അടിമവ്യാപാര നിരോധനനിയമം ഓഗസ്റ്റ്‌ 23 അന്താരാഷ്ട്ര അടിമവ്യാപാര നിരോധന സ്മരണദിനമായി യുനെസ്കോ ആചരിച്ചുവരുന്നു. 1791-ൽ ഹെയ്തിയിൽ അടിമകൾ നടത്തിയ കലാപത്തിന്റെ സ്മരണ  പുതുക്കുന്ന ദിനംകൂടിയാണിത്

അമേരിക്കയിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ളോയ്‌ഡ് കൊലചെയ്യപ്പെട്ടതിനെത്തുടർന്ന്, ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന മുദ്രാവാക്യവുമായി പൊട്ടിപ്പുറപ്പെട്ട സമരങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. അടിമത്തത്തിന്റെ പേരിൽ ഒരു ആഭ്യന്തരയുദ്ധംതന്നെ നടന്ന രാജ്യമാണ് അമേരിക്ക. അമേരിക്കയിൽ അടിമത്തം നിരോധിച്ച അബ്രഹാം ലിങ്കൺ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി. ‘‘അടിമത്തം തെറ്റല്ലെങ്കിൽ ലോകത്ത് ഒന്നുംതന്നെ തെറ്റല്ല’’.

 റോമിൽ
പുരാതന റോമൻ സമൂഹത്തിലെ പ്രധാന വിഭാഗമായിരുന്നു അടിമകൾ. ബി.സി.ഇ. 27 മുതൽ സി.ഇ. 14 വരെയുള്ള കാലത്ത് ചക്രവർത്തിയായിരുന്ന അഗസ്റ്റസ് സീസറിനു കീഴിൽ 30 ലക്ഷം അടിമകളുണ്ടായിരുന്നു. അടിമവ്യാപാരം വിപുലമായ തോതിൽ നടന്നിരുന്നു. അവരുടെ ജീവിതനിലവാരം ദയനീയമായിരുന്നു.

 ഗ്ലാഡിയേറ്റർമാർ
പുരാതന റോമിലെ സമ്പന്നരുടെ പ്രധാന വിനോദമായിരുന്നു ഗ്ലാഡിയേറ്റർ മത്സരങ്ങൾ. അടിമകളിൽനിന്ന് തിരഞ്ഞെടുക്കുന്ന പോരാളികളായിരുന്നു ഗ്ലാഡിയേറ്റർമാർ. നല്ല കായികശേഷിയുള്ളവരെ തിരഞ്ഞെടുത്ത് പരിശീലനം നൽകി ഗ്ലാഡിയേറ്റർമാരാക്കുകയാണ് ചെയ്തത്. ആംഫി തിയേറ്ററുകളിൽവെച്ച് ഒരാൾ മരിച്ചുവീഴുന്നതുവരെ ഇവർ മല്ലയുദ്ധം നടത്തി. മറ്റു ചിലപ്പോൾ മത്സരം സിംഹവും ഗ്ലാഡിയേറ്റർമാരും തമ്മിലായിരിക്കും. വിശന്നുവലഞ്ഞ സിംഹത്തെ ഗ്ലാഡിയേറ്റർമാർക്ക് മുമ്പിലേക്ക് തുറന്നു വിടുകയായിരുന്നു ചെയ്തത്.

 സ്പാർട്ടക്കസിന്റെ കലാപം
ഉടമകളിൽനിന്ന് കടുത്ത പീഡനങ്ങൾ നേരിടേണ്ടിവന്ന അടിമകൾ പലപ്പോഴും കലാപങ്ങൾ നടത്തി. ഇത്തരം കലാപങ്ങളിൽ ഒന്നായിരുന്നു സ്പാർട്ടക്കസിന്റെ കലാപം. ഗ്ലാഡിയേറ്റർ ആയിരുന്ന സ്പാർട്ടക്കസ് 70,000-ത്തോളം അടിമകളെ സംഘടിപ്പിച്ചാണ് കലാപം നടത്തിയത്. വൈസൂവിയസ് പർവതനിരകൾ താവളമാക്കി നടത്തിയ കലാപത്തെ ഒരുവർഷത്തെ പരിശ്രമത്തിന് ശേഷമാണ് അടിച്ചമർത്തിയത്. സ്പാർട്ടക്കസ് വധിക്കപ്പെട്ടു. റോമിലെ സാധാരണക്കാരുടെ മനസ്സിൽ സ്പാർട്ടക്കസ് ഇന്നും ഒരു ഉജ്ജ്വല പോരാളിയാണ്.

 യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക
അടിമവ്യാപാരവുമായി ബന്ധപ്പെട്ട മൂന്ന് ഭൂഖണ്ഡങ്ങളാണ് യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവ. 16 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിലാണ് ഈ മൂന്ന് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള അടിമവ്യാപാരം നിലനിന്നത്. ഈ കച്ചവടമാർഗം ഒരു ത്രികോണ രൂപത്തിലായിരുന്നു. യൂറോപ്യന്മാർ അവരുടെ ഉത്‌പന്നങ്ങളുമായി ആഫ്രിക്കയിലെത്തുന്നു, അവ ആഫ്രിക്കയിൽ വിറ്റഴിച്ചശേഷം കിട്ടുന്ന പണംകൊണ്ട് അവിടെനിന്ന് അടിമകളെ വാങ്ങുന്നു. ഇവരെ അമേരിക്കയിലെത്തിച്ച് വിറ്റഴിക്കുന്നു. തുടർന്ന് അമേരിക്കയിൽ നിന്ന് പുകയില, പഞ്ചസാര എന്നിവയുമായി കപ്പലുകൾ യൂറോപ്പിലെത്തുന്നു. ഈ ത്രികോണ കച്ചവടത്തിലൂടെ യൂറോപ്യന്മാർ വൻലാഭം കൊയ്തു.
 ആഫ്രിക്കയിൽനിന്ന്
അമേരിക്കയിലേക്ക്
15, 16 നൂറ്റാണ്ടുകളിലെ ഭൂമിശാസ്ത്ര പര്യവേക്ഷണങ്ങളും പുതിയ ഭൂഖണ്ഡങ്ങളുടെ കണ്ടെത്തലും അടിമവ്യാപാരത്തെ ശക്തിപ്പെടുത്തി. അമേരിക്കയിലെ കൃഷിയിടങ്ങളിൽ ജോലി ചെയ്യാൻവേണ്ടി ആയിരക്കണക്കിന് അടിമകളെ കപ്പലുകളുടെ അടിത്തട്ടിൽ കുത്തിനിറച്ച് അമേരിക്കയിലെത്തിച്ചു. യാത്രയ്ക്കിടയിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ചിലർ കപ്പലുകളിൽ കലാപം അഴിച്ചുവിട്ടു. അമേരിക്കയിലെ തോട്ടങ്ങളിൽ ജോലിചെയ്തിരുന്ന അടിമകളുടെ ദയനീയ ജീവിതം ‘മുതലാളിത്തവും അടിമത്തവും’ എന്ന പുസ്തകത്തിൽ എറിക് വില്യം വിവരിക്കുന്നുണ്ട്.മധ്യകാലഘട്ടത്തിൽ ആഫ്രിക്കയിൽനിന്ന് ഡക്കാനിലെത്തിച്ചേർന്ന അടിമകളെ ഹബ്ഷി എന്നാണ് വിളിച്ചിരുന്നത്. എത്യോപ്യ ആയിരുന്നു ഹബ്ഷിയുടെ പ്രധാന കേന്ദ്രം.

 അടിമത്തനിരോധനം അമേരിക്കയിൽ
അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ സംസ്ഥാനങ്ങളിലാണ് അടിമത്തം നിലനിന്നിരുന്നത്. വടക്കൻ സംസ്ഥാനങ്ങൾ അടിമകളെ ആശ്രയിച്ചിരുന്നില്ല. അതിനാൽ അടിമത്തം അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് വടക്കൻ സംസ്ഥാനങ്ങളും തെക്കൻ സംസ്ഥാനങ്ങളും തമ്മിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു.
അടിമത്തം നിരോധിക്കണമെന്ന വാദക്കാരനായിരുന്നു പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കൺ. അദ്ദേഹം ചരിത്ര പ്രസിദ്ധമായ ‘വിമോചന വിളംബരപ്രഖ്യാപനം’ നടത്തി.


THE STORY OF IDIOMS

ആംഗലേയ ഭാഷ  മനോഹരമായ ഒട്ടേറെ ശൈലികൾ കൊണ്ട് സമ്പുഷ്ടമാണ്. ഒൻപതാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ചില ശൈലികൾ നിങ്ങൾ പരിചയപ്പെട്ടു കഴിഞ്ഞു. അത്തരം ശൈലികൾക്ക് പിന്നിൽ രസകരമായ കഥകളുണ്ട്. അവയെക്കുറിച്ചാണ് ഈ കുറിപ്പ്

Between the devil and the deep blue sea:  [A difficult situation where you have to choose between two equally unpleasant courses of actions]
ഗ്രീക്ക് പുരാണത്തിൽ സൈല (Scylla) എന്ന ആറുതലയുള്ള ഭീകരരൂപി ഇരയെ കാത്ത് കടൽത്തീരത്ത് തന്റെ താവളത്തിൽ ഒളിച്ചിരിക്കാറുണ്ടായിരുന്നു. ഈ സത്വത്തെ കണ്ട് ഇര പ്രാണരക്ഷാർഥം കടലിലേക്ക് ഓടുമ്പോൾ അവിടെ അതിനെ കാത്തിരിക്കുന്ന കാരിബ്‌ഡിസ് (Charybdis) എന്ന കടൽ രാക്ഷസൻ ശക്തമായ തിരസൃഷ്ടിച്ച് ആ ഇരയെ തിരികെ കടൽത്തീരത്തേക്ക് ചുഴറ്റി എറിയും. രണ്ടിടത്തും രക്ഷയില്ലാതാവുന്ന അവസ്ഥ.  

