# എം. രഘുനാഥ്
മോശം കൈയക്ഷരവും മറവിയും
കൂട്ടുകാർ പലപ്പോഴും പ്രയാസപ്പെടുന്ന രണ്ട് കാര്യങ്ങളാണിത്. കൈയക്ഷരം നന്നായാൽ കൂടുതൽ സ്കോർ കിട്ടില്ല. ലോകം കീഴടക്കിയ പല മഹാന്മാരുടെയും കൈയക്ഷരം മോശവുമായിരുന്നു. നമ്മുടെ എഴുത്ത് മറ്റൊരാൾക്ക് എളുപ്പത്തിൽ വായിക്കാൻ കഴിയുകയാണ് വേണ്ടത്. കൈയക്ഷരം നന്നായ ഒരു കുട്ടി ചോദ്യനമ്പർ തെറ്റിച്ചാൽ മുഴുവൻ സ്കോറും നഷ്ടപ്പെടും. അക്ഷരങ്ങളുടെ വലുപ്പം തീരെ കുറയ്ക്കാതെ, അക്ഷരത്തെറ്റുകൾ ഇല്ലാതെ അകലം പാലിച്ച് വൃത്തിയായി എഴുതിയാൽ മാത്രം മതി. വൃത്തി എന്നത് കൈയക്ഷരത്തിന്റെ ഭംഗി മാത്രമല്ലല്ലോ. മറവി ഒരഥത്തിൽ ഒരനുഗ്രഹമാണ്. പഠനകാര്യങ്ങളിൽ തടസ്സവും താത്പര്യമില്ലാത്ത പഠനവിഷയങ്ങളാണ് വേഗം മറക്കുന്നത്.
ഉത്തരമെഴുതി പരിശീലിക്കാം
സാധാരണ ക്ളാസ്‌മുറികളിലെ പഠനത്തോടൊപ്പംതന്നെ ക്ളാസ്‌ടെസ്റ്റ്, യൂണിറ്റ് ടെസ്റ്റ്, ടേം പരീക്ഷകൾ, മോഡൽ പരീക്ഷകൾ തുടങ്ങിയവയും നടന്നിരുന്നു. ഇതിലൂടെ കുട്ടികൾക്ക് സ്വയം വിലയിരുത്താനും പരസ്പരം വിലയിരുത്താനും മെച്ചപ്പെടാനും അവസരമൊരുങ്ങി. ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടികളുടെ സ്വയംപഠനത്തിനാണ് സാധ്യത. പഠിച്ച കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ എഴുതി പ്രകടിപ്പിക്കുക എന്നതാണ് പരീക്ഷയിൽ പ്രധാനം. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ഓരോ വിഷയത്തിലും വരാൻസാധ്യതയുള്ള വ്യത്യസ്തതരം ചോദ്യങ്ങൾക്ക് സമയം ക്രമീകരിച്ച് ഉത്തരമെഴുതി പരിശീലിക്കണം. ഉത്തരമെഴുതുമ്പോൾ ചോദ്യ വായനയ്ക്കൊപ്പം സ്കോറും നോക്കണം. സ്കോറിനനുസരിച്ച് ചോദ്യം ആവശ്യപ്പെടുന്ന അളവിലാണ് ഉത്തരമെഴുതേണ്ടത്. ഫസ്റ്റ്‌ബെൽ ക്ളാസുകളിൽ അധ്യാപകർ ഊന്നൽ കൊടുന്നുന്ന ഭാഗങ്ങൾ ശ്രദ്ധിച്ച് ചോദ്യസാധ്യത മനസ്സിലാക്കണം. പഠിച്ച കാര്യങ്ങളാണെങ്കിലും ചോദ്യവായന