കഴിഞ്ഞ വസന്തത്തിന്‍റെ അവസാനത്തിലാണ് ഞാൻ വീണ്ടും പുഴയോരത്തെ ആ വൃക്ഷത്തിന്‍റെ അരികിലേക്ക് ചെന്നത്. മണ്ണിന്‍റെ ഉപരിതലത്തിൽ വേരിൻപടലങ്ങൾ മനോഹരമായി കെട്ടുപിണഞ്ഞുകിടക്കുന്നത് കാണേണ്ട ഒരുകാഴ്ചയാണ്. വേനലിൽ  തീപിടിക്കാൻപോന്നതരത്തിലുള്ള  വരണ്ട കാടായിരുന്നു അത്. കാടിന്‍റെ അതിരോളം നടന്നുചെന്നാൽ മാലിന്യങ്ങൾ ഏതുമില്ലാതെ തെളിഞ്ഞൊഴുകുന്ന പുഴയെ കാണാം.
പുഴയിലൂടെ അപ്പോൾ ഒഴുകുന്നത് ആ വൃക്ഷത്തിൽനിന്ന്‌ ഉതിർന്നുവീഴുന്ന പിങ്ക് നിറം കലർന്ന പൂക്കളായിരിക്കും. താഴെ തെളിഞ്ഞുകാണുന്ന ചെറിയ  വെള്ളാരംകല്ലുകളിലേക്ക് പൂക്കൾക്കൊരിക്കലും ചെന്നുതൊടാൻ സാധിച്ചിട്ടില്ല. അതിനുമുമ്പേ പുഴ പൂക്കളെ ഒഴുക്കിക്കൊണ്ടുപോകും. ചില ചെറുമീനുകൾ  ഒഴുകിക്കൊണ്ടിരിക്കുന്ന പൂക്കൾക്ക്‌ കീഴെക്കൂടി ഒപ്പം നീന്തുകയും മൃദുലമായ ദളങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നതുകാണാം. തീരത്ത്‌ വളർന്നുനിൽക്കുന്ന മരങ്ങളൊക്കെത്തന്നെ പൂക്കളും കായകളും താഴെ കാത്തുനിൽക്കുന്ന മീനുകൾക്ക് നൽകാറുണ്ട്. പുഴയുടെ മൃദുവായൊരു ഓംകാരനാദം കേൾവിയെത്തന്നെ സുഖദമാക്കുന്നു.

പക്ഷേ, ചെന്നെത്തിയപ്പോൾ പുഴ ഒന്നാകെ മാറിപ്പോയിരിക്കുന്നു. പ്രിയപ്പെട്ട വൃക്ഷവും സൂര്യനുചുറ്റും ദീപവലയം കാണപ്പെടുന്നപോലെയുള്ള ആ വേരുകളും നഷ്ടപ്പെട്ടിരിക്കുന്നു! ആ നദീതടം ഒന്നാകെ ശിഥിലമായിപ്പോയിരിക്കുന്നു. വരിവരിയായിനിന്ന വൃക്ഷങ്ങളുടെ വേരുകൾക്കുപോലും മണ്ണിനെ പിടിച്ചുനിർത്താനായില്ല. അവ ഒന്നടങ്കം വേരാലെ പിഴുതുപോയിരിക്കുന്നു.

 പ്രളയം തന്നത്‌
ഞാൻ അതുവരെകണ്ട നദിയല്ലായിരുന്നു അത്. കലങ്ങിമറിഞ്ഞ് എവിടെയോ നിന്നൊക്കെ മണ്ണും മാലിന്യങ്ങളും കൂടിക്കുഴഞ്ഞ ഒഴുക്ക്.

