അന്താരാഷ്ട്ര ബഹിരാകാശ നിലയമെന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ? ഭൂമിയെ താഴ്ന്ന ഭ്രമണപഥത്തിൽ വലംവെച്ചുകൊണ്ടിരിക്കുന്നതും മനുഷ്യർക്ക് താമസിക്കാവുന്നതുമായ ബഹിരാകാശ പേടകമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ.എസ്.എസ്.). ഭൂമിയിൽനിന്ന് ഏകദേശം 250 മൈൽ ദൂരത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. അമേരിക്കയുടെ നാസ, റഷ്യയുടെ റോസ്‌കോസ്‌മോസ്, ജപ്പാന്റെ ജാക്‌സ, യൂറോപ്യൻ സ്പേസ് ഏജൻസി (ഇ.എസ്.എ.), കനേഡിയൻ സ്പേസ് ഏജൻസി എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 1998-ൽ ബഹിരാകാശത്തെത്തിയ ഐ.എസ്.എസിൽ 2000 മുതൽ ബഹിരാകാശ ശാസ്ത്രജ്ഞർ താമസിച്ച് ഗവേഷണം നടത്തിവരുന്നു. ഭൂമിയിൽ സാധ്യമാകാത്ത ഗവേഷണങ്ങൾക്കാണ് ഐ.എസ്.എസ്. വേദിയാകുന്നത്. ബഹിരാകാശത്തെ മനുഷ്യജീവിതത്തെക്കുറിച്ച് പഠിക്കുകയാണ് പ്രധാന ലക്ഷ്യം. ബഹിരാകാശനിലയത്തിലേക്കു പോകാനുള്ള തയ്യാറെടുപ്പുകളിലാണ്‌ യു.എ.ഇ.യും.

ചരിത്രം
1984-ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗനാണ് നാസയോട് സ്ഥിരം മനുഷ്യസാന്നിധ്യമുള്ള ഒരു ബഹിരാകാശ നിലയമുണ്ടാക്കാൻ ആവശ്യപ്പെടുന്നത്. പത്തുവർഷത്തിനുള്ളിൽ അത് സാധ്യമാക്കണമെന്നായിരുന്നു റീഗന്റെ ആവശ്യം. ഇതനുസരിച്ച് പത്തുവർഷംകൊണ്ട് മുപ്പതിലേറെ ദൗത്യങ്ങളുടെ സഹായത്തോടെ 1998-ൽ ഐ.എസ്.എസിന്റെ നിർമാണം തുടങ്ങി. ഐ.എസ്.എസിന്റെ ഓരോ ഭാഗവും മൊഡ്യൂൾ എന്നാണറിയപ്പെടുന്നത്. ഓരോ മൊഡ്യൂളുകൾ പലകാലങ്ങളിലായി ബഹിരാകാശത്തെത്തിച്ചശേഷം അവ സംയോജിപ്പിച്ചെടുത്താണ് ഐ.എസ്.എസ്. ഇന്നത്തെ രൂപത്തിലെത്തിയത്.
ആദ്യഭാഗം സര്യ (സൂര്യോദയം) 1998-ൽ ബഹിരാകാശത്തെത്തിച്ചു. റഷ്യയുടെ ‘പ്രോട്ടോൺ’ റോക്കറ്റായിരുന്നു സര്യയെ ഭ്രമണപഥത്തിലെത്തിച്ചത്. ഇതേവർഷം ഡിസംബർ യു.എസ്. നിർമിത ഭാഗമായ യൂണിറ്റിയുമെത്തി. പിന്നാലെ മറ്റു മൊഡ്യൂളുകളും. 2001-ൽ യു.എസിന്റെയും 2008-ൽ യൂറോപ്പിന്റെയും ജപ്പാന്റെയും പരീക്ഷണശാലകൾകൂടി ഐ.എസ്.എസിൽ പ്രവർത്തിക്കാൻ തുടങ്ങി.

സവിശേഷതകൾ

  • 357 അടി നീളം (ഏതാണ്ട് ഒരു ഫുട്‌ബോൾ മൈതാനത്തിന്റെ അത്ര വലുപ്പം)
  • 4,19,725 കിലോഗ്രാം ഭാരം
  • വേഗത- മണിക്കൂറിൽ 28,000 കിലോമീറ്റർ
  • വശങ്ങളിലായി സ്ഥാപിച്ചിട്ടുള്ള നാലു ജോടിവീതം സോളാർ പാനലുകളിൽനിന്ന് 70 മുതൽ 90 കിലോവാട്ട് വരെ വൈദ്യുതിയുത്പാദിപ്പിച്ച് പ്രവർത്തനത്തിനുപയോഗിക്കുന്നു.
  • സോളാർ പാനലുകൾക്കുമാത്രം 240 അടി നീളം
  • ഭൂമിയെ ഒരുതവണ ചുറ്റാനെടുക്കുന്നത് 90 മിനിറ്റ്, 24 മണിക്കൂറിൽ 16 തവണ ഭൂമിയെ ചുറ്റുന്നു. 16 സൂര്യാസ്തമയങ്ങൾ കാണുന്നു
  • ചെലവ്- 15,000 കോടി ഡോളർ
  • ഭൂമിയിൽനിന്ന് വിക്ഷേപിക്കുന്ന പേടകങ്ങൾ ഐ.എസ്.എസിലെത്താൻ ആറ് മണിക്കൂർമുതൽ അഞ്ചുദിവസംവരെ സമയമെടുക്കും

