വടക്കുനോക്കിയന്ത്രം
സ്വതന്ത്രമായി ചലിക്കാനനുവദിച്ചാൽ ഒരു കാന്തസൂചി തെക്കുവടക്കു ദിശയിൽ നിലകൊള്ളുമെന്ന് മനസ്സിലാക്കി വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചത് മനുഷ്യന്റെ സഞ്ചാരചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. ഏകദേശം ബി.സി.ഇ. 2-ാം നൂറ്റാണ്ടിൽ പുരാതന ചൈനക്കാരാണ് വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചതെന്നു കരുതുന്നു. പിന്നെയും ആയിരത്തോളം വർഷങ്ങൾക്കുശേഷമാണ് സഞ്ചാരദിശ മനസ്സിലാക്കാൻ വടക്കുനോക്കിയന്ത്രം ഉപയോഗിക്കപ്പെട്ടത്. ആകാശഗോളങ്ങളുടെ സ്ഥാനവും പ്രാദേശികമായ അടയാളങ്ങളും മറ്റും നോക്കിയായിരുന്നു ഇതിനുംമുമ്പ് സമുദ്രസഞ്ചാരികൾ ദിശനിർണയിച്ചിരുന്നത്.
റോക്കറ്റ്
എ.ഡി. 700-ൽ ചൈനക്കാർ വെടിമരുന്നു കണ്ടുപിടിച്ചതിനു പിന്നാലെത്തന്നെ അഗ്നിയസ്ത്രം അഥവാ ഫയർ ആരോസും വികസിപ്പിച്ചതിനു തെളിവുണ്ട്. മുളയുപയോഗിച്ചായിരുന്നു ഇത്. പതിമ്മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അഗ്നിയസ്ത്രത്തിൽനിന്ന് റോക്കറ്റുകളിലേക്ക് കണ്ടുപിടിത്തം നീണ്ടത്.
ചാർക്കോൾ, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ എന്നിവ ചേർത്ത് പലതരം വെടിമരുന്നുകൾ ചൈനയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചിരുന്നു. ഒന്നിൽക്കൂടുതൽ കുഴലുകളുള്ള പ്രാഥമിക തോക്കുകൾ, ഒന്നിൽ കൂടുതൽ റോക്കറ്റുകൾ (മുളയുപയോഗിച്ച്) തൊടുത്തുവിടാനുള്ള സംവിധാനങ്ങൾ, ആദ്യത്തെ പീരങ്കി (ഓടുപയോഗിച്ചുണ്ടാക്കിയത്) എന്നിവയും ചൈനക്കാരുടെ സംഭാവനയാണ്.
കണ്ണട
കാഴ്ചക്കുറവ് പരിഹരിക്കുകയെന്ന അടിസ്ഥാന ആവശ്യത്തിൽ നിന്നായിരുന്നു കണ്ണടയുടെ ചരിത്രം തുടങ്ങിയത്. ഇന്നത് കൂളിങ് ഗ്ലാസിലേക്കും ഒളിക്യാമറ ഘടിപ്പിക്കാൻ ശേഷിയുള്ളവയിലേക്കും പലതരം ഡിസൈനുകളിലുള്ള ആഡംബര രൂപങ്ങളിലേക്കും വഴിമാറി. എന്നാൽ 13-ാം നൂറ്റാണ്ടിന് മുമ്പത്തെ സ്ഥിതി ഇതല്ലായിരുന്നു. ലെൻസുകൾക്ക് കാഴ്ചപ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്ന് അക്കാലം വരെ അജ്ഞാതമായിരുന്നു. 1286-ൽ ഇറ്റലിയിലാണ് ആദ്യമായി കണ്ണട കണ്ടുപിടിച്ചതെന്ന് കരുതുന്നു. ഇന്ന് എല്ലാവർക്കും കൈയെത്തുംദൂരത്ത് ലഭ്യമായ കണ്ണട ആദ്യകാലത്ത് ഇറ്റലിയിലെ ധനികർക്കു മാത്രമേ ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളൂ.
ക്ലോക്ക്
മനുഷ്യർ ഇന്നുപയോഗിക്കുന്നതിൽ ഏറ്റവും പഴക്കംചെന്ന വസ്തുക്കളിലൊന്നാണ് ക്ലോക്കെന്നുവേണമെങ്കിൽ പറയാം. വിരൽത്തുമ്പിൽ വരെ നമ്മളിന്ന് ക്ലോക്കുമായാണ് നടത്തം. ഫോണിൽ, കംപ്യൂട്ടറിൽ, വാഹനങ്ങളിൽ, ടെലിവിഷനിൽ എന്നുവേണ്ട എവിടെ നോക്കിയാലും സമയമറിയാം. ഒരു വാച്ചിന്റെയോ ചുവരിൽ തൂക്കുന്ന ക്ലോക്കിന്റെയോ ആവശ്യം തന്നെ ഇല്ലാതായിരിക്കുന്നു. സമയം അളക്കാൻ മനുഷ്യൻ ക്ലോക്ക് കണ്ടെത്തുന്നതിനുമുമ്പും ഒരു കാലമുണ്ടായിരുന്നു.
