ശിലായുധങ്ങളുടെ പിറവി
മൃഗങ്ങളുമായി നേരിട്ട് മല്ലിട്ട് അവയെ കീഴ്‌പ്പെടുത്തി ഭക്ഷണമാക്കിയിരുന്ന നമ്മുടെ പൂർവികർക്ക് ഒരുഘട്ടം കഴിഞ്ഞപ്പോൾ കൂർത്ത കല്ലുകൊണ്ട് മൃഗങ്ങളെ എളുപ്പത്തിൽ ആക്രമിച്ചുകൊല്ലാമെന്ന തിരിച്ചറിവുണ്ടായി. 26 ലക്ഷം വർഷങ്ങൾക്കുമുമ്പുള്ള ഇക്കാലം പ്രാചീന ശിലായുഗം എന്നാണറിയപ്പെടുന്നത്. പ്രകൃതിദത്തമായ കൂർത്ത കല്ലുകൾക്കുപുറമേ കൃത്രിമമായി അവ പാറയിലുരച്ച് മൂർച്ചകൂട്ടി ആയുധങ്ങളുണ്ടാക്കാനും ഈ കാലഘട്ടത്തിൽ മനുഷ്യർ പഠിച്ചു. കല്ലുകളിൽനിന്ന് കെട്ടിപ്പടുത്ത നമ്മുടെ ആയുധപ്പുരയിൽ ഇന്ന് മെഷീൻ തോക്കുകളും ആണവായുധങ്ങളുംവരെ നിറഞ്ഞു. ഇനിയും പുതിയ ആയുധങ്ങൾക്കായി കണ്ടുപിടിത്തങ്ങൾ തുടരുകയാണ്.
കൃഷി
വേട്ടയാടി ഭക്ഷണംകഴിച്ച ചെറുസംഘത്തിൽനിന്ന് കൃഷിയിലേർപ്പെട്ടതോടെ മനുഷ്യർ വലിയ സംസ്കാരത്തിലേക്ക് വളർന്നു. 12,000 വർഷങ്ങൾക്കുമുമ്പ് മനുഷ്യർ സംസ്കാരങ്ങളിൽ ജീവിച്ചതിനും കൃഷി ചെയ്തതിനും തെളിവ് ലഭിച്ചിട്ടുണ്ട്. കൃഷിവേണ്ട ലഘു ഉപകരണങ്ങളും അടിസ്ഥാനസംവിധാനങ്ങളും അവരുപയോഗിച്ചു. അരിവാളും ജലസേചനസംവിധാനവും കൃഷിയിലേക്കെത്തിയത് മെസപൊട്ടോമിയ കാലഘട്ടത്തിലാണ്.
ബോട്ട്
ഭൂമിയുടെ 70 ശതമാനവും വെള്ളത്താൽ ചുറ്റപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ജലമാർഗത്തിലൂടെ യാത്ര ചെയ്യേണ്ടത് മനുഷ്യന് അന്നും ഇന്നും ആവശ്യമായിരുന്നു. ബി.സി.ഇ. (ബിഫോർ കോമൺ ഇറ) 7500-ലാണ് മനുഷ്യർ വള്ളങ്ങൾ ഉപയോഗിച്ചുതുടങ്ങിയത്. ഒറ്റത്തടിവള്ളങ്ങളായിരുന്നു ആദ്യകാലത്ത്. അമേരിക്കയിലും യൂറോപ്പിലും ഓഷ്യാനിയയിലും ഒറ്റത്തടി വള്ളങ്ങൾ ഉപയോഗിച്ചിരുന്നു. ഇന്നുകാണുന്ന യുദ്ധക്കപ്പലുകളുടെയും ആഡംബരയാത്രാകപ്പലുകളുടെയും പൂർവികർ ഈ ഒറ്റത്തടിവള്ളങ്ങളാണ്.
ഭൂപടം
ഇന്ന് ഏതെങ്കിലും സ്ഥലത്തെക്കുറിച്ച് പരതണമെങ്കിലും യാത്ര ചെയ്യണമെങ്കിലും നമുക്കാശ്രയം ഗൂഗിൾ മാപ്പാണല്ലേ.. ഭൂപടം നിലവിലില്ലാതിരുന്ന ഒരു കാലത്തെപ്പറ്റി ഇപ്പോൾ നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. എന്നാൽ അങ്ങനെയൊരു കാലമുണ്ടായിരുന്നു. ബി.സി.ഇ. 6500-ത്തിൽ മാത്രമാണ് മനുഷ്യർ ആദ്യമായി ഭൂപടമുണ്ടാക്കിയതെന്നാണ് ലഭിക്കുന്ന തെളിവുകൾ. പുരാതന ബാബിലോണിയയിൽ കാർട്ടോഗ്രാഫി പിറവികൊണ്ടതിനു ശേഷമാണിത്.