അത് പ്രളയനാളുകൾ കഴിഞ്ഞ അനുഭവമായിരുന്നു. മുകളിൽ മനുഷ്യൻ  ശേഖരിച്ചുവെച്ച നദികളുടെ തടവറകളിലാകെ അതിവർഷം നിറഞ്ഞു. ആ ഒഴുക്കിവിടൽ നമ്മുടെ വേരുകളെ ഒന്നാകെ  പിഴുതെടുക്കുന്നപോലെയായിത്തീർന്നു.
മലയോരത്തുകൂടി സഞ്ചരിക്കുമ്പോൾ അറിഞ്ഞു, ചില മഹാവൃക്ഷവേരുകൾ വലിയ പാറക്കൂട്ടങ്ങളെ താഴേക്ക്‌ വിട്ടുകൊടുക്കാതെ എത്ര മനുഷ്യജീവനുകളെയാണ് രക്ഷിച്ചതെന്ൻ. ചില ഇടങ്ങളിൽ, വൃക്ഷങ്ങളെയും വേരുകളെയും നിഷ്കരുണം വെട്ടിയും ഇളക്കിയും ശിഥിലമാക്കിയപ്പോൾ താഴെയുള്ള മനുഷ്യജീവനുകളും നിർമിതികളും പിടിച്ചുനിൽക്കാനാകാതെ തൂർന്നുപോയിരിക്കുന്നു.

ഭൂഗർഭ തടവറയിലെ ചില പ്രവാഹങ്ങളുണ്ട്. അവ എല്ലാകാലവും  അങ്ങനെത്തന്നെയായിരിക്കണം നിലനിൽക്കേണ്ടതെന്ന്‌ പ്രകൃതി തീരുമാനിച്ചുവെച്ചിട്ടുള്ളതാണ്. നമ്മൾ ഓരോ വൃക്ഷവേരും അറത്തുമുറിക്കുമ്പോഴും പർവതങ്ങൾ ഉടച്ചുതീർക്കുമ്പോഴും ഓരോ കാലവർഷ പെയ്ത്തുകളും നഷ്ടപ്പെട്ട വേരുകളുടെ വഴിയെ അവിടെയെത്തുന്നു. പിന്നീട് ഉരുൾപൊട്ടലുകളുടെ പരമ്പരയായി.

 വേരുകളിലൂന്നി
വേരുകളിലൂടെയും അവയുടെ പൂക്കളെയും കായകളെയും ഇലകളെയും തൊട്ടുതലോടിയും  ഒഴുകേണ്ടുന്ന ഔഷധപ്രവാഹങ്ങളൊക്കെ മാലിന്യപ്രവാഹമാക്കി മാറ്റുകയാണ് നാമിപ്പോൾ. വടക്ക് തപ്തി നദിമുതൽ കന്യാകുമാരിവരെ 1500 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തെ താഴേക്ക് ഊർന്നുവീഴാതെ പിടിച്ചുനിർത്തുന്നതുതന്നെ അതിലെ വേരുകളാണ്‌ എന്നകാര്യംപോലും  പലപ്പോഴും നാം മറന്നുപോവുകയാണ്. ലോകത്തിൽ ഇന്ത്യയിൽമാത്രം കാണുന്ന അനവധി ജന്തുസസ്യജാലങ്ങളുടെ ആവാസഭൂമിയായ ഇവിടം അനേകം നദികളുടെയും പിറവിയുടെ ഉറവിടമാണ്.

നീരാട്ടിലായ ആ കൊമ്പനാന ഞാനവിടെയുണ്ടെന്ന കാര്യം അറിഞ്ഞിരിക്കില്ല. അവന്‍റെ ഏറെയടുത്ത് ഭൂമിയോടുചേർന്ന്‌ പതിഞ്ഞുകിടക്കുകയായിരുന്നു ഞാനപ്പോൾ. കാറ്റ് എനിക്കനുകൂലമായതുകൊണ്ട് എന്‍റെ ഗന്ധം തെല്ലും അങ്ങോട്ട്‌ എത്തില്ലായിരുന്നു. നദിയിലെ തിളങ്ങുന്ന ജലത്തിൽ ആനയുടെ പ്രതിബിംബം പല ആകൃതി പൂണ്ടുകൊണ്ടിരുന്നു. അവന്‍റെ ചെന്നിയിലൂടെ മദജലം ഒഴുകിയ പാടുണ്ടായിരുന്നു.

