിൽ ചെയ്തിരുന്ന പല കാര്യങ്ങളും ഈ ഓൺലൈൻ ക്ലാസുകളുടെ ആവിർഭാവത്തോടെ ഇല്ലാതായി. നേരത്തേ ഉല്ലസിച്ച് നടന്നിരുന്ന സമയം ഒക്കെയും ഇപ്പോൾ വീട്ടിൽ ചടഞ്ഞുകൂടാൻ വിധിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്ന്.

തയ്യാറാക്കിയത്: ഡോ.ഹരി എസ്. ചന്ദ്രൻ, സീനിയർ കൺസൾറ്റൻറ് സൈക്കോളജിസ്റ്റ്  
email: drhari2002@gmail.com