ചരിത്രം, ഭൂമിശാസ്ത്രം, പൗരധർമം, സാമ്പത്തികശാസ്ത്രം എന്നിവയിൽനിന്ന്‌ ഏറെ പ്രാധാന്യമുള്ള അധ്യായങ്ങളിൽനിന്നാണ്‌ ഫോക്കസ്‌ പോയന്റുകൾ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്‌. ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ച മൂന്ന്‌ വിപ്ളവങ്ങളും ഗാന്ധിയുഗംമുതൽ സ്വതന്ത്ര ഇന്ത്യയിലെ പുരോഗതികൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ ചരിത്ര പാഠഭാഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

ഭൂമിശാസ്ത്രത്തിൽനിന്ന്‌ സൂര്യന്റെ അയനവും ഭ്രമണവും സമയനിർണയവും എന്നിവയ്ക്കുപുറമേ, വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന അധ്യായത്തിലെ ഇന്ത്യയുടെ ഭൂപ്രകൃതിയെക്കുറിച്ചുള്ള മനോഹരമായ വിവരണം ഒരു ഡോക്യുമെന്ററി കാണുന്നതുപോലെ രസകരമാണ്‌.

പൗരധർമത്തിൽനിന്ന്‌ പൊതുഭരണം എന്ന അധ്യായവും  സാമ്പത്തികശാസ്ത്രത്തിൽനിന്ന്‌ മാനവവിഭവശേഷി വികസനം എന്ന അധ്യായത്തിലെ മാനവവിഭവം, ഗുണപരമായ സവിശേഷതകൾ, വിദ്യാഭ്യാസവും മാനവവിഭവശേഷി വികസനവും, ആരോഗ്യപരിപാലനം എന്നീ പാഠഭാഗങ്ങൾക്കുമാണ്‌ ഊന്നൽ നൽകേണ്ടത്‌. ഈ കൊറോണ കാലഘട്ടത്തിൽ പത്താംക്ളാസിലെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട ഏറെ പ്രാധാന്യമുള്ള അധ്യായങ്ങൾ, കൃത്യമായ വായനയിലൂടെയും ആശയങ്ങൾ കുറിച്ചുവെച്ചുള്ള പഠനത്തിലൂടെയും ഭൂപടപഠനത്തിലൂടെയും നല്ല സ്കോറുകൾ നേടാൻ സഹായിക്കും.

 ലോകത്തെ സ്വാധീനിച്ച വിപ്ളവങ്ങൾ
അമേരിക്കൻ സ്വാതന്ത്ര്യസമരം, ഫ്രഞ്ച്‌ വിപ്ളവം, റഷ്യൻ വിപ്ളവം. അമേരിക്കൻ സ്വാതന്ത്ര്യസമരമെന്നത്‌ ഇംഗ്ലണ്ടിന്റെ കോളനിവാഴ്ചയ്ക്കെതിരായുള്ളതാണെങ്കിൽ ഫ്രഞ്ച്‌ വിപ്ളവവും റഷ്യൻ വിപ്ളവവും സ്വന്തം രാജ്യങ്ങളിലെ രാജാക്കന്മാരുടെ സ്വേച്ഛാധിപത്യത്തിനും ഫ്യൂഡൽ വ്യവസ്ഥിതിക്കുമെതിരെയാണ്‌. ലോകത്തിലെ ആദ്യകാല വിപ്ളവങ്ങൾക്ക്‌ പൊതുവായ പ്രേരണാഘടകം ‘നവോത്ഥാന’മാണെന്നതിൽ തർക്കമില്ല. നവോത്ഥാനം മനുഷ്യന്റെ ചിന്തയിലും കാഴ്ചപ്പാടിലും ജീവിതത്തിലും ശ്രദ്ധേയമായ മാറ്റങ്ങൾ സൃഷ്ടിച്ചു. ‘മാനവികത, ശാസ്ത്രബോധം, യുക്തിചിന്ത’ എന്നിങ്ങനെയുള്ള ചിന്താഗതികൾ മനുഷ്യന്റെ ബോധമണ്ഡലത്തിനെ വളരെ കാര്യമായി സ്വാധീനിച്ചു. ഈ ജ്ഞാനോദയം തിന്മയ്ക്കുനേരെ പോരാടാനും സ്വാതന്ത്ര്യം നേടിയെടുക്കാനും മനുഷ്യനെ പ്രേരിപ്പിച്ചു.

  ഈസാഹചര്യത്തിൽ അമേരിക്കൻ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ പ്രസക്തി പരിശോധിക്കേണ്ടതാണ്‌.  

