കാഷിവസാക്കി-കരിവ-ജപ്പാൻ
ജപ്പാനിലെ കാഷിവസാക്കി-കരിവയാണ് ലോകത്തിലെ ഏറ്റവും വലിയ ആണവനിലയം. ആയിരം ഏക്കറിൽ സ്ഥിതിചെയ്യുന്ന, 7965 മെഗാവാട്ട് ശേഷിയുള്ള നിലയത്തിൽ ഏഴ് ഓപ്പറേഷണൽ യൂണിറ്റുകളാണുള്ളത്. 1067 മെഗാവാട്ട് ശേഷിയുള്ള അഞ്ച് യൂണിറ്റുകളും 1315 മെഗാവാട്ട് ശേഷിയുള്ള രണ്ട് യൂണിറ്റുകളും. 2011-ലുണ്ടായ അതിശക്തമായ ഭൂകമ്പത്തെത്തുടർന്ന് കാഷിവസാക്കിയിലെ എല്ലാ പ്ലാന്റുകളുടെയും പ്രവർത്തനം നിർത്തിവെച്ചിരിക്കയാണ്.

ഷിൻ കോറി-ദക്ഷിണകൊറിയ
ലോകത്തെ രണ്ടാമത്തെ വലിയ ആണവനിലയമാണ് ദക്ഷിണകൊറിയയിലെ ബുസാനിലുള്ള ഷിൻ കോറി. 1972-ൽ നിർമാണം തുടങ്ങിയ നിലയം 1978-ൽ പ്രവർത്തനം തുടങ്ങി. 7337 മെഗാവാട്ടാണ് ശേഷി. ആറ് ഓപ്പറേഷണൽ യൂണിറ്റുകളാണ് ഇവിടെയുള്ളത്. 

ബ്രൂസ്-കാനഡ
ഒൻടാരിയോയിലെ ബ്രൂസ് കൗണ്ടിയിൽ 2300 ഏക്കറിലാണ് ബ്രൂസ് ആണവനിലയം സ്ഥിതിചെയ്യുന്നത്. 6430 മെഗാവാട്ടാണ് ശേഷി. എട്ട് റിയാക്ടറുകളുണ്ട്. 1970-’87 കാലഘട്ടത്തിൽ പണി പൂർത്തിയായി. നാലായിരത്തിലേറെപ്പേർ ഇവിടെ ജോലി ചെയ്യുന്നു.

യാങ് ജിയാങ് -ചൈന
ആറായിരം മെഗാവാട്ടാണ് ശേഷി. 2008-ൽ നിർമാണം തുടങ്ങിയ നിലയം 2013-ൽ പ്രവർത്തനസജ്ജമായി.

ഹാനുൽ- ദക്ഷിണകൊറിയ
ദക്ഷിണകൊറിയയിലെ രണ്ടാമത്തെ വലിയ ആണവനിലയവും ലോകത്തെ അഞ്ചാമത്തേതും.    5928 മെഗാവാട്ട് ശേഷിയുള്ള ഹാനുലിൽ ആറ് റിയാക്ടറുകളാണുള്ളത്. 1988-ൽ പ്രവർത്തനം തുടങ്ങി.

സാപ്പൊറേഷിയ-യുക്രൈൻ
യുക്രൈനിലെ എനെർഹോഡറിൽ സ്ഥിതിചെയ്യുന്ന സാപ്പൊറേഷിയ ആണവനിലയം 1995-ൽ പ്രവർത്തനം തുടങ്ങി. 
ആറ് റിയാക്ടറുകളിലായി 5700 മെഗാവാട്ട് ശേഷി.

ഗ്രേവ്‌ലീൻ-ഫ്രാൻസ്
പശ്ചിമയൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം. 5460 മെഗാവാട്ട് ശേഷി. ആറ് ആണവറിയാക്ടറുകൾ. 1980 മുതൽ 1985 വരെ നിർമാണം.

പല്വെൽ-ഫ്രാൻസ്
ഫ്രാൻസിലെ നോർമൻഡിയിലെ പാല്വെൽ നഗരത്തിൽ സ്ഥിതിചെയ്യുന്നു. 5320 മെഗാവാട്ട് ശേഷി. നാല് റിയാക്ടറുകൾ. 1977-ൽ നിർമാണം തുടങ്ങി 1986-ൽ പൂർത്തിയായി. പ്രതിവർഷം 3200 കിലോവാട്ട് വൈദ്യുതിയുത്പാദിപ്പിക്കുന്നു.

കാറ്റെനോം-ഫ്രാൻസ്
5200 മെഗാവാട്ട് ശേഷി. നാല് റിയാക്ടറുകൾ. രണ്ടായിരത്തോളം പേർ ജോലിചെയ്യുന്നു. 1986-ൽ തുടങ്ങി.

