വ്യവഹാര ജീവിതത്തിലെ വിവേചനബുദ്ധിയില്ലാത്ത തനിപ്പകർപ്പെടുക്കലിനെയാണ്‌ ഈച്ചയടിച്ചാൻ കോപ്പി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്‌.
അരനൂറ്റാണ്ടിലേറെമുമ്പ്‌ തിരുവനന്തപുരത്തെ പുത്തൻകച്ചേരിയിൽനടന്ന ഒരു സംഭവത്തിൽനിന്നാണീ വാക്കിന്റെ പിറവി. അവിടെ ഒരു ഗുമസ്തനുണ്ടായിരുന്നു. അദ്ദേഹം ഒരു തീറാധാരത്തിന്റെ അടയാളസഹിതമുള്ള പകർപ്പെടുക്കാൻ നിയോഗിതനായി. പക്ഷേ, ശരിപ്പകർപ്പെടുത്തു കഴിഞ്ഞിട്ടും അയാൾക്ക്‌ തൃപ്തിവന്നില്ല. 
ആധാരത്തിന്റെ പ്രധാനപ്പെട്ട ഒരിടത്ത്‌ ഒരീച്ച ചതഞ്ഞ്‌ ചത്ത്‌ ഒട്ടിക്കിടപ്പുണ്ടായിരുന്നു. അതിനെ ഒഴിവാക്കിയാണാ പേജിന്റെ പകർപ്പെടുത്തത്‌. അത്‌ ശരിയായോ? മേലുദ്യോഗസ്ഥന്റെ കല്പന പൂർണമാകണമെങ്കിൽ ആ ഈച്ചയെയും ഉൾപ്പെടുത്തി കോപ്പിയെടുക്കേണ്ടേ? ചിന്തയിങ്ങനെയൊക്കെ പോയി. അവസാനം അടർത്തിക്കളഞ്ഞ ആ ഈച്ചയെ സ്ഥാനത്ത്‌ പതിച്ച്‌ ആൾ കോപ്പിയെടുത്തു!
ഇക്കഥ കവി ഒ.എൻ.വി. കുറുപ്പ്‌ ഓർമക്കുറിപ്പുകളിൽ എഴുതിയതാണ്‌. നാടകം ഒരിക്കലും ജീവിതത്തിന്റെ ഈച്ചയടിച്ചാൻ കോപ്പിയാകരുത്‌ എന്ന്‌ സോദാഹരിക്കാനാണ്‌ കവി ഇക്കഥ അവിടെ എടുത്തുപറഞ്ഞിരിക്കുന്നത്‌.
മേൽപ്പറഞ്ഞ ഗുമസ്തന്റെ മനോഭാവം വെച്ചുപുലർത്തുന്ന വ്യക്തികളെ സമൂഹത്തിൽ വേറെയും കാണാൻ കഴിഞ്ഞേക്കും. സിനിമയിലെ ഒരു പാട്ട്‌ സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ സിനിമയിൽ കഥാനുസരണംവന്ന പാട്ടിലെ സംഭാഷണങ്ങളോ ചിരിയോ അതുപോലെ അവതരിപ്പിക്കുന്ന പ്രാദേശികഗായകരുണ്ട്‌. 
നിത്യജീവിതത്തിൽ ഇത്തരം ഒട്ടേറെ മുഹൂർത്തങ്ങൾ കാണാം. അവിടെയെല്ലാം ഈച്ചയടിച്ചാൻ കോപ്പി എന്ന പ്രയോഗത്തിന്‌ സാംഗത്യമുണ്ട്‌.