തുടരുന്ന മനുഷ്യദൗത്യം
2000 നവംബർ രണ്ടിനാണ് ഐ.എസ്.എസിൽ ആദ്യമായി ബഹിരാകാശ ശാസ്ത്രജ്ഞരെത്തുന്നത്. ബിൽ ഷെപ്പേഡ്, യൂറി ഗിഡ്‌സെൻകോ, സെർജി ക്രികലേവ് എന്നിവരായിരുന്നു ആദ്യസംഘം. അന്നുമുതൽ 22 വർഷമായി ഐ.എസ്.എസിൽ സ്ഥിരമായി ശാസ്ത്രജ്ഞരുടെ സാന്നിധ്യമുണ്ട്. നിലവിൽ 11 പേരാണ് ഇവിടെയുള്ളത്.

ഇതുവരെ 19 രാജ്യങ്ങളിൽനിന്നായി 240 ശാസ്ത്രജ്ഞർ ഐ.എസ്.എസിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ഇന്ത്യൻവംശജ സുനിതാ വില്യംസ് രണ്ടുവട്ടം ഐ.എസ്.എസിലെത്തി. അമേരിക്കൻ ഗവേഷകയായ പെഗ്ഗി വിറ്റസണാണ് ഏറ്റവും കൂടുതൽക്കാലം ഐ.എസ്.എസിൽ കഴിഞ്ഞിട്ടുള്ള വ്യക്തി. 655 ദിവസമാണ് അവർ ബഹിരാകാശനിലയത്തിൽ കഴിഞ്ഞത്.

പരീക്ഷണ ഗവേഷണങ്ങൾ
നൂറിലേറെ രാജ്യങ്ങളുടെ മൂവായിരത്തിലേറെ ഗവേഷണങ്ങൾക്കാണ് അന്താരാഷ്ട്ര ബഹിരാകാശനിലയം ഇതുവരെ വേദിയായിട്ടുള്ളത്. ബയോളജി, ബയോടെക്‌നോളജി, ഭൗമ-ബഹിരാകാശ ശാസ്ത്രം, വിദ്യാഭ്യാസം, മാനവികം, ഊർജശാസ്ത്രം, സാങ്കേതികവിദ്യാ വികസനം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാന ഗവേഷണം. ബഹിരാകാശത്ത് മുള്ളങ്കി വളർത്തിയെടുത്തത് അടുത്തകാലത്ത് വലിയ വാർത്തയായിരുന്നു. കുറഞ്ഞ ഗുരുത്വബലത്തിൽ മനുഷ്യന്റെ പേശികളുടെയും അസ്ഥികളുടെയും ഭാരനഷ്ടം ലഘൂകരിക്കാനായി ശാസ്ത്രജ്ഞർ ദിവസം രണ്ടുമണിക്കൂറോളം പതിവായി ഐ.എസ്.എസിനുള്ളിൽ നടക്കാറുണ്ട്.

റഷ്യ വിടപറയുന്നു
ഐ.എസ്.എസിൽനിന്ന് വിടപറയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ. 2025-ൽ ഐ.എസ്.എസ്. വിടുമെന്നും അഞ്ചുകൊല്ലത്തിനകം 2030-ൽ സ്വന്തം ബഹിരാകാശ ലബോറട്ടറി സ്ഥാപിക്കുമെന്നുമാണ് റഷ്യ പറഞ്ഞിട്ടുള്ളത്.

മുൻഗാമികൾ
സോവിയറ്റ് യൂണിയനാണ് ലോകത്തിലെ ആദ്യത്തെ സ്പേസ് സ്റ്റേഷൻ ബഹിരാകാശത്തേക്കയച്ചത്. സല്യൂട്ട്-1 എന്നു പേരിട്ട ബഹിരാകാശ നിലയം 1971 ഏപ്രിൽ 19-ന് വിക്ഷേപിച്ചു. 1971 മുതൽ 1986 വരെ ഏഴ് സല്യൂട്ട് പദ്ധതികൾ സോവിയറ്റ് യൂണിയൻ ബഹിരാകാശത്തേക്കയച്ചു. ഇതിൽ ഒന്നും രണ്ടും പരീക്ഷണങ്ങൾ പരാജയപ്പെട്ടു.  അവസാന പദ്ധതിയായ സല്യൂട്ട്-ഏഴ് ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശർമ സന്ദർശിച്ചിരുന്നു.
അമേരിക്കയുടെ സ്കൈലാബ് ആണ് മറ്റൊരു ബഹിരാകാശ നിലയം. നാസയുടെ ആദ്യ ബഹിരാകാശ നിലയമായ സ്കൈലാബ് 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു. 1979-ൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചതോടെ ഇത് കത്തിയമർന്നു.

സോവിയറ്റ് യൂണിയൻ തുടങ്ങി പിന്നീട് റഷ്യയുടെ ഭാഗമായ മിർ ബഹിരാകാശനിലയം 1986 മുതൽ 2001 വരെ പ്രവർത്തിച്ചിരുന്നു. അഞ്ചുവർഷം ആയുസ്സുകല്പിച്ചിരുന്ന മിർ 15 വർഷം പ്രവർത്തിച്ചു. 39 ദൗത്യങ്ങളിലായി 104 പേർ ഇക്കാലയളവിൽ മിറിലെത്തി.