പ്രകൃതിയോട് ഇണങ്ങി ജീവിച്ച മനുഷ്യൻ പ്രകൃതിശക്തിയോടുള്ള ആരാധനയിൽനിന്ന്‌ ആചാരാനുഷ്ഠാനങ്ങൾ രൂപപ്പെടുത്തിയതിനു തുടർച്ചയായാണ് അനുഷ്ഠാന കലകൾ ഉണ്ടായത്. നാടൻകലകളാവട്ടെ പ്രകൃതിയും അധ്വാനവും വിനോദവും ആഘോഷവും ആചാരവും ആയോധനവും ഒക്കെയായി ബന്ധപ്പെട്ട് രൂപമെടുത്തു. തൊഴിലിന്റെ ശാരീരിക ബുദ്ധിമുട്ടുകളിൽനിന്ന് ആശ്വാസം കണ്ടെത്താനും ജീവിതത്തിന്റെ വേദനകൾ മറക്കാനുമായി കൊയ്ത്തുപാട്ടും തേക്കുപാട്ടും പോലുള്ള തൊഴിൽ പാട്ടുകളും പൂർവികർ ഉണ്ടാക്കി.

പഴയകാല കൂട്ടായ്മജീവിതത്തിന്റെ ഭാഗമായിരുന്ന നാടിന്റെ കലാപ്രകടനങ്ങളെയാണ് നാടൻകലകൾ എന്നു വിളിക്കുന്നത്. നാടിന്റെ പാട്ടുകൾ നാടൻപാട്ടുകളായി.

ആരാധനയുമായി ബന്ധപ്പെട്ട് രൂപപ്പെട്ടതായതിനാൽ നാടൻകലകളിൽ സവിശേഷ പ്രധാന്യമാണ് അനുഷ്ഠാനകലകൾക്കുള്ളത്. കളമെഴുത്തും പാട്ടും, അയ്യപ്പൻ പാട്ട്, തെയ്യം, തിറ, പടയണി, പൂരക്കളി, വേലകളി, തീയാട്ട്, മുടിയേറ്റ്, പാന, അറബനമുട്ട്, മാർഗംകളി, മാപ്പിള തെയ്യം, തിരുവാതിരക്കളി, കാവടിയാട്ടം, കുത്തിയോട്ടം, കാളവേല, ഗരുഡൻ തൂക്കം തുടങ്ങി അനേകം അനുഷ്ഠാനകലകൾ കേരളത്തിനുണ്ട്. ചില കലാരൂപങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം.

 കളമെഴുത്തും പാട്ടും
ആദിദ്രാവിഡകാലംമുതൽ കേരളത്തിൽ പ്രചാരത്തിലിരുന്ന അനുഷ്ഠാന കലയാണ് കളമെഴുത്ത്. ധൂളീചിത്രരചന വിഭാഗത്തിൽപ്പെടുന്ന കളമെഴുത്ത് നമ്മുടെ തനതായ ചിത്രകലയുമാണ്. മുടിയേറ്റ്, തീയ്യാട്ട്, അയ്യപ്പൻ തീയ്യാട്ട്, കോലം തുള്ളൽ, സർപ്പം തുള്ളൽ തുടങ്ങിയ അനുഷ്ഠാന കലകളുടെ ഭാഗമായി കളമെഴുത്ത് നടത്തുന്നു.

കാളി, ദുർഗ, യക്ഷി, ഗന്ധർവൻ, നാഗദൈവങ്ങൾ, അയ്യപ്പൻ തുടങ്ങിയ രൂപങ്ങളാണ് തറയിൽ പഞ്ചവർണപ്പൊടികൾകൊണ്ട് ചിത്രീകരിക്കുന്നത്. വെള്ള, കറുപ്പ്, മഞ്ഞ, പച്ച, ചുവപ്പ് എന്നിവയാണ് പഞ്ചവർണങ്ങൾ. പൂർണമായും പ്രകൃതിദത്ത വസ്തുക്കളാണ് ഈ നിറങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നത്. മഞ്ഞൾപ്പൊടി മഞ്ഞനിറത്തിനും അരിപ്പൊടി വെള്ളനിറത്തിനും ഉമിക്കരി കറുപ്പുനിറത്തിനും വാകപ്പൊടി പച്ചനിറത്തിനും ചുണ്ണാമ്പും മഞ്ഞളും അരിപ്പൊടിയും ചേർന്ന മിശ്രിതം ചുവപ്പുനിറത്തിനും ഉപയോഗിക്കുന്നു.