1.  പിൽക്കാല സ്വാതന്ത്ര്യസമരങ്ങൾക്കും വിപ്ളവങ്ങൾക്കും പ്രചോദനവും ലക്ഷ്യബോധവും നൽകി.
2. റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം അവതരിപ്പിച്ചു.
3. ആദ്യ ലിഖിത ഭരണഘടന അവതരിപ്പിക്കപ്പെട്ടു.
4. സംസ്ഥാനങ്ങൾക്ക്‌ സ്വാതന്ത്ര്യവും അധികാരവും നൽകുന്ന ഫെഡറൽ രാഷ്ട്രം എന്ന ആശയം നടപ്പാക്കി.

ഫ്രഞ്ച് വിപ്ലവം    
പതിനേഴ്‌, പതിനെട്ട്‌ നൂറ്റാണ്ടുകളിൽ ഫ്രാൻസിൽ നടമാടിയ ദുർഭരണം ‘ഞാനാണ്‌ രാഷ്ട്രം’ എന്ന്‌ പ്രഖ്യാപിക്കുന്ന ലൂയി പതിന്നാലാമനും ‘എനിക്കുശേഷം പ്രളയം’ എന്ന്‌ പറയുന്ന ലൂയി പതിനഞ്ചാമനും ‘നിങ്ങൾക്ക്‌ റൊട്ടിയില്ലെങ്കിലെന്താ, കേക്ക്‌ തിന്നുകൂടെ’ എന്ന്‌ ചോദിക്കുന്ന രാജ്ഞിയും. ഫ്രാൻസിൽ പത്തിൽ ഒമ്പതുപേർ പട്ടിണികൊണ്ട്‌ മരിച്ചപ്പോൾ പത്താമത്തെയാൾ ദഹനക്കേട്‌ ബാധിച്ച്‌ മരിച്ചിരുന്നു. ഇവയെല്ലാം സമൂഹത്തിലെ സാമ്പത്തിക അസമത്വത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങളാണ്‌. മൂന്ന്‌ സ്റ്റേറ്റുകളായുള്ള സമൂഹത്തിന്റെ വിഭജനം -എല്ലാതരം നികുതികളിൽനിന്നും ഒഴിവാക്കപ്പെട്ട്‌ ആഡംബര ജീവിതം നയിക്കുന്ന പുരോഹിതന്മാരും പ്രഭുക്കന്മാരും. എന്നാൽ, ഭരണത്തിൽ ഒരവകാശവുമില്ലാത്ത എല്ലാ നികുതിഭാരവും അടിച്ചേൽപ്പിക്കപ്പെട്ട മധ്യവർഗത്തിന്റെ ദുരവസ്ഥ വ്യക്തമാണ്‌.
ഫ്രഞ്ച്‌ വിപ്ളവത്തിന്റെ സ്വാധീനം
 സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
 ‘ഫ്രാൻസിൽ തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും’-ഓസ്‌ട്രിയൻ ഭരണാധികാരിയായിരുന്ന മെറ്റേർണിക്‌

റഷ്യൻ വിപ്ളവം
സാർ ചക്രവർത്തിമാരുടെ ഏകാധിപത്യഭരണത്തിനുകീഴിലെ സാധാരണക്കാരുടെ ജീവിതം പ്രയാസമുള്ളതായിരുന്നു. ഇത്‌ വിപ്ളവത്തിന്‌ കാരണമായി.
 കാർഷികമേഖലയിലെ കുറഞ്ഞ ഉത്‌പാദനം
 തുച്ഛമായ വ്യാവസായികോത്‌പാദനം
 കർഷകരുടെയും തൊഴിലാളികളുടെയും ദുരിതപൂർണമായ ജീവിതം
ഈ രണ്ട്‌ വിപ്ളവങ്ങളെയും കുറിച്ചുള്ള താരതമ്യപഠനം കൂടുതൽ ഗുണം ചെയ്യും.

ഇന്ത്യൻ സ്വാതന്ത്ര്യ സമരം
ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ, നിസ്സഹകരണസമരവും ഖിലാഫത്ത്‌ പ്രസ്ഥാനവും പൂർണ സ്വരാജും സിവിൽനിയമലംഘനവും, ബ്രിട്ടീഷുകാർ ഇന്ത്യ വിടുക, സുഭാഷ്‌ ചന്ദ്രബോസ്‌
ഒറ്റവാക്കിൽ തുടങ്ങി ഖണ്ഡിക എഴുത്ത്‌ വരെയുള്ള ചോദ്യങ്ങൾ ഈ പാഠഭാഗത്തുനിന്ന്‌ നിശ്ചയമായും പ്രതീക്ഷിക്കാവുന്നതാണ്‌.