തുമ്പിക്കൈ  ജലത്തിൽ താഴ്ത്തി എന്തോ പരതുന്നപോലെയായിരുന്നു ആനയുടെ പ്രവൃത്തി മുഴുവൻ. ഏതാനുംനിമിഷങ്ങൾ കഴിഞ്ഞപ്പോൾ തുമ്പിക്കൈ ഉയർത്തി. അതിൽ, ഏതാനും ചെടികളുടെയും വൃക്ഷങ്ങളുടെയും നാരുപോലുള്ള വേരുകൾ ഉണ്ടായിരുന്നു. അവനത് ജലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും വീശി മണ്ണും ചേറുമൊക്കെ കളഞ്ഞപ്പോൾ മഞ്ഞചേർന്ന വെളുത്തവേരുകളായിത്തീർന്നു. പിന്നെ സാവധാനം അത് വായിലേക്കുവെച്ച്‌ മൃദുവായി ചവച്ചുഭക്ഷിച്ചു. വീണ്ടും അത് തുടർന്നു. ഞാനും ക്യാമറയും മറ്റൊരു വൃക്ഷത്തിന്‍റെ പുറമേയുള്ള വേരിൻ മറവിലായിരുന്നു..

പെരിയാർ കടുവസങ്കേതത്തിൽ ഒരു വർഷകാലത്ത്, പച്ചക്കാട് താമസിക്കുമ്പോൾ മഴ നൂലുപോലെ പെയ്യുകയാണ്. പെരിയാർ തടാകം മഴയും നേർത്ത മൂടൽമഞ്ഞും ചേർന്ന ഒരു അലൗകിക ദൃശ്യമായി മുന്നിൽ! അപ്പോഴാണ് ഒരുകൂട്ടം ആനകൾ മഴയിൽ നനഞ്ഞ് തടാകത്തിലേക്കിറങ്ങിയത്. ജലത്തിൽ കേളികളിൽ ഏർപ്പെടാനല്ലായിരുന്നു. എല്ലാ ആനകളും തുമ്പിക്കൈ ജലത്തിലാഴ്ത്തി തടാകക്കരയിലും ജലത്തിലുമുള്ള ചെറിയ പുല്ലുകളുടെയും മുങ്ങിനിൽക്കുന്ന ചില സസ്യങ്ങളുടെയും  വേരുകൾ പിഴുത് വൃത്തിയാക്കി ആഹരിക്കുന്ന കാഴ്ചയായിരുന്നു അത്.

 ഔഷധസമൃദ്ധം
പശ്ചിമഘട്ടപ്രദേശം ഇത്തരം ഔഷധവേരുകളാൽ സമ്പന്നമാണ്. അവ മനുഷ്യർക്കുമാത്രമുള്ളതല്ല എന്നുകൂടി തിരിച്ചറിയണം. പരിസ്ഥിതിലോല മേഖലകളായി പ്രഖ്യാപിക്കുമ്പോൾ നാം പലയിടങ്ങളിലും എതിർപ്പോടെ നിൽക്കുകയാണ്. മനുഷ്യന് ഈ ഭൂമിയിൽ ജീവിക്കണം എന്നത് ശരിതന്നെ. പക്ഷേ, വേരുകൾ നഷ്ടപ്പെടുത്തി ഇങ്ങനെ എത്രകാലം പിടിച്ചുനിൽക്കുവാനൊക്കും..

ഒരു വൃക്ഷത്തിന്‍റെ നിഴൽപോലുമില്ലാത്ത വീട്ടുമുറ്റങ്ങൾ. കത്തുന്ന വെയിലിൽ ഏകനായി നിൽക്കുന്നപോലെയാണ് നമ്മുടെയൊക്കെ  ഭവനങ്ങൾ! ഒരു തരി മണലോ പുൽനാമ്പോ അടർന്നുവീണ ഒരു പഴുത്ത ഇലയോ ഒന്നുമില്ലാത്ത കോൺക്രീറ്റ് മുറ്റങ്ങൾ ! പാദരക്ഷകളില്ലാതെ അത്തരം മുറ്റങ്ങളിൽ ഇറങ്ങാനാകില്ല. കുപ്പിച്ചില്ലുകൾ പോലത്തെ കരിങ്കൽച്ചീളുകൾ വിരിച്ചിട്ടിരിക്കുന്നു ഒരുകൂട്ടർ. വേരുകൾ വർഷകാലത്തെ പെയ്ത്തു വെള്ളത്തെ ഭൂമിക്കടിയിലേക്ക് എത്തിക്കേണ്ടിയിരിക്കുന്നു. പക്ഷേ, വേരുകൾ ഇന്നെവിടെ?