 മുടിയേറ്റ്
മധ്യകേരളത്തിലെ ഭഗവതിക്ഷേത്രങ്ങളിൽ നടന്നുവരുന്ന അനുഷ്ഠാന കലയാണ് മുടിയേറ്റ്. ശിവ-നാരദ സംവാദത്തിൽ തുടങ്ങി കാളി ദാരികനിഗ്രഹം വരെയുള്ളതാണ് ഇതിവൃത്തം. കളമെഴുത്തിനും പാട്ടിനും ശേഷം കുരുത്തോലകൊണ്ട് കളം മായ്ക്കുന്നു. തുടർന്നാണ് മുടിയേറ്റിന്റെ രംഗാവതരണം. കേരളത്തിന്റെ അതിപ്രാചീനമായ നാടകബോധം കാവു പാരമ്പര്യത്തോളം പഴക്കമുള്ള മുടിയേറ്റിൽ പ്രതിഫലിക്കുന്നു.

 തെയ്യം
ദൈവം എന്ന വാക്കിന്റെ ഉദ്‌ഭവരൂപമാണ് തെയ്യം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ അനുഷ്ഠാന കലാരൂപം വടക്കേ മലബാർ പ്രദേശങ്ങളിലാണ് കൂടുതലായി അനുഷ്ഠിക്കപ്പെടുന്നത്. മനയോല, മഞ്ഞൾ, മഷി, ചുണ്ണാമ്പ്, കരി എന്നിവയാണ് മുഖത്തെഴുത്തിന് ഉപയോഗിക്കുന്നത്. വാദ്യമേളങ്ങളുടെയും ഗാനങ്ങളുടെയും പശ്ചാത്തലത്തിലാണ് തെയ്യം തുള്ളുന്നത്. ചെണ്ട, വീക്കുചെണ്ട, ഇലത്താളം, കുഴൽ എന്നിവയാണ് ഇതിന് ഉപയോഗിക്കുന്ന വാദ്യങ്ങൾ. ഓരോ തെയ്യത്തിന്റെയും വീരശൂര പരാക്രമങ്ങളടങ്ങിയ പാട്ടുകളെ തോറ്റംപാട്ടുകൾ എന്നുവിളിക്കുന്നു. സംഭാഷണരീതിയിലാണ് ആലാപനം. ഓരോ തെയ്യത്തിന്റെയും അവതരണത്തിൽ ചില വ്യത്യാസങ്ങൾ കാണാനാവും. തെയ്യം കലാകാരന്മാർ പട്ടുചുറ്റി കിരീടമണിഞ്ഞ് തെയ്യത്തിന്റെ ഉത്‌പത്തിക്കഥ പറയുന്ന തോറ്റംപാട്ട് പാടുന്നു.

 പടയണി
ഭദ്രകാളിക്ഷേത്രങ്ങളിൽ നടത്തപ്പെടുന്ന അനുഷ്ഠാന കലയാണ് പടയണി. കാളി-ദാരിക കഥയാണ് പടയണിയുടെ പുരാവൃത്തം. പന്ത്രണ്ട് ദിവസത്തോളം നീണ്ടുനിൽക്കുന്നതാണ് പടയണി ചടങ്ങുകൾ.
ഒന്നാംദിവസം ചുവടുവെപ്പുകളോടെ ചടങ്ങുകൾ തുടങ്ങുന്നത്. പശ്ചാത്തല താളമായി തപ്പ് ഉപയോഗിക്കുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഒറ്റപ്പാളയിൽ നിർമിച്ച കോലംകെട്ടി പടയണി തുള്ളുന്നു. പിന്നീട് കുതിരപ്പടയണിയാണ് അവതരിപ്പിക്കുന്നത്. കുരുത്തോലയിൽ നിർമിച്ച കുതിരപ്പൊയ്‌മുഖം വെച്ചുകെട്ടി തുള്ളുന്നതാണ് കുതിരപ്പടയണി. തപ്പ്, മദ്ദളം, ഇലത്താളം എന്നീ വാദ്യങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന കുതിരപ്പടയണിയിൽ നാല് കലാകാരന്മാരുണ്ടാവും. പിന്നീട് മറുതക്കോലങ്ങൾ, യക്ഷിക്കോലങ്ങൾ, ഭൈരവിക്കോലങ്ങൾ തുടങ്ങിയവ അണിനിരക്കുന്ന വലിയ പടയണി നടക്കും. വിവിധ ദേശങ്ങളിലുള്ള കാവുകളിൽനിന്ന്‌ ആരംഭിച്ച് വലിയ പടയണി ക്ഷേത്രത്തിൽ ഒത്തുചേർന്ന് പ്രദക്ഷിണം വെക്കുന്നു. അപ്പോൾ പല രീതിയിലുള്ള പാട്ടുകൾ പാടുന്നു. തുടർന്ന് താവടിച്ചവിട്ട് പടയണിയാണ്. ഇത് ഇരുനൂറ് കലാകാരന്മാർ പങ്കെടുക്കും.

