വാക്സിനേഷൻ
18-ാം നൂറ്റാണ്ടുവരെ മഹാമാരികൾ വന്നാൽ രോഗം മൂർച്ഛിച്ച് മരിക്കുകയല്ലാതെ അത് തടയാനോ ഭേദമാക്കാനോ മാർഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ഏറ്റവും പുതിയ മഹാമാരിയായ കോവിഡിനുവരെ ഒരുകൊല്ലംകൊണ്ട് വാക്സിൻ കണ്ടുപിടിച്ച നമുക്ക് അങ്ങനെയൊരു കാലത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. 18-ാം നൂറ്റാണ്ടിൽ ബ്രിട്ടിഷ് ഡോക്ടർ എഡ്വേർഡ് ജെന്നെറാണ് ആദ്യമായി പ്രതിരോധകുത്തിവെപ്പ് എന്ന ആശയം കൊണ്ടുവന്നത്. വാക്സിനേഷന്റെ പിതാവ് എന്നറിയപ്പെടുന്നതും അദ്ദേഹമാണ്. താരതമ്യേന അപകടകരമല്ലാത്ത ഗോവസൂരി ബാധിച്ചവർക്ക് വസൂരി ബാധിക്കുന്നില്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ വാക്സിനേഷൻ എന്ന കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. തുടർന്ന് പ്രാദേശിക ക്ഷീരകർഷകരിൽ ഗോവസൂരിയുടെ അണുക്കളെ കുത്തിവെച്ചശേഷം പ്രതിരോധശേഷി ഉറപ്പാക്കിയശേഷം പഠനം 1798-ൽ പ്രസിദ്ധീകരിച്ചു. നമ്മുടെ ശരീരത്തിലെ സ്വാഭാവിക രോഗപ്രതിരോധ സംവിധാനം ഉപയോഗിച്ചുകൊണ്ടുതന്നെ അണുബാധകൾക്കെതിരേ ശരീരം സ്വയം പ്രതിരോധം സൃഷ്ടിക്കുകയാണ് വാക്‌സിൻ എടുക്കുന്നതിലൂടെ സംഭവിക്കുന്നത്.
ടെലിഫോൺ
ലോകത്തിന്റെ ഏതുഭാഗത്തുള്ളയാളുമായും നമുക്കിപ്പോൾ സംസാരിക്കാം. വീഡിയോ കോൺഫറൻസ് നടത്താം. ഓരോ സംഭവങ്ങളും തത്സമയം ഫെയ്സ്ബുക്ക് ലൈവിലടക്കം വന്ന് എത്രപേരെ വേണമെങ്കിലും അറിയിക്കാം. എന്നാൽ, ശബ്ദത്തിലൂടെ ആളുകളെ ബന്ധിപ്പിക്കാൻ ടെലിഫോൺ പോലും ഇല്ലാതിരുന്ന ഒരുകാലമുണ്ടായിരുന്നു. 1876 മാർച്ച് പത്തിന് പരീക്ഷണശാലയിൽവെച്ച് താൻ വികസിപ്പിച്ച ടെലിഗ്രാഫ് വഴി സഹായിയായ വാട്ട്സണോട് ഫോണിൽ സംസാരിച്ചുകൊണ്ട് അലക്സാണ്ടർ ഗ്രഹാംബെൽ ടെലിഫോൺ എന്ന മഹാകണ്ടുപിടിത്തത്തിന് വേദിയൊരുക്കി. പിന്നാലെ 1878-ൽ അമേരിക്കയിലെ ന്യൂഹാവെനിൽ ആദ്യത്തെ ടെലിഫോൺ എക്സ്ചേഞ്ച് നിലവിൽ വന്നു. പക്ഷേ, നൂറ്റാണ്ടുകളോളം വലിയ മുന്നേറ്റങ്ങളൊന്നും ടെലിഫോൺ മേഖലയിലുണ്ടായില്ല. 1947-ൽ ട്രാൻസിസ്റ്ററിന്റെ കടന്നുവരവ് ഭാരം കുറഞ്ഞ, ഒതുക്കമുള്ള ഉപകരണങ്ങളുണ്ടാക്കാൻ സൗകര്യമൊരുക്കി. ഇതോടെയാണ് ഇന്നു കാണുന്ന രീതിയിലേക്ക് ടെലിഫോൺ രംഗത്ത് കുതിച്ചുചാട്ടമുണ്ടായത്. ഓട്ടോമാറ്റിക് റീഡയലിങ്, ഫോൺ വിളിച്ച വ്യക്തിയെ തിരിച്ചറിയുക, കോൾ വെയിറ്റിങ്, കോൾ ഫോർവേഡിങ്, എന്നിവയടക്കമുള്ള സൗകര്യങ്ങളിലേക്ക് പിന്നീടുള്ള കണ്ടുപിടിത്തങ്ങൾ വഴിവെച്ചു.