ശരിയായില്ലെങ്കിൽ ഉത്തരമെഴുത്തിൽ വഴിതെറ്റും. ഉത്തരങ്ങൾ എഴുതി പാഠസന്ദർഭവുമായി ഒത്തുനോക്കി സ്വയം മെച്ചപ്പെടുത്തുക. ഗണിതക്രിയകളും മറ്റും ഈ രീതിയിൽ ചെയ്തുതന്നെ പരിചയപ്പെടണം. ഉപന്യാസ ചോദ്യങ്ങളിൽ ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കണം. ഉത്തരമെഴുതുമ്പോൾ കുട്ടിയായും വിലയിരുത്തുമ്പോൾ മാഷായും സ്വയം മാറിയാൽ മികവുകളും പോരായ്മകളും തിരിച്ചറിയാൻ കഴിയും. മറ്റൊരാൾക്ക് വായിച്ചാൽ മനസ്സിലാവുന്ന രീതിയിൽ വേണം എഴുതാൻ. അക്ഷരങ്ങളുടെ വലുപ്പം, വാക്കുകൾ തമ്മിലുള്ള അകലം, ഉത്തരങ്ങൾ തമ്മിലുള്ള അകലം, ഖണ്ഡിക തിരിക്കൽ, ചിഹ്നങ്ങൾ ചേർക്കൽ, ഇംഗ്ളീഷിലെ വലിയ അക്ഷരങ്ങൾ ഉപയോഗിക്കുന്നതിലെ നിയമങ്ങൾ തുടങ്ങിയവ എല്ലാം സ്വയം ടീച്ചറായി മാറി വിലയിരുത്തുന്നത് രസകരം കൂടിയാവും. അങ്ങനെ എഴുതിയെഴുതി തെളിഞ്ഞാൽ പരീക്ഷയിലെ ഉത്തരമെഴുത്ത് എളുപ്പമാവും. ഈ രീതി പരിചയിക്കുന്നത് തുടർപഠനവും എളുപ്പമാക്കും.
വീണ്ടും കാണൽ
ഓരോ കുട്ടിയുടെയും പഠനരീതിയും പഠനവേഗവും വ്യത്യസ്തമായിരിക്കും. ഇതുകൂടി തിരിച്ചറിഞ്ഞുകൊണ്ടാണ് അധ്യാപകർ ക്ളാസിൽ പഠനപ്രവർത്തനങ്ങൾ നൽകുന്നതും വിശദീകരിക്കുന്നതും. ഇവിടെയാണ് ഓൺലൈൻ ക്ളാസിന്റെ പരിമിതി. വ്യത്യസ്ത നിലവാരവും താത്‌പര്യവും സാധ്യതയുള്ള കുട്ടികളെ വേണ്ടരീതിയിൽ പരിഗണിക്കാൻ ഓൺലൈൻ ക്ളാസിൽ സാധിക്കില്ല. അപ്പോഴും ഒരു സാധ്യത നിലനിൽക്കുന്നു. ആ ക്ളാസുകളെല്ലാം ആവർത്തിച്ചു കാണാനുള്ള സൗകര്യം. അതുകൊണ്ടുതന്നെ ടെക്‌സ്റ്റ്, നോട്ട് എന്നിവയുമായി വീണ്ടും ഈ ക്ളാസുകൾ കാണുക. അധ്യാപകരുടെ നിർദേശങ്ങൾക്കനുസരിച്ച് പാഠഭാഗങ്ങൾ നോക്കുകയും പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്യുക. ചോദ്യസാധ്യതകളും മറ്റും വിശദീകരിക്കുമ്പോൾ കുറിച്ചെടുക്കാനും മറക്കരുത്. ഈ വീണ്ടും കാണലിലൂടെ റിവിഷൻ പഠനംകൂടി എളുപ്പമാവും.