ഇന്ത്യയിലെ വിദ്യാസമ്പന്നർക്കും ഉയർന്നവിഭാഗങ്ങൾക്കുമിടയിൽമാത്രം ഒതുങ്ങിനിന്നിരുന്ന ദേശീയപ്രസ്ഥാനത്തെ ജനകീയമുന്നേറ്റമാക്കാൻ മഹാത്മാഗാന്ധി സ്വീകരിച്ച സമരമുറകളും അവയെ പ്രായോഗിക തലത്തിലേക്ക്‌ കൊണ്ടുവന്ന രീതികളുമാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌. അഹിംസയിലൂന്നിയുള്ള നിസ്സഹകരണ, നിയമലംഘന സമരമുറകളും  ചൗരിചൗരയും ഖിലാഫത്ത്‌ പ്രസ്ഥാനവും എന്തുകൊണ്ടായിരുന്നു എന്നതും കുട്ടികൾ തിരിച്ചറിയേണ്ടതുണ്ട്‌.ബിഹാറിലെ ചമ്പാരനിൽ 1917-ൽ നടന്ന നീലം സമരം, 1918-ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന തുണിമിൽ സമരം, 1918-ൽ ഗുജറാത്തിലെ വേഡയിൽ നടന്ന സമരം എന്നിവ ദക്ഷിണാഫ്രിക്കയിൽനിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ ഗാന്ധിജി ആദ്യമായി ഇടപെട്ട പ്രാദേശികസമരങ്ങളാണ്‌.

 പ്രാദേശികവും സാമ്പത്തികപ്രശ്നങ്ങളിൽ അധിഷ്ഠിതവുമായ ഈ സമരങ്ങളിൽ ഗാന്ധിജി ഉപയോഗിച്ച സമരരീതികൾ എന്തെല്ലാമായിരുന്നു? അവയുടെ ഫലങ്ങൾ എന്തെല്ലാമാണ്‌?
 ഗാന്ധിജിയുടെ സമരരീതിയും ആശയങ്ങളും തികച്ചും ജനകീയമായിരുന്നു.
 വിദ്യാസമ്പന്നരിൽമാത്രം ഒതുങ്ങിനിന്ന ദേശീയപ്രസ്ഥാനം  സാധാരണക്കാരായ ജനങ്ങളിലേക്കും ആകർഷിക്കപ്പെട്ടു.
 ഗ്രാമപ്രദേശങ്ങളിലേക്ക്‌ ദേശീയപ്രസ്ഥാനം വ്യാപിക്കാൻ കാരണമായി.
 എല്ലാ ജനങ്ങൾക്കും സ്വീകാര്യനായ ദേശീയനേതാവായി മാറി.

നിസ്സഹകരണസമരം
 വക്കീലന്മാർ കോടതികൾ ബഹിഷ്കരിക്കുക
 വിദേശവസ്തുക്കൾ ബഹിഷ്കരിക്കുക
 തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുക
 ബ്രിട്ടീഷ്‌ പുരസ്കാരങ്ങൾ തിരികെ നൽകുക
 നികുതി നൽകാതിരിക്കുക
 വിദ്യാർഥികൾ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ബഹിഷ്കരിക്കുക

ഖിലാഫത്ത്‌ പ്രസ്ഥാനത്തെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തോടു ചേർത്തുനിർത്തിയതിലൂടെ സ്വാതന്ത്ര്യസമരത്തിൽ മുസ്‌ലിം മതവിഭാഗത്തിന്റെ സജീവസാന്നിധ്യം ഉറപ്പിക്കാൻ ഗാന്ധിജിക്ക്‌ കഴിഞ്ഞുവെന്നത്‌ ഗാന്ധിജി എന്ന നേതാവിന്റെ വിജയം തന്നെയാണ്‌.

ചിന്തകന്മാരും ആശയങ്ങളും
അമേരിക്കൻ സ്വാതന്ത്ര്യസമരം
-ജോൺ ലോക്ക്‌ തോമസ്‌ പെയിൻ -സ്വാതന്ത്ര്യം
ഫ്രഞ്ച്‌ വിപ്ളവം
-വോൾട്ടയർ, റൂസ്സോ, മൊണ്ടസ്‌ക്യൂ -സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം
റഷ്യൻ വിപ്ളവം
-കാൾ മാർക്സ്‌, ഫെഡറിക്‌
ഏംഗൽസ്‌, മാക്സിം ഗോർക്കി,
ടോൾസ്റ്റോയി, തുർഗനേവ്‌,
ആന്റൺ ചെക്കോവ്‌
-സോഷ്യലിസം, കമ്യൂണിസം

(തുടരും)