ഹാൻബിറ്റ്-ദക്ഷിണകൊറിയ
5875 മെഗാവാട്ട് ശേഷി. ആറ് റിയാക്ടറുകൾ. യോങ് വാങ് ആണവനിലയമെന്ന പേര് പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തെത്തുടർന്ന് 2013-ലാണ് ഹാൻബിറ്റെന്ന് മാറ്റിയത്. 1986-ൽ പ്രവർത്തനം തുടങ്ങി.

ഇന്ത്യയിലെ ആണവനിലയങ്ങൾ

ഏഴ് ആണവനിലയങ്ങളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഇവയിൽ 22 റിയാക്ടറുകളിൽനിന്നായി 6780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിലാണ് ഇന്ത്യയിലെ ആണവനിലയങ്ങളുടെ പ്രവർത്തനം.

താരാപ്പുർ-മഹാരാഷ്ട്ര
ഇന്ത്യയിലെ ആദ്യത്തെ ആണവനിലയമാണ് താനെ ജില്ലയിൽ സ്ഥിതിചെയ്യുന്ന താരാപ്പുർ. 1969-ൽ പ്രവർത്തനംതുടങ്ങി. 1400 മെഗാവാട്ടാണ് ശേഷി. താരാപ്പുർ നിലയത്തിന്റെ അമ്പതാം വാർഷികം 2019-ൽ ആഘോഷിച്ചിരുന്നു. അമേരിക്കയുടെ സഹകരണത്തോടെയായിരുന്നു നിർമാണം. ഇന്ത്യ പൊഖ്‌റാനിൽ നടത്തിയ ആണവപരീക്ഷണത്തിനുശേഷം അമേരിക്ക സഹകരണത്തിൽനിന്ന് പിന്മാറി.

റാവത് ഭാട്ട- രാജസ്ഥാൻ
ചിത്രോഗഢ് ജില്ലയിൽ സ്ഥിതിചെയ്യുന്നു. 1973-ൽ പ്രവർത്തനം തുടങ്ങി. ആറ് റിയാക്ടറുകളിൽനിന്ന് 1180 മെഗാവാട്ട് വൈദ്യുതിയുത്പാദിപ്പിക്കുന്നു. രണ്ട് റിയാക്ടറുകൾകൂടി സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റാപ്‌സ് (രാജസ്ഥാൻ അറ്റോമിക് പവർ സ്റ്റേഷൻ) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.

കൂടംകുളം-തമിഴ്‌നാട്
വലിയ പ്രതിഷേധങ്ങളും വിവാദങ്ങളുമുയർത്തിയതാണ് കൂടംകുളം ആണവനിലയം. തിരുനെൽവേലി ജില്ലയിൽ ചെന്നൈ നഗരത്തിൽനിന്ന് 650 കിലോമീറ്റർ തെക്കുമാറിയാണ് കൂടംകുളം ആണവനിലയം. നിലവിൽ 2000 മെഗാവാട്ട് വൈദ്യുതിയുത്പാദിപ്പിക്കുന്നു. റഷ്യയുടെ സഹകരണത്തോടെ നാല് റിയാക്ടറുകൾകൂടി സ്ഥാപിക്കാൻ ഇരുരാജ്യങ്ങളും കരാറൊപ്പുവെച്ചിട്ടുണ്ട്. 2026-ൽ നാല് റിയാക്ടറും സ്ഥാപിക്കുന്നതോടെ കൂടംകുളത്തിന്റെ ശേഷി ആറായിരം മെഗാവാട്ടാകും. 1988-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് യൂണിയൻ പ്രസിഡന്റ്
മിഖായേൽ ഗോർബച്ചേവുമാണ് കൂടംകുളം ആണവനിലയം സംബന്ധിച്ച ആദ്യരേഖയിൽ ഒപ്പുവെച്ചത്. 2002-ൽ നിർമാണം തുടങ്ങി.
അതേസമയം, കടൽത്തീരത്ത് സ്ഥിതിചെയ്യുന്നതിനാൽ സുനാമി പോലെയുള്ള പ്രകൃതിദുരന്തഭീഷണിയുള്ളതും ചുറ്റും ജനവാസമേഖലയായതും ആശങ്കയുണർത്തുന്നുണ്ട്. കൂടംകുളത്തിനെതിരേ തമിഴ്‌നാട്ടിലും കേരളത്തിലും വലിയ പ്രതിഷേധമാണ് നടക്കുന്നത്.

കൈഗ-കർണാടക
കർണാടകയിലെ കർവാർ ജില്ലയിലാണ് കൈഗ ആണവനിലയം. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ആണവനിലയം. 440 മെഗാവാട്ട് ശേഷി. 1999-ൽ പ്രവർത്തനം തുടങ്ങി. നാലാം റിയാക്ടറിന്റെ നിർമാണം പുരോഗമിക്കുന്നു.