ആത്മവിശ്വാസമാണ് മറുമരുന്ന്
കോവിഡ് മഹാമാരി ലോകമെങ്ങുമുള്ള മനുഷ്യരുടെ ജീവിതത്തിൽ പലരീതിയിൽ ദുരിതങ്ങൾ വിതച്ചു. ആരോഗ്യം, സാമ്പത്തികം എന്നിവപോലെ വിദ്യാഭ്യാസത്തെയും ഈ മഹാമാരി ബാധിച്ചു. സാധാരണ ക്ളാസ്‌മുറികളിൽ അധ്യാപകർക്കും കൂട്ടുകാർക്കുമൊപ്പമുള്ള പഠനം തടസ്സപ്പെട്ടു. ഇതൊരു പൊതുപ്രശ്നമാണ്. അതിനാൽ ഈ പൊതുപ്രശ്നത്തിൽ ആശങ്ക അല്പവും വേണ്ട. നിങ്ങളുടേതല്ലാത്ത കാരണത്താൽ നിങ്ങൾക്ക് നഷ്ടപ്പെട്ട അവസരങ്ങൾക്ക് ബദൽ മാർഗങ്ങളാണ് പൊതുവിദ്യാഭ്യാസവകുപ്പ് ഒരുക്കുന്നത്. കുട്ടികളുടെ താത്‌പര്യങ്ങൾ വ്യത്യസ്തമായിരിക്കും. അവയെല്ലാം ഉൾക്കൊള്ളുന്നതിനായി പാഠഭാഗങ്ങൾ ഒന്നുംതന്നെ ഒഴിവാക്കുന്നില്ല. എന്നാൽ, നഷ്ടപ്പെട്ട ക്ളാസുകൾ, അവസരങ്ങൾ എന്നിവ പരിഗണിച്ച് ഫോക്കസ് പാഠങ്ങൾ തീരുമാനിച്ചു. ഓരോ വിഷയത്തിന്റെയും ഫോക്കസ് പാഠങ്ങൾ നന്നായി പഠിക്കുന്ന കുട്ടികൾക്ക് ഉയർന്ന സ്കോറുകൾ തന്നെ ലഭിക്കും. അതിനായി കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
നന്നായി അറിയാവുന്ന ചോദ്യങ്ങൾമാത്രം തിരഞ്ഞെടുത്ത് ഉത്തരമെഴുതുക. കൂൾ ഓഫ് ടൈമും വർധിപ്പിച്ചു. വാരിവലിച്ച് പഠിക്കാതെ ഓരോ വിഷയത്തിന്റെയും ഫോക്കസ് പാഠങ്ങൾ ചോദ്യസാധ്യതകൾ മനസ്സിലാക്കി പഠിക്കണം. വിക്ടേഴ്‌സ് ക്ളാസുകൾ വീണ്ടും കാണണം.
ഒരു സന്ദർഭം, പല ചോദ്യങ്ങൾ
ഒരു പാഠസന്ദർഭത്തിൽനിന്ന് പല ചോദ്യസാധ്യതകൾ ഉണ്ടാവും. ഉദാഹരണത്തിന് ഇംഗ്ലീഷിലെ The best investment I ever made എന്ന പാഠത്തിൽ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ഒരു സന്ദർഭമുണ്ടല്ലോ. ഈ സന്ദർഭത്തിൽ നിന്ന് prepare a dairy entry (Narrator) News papper report, Narration (Incidents that led to his suicide attempt) speech (drug addiction among the youth) എന്നിങ്ങനെ ധാരാളം ചോദ്യസാധ്യതകൾ ഉണ്ട്. ഇത് മനസ്സിലാക്കി പഠിച്ചാൽ പരീക്ഷ എളുപ്പമാവും.
ടൈം ടേബിൾ
പഠനത്തിൽ സമയക്രമീകരണം പ്രധാനമാണ്. സ്കൂൾ ടൈം ടേബിൾ പ്രകാരം എല്ലാ വിഷയങ്ങളും നിശ്ചിതസമയത്തിനുള്ളിൽ പഠിക്കുകയായിരുന്നല്ലോ. ഇപ്പോൾ വിക്ടേഴ്‌സിലെ ടൈംടേബിളും പ്രധാനമാണ്. എളുപ്പം മനസ്സിലാവുന്നത്, പ്രയാസമുള്ളത്, ഇഷ്ടമുള്ളത്, ഇഷ്ടമില്ലാത്തത് തുടങ്ങി ഓരോ വിഷയത്തോടും കൂട്ടുകാർക്ക് വ്യത്യസ്ത താത്‌പര്യമായിരിക്കും. ഇപ്പോഴത്തെ ഓൺലൈൻ ക്ളാസുകളിൽ ചില കൂട്ടുകാരെങ്കിലും ഇഷ്ടമില്ലാത്ത വിഷയത്തോട് മുഖം തിരിച്ചിട്ടുണ്ടാവും. എന്നാൽ, പൊതുപരീക്ഷയ്ക്ക് ഒരുങ്ങുമ്പോൾ എല്ലാ വിഷയങ്ങളും തുല്യപ്രാധാന്യത്തോടെത്തന്നെ പഠിക്കണം. ഇനിയുള്ള ദിവസങ്ങളിൽ പ്രയാസമുള്ള/ഇഷ്ടമില്ലാത്ത വിഷയങ്ങളുടെ ക്ളാസുകൾ ഒന്നിലധികം തന്നെ കാണണം. ഒപ്പം ഇഷ്ടമുള്ള വിഷയങ്ങളുടെ ക്ളാസുകൾ ആവർത്തിച്ചുകാണുന്ന ശീലം ഒഴിവാക്കുകയും വേണം.