പിച്ചവെച്ചുനടക്കാൻ പണ്ട് നമ്മുടെ സാഹിത്യത്തിലും താരാട്ടിലും ഒരു കളിമുറ്റമുണ്ടായിരുന്നു. ഇന്നതൊക്കെ ഓർമയായി. സ്കൂൾമുറ്റങ്ങൾപോലും പോയിമറയുന്നു. മണ്ണ് ചവിട്ടാൻ മടിയായിരിക്കുന്നു എല്ലാവർക്കും.
അതേ, നമ്മൾ വേരുകളങ്ങനെ നഷ്ടപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

തിരിച്ച് വേരുകളിലേക്ക് മടങ്ങേണ്ടിയിരിക്കുന്നു.


യാത്രകൾ ബാക്കിവെക്കുന്നത്!

ഇടം

ഞാൻ ആറാം ക്ളാസിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ കുടുംബസമേതം രാമേശ്വരത്തേക്ക് യാത്രപോയത്. തിരുവനന്തപുരത്തുനിന്ന്‌ രാത്രി പോകുന്ന ട്രെയിനിൽ കയറി മധുരയിൽ ഇറങ്ങി. അവിടന്ന് അടുത്ത ട്രെയിനിൽ കയറി രാവിലെ
11 മണിയായപ്പോൾ രാമേശ്വരത്ത് എത്തി.
പ്രസിദ്ധമായ പാമ്പൻ പാലം യാത്രയിൽ ഞാൻ കണ്ടു. അത് എന്നെ വളരെ അദ്‌ഭുതപ്പെടുത്തി. താമസിക്കാൻ ഒരു മുറിയെടുത്തശേഷം വൈകുന്നേരം ഞങ്ങൾ ധനുഷ്‌കോടി കാണാൻപോയി. പതിനഞ്ചുപേരടങ്ങുന്ന സംഘത്തെ വാഹനത്തിൽ കയറ്റി കടൽത്തീരത്തുകൂടിയാണ് വാഹനം ധനുഷ്‌കോടിയിലേക്ക് കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതും. വാഹനം പോകുന്നതിന്‍റെ രണ്ടുവശവും വെള്ളമാണ്.

പേടിയും ഉത്സാഹവും അമ്പരപ്പും യാത്രയിലുടനീളം ഉണ്ടായി. മനസ്സിനെ വേദനിപ്പിക്കുന്ന കാഴ്ചകൾ മാത്രമാണ് ധനുഷ്‌കോടിയിൽ കണ്ടത്. പ്രകൃതിദുരന്തത്തിന്‍റെ അവശിഷ്ടങ്ങൾ അസ്ഥിപഞ്ചരങ്ങളായി അവിടെ നിൽക്കുന്നു. രാത്രിയോടെ ഞങ്ങൾ മുറിയിലെത്തി വിശ്രമിച്ചശേഷം, രാവിലെ മുൻ രാഷ്‌ട്രപതി അബ്ദുൽ കലാമിന്‍റെ മ്യൂസിയവും സന്ദർശിച്ചശേഷം ട്രെയിനിൽ മധുരയിൽ വന്നു.

വൈകുന്നേരം പ്രസിദ്ധമായ മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനവും നടത്തി. രാത്രി മധുരയിൽനിന്നു തിരിച്ച് രാവിലെ ട്രെയിനിൽ തിരുവനന്തപുരത്തെത്തി.

ധനുഷ്‌കോടിയിലെ ദുരന്തകാഴ്ചകൾ മനസ്സിൽനിന്നു മായുന്നില്ല.

അമിത് ജ്യോതി യു.പി.പത്താം ക്ളാസ്‌
ജി.എം.ജി.എച്ച്.എസ്.എസ്. പട്ടം, തിരുവനന്തപുരം.