ചക്രം
ഭൂമിയിലെ എക്കാലത്തെയും ഏറ്റവും മഹത്തായ കണ്ടുപിടിത്തങ്ങളിലൊന്നാണ് ചക്രം. 5150 ബി.സി.ഇ.യിലാണ് കണ്ടുപിടിത്തം. ആയിരം കൊല്ലംമുമ്പ് കൃഷിയിടത്തിൽ നിലമുഴാൻ ഉപയോഗിച്ചിരുന്ന ചക്രം ഇന്ന് യാത്രകൾ അടക്കമുള്ള നമ്മുടെ ദൈനംദിനജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. കാർഷികമേഖലകൾ മുതൽ വമ്പൻ വ്യവസായങ്ങൾവരെ നിലകൊള്ളുന്നതിനാധാരം ചക്രത്തിന്റെ കണ്ടുപിടിത്തമാണ്.
ഗ്ലാസ്
4500 കൊല്ലങ്ങൾക്കുമുമ്പ് വെങ്കലയുഗത്തിലാണ് മനുഷ്യർ ആദ്യമായി ഗ്ലാസ് (സ്ഫടികം) ഉപയോഗിച്ചതിനു തെളിവ് ലഭിച്ചിട്ടുള്ളത്. പശ്ചിമേഷ്യയിലായിരുന്നു ഇത്. പുരാതന റോമൻ കാലഘട്ടത്തിൽ സ്ഫടികം വ്യാപകമായി ഉപയോഗിക്കപ്പെട്ടു. അന്നിത് ഒരു ആഡംബര വസ്തുവല്ലായിരുന്നു. കുപ്പികളും ആഭരണങ്ങളുമുണ്ടാക്കാനാണ് ഉപയോഗിച്ചിരുന്നത്. ഇന്നാണെങ്കിൽ കെട്ടിടങ്ങളുണ്ടാക്കാനും വാഹനങ്ങളുണ്ടാക്കാനും ഗ്ലാസ് നമുക്ക് ഒഴിച്ചുകൂടാനാവാത്ത വസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്നു.
പശ
ഉടഞ്ഞുപോയ സ്ഫടികപ്പാത്രങ്ങൾവരെ കൂട്ടിയൊട്ടിക്കാനാകുന്ന കൃത്രിമപശകൾ ഇന്ന് നമുക്കുണ്ട്. പ്രകൃതിദത്തമായ പശകളാണ് ആദ്യകാലഘട്ടങ്ങളിൽ മനുഷ്യൻ ഉപയോഗിച്ചിരുന്നത്. പുരാതന ഈജിപ്ഷ്യൻ ജനത 3000 വർഷങ്ങൾക്കുമുമ്പ് പശ ഉപയോഗിച്ചതിനു തെളിവുണ്ട്. ആറായിരം വർഷങ്ങൾക്കുമുമ്പ് യൂറോപ്പിൽ പൊട്ടിയ മൺപാത്രങ്ങളും മറ്റും ചെടികളുടെ നീരുകൊണ്ടും മരപ്പശ കൊണ്ടും ഒട്ടിച്ചതിനും തെളിവു ലഭിച്ചിട്ടുണ്ട്.
അക്ഷരമാല
ലോകത്തിന്ന് എന്തുമാത്രം ഭാഷകളും എത്രയെത്ര ലിപികളുമാണ്. അക്ഷരങ്ങളുടെയെല്ലാം പൂർവികർ ആദ്യം ജന്മമെടുത്തത് 4000 ബി.സി.ഇ.യിലാണ്. പശ്ചിമേഷ്യയിലെ കാനാനൈറ്റ് ജനതയാണ് ആദ്യമായി അക്ഷരങ്ങൾ ഉപയോഗിച്ചിരുന്നതെന്നാണ് കരുതുന്നത്. ഈജിപ്ഷ്യൻ ചിത്രലിപിയുടെ ലഘുവായ രൂപങ്ങൾ ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ചിത്രലിപികളും പിന്നീടുവന്ന സെമിറ്റിക് അക്ഷരങ്ങളും ചേർത്താണ് ആദ്യമായി മനുഷ്യൻ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ കുറിച്ചിട്ടതെന്ന് കരുതുന്നു. ഇന്നു നാം ഉപയോഗിക്കുന്ന ഓരോ ഭാഷയിലെയും അക്ഷരങ്ങൾക്ക് അവ രൂപപ്പെട്ടുവന്നതിന്റെ ഏറെക്കാലത്തെ ചരിത്രം പറയാനുണ്ടാവും.