പരീക്ഷയ്ക്കുള്ള ഒരുക്കത്തിൽ എല്ലാ ക്ളാസുകളും കാണുക. ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഓരോ വിഷയത്തിന്റെയും ഫോക്കസ് പാഠഭാഗങ്ങൾ വീണ്ടും കാണുന്നതിന് സമയം ക്രമീകരിക്കുക. ക്ളാസിൽ പറഞ്ഞിരിക്കുന്ന അസൈൻമെന്റുകളും അധ്യാപകർ നൽകിവരുന്ന തുടർ പ്രവർത്തനങ്ങളും പൂർത്തിയാക്കുക.
ഇനിയങ്ങോട്ടുള്ള ദിവസങ്ങളിൽ സമയക്രമീകരണം നടത്തിയാൽ എളുപ്പമായി. സംശയമുള്ള ഭാഗങ്ങൾ സ്കൂളിൽ അധ്യാപകരോട് ചോദിച്ച് മനസ്സിലാക്കാനും അവസരമൊരുങ്ങി. ഈ വർഷം കൂട്ടുകാർ തയ്യാറാക്കുന്ന പഠനടൈംടേബിളിൽ സ്വയം പഠനത്തിനായുള്ള അസൈൻമെന്റുകൾ, കുറിപ്പുകൾ, ചിത്രങ്ങൾ തുടങ്ങിയവയ്ക്കെല്ലാം സമയം കണ്ടെത്തണം.
തിരികെ സ്കൂൾ മുറ്റത്തേക്ക്...!
ഒരായിരം സ്വപ്നങ്ങൾ ഒരു കൊച്ചു ബാഗിൽ ഒതുക്കി, സ്കൂൾ പടിക്കെട്ട് കടന്നുചെന്നവരാണ് നാമെല്ലാവരും. എന്നാൽ, ഈ മഹാമാരിയുടെ കാലഘട്ടത്തിൽ, നമ്മുടെ കൊച്ചുകൊച്ചു സ്വപ്നങ്ങൾ എല്ലാം വീടുകളിൽ ഒതുങ്ങിനിൽക്കുന്നു. എന്നാൽ കാലക്രമേണ എല്ലാം പഴയതുപോലെ ശുഭമായി തെളിഞ്ഞുവരുന്നു. ആ ശുഭയാത്രയ്ക്കിടയിലും മുൻകരുതലുകൾക്ക് നാം കൊടുക്കുന്ന പ്രാധാന്യം തിരക്കുകൾക്കിടയിൽ വിട്ടുപോകരുത്. ഇപ്പോൾ എല്ലാവരെയുംപോലെ സ്കൂളുകളിലേക്ക് ഓടിക്കയറാൻ നമ്മളും ആഗ്രഹിക്കുന്നുണ്ട്. ആ ആഗ്രഹം ഉടനെതന്നെ യാഥാർഥ്യമാകും എന്നുതന്നെയാണ് എന്റെയും പ്രതീക്ഷ.
എന്നും ഏഴുമണിക്ക് ഞങ്ങളുടെ സ്വന്തം ടീച്ചർമാർ നടത്തുന്ന വിശദീകരണ ക്ലാസുകൾക്കിടയിൽ, ആ പഴയ കൊച്ചു ക്ലാസ് റൂമിന്റെ ചെറിയ പ്രതിധ്വനികൾ ഒരു തോന്നലായി മനസ്സിൽ വരാറുണ്ട്. എല്ലാ നിറനിമിഷങ്ങൾക്കും ചിരികൾക്കും കളികൾക്കും സാക്ഷിയായ ആ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിയ നമ്മുടെ സ്വന്തം ക്ലാസ്‌മുറികളിലേക്ക്, ഒരിക്കൽക്കൂടി സ്വപ്നങ്ങൾ ചുമലിലേറ്റി കടന്നുചെല്ലാനുള്ള അവസരം നമുക്ക് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
നന്ദി.
അമൃത
(ഒമ്പതാംക്ലാസ്, എ.വി. എസ്.ജി.എച്ച്.എസ്. എസ്., കരിവെള്ളൂർ, കണ്ണൂർ