കക്രാപർ-ഗുജറാത്ത്
ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ താപ്തി നദിയുടെ തീരത്ത്. 1993-ൽ പ്രവർത്തനം തുടങ്ങി. നാല് റിയാക്ടറുകളിൽനിന്നായി 1.84 ജിഗാവാട്ട് ശേഷി.

കൽപ്പാക്കം-തമിഴ്നാട്
1984-ൽ പ്രവർത്തനം തുടങ്ങി. 470 മെഗാവാട്ട് ശേഷി. രണ്ട് റിയാക്ടറുകൾകൂടി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

നറോറ-ഉത്തർപ്രദേശ്
1991-ൽ പ്രവർത്തനം തുടങ്ങി. രണ്ട് റിയാക്ടറുകളിൽനിന്നായി 440 മെഗാവാട്ട് ശേഷി. 1993-ൽ കനത്ത തീപ്പിടിത്തമുണ്ടായതോടെ ഒരു യൂണിറ്റ് ഒരു മാസത്തോളം പ്രവർത്തനരഹിതമായിരുന്നു.

ലോകത്തെ ഞെട്ടിച്ച ആണവദുരന്തങ്ങൾ

ചെർണോബിൽ ദുരന്തം-1986

മുൻപ് സോവിയറ്റ് യൂണിയന്റെയും ഇപ്പോൾ യുക്രൈനിന്റെയും ഭാഗമായ പ്രിപ്യാറ്റിലാണ് ചെർണോബിൽ ആണവനിലയം. 1986 ഏപ്രിൽ 26-ന് ചെർണോബിലിലുണ്ടായ പൊട്ടിത്തെറിയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ആണവദുരന്തമായി വിലയിരുത്തപ്പെടുന്നത്. എണ്ണായിരത്തോളം പേർ ആണവച്ചോർച്ചയിലും മുപ്പതിനായിരം മുതൽ അറുപതിനായിരം പേർ പിന്നീടുണ്ടായ പാർശ്വഫലങ്ങളാലും കൊല്ലപ്പെട്ടു എന്നാണ്‌ കണക്ക്. നിലയത്തിലെ നാലാംനമ്പർ റിയാക്ടറിലെ പരീക്ഷണത്തിനിടെ നടന്ന സുരക്ഷാപ്പിഴവാണ് ദുരന്തത്തിനുകാരണം.

ഫുക്കുഷിമ-2011
ജപ്പാനിലെ ഫുക്കുഷിമയിലുണ്ടായ ആണവച്ചോർച്ച ലോകത്തെ വലിയ ആണവദുരന്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 2011-ൽ ജപ്പാനിലുണ്ടായ സുനാമിയിൽ നിലയത്തിന് കേടുപാടുണ്ടായി. ആണവച്ചോർച്ചയിൽ നേരിട്ട് ആർക്കും ജീവഹാനിയുണ്ടായില്ലെങ്കിലും പത്തുലക്ഷത്തോളംപേരെ ഒഴിപ്പിച്ച് മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ പ്രക്രിയയിൽ രണ്ടായിരത്തോളം പേർ മരിച്ചെന്നാണ്‌ കണക്ക്. ഇപ്പോഴും ഫുക്കുഷിമ നഗരം ആളൊഴിഞ്ഞ മേഖലയാണ്.

ത്രീമൈൽ ദ്വീപ്-1978
യു.എസിലെ പെൻസിൽവാനിയയിലെ ത്രീ മൈൽ ആണവനിലയത്തിലുണ്ടായ ചോർച്ച. യു.എസ്. ചരിത്രത്തിലെ ഏറ്റവും വലിയ ആണവോർജ അപകടമാണിത്. ആർക്കും ജീവഹാനിയുണ്ടായില്ലെങ്കിലും ആണവോർജപദ്ധതികൾക്കെതിരേ രാജ്യത്ത് വലിയ പ്രതിഷേധമുയർന്നു.

മയക്-1957
സോവിയറ്റ് യൂണിയനിലെ ചെല്യാബിൻസ്കിനുസമീപം ആണവനിലയത്തിലുണ്ടായ തകരാർ 80 ടണ്ണോളം റേഡിയോ ആക്ടീവ് അവശിഷ്ടങ്ങൾ വായുവിൽ കലരുന്നതിന് കാരണമായി. മുന്നൂറോളം പേർ മരിച്ചു. പതിനായിരക്കണക്കിനുപേരെ ഒഴിപ്പിച്ചു.

വിൻഡ് സ്കെയിൽ-1957
ബ്രിട്ടനിലെ കംബ്രിയയിൽ വിൻഡ്‌സ്‌കെയിലിലുണ്ടായ തീപ്പിടിത്തം ആണവച്ചോർച്ചയ്ക്ക് കാരണമായി. ആർക്കും ജീവഹാനിയുണ്ടായില്ലെങ്കിലും ആണവവികിരണത്തിന്റെ ഫലമായി ഇരുനൂറോളം പേർ അർബുദബാധിതരായി.