Grin like a Cheshire cat: [Become pleased with oneself]
ധവളവിപ്ലവത്തിന്റെ കാലഘട്ടത്തിൽ പാൽ ആവശ്യത്തിലേറെ ഉണ്ടായിരുന്നതിനാൽ വിലക്കുറവ് അനുഭവപ്പെടുകയും കർഷകർ നിരാശരാവുകയും ചെയ്തു. മിച്ചംവരുന്ന പാൽകൊണ്ട് വെണ്ണയും പാൽക്കട്ടിയും ഉണ്ടാക്കാനുള്ള ആശയം ഒരു യുവകർഷകൻ മുന്നോട്ടുവെച്ചു. അത് മികച്ച ഒരാശയമായി സ്വീകരിക്കപ്പെടുകയും സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുകയും ചെയ്തു. ഒരുദിവസം ഒരു കർഷകൻ കണ്ട കാഴ്ച ഏറെ വിചിത്രമായിരുന്നു. തന്റെ പൂച്ച താൻ ഉണ്ടാക്കിയ പാൽക്കട്ടിക്ക് മേൽ കയറിയിരുന്നുകൊണ്ട് അതിന്റെ അവസാനത്തെ ചിരിപോലെ തന്നെ നോക്കി പല്ലിളിക്കുന്നു! കോപാകുലനായെങ്കിലും മറ്റൊരു ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ചു. പൂച്ചയുടെ രൂപത്തിൽ അദ്ദേഹം പിന്നീട് പാൽക്കട്ടികൾ നിർമിച്ച്‌ വിപണിയിൽ എത്തിക്കുകയും അത് വൻവിജയം ആവുകയും ചെയ്തു.

Once in a blue moon: [Seldom seen or experienced]
ഇൻഡൊനീഷ്യയിലെ നിഷ്‌ക്രിയമായ ക്രാക്കറ്റോ അഗ്നിപർവതം പൊടുന്നനെ 1883-ൽ പൊട്ടിത്തെറിച്ചു. ഭീകരമായ തോതിൽ തീയും പുകയും പുറത്തേക്കു വമിക്കുകയും നാശാവശിഷ്ടങ്ങൾ ചിതറിത്തെറിക്കുകയും ചെയ്തു. ചെറുതോതിൽ ഭൂചലനം അനുഭവപ്പെടുകയും ദ്വീപുമുഴുവൻ കത്തുന്നതായി തോന്നുകയും ചെയ്തു. കുറച്ചു ദിവസങ്ങളോളം ചന്ദ്രൻ നീലനിറത്തിൽ കാണപ്പെട്ടു. അഗ്നിപർവതസ്ഫോടനം മൂലമുണ്ടായ പുകയും പൊടിപടലങ്ങളുംകൊണ്ടാണ് ഈ അപൂർവ കാഴ്ച ആളുകൾക്ക് ലഭ്യമായത്.

Pandora’s Box: [a process that once begun generates many complicated problems]
ഗ്രീക്ക് പുരാണത്തിൽ സൗന്ദര്യവും ബുദ്ധിശക്തിയുംകൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു ദേവതയായ പണ്ടോരയ്ക്ക് ഗ്രീക്ക് ദേവനായ സിയൂസ് ഒരു പെട്ടി സമ്മാനിച്ചശേഷം അവളെ ഭൂമിയിലേക്കയച്ചു. ഒരിക്കലും ആ പെട്ടി തുറക്കരുതെന്ന് സിയൂസ് പറഞ്ഞിരുന്നു. ഭൂമിയിൽ സന്തോഷവതിയായി ജീവിക്കുമ്പോഴും ആ പെട്ടിയിൽ എന്താണെന്ന ആകാംക്ഷ അവളെ അലട്ടിയിരുന്നു. സഹികെട്ട് ഒരുദിവസം അത് തുറന്നപ്പോൾ അതിൽനിന്ന്‌ ലോകത്തെ വിഷമിപ്പിക്കാൻ സാധിക്കുന്ന എല്ലാ തിന്മകളും വ്യാധികളും പുറത്തുചാടി. താൻ നരകമാണ് തുറന്നുവിട്ടതെന്നു തിരിച്ചറിഞ്ഞ പണ്ടോര തത്‌ക്ഷണം ആ പെട്ടി മുറുക്കിയടച്ചു. പ്രതീക്ഷമാത്രം അതിൽ അവശേഷിച്ചു. എന്തെല്ലാം പ്രശ്നങ്ങളും ജീവിതത്തിൽ നേരിടുമ്പോഴും പ്രതീക്ഷയാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്.