വിമാനം
1903 ഡിസംബർ 17-ന് റൈറ്റ് സഹോദരന്മാരാണ് വിമാനയാത്രായുഗത്തിന് തുടക്കമിട്ടത്. അമേരിക്കയിലെ നോർത്ത് കരോലൈനയിലെ കിൽ ഡെവിൾ കുന്നുകളിൽനിന്ന് റൈറ്റ് ഫ്ലയർ എന്നപേരിലുള്ള വിമാനം പറന്നുയർന്നു. എൻജിൻ ഉപയോഗിച്ചുള്ളതും മനുഷ്യരെ വഹിച്ചുകൊണ്ടുള്ളതുമായ ആദ്യ വിമാനയാത്രയായിരുന്നു ഇത്. 1900 മുതൽ 1902 വരെ ലഭ്യമായ വിവരങ്ങൾ അപഗ്രഥിച്ച് പലവിധത്തിൽ വിമാനം രൂപകല്പന ചെയ്ത് അവർ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഓർവിൽ റൈറ്റാണ് ആദ്യം പറന്നത്. 37 മീറ്റർ ഉയരത്തിൽ 12 സെക്കൻഡുകൊണ്ട് അദ്ദേഹം പറന്നു. അന്നുതന്നെ വിൽബർ റൈറ്റ് 59 സെക്കൻഡ് സമയംകൊണ്ട് 260 മീറ്റർ ഉയരത്തിലും പറന്ന് ചരിത്രം കുറിച്ചു. മീറ്ററുകൾ മാത്രം ഉയരത്തിൽ പറന്ന ഈ പ്രാഥമിക വിമാനങ്ങളിൽ നിന്ന് ഏറെ ദൂരമെത്തിയ ഇന്ന് നമുക്ക് സൂപ്പർസോണിക്, ഹൈപ്പർസോണിക് വിമാനങ്ങളുടെ കരുത്തുണ്ട്.
പെനിസിലിൻ
വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും വലിയ നാഴികക്കല്ലാണ് പെനിസിലിന്റെ കണ്ടുപിടിത്തം. ഏതൊരു രോഗത്തിന്റെയും ഭാഗമായുണ്ടാകുന്ന അണുബാധയെ തടയുകയാണല്ലോ ചികിത്സയിലെ ഏറ്റവും പ്രധാനഘട്ടം. ആന്റിബയോട്ടിക്കുകൾ ഇല്ലായിരുന്നെങ്കിൽ ഇന്ന് നമ്മുടെ വൈദ്യരംഗത്തുള്ള പല മുന്നേറ്റങ്ങളും ഉണ്ടാവില്ലായിരുന്നു. 1928-ൽ അലക്‌സാണ്ടർ ഫ്ളെമിങ് പെനിസീലിയം നൊട്ടേറ്റം എന്ന പൂപ്പലിൽ നിന്നാണ് പെനിസിലിൻ എന്ന ആന്റിബയോട്ടിക് കണ്ടുപിടിച്ചത്. കണ്ടെത്തിയ ആദ്യപ്രകൃതിദത്ത ആന്റിബയോട്ടിക്കാണിത്. രണ്ടാംലോകയുദ്ധകാലത്ത് ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കാൻ ഈ അമൂല്യ ഔഷധത്തിന് സാധിച്ചു. പെനിസിലിന്റെ കണ്ടുപിടിത്തത്തോടെയാണ് ഇന്ന് ഉപയോഗത്തിലിരിക്കുന്ന കൊളിസ്റ്റിൻ അടക്കമുള്ള ആന്റിബയോട്ടിക്കുകളിലേക്ക് വെളിച്ചമായത്. സിഫിലിസ്, ക്ഷയം മുതലായ അസുഖങ്ങൾക്കുള്ള ഔഷധമാണ് പെനിസിലിൻ.
പേഴ്സണൽ കംപ്യൂട്ടർ
സ്മാർട്ട് ഫോണുകളും ടാബുകളും ലാപ്ടോപ്പും വരുന്നതിനു മുമ്പ് ആധുനിക കംപ്യൂട്ടറിന്റെ ഉദ്ഭവത്തിലേക്ക് നയിച്ചത് ചാൾസ് ബാബേജിന്റെ കണ്ടുപിടിത്തങ്ങളാണ്. ആധുനിക കംപ്യൂട്ടറുകളുടെ പിതാവായാണ് പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞൻ ചാൾസ് ബാബേജ് (1791-1871) അറിയപ്പെടുന്നത്. 1837-ൽ ‘അനലിറ്റിക്കൽ എൻജിൻ’ എന്ന പേരിൽ ഒരു മെക്കാനിക്കൽ കണക്കുകൂട്ടൽ യന്ത്രത്തിനാണ് അദ്ദേഹം രൂപംനൽകിയത്.