പുരാതന ഗ്രീക്കുകാർ ഉപയോഗിച്ചിരുന്ന ജലഘടികാരമാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. അടിയിൽ ചെറിയ ദ്വാരമുള്ള വെള്ളം നിറച്ചുവെച്ച ഒരു വലിയ പാത്രമാണിത്. ദ്വാരത്തിലൂടെ ജലം പുറത്തേക്ക് ഒഴുകിത്തീരുന്നതിനനുസരിച്ച് പാത്രത്തിലെ ജലനിരപ്പ് കാണിക്കുന്ന അടയാളങ്ങൾ നോക്കി സമയം മനസ്സിലാക്കിയിരുന്ന രീതിയാണിത്. മണൽഘടികാരവും നാഴികവട്ടവും കോമ്പസ് ക്ലോക്കുകളുമെല്ലാം നൂറ്റാണ്ടുകളോളം ഉപയോഗത്തിലിരുന്നതിനു തെളിവുണ്ട്. അതേസമയം, 13-ാം നൂറ്റാണ്ടുമുതലാണ് മെക്കാനിക്കൽ ക്ലോക്കുകൾ നിലവിൽ വന്നത്. 14-ാം നൂറ്റാണ്ടിൽ യൂറോപ്പിലെ പള്ളി ഗോപുരങ്ങളിൽ വലിയ ഘടികാരങ്ങൾ സർവസാധാരണമായിരുന്നു. ആദ്യകാലങ്ങളിലുണ്ടായിരുന്ന കൂറ്റൻ ക്ലോക്കുകളിൽനിന്ന് പിന്നീടവ ചെറുക്ലോക്കുകളിലേക്കും വാച്ചുകളിലേക്കും ഇലക്‌ട്രോണിക് ക്ലോക്കുകളിലേക്കും വഴിമാറി.
അച്ചടി
എഴുതാനും വായിക്കാനും ഡിജിറ്റൽ മാർഗങ്ങളെ ആശ്രയിക്കുന്ന ഇന്ന് കടലാസുകളും എഴുത്തും ഇല്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച് ചിന്തിക്കാനാവുമോ? എന്നാൽ പതിനഞ്ചാം നൂറ്റാണ്ടിന്റെ പകുതിയോടെ മാത്രമാണ് ഇന്നറിയപ്പെടുന്ന രീതിയിലുള്ള അച്ചടിവിദ്യ തുടങ്ങിയത്. ജർമനിയിലാണ് പ്രാരംഭം. കൊറിയക്കാരും ചൈനക്കാരും ജപ്പാൻകാരും പ്രാചീനകാലത്തുതന്നെ അച്ചടിവിദ്യ ഉപയോഗിച്ചിരുന്നതിന് തെളിവുലഭിച്ചിട്ടുണ്ട്. എ.ഡി. ആദ്യ നൂറ്റാണ്ടുകളിൽ ചൈനക്കാർ കടലാസ് കണ്ടുപിടിച്ചതോടെയാണ് അച്ചടിരംഗത്തേക്കുള്ള തുടർച്ചയുണ്ടായത്. ജർമൻകാരനായ യോഹാൻ ഗുട്ടൻബർഗി (1398-1468) നെയാണ് അച്ചടിയുടെ പിതാവായി കണക്കാക്കുന്നത്. 1450-ൽ ഗുട്ടൻബർഗ് ഓരോ അക്ഷരങ്ങൾക്കുമുള്ള അച്ചുകൾ വെവ്വേറെ വാർത്തെടുത്ത് അവ ചേർത്തുണ്ടാക്കിയ പേജുകൾ മുദ്രണം ചെയ്യാൻ തടികൊണ്ട് അച്ചടിയന്ത്രം നിർമിക്കുകയും ചെയ്തു.