 മാർഗംകളി
കേരളത്തിലെ പരമ്പരാഗത ക്രിസ്തീയ കലാരൂപമാണ് മാർഗംകളി. എ.ഡി. 1600-നും 1700-നും ഇടയിൽ രൂപംകൊണ്ട ഈ കലാരൂപത്തിന് നാനൂറിലേറെ വർഷത്തെ പഴക്കമുണ്ട്. ക്രിസ്തീയ വിവാഹങ്ങൾക്കും പെരുന്നാളുകൾക്കും ഈ കലാരൂപം അവതരിപ്പിക്കപ്പെടുന്നു. യേശുദേവനെ സങ്കല്പിച്ച് ഒരു നിലവിളക്ക് കൊളുത്തിവെച്ച് അതിനു ചുറ്റുമാണ് ചുവടുകളും ആംഗ്യങ്ങളും കൊണ്ട് കളി നടത്തുന്നത്. പരമ്പരാഗത വേഷമായ ചട്ടയും മുണ്ടും അണിഞ്ഞ ഏഴോ പന്ത്രണ്ടോ പേരുടെ സംഘമാണ് മാർഗംകളി അവതരിപ്പിക്കുന്നത്. താളത്തിലും ചടുലതയിലുമുള്ള ചലനങ്ങളും പാട്ടുകളുമാണ് ഈ കലാരൂപത്തിന്റെ മുഖ്യ ആകർഷണം.

 ദഫ് മുട്ട്
കേരളത്തിലെ മുസ്‌ലിംമത വിശ്വാസികൾക്കിടയിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലയാണ് ദഫ്മുട്ട്. ദഫ് അഥവാ ദപ്പ് ഒരു വാദ്യോപകരണമാണ്. ഏകദേശം രണ്ടടി വ്യാസമുള്ള തടി വൃത്തത്തിൽ കുഴിച്ച് അതിന്റെ ഒരു വശത്ത് സംസ്കരിച്ച കാളത്തോൽവരിഞ്ഞു കെട്ടിയാണ് ദഫ് നിർമിക്കുന്നത്. ദഫിൽ മുട്ടി താളത്തിൽ പാട്ടുപാടി ചുവടുവെക്കുന്നതാണ് ദഫ് മുട്ടുകളി. സംഘകലയായ ഇത് വൃത്തത്തിൽ നിന്ന് പ്രാർഥനയോടെ ആരംഭിക്കുന്നു. സംഘത്തലവൻ പാടിക്കൊടുക്കുന്നത് മറ്റുള്ളവർ താളത്തിൽ ചുവടുവെച്ചുകൊണ്ട് ഏറ്റുപാടുന്നു. അനുഷ്ഠാനമെന്ന നിലയിലും സാമൂഹികവിനോദം എന്ന നിലയിലും ദഫ് മുട്ട് കളി അവതരിപ്പിച്ചുവരുന്നു.

 കൂടിയാട്ടം
കേരളത്തിന്റെ തനത് ക്ലാസിക് കലകളിൽ പ്രധാനമാണ് കൂടിയാട്ടം. ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ നൃത്തരൂപമാണ് ഇത്. രണ്ടായിരത്തിലേറെ വർഷത്തെ പഴക്കമുണ്ട് ഈ കലയ്ക്ക്. കൂടിയ അഥവാ മേന്മയേറിയ ആട്ടം എന്നാണ് കൂടിയാട്ടത്തിന്റെ അർഥം.

കുലശേഖര രാജാവിന്റെ കാലത്താണ് ഈ കല രൂപമെടുത്തത്. സംസ്കൃത നാടകത്തിന്റെ കേരളീയമായ കലാ ആ വിഷ്കാരമായി ഇത് പരിഗണിക്കപ്പെടുന്നു. ക്ഷേത്രകലയായ കൂടിയാട്ടം കൂത്തമ്പലങ്ങളിലാണ് നടത്തിയിരുന്നത്. ദാസൻ, കാളിദാസൻ, ശുകൻ എന്നിവരുടെ സംസ്കൃത നാടകങ്ങളാണ് കൂടിയാട്ടത്തിലൂടെ രംഗാവിഷ്കാരം നടത്തുന്നത്. മിഴാവ് ഉൾപ്പെടെ അഞ്ച് വാദ്യങ്ങളാണ് കൂടിയാട്ടത്തിന് ഉപയോഗിക്കുന്നത്. ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ മാത്രം നിലനിന്നിരുന്ന ഈ കല ഇന്ന് പൊതുവേദികളിലും അവതരിപ്പിച്ചുവരുന്നു. അത്യപൂർവമായ പ്രാചീന കലാരൂപങ്ങളുടെ നിലനിൽക്കുന്ന കണ്ണി എന്ന പരിഗണനയിലാണ് യുനെസ്കോ കൂടിയാട്ടത്തെ ലോകപൈതൃകമായി അംഗീകരിച്ചത്.