എട്ടിന്റെ പണി

എട്ടിന്റെ പണി എന്ന പദപ്രയോഗം ഈയടുത്തകാലത്തായി മലയാളഭാഷയിൽ, പ്രത്യേകിച്ച്‌ നാട്ടുചന്തമുള്ള സംസാരഭാഷയിൽ ഉപദേശമായും ഭീഷണിയായും പരിഹാസമായുമൊക്കെ ധാരാളം ഉപയോഗിക്കപ്പെടുന്ന വാക്കാണ്‌.
‘ആ പ്രശ്നത്തിലിടപെടേണ്ട, അവസാനം എട്ടിന്റെ പണിയായിത്തീരും.’
‘ഞാൻ പറഞ്ഞതിപ്പോ കേട്ടില്ലെങ്കിൽ എട്ടിന്റെ പണി പിറകെവരും.’രക്ഷപ്പെടാനാവാത്ത കുരുക്ക്‌ എന്നാണ്‌ എട്ടിന്റെ പണികൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന്‌ മിക്കവർക്കും അറിയാം. പക്ഷേ, എവിടെനിന്നീ വാക്ക്‌ വന്നു. ആ കഥ അറിയണ്ടേ.
വാസ്തവത്തിൽ ന്യൂജനറേഷൻ സിനിമ എന്ന്‌ നിർവചിക്കപ്പെട്ട നവമലയാളസിനിമയിൽനിന്നാണീ വാക്കിന്റെ വരവ്‌. ക്വട്ടേഷൻസംഘങ്ങളെക്കൊണ്ട്‌ അഥവാ വാടകക്കൊലയാളികളാൽ കുപ്രസിദ്ധമായ നഗരമാണല്ലോ കൊച്ചി. കൊച്ചി കേന്ദ്രിതമായ ക്വട്ടേഷൻ സംഘങ്ങളുടെ കഥപറയുന്ന ധാരാളം സിനിമകൾ മലയാളത്തിലിറങ്ങിയിട്ടുണ്ട്‌. പലതും വൻവിജയമായിട്ടുമുണ്ട്‌. അത്തരം ചില സിനിമകളിലെ ആവർത്തിച്ചുവരുന്ന സംഭാഷണശകലമായിരുന്നു എട്ടിന്റെ പണി. പിന്നീട്‌ മലയാളിയുടെ നാവിൻതുമ്പിലിത്‌ ചിരപരിചിതമായിത്തീർന്നു. ഇപ്പോഴും എട്ടുമായുള്ള വാക്കിന്റെ ബന്ധം വ്യക്തമായില്ലല്ലോ എന്നല്ലേ ചിന്തിക്കുന്നത്‌? കേട്ടുകൊള്ളുക.
എട്ട്‌ ആകൃതിയിൽ വളഞ്ഞ കഠാരി കുപ്രസിദ്ധരായ ഇത്തരം വാടകക്കൊലയാളികളുടെ മാരകവും പ്രിയങ്കരവുമായ ആയുധമാണ്‌! എതിരാളിയുടെ വയറ്റിൽ കയറ്റി വലിച്ചാൽ അകത്തുകിടക്കുന്ന കുടലും പണ്ടവുമൊക്കെ പുറത്തുചാടും! അതത്രെ ആ ആയുധത്തിന്റെ പ്രത്യേകത! ഇപ്പോൾ ശരിക്കുമുള്ള എട്ടിന്റെ പണി എന്താണെന്ന്‌ മനസ്സിലായല്ലോ. കൊച്ചിയിലെ അധോലോകത്തിൽനിന്നുംവന്ന വാക്ക്‌, അതാണ്‌ എട്ടിന്റെ പണി. ഒരു കുറ്റാന്വേഷകനെപ്പോലെ വാക്കുകളുടെ വേരുകൾതേടിപ്പോയാൽ
ചിലപ്പോൾ നിഗൂഢമായ ഇത്തരം സങ്കേതങ്ങളിലെത്തിച്ചേരും. 
ഇതുകൂടാതെ ഗണിതപരമായി വേറൊരു മാനവും ഈ പ്രയോഗത്തിനുണ്ട്‌. ഒന്നുമുതൽ ഒമ്പതുവരെയുള്ള അക്കങ്ങൾ ശ്രദ്ധിക്കൂ. എട്ടൊഴികെ എല്ലാ അക്കങ്ങൾക്കും രേഖപ്പെടുത്തുമ്പോൾ അറ്റമുണ്ട്‌. എട്ടിനുമാത്രമില്ല. അതായത്‌ രക്ഷപ്പെടാനാവാത്ത കുരുക്ക്‌!

തയ്യാറാക്കിയത്: പ്രദീപ്‌ പേരശ്ശനൂർ