നെയ്ത്ത്
3500 ബി.സി.ഇ.യിൽ പുരാതന ഈജിപ്തുകാരാണ് ആദ്യമായി നെയ്ത്ത് കൊണ്ടുവന്നത്. ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും പുരാതനകാലത്തുതന്നെ നെയ്ത്ത് നടത്തിയിരുന്നതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. ഇന്നു കാണുന്ന രീതിയിലേക്ക് വേഷം പരിണമിച്ചത് ഇവിടെനിന്നാണ്.
സോപ്പ്
ഏതെല്ലാം ബ്രാൻഡുകളിലുള്ള സോപ്പുകളാണ് നമ്മളിന്ന് അലക്കാനും കുളിക്കാനും സൗന്ദര്യവർധനയ്ക്കുമൊക്കെ ഉപയോഗിക്കുന്നതെന്ന് എണ്ണിയാൽ തീരില്ല. എന്നാൽ 2800 ബി.സി.ഇ.യിൽ ബാബിലോണിയയിലാണ് ഏറ്റവും അടിസ്ഥാന രൂപത്തിലുള്ള സോപ്പുകൾ നിർമിച്ചതെന്ന് കരുതുന്നു. കൊഴുപ്പും ചാരവും ചേർത്ത് തിളപ്പിച്ചുണ്ടാക്കിയ സോപ്പ് ബാബിലോണിയക്കാർ മൺകുടങ്ങളിലാണ് സൂക്ഷിച്ചിരുന്നത്.
അഴുക്കുചാൽ സംവിധാനം
ജീവിതനിലവാരം മെച്ചപ്പെടുത്തിയതിലെ ഏറ്റവും അടിസ്ഥാനഘടകമായിരിക്കും അഴുക്കുകൾ ഒഴുക്കിക്കളയുകയെന്നത്. 2500 ബി.സി.ഇ,യിൽ നിലവിലുണ്ടായിരുന്ന സംസ്കാരങ്ങളിൽ മുതൽ അഴുക്കുചാൽ സംവിധാനങ്ങളുണ്ടായിരുന്നുവെന്ന് തെളിവുണ്ട്. സിന്ധു നദീതട സംസ്കാരത്തിൽ ബൃഹത്തായ അഴുക്കുചാൽ സംവിധാനം ഉപയോഗിച്ചതിന് പാകിസ്താനിൽ കണ്ടെത്തിയ പുരാതന ഭവനങ്ങളിൽനിന്നുള്ള വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
കലണ്ടർ
സുമേറിയൻ ലൂണാർ കലണ്ടർ ബി.സി.ഇ. 2000 ആണ്ടുമുതൽ ഉപയോഗത്തിലുണ്ടായിരുന്നു. ഈജിപ്ഷ്യൻ കലണ്ടറും ജൂലിയൻ കലണ്ടറും റോമൻ കലണ്ട’റുമെല്ലാം പിൽകാലത്ത് ചരിത്രത്തിലിടംപിടിച്ചു. ഇന്ന് ലോകമെങ്ങും പ്രചാരത്തിലുള്ളത് ഗ്രിഗോറിയനൻ കലണ്ടറാണ്. പോപ് ഗ്രിഗറി പതിമൂന്നാമൻ അംഗീകാരം നൽകിയതോടെ 1582-ലാണ് ഈ കലണ്ടർ നിലവിൽ വന്നത്.
വെടിമരുന്ന്
മനുഷ്യന്റെ ഏറ്റവും മരണംവിതയ്ക്കുന്ന കണ്ടുപിടിത്തങ്ങളിലൊന്നായ വെടിമരുന്ന് ചൈനക്കാരുടെ സംഭാവനയാണ്. എ.ഡി. 700 മുതൽ പലതരം വെടിമരുന്നുകൾ ചൈനയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചിരുന്നു. ചാർക്കോൾ, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ എന്നിവ ചേർത്താണുണ്ടാക്കിയത്. തീക്കുന്തങ്ങൾ, ഒന്നിൽ കൂടുതൽ കുഴലുകളുള്ള പ്രാഥമിക തോക്കുകൾ, ഒന്നിൽ കൂടുതൽ റോക്കറ്റുകൾ (മുളയുപയോഗിച്ച്) തൊടുത്തുവിടാനുള്ള സംവിധാനങ്ങൾ, ആദ്യത്തെ പീരങ്കി (ഓടുപയോഗിച്ചുണ്ടാക്കിയത്) എന്നിവയൊക്കെ ചൈനക്കാർ വികസിപ്പിച്ചിരുന്നു.
തയ്യാറാക്കിയത് : ഷിനില മാത്തോട്ടത്തിൽ