 രാമനാട്ടം
കഥകളിയുടെ പ്രാരംഭരൂപമാണ് രാമനാട്ടം. പതിനേഴാം നൂറ്റാണ്ടിൽ കൊട്ടാരക്കര തമ്പുരാനാണ് ആദ്യമായി രാമനാട്ടം എഴുതി അവതരിപ്പിച്ചത്. കോഴിക്കോട് സാമൂതിരിയായ മാനവേദൻ എട്ട് ദിവസത്തെ കഥയായി കൃഷ്ണനാട്ടം അവതരിപ്പിച്ചത് അറിഞ്ഞ കൊട്ടാരക്കര തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, അത് ക്ഷേത്രത്തിൽ മാത്രം അവതരിപ്പിക്കാൻ ഉള്ളതാണെന്നും തെക്കുള്ളവർക്ക് അത് മനസ്സിലാക്കാനുള്ള പ്രാപ്തിയില്ലെന്നും മാനവേദൻ അറിയിച്ചു. ഇതിൽ വാശി തോന്നിയാണ് കൊട്ടാരക്കര തമ്പുരാൻ രാമനാട്ടം രൂപപ്പെടുത്തിയതെന്നാണ് ഐതിഹ്യം. രാമായണത്തെ എട്ട് ദിവസത്തെ കഥയായി വിഭജിച്ചാണ് രാമനാട്ടം ചിട്ടപ്പെടുത്തിയത്. കൃഷ്ണനാട്ടം സംസ്കൃതത്തിലായിരുന്നെങ്കിൽ രാമനാട്ടം മലയാള ഭാഷയിലായിരുന്നു. ഇത് ഈ കലാരൂപത്തിന്റെ ജനപ്രീതി വർധിപ്പിച്ചു. നിലവിൽ രാമനാട്ടം കാര്യമായി അവതരിപ്പിക്കപ്പെടുന്നില്ല.

 കഥകളി
കേരളത്തിന്റെ പ്രശസ്തമായ ക്ലാസിക് കലയാണ് കഥകളി. രാമനാട്ടമാണ് പിന്നീട് കഥകളിയായി പരിണമിച്ചതെന്ന് ഗവേഷകർ പറയുന്നു. നാട്യം, നൃത്യം, നൃത്തം തുടങ്ങിയ അഭിനയ കലയുടെ വകഭേദങ്ങളെ സാഹിത്യത്തോടും സംഗീതത്തോടും സമന്വയിപ്പിച്ചാണ് കഥകളി അവതരിപ്പിക്കുന്നത്.

കഥകളിയിലെ സംഗീതം പാത്രഭാവത്തിനും അല്ലെങ്കിൽ പാത്രസ്വഭാവത്തിനും അനുസരിച്ചായിരിക്കും. നടന്റെ അഭിനയത്തെ പുഷ്ടിപ്പെടുത്തേണ്ടത് ഗായകന്റെ ധർമമാണ്. കഥകളി ഗായകരെ ഭാഗവതർ എന്നാണ് വിളിക്കുന്നത്. കഥകളിസംഗീതത്തെ സോപാന സംഗീതം അഥവാ സോപാനരീതി എന്നു പറയുന്നു.

ചെണ്ട, മദ്ദളം, ചേങ്ങില, കൈമണി (ഇലത്താളം) എന്നിവയാണ് കഥകളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങൾ.

അഭിനയപ്രാധാന്യമുള്ള കലയാണിത്. കഥകളിയിൽ കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ച് പച്ച, കത്തി, കരി, താടി, മിനുക്ക് തുടങ്ങിയ വേഷങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
പ്രാചീന കലകളിൽനിന്ന്‌ പലതും സ്വീകരിച്ചുകൊണ്ടാണ് കഥകളി രൂപംകൊണ്ടത്. കൂത്ത്, കൂടിയാട്ടം, തെയ്യം, തിറ, കൃഷ്ണനാട്ടം, പടയണി, ശാസ്ത്രക്കളി, തെരുക്കൂത്ത്, ചിത്രകല, ശില്പകല ഇവയൊക്കെ കഥകളിയെ സ്വാധീനിച്ചിട്ടുണ്ട്.