ഫ്ളഷ് ടോയ്‌ലറ്റ്
ശൗചാലയങ്ങളും അഴുക്കുചാൽ സംവിധാനങ്ങളുമെല്ലാം നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ പ്രചാരത്തിലുണ്ടായിരുന്നു. ഏകദേശം ബി.സി. 2800-ൽ ഉപയോഗിച്ചതെന്നു കരുതുന്ന കക്കൂസുകൾ മോഹൻജൊദാരോയിലെ സിന്ധുനദീതട പ്രദേശത്തിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും സമ്പന്നരായ കുടുംബങ്ങൾക്ക് മാത്രമായിരുന്നു കക്കൂസ് സൗകര്യമുണ്ടായിരുന്നതെന്നാണ് കരുതുന്നത്. ഫ്ലഷ് ചെയ്യുന്ന ടോയ്‌ലറ്റിന്റെ കണ്ടുപിടിത്തമാണ് ഈ മേഖലയിലെ വിപ്ലവമെന്നു പറയാം. 1596-ൽ എഴുത്തുകാരനായ ജോൺ ഹാരിങ്ടൺ ഇംഗ്ലണ്ടിലെ കെൽസ്റ്റണിലുള്ള തന്റെ വീട്ടിലാണ് ആദ്യമായി ഫ്ലഷ് ചെയ്യുന്ന കക്കൂസ് സ്ഥാപിച്ചത്. പിന്നീടത് പല രാജ്യങ്ങളും കടന്ന് സർവസാധാരണമായി.
വൈദ്യുതി
വെളിച്ചമെന്ന പ്രാഥമികാവശ്യത്തിൽനിന്ന് തുടങ്ങി വൈദ്യുതി ദൈനംദിനജീവിതത്തിലെ ഓരോ പ്രവൃത്തിയുമായും ഇന്ന് ബന്ധപ്പെട്ടുകിടക്കുകയാണ്. പാചകം ചെയ്യാനും വ്യായാമം ചെയ്യാനും പാട്ടുകേൾക്കാനും സിനിമ കാണാനുമെല്ലാം വൈദ്യുതി കൂടിയേ തീരൂ. ഇന്നു ലോകത്തുള്ള എല്ലാ കണ്ടുപിടിത്തങ്ങൾക്കും വൈദ്യുതിയുടെ പങ്ക് എത്രമാത്രമാണെന്നും നമുക്കറിയാം. അതിനെല്ലാം തുടക്കമിട്ടത് വൈദ്യുതി കൃത്രിമമായി ഉത്‌പാദിപ്പിക്കാനുള്ള ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ മൈക്കേൽ ഫാരഡേയുടെ (1791 സെപ്റ്റംബർ 22 - 1867 ഓഗസ്റ്റ് 25) കണ്ടുപിടിത്തമാണ്. വൈദ്യുതിയുടെ പിതാവായി അറിയപ്പെടുന്നതും ഫാരഡേയാണ്.
1752-ൽ മിന്നലിൽ വൈദ്യുതി ഉണ്ടെന്ന് ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ കണ്ടെത്തിയതാണ് വൈദ്യുതിയുടെ അധ്യായത്തിലെ സുപ്രധാന ഏടെന്നുപറയാം. ശക്തമായ മിന്നലുള്ള സമയത്ത് പട്ടം പറപ്പിച്ചായിരുന്നു ഫ്രാങ്ക്‌ളിന്റെ പരീക്ഷണം.
ബി.സി. ആറാം നൂറ്റാണ്ടിൽ, മൈലീറ്റസ് എന്ന പുരാതന നഗരത്തിൽ ജീവിച്ച തേലീസ് എന്ന പണ്ഡിതൻ ഉറഞ്ഞ മരക്കറ (ആംബർ പോലെയുള്ള വസ്തുക്കൾ) കമ്പിളിയിൽ ഉരസുമ്പോൾ അവയ്ക്ക് ചെറുവസ്തുക്കളെ ആകർഷിക്കാനാവുമെന്ന് കണ്ടെത്തിയതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഫോട്ടോഗ്രഫി
ഓരോ കാഴ്ചകളെയും ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും പകർത്താൻ മൊബൈൽ ക്യാമറകൾ ഇന്നു നമ്മുടെ വിരൽത്തുമ്പിലുണ്ട്. സെൽഫിയും വെൽഫിയുമൊക്കെയായി ഓരോ ചെറുയാത്രകളിലും ഒത്തുചേരലുകളിലും നമുക്കിന്ന് ക്യാമറയെ മാറ്റിനിർത്താൻ വയ്യ. ആദ്യകാലങ്ങളിൽ വ്യക്തികളുടെ ചിത്രം കാൻവാസുകളിൽ പകർത്തുകയായിരുന്നു ചെയ്തത്. 1826-ൽ ഫ്രഞ്ചുകാരനായ ജോസഫ് നീസിഫോർ നിയെപ്സ് ആണ് ആദ്യമായി ഒരു ചിത്രം ക്യാമറയിൽ പകർത്തുന്നത്. ഫ്രാൻസിലെ ബർഗണ്ടി മേഖലയിൽ തന്റെ തോട്ടത്തിലെ വീടിനുമുകളിൽ നിന്നാണ് ചിത്രം പകർത്തിയത്. ആദ്യത്തെ കളർചിത്രം 1861-ൽ ഗണിതശാസ്ത്രജ്ഞനായ ജെയിംസ് ക്ലർക്ക് മാക്സ്‌വെൽ പകർത്തിയതാണ്.