മറ്റുള്ളവ
ഉപഗ്രഹം, ആണവനിലയം, റെഫ്രിജറേറ്റർ, കാർ, പ്ലാസ്റ്റിക്, വയർലെസ് ആശയവിനിമയ സംവിധാനം, റഡാർ, മൈക്രോവേവ് അവൻ, മെഡിക്കൽ ചിത്രീകരണം, ക്രെഡിറ്റ് കാർഡ്, ബഹിരാകാശദൗത്യം, ത്രിമാന പ്രിന്റർ തുടങ്ങിയവയാണ് മനുഷ്യരുടെ സുപ്രധാനമായ കണ്ടുപിടിത്തങ്ങളിൽ ചിലത്.
ഇന്റർനെറ്റും കംപ്യൂട്ടറും
ലോകത്തെ ഒരു കുടക്കീഴിലെത്തിച്ച മഹത്തായ കണ്ടുപിടിത്തമായിരുന്നു ഇന്റർനെറ്റ്. ഭരണവും വിദ്യാഭ്യാസവും കച്ചവടവും മുതൽ ബന്ധങ്ങൾ വരെ ഇന്ന് നിലനിൽക്കുന്നത് ഇന്റർനെറ്റിനെ ആശ്രയിച്ചാണല്ലോ. 1960-കളിൽ സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധക്കാലത്താണ് ഇന്റർനെറ്റിന്റെ ഉദ്ഭവം. യു.എസ്. പ്രതിരോധാവശ്യങ്ങൾക്കുമാത്രം വേണ്ടി വികസിപ്പിച്ചെടുത്ത അർപാനെറ്റാണ് ഇന്റർനെറ്റിന്റെ പ്രാഥമികരൂപം. അമേരിക്കൻ ശാസ്ത്രജ്ഞനായ വിന്റ് സെർഫും റോബർട്ട് ഇ കാനുമാണ് ഇന്റർനെറ്റിന്റെ ചരിത്രത്തിൽ ഏറ്റവും നിർണായകസംഭാവന നൽകിയവർ. വേൾഡ് വൈഡ് വെബിന്റെ വരവ് ഓൺലൈൻ ആശയവിനിമയരംഗത്തും വ്യവസായ വിനോദരംഗത്തും പുതുയുഗമായിരുന്നു.
ടെലിവിഷൻ
19-ാം നൂറ്റാണ്ടിലെയും 20-ാം നൂറ്റാണ്ടിലെയും ഏതാനും ശാസ്ത്രജ്ഞരുടെ ശ്രമഫലമായാണ് ടെലിവിഷൻ രൂപംകൊണ്ടത്. 1926 ജനുവരിയിൽ സ്കോട്ടിഷ് എൻജിനിയർ ആയ ജോൺ ലൂജി ബേഡും അമേരിക്കയിലെ ചാൾസ് ഫ്രാൻസിസ് ജെൻകിൻസും ചേർന്നാണ് ആദ്യത്തെ മെക്കാനിക്കൽ ടെലിവിഷൻ നിർമിച്ചത്. 1934-ൽ ജർമനിയിലെ കാഥോഡ് റേ ട്യൂബ് ടെലിവിഷൻ ആദ്യമായി വ്യാവസായികാടിസ്ഥാനത്തിൽ ടെലിവിഷൻ വിപണനത്തിനെത്തിച്ചു. പിന്നാലെ ഫ്രാൻസിലും അമേരിക്കയിലും ടെലിവിഷൻ വിൽപ്പനയ്ക്കെത്തി. പിന്നെയുമേറെക്കഴിഞ്ഞ് 1950-ലാണ് ഇന്ത്യയിൽ ആദ്യമായി ടി.വി. പ്രദർശിപ്പിക്കുന്നത്. പിന്നീട് കളർ ടി.വി.കളും ഡിഷും ഡി.ടി.എച്ചു. ഫ്ലാറ്റ് ടി.വി.കളുമെല്ലാം കടന്നുവന്നു. ഇന്നോ.. മറ്റെല്ലാ മേഖലകളെയും പോലെ മൊബൈൽ ഫോണിലൂടെ ടെലിവിഷനും നമ്മുടെ വിരൽത്തുമ്പിലെത്തി.
(അവസാനിച്ചു)