ആനകളെ സംരക്ഷിക്കാനും പരിപാലിക്കാനും സ്വയം ഓർമിക്കാനൊരു ദിനം. ഏഷ്യൻ, ആഫ്രിക്കൻ ആനകളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി 2012 ഓഗസ്റ്റ് 12-നാണ് ലോക ആനദിനം ആരംഭിച്ചത്. കരയിലെ ഏറ്റവുംവലിയ സസ്തനി ഇപ്പോൾ വംശനാശഭീഷണി നേരിടുകയാണ്.
ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായി വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളും ആനകളുടെ ജീവന് ഭീഷണി ഉയർത്തുന്നു. നമ്മുടെ നാട്ടിൽ ട്രെയിൻ തട്ടിയും കൃഷിയിടങ്ങൾക്ക് ചുറ്റുമുള്ള വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റും മരണമടയുന്ന കാട്ടാനകൾ ഒട്ടേറെയാണ്. അടുത്തിടെ ഗർഭിണിയായ കാട്ടാനയ്ക്ക് കൈതച്ചക്കയിൽ പടക്കംവെച്ച് നൽകി വായ തകർന്ന് അതിന് ഭക്ഷണം കഴിക്കാനാകതെ മരിച്ച സംഭവം ഏതോരു മൃഗസ്നേഹിയുടെ മനസ്സിലും മാറാത്ത നോമ്പരമാണ്. കാട്ടിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷണമാക്കി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾമൂലവും ഒട്ടനവധി കാട്ടാനകളാണ് മരിക്കുന്നത്.
ആന വിശേഷം
ലോകത്തിൽ ഇന്ന് മൂന്നുതരം ആനകളാണുള്ളത്. ഏഷ്യൻ ആനയും (Elephas maximus) രണ്ടുതരം ആഫ്രിക്കൻ ആനയും (1. Loxodanta africana africana 2. Loxodanta Africana cyclotis). ഏഷ്യൻ ആനകൾ പ്രധാനമായും നാലുതരത്തിലാണ്. ശ്രീലങ്കൻ ആന, ഇന്ത്യൻ ആന, സുമാത്രൻ ഏഷ്യൻ ആന, ബോർണിയോ പിഗ്മി ആന എന്നിവയാണ് പ്രധാന ഏഷ്യൻ ഇനങ്ങൾ. ആഫ്രിക്കൻ ആനകൾ പലകാര്യങ്ങളിലും ഏഷ്യൻ ആനകളിൽനിന്ന് വ്യത്യസ്തമാണ്. ലോകത്തിലെ ഏറ്റവുംവലിയ ആനകൾ ആഫ്രിക്കൻ സാവന്ന ആനകളും ഏറ്റവും വലുപ്പം കുറഞ്ഞ ആനകൾ ഏഷ്യൻ ആനകളിൽപ്പെട്ട സുമാത്രൻ ആനകളുമാണ്.
മനുഷ്യരെപ്പോലെതന്നെ ആനകൾക്കും സങ്കീർണമായ വികാരങ്ങളും ബുദ്ധിയും ലക്ഷ്യവും ഉണ്ട്. ആനയ്ക്ക് പൊതുവേ കാഴ്ചശക്തി കുറവാണ്. നല്ല ശ്രവണശേഷിയുണ്ട്.
പ്രത്യേകത
ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്നതാണ് തുമ്പിക്കൈ. ഉളിപ്പല്ല് കൊമ്പുകളായും രൂപാന്തരപ്പെട്ടിരിക്കുന്നു. 282 അസ്ഥികളാണ് ഇവയുടെ ശരീരത്തിലുള്ളത്. സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലവും ആനകളുടേതാണ്. 630 ദിവസംവരെയാണ് ഇവയുടെ ഗർഭകാലം (ഇരുപത്തിയൊന്ന് മാസംമുതൽ ഇരുപത്തിരണ്ട് മാസംവരെ). ആനകളുടെ മേൽച്ചുണ്ടാണ് തുമ്പിക്കൈയായി രൂപപ്പെട്ടിരിക്കുന്നത്. ഒരു വശത്തെ കാലുകൾ ഒരേസമയം മുമ്പോട്ടവെച്ചുനടക്കാനുള്ള പ്രത്യേകത മറ്റ് ജീവികളിൽനിന്ന് ഇവയെ വ്യത്യസ്ഥമാക്കുന്നു. ആനകളുടെ മുൻകാലുകളെ നടയെന്നും പിൻകാലുകളെ അമരം എന്നുമാണ് അറിയപ്പെടുക. പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർവരെ വെള്ളവും അകത്താക്കാറുണ്ട്.
കണ്ണുകൾക്കു താഴെയായി കാണപ്പെടുന്ന മദഗ്രന്ഥി വീർത്തുവരുമ്പോഴാണ് ഇവയ്ക്ക് മദമിളകുക. നാല് മണിക്കൂർവരെ ഇവ വിശ്രമത്തിനായി ചെലവഴിക്കുന്നു. ആഫ്രിക്കൻ ആനകൾ വിശ്രമത്തിനായി കിടക്കുക പതിവില്ല.
കാട്ടാനകൾ കൂട്ടത്തോടെയാണ് വിഹരിക്കുക. മുപ്പതുവരെ ആനകൾ ഈ കൂട്ടത്തിലുണ്ടാകും. ഒറ്റയ്ക്കുന്ന നടക്കുന്ന ആനകളെ ഒറ്റയാൻ എന്നറിയപ്പെടുന്നു. മറ്റ് ആനകളെക്കാൾ ആക്രമണകാരികളാണ് ഇവ. മണിക്കൂറിൽ നാല്പത് കിലോമീറ്റർവരെ വേഗത്തിൽ ആനകൾക്ക് ഓടാൻ കഴിയും. ഇൻഫ്രാസോണിക് ശബ്ദം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നവരാണ് ആനകൾ. മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത ശബ്ദതരംഗങ്ങൾ ഇവർക്ക് കേൾക്കാൻ കഴിയും. ആനകൾക്ക് കാഴ്ചശക്തി കുറവാണ്. കേൾവിശക്തിയാണ് കൂടുതലായുള്ളത്. മണംപിടിക്കാൻ കഴിവു കൂടുതലാണ്. ആനകൾ ഒരു പ്രത്യേക മണം വർഷങ്ങളോളം ഓർത്തുവെക്കും. ശരാശരി എഴുപതുവർഷംവരെയാണ് ആനകളുടെ ജീവിതകാലം.
ആഫ്രിക്കൻ ആന
• ശാസ്ത്രീയനാമം-ലോക്സോഡോന്ത ആഫ്രിക്കാന ആഫ്രിക്കാന)
വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (ഡബ്ല്യു.ഡബ്ല്യു.എഫ്.) ന്റെ കണക്കുപ്രകാരം ആഫ്രിക്കയിൽ 4,15,000-ത്തോളം ആനകൾ ഉണ്ട്.
• പ്രത്യേകതകൾ-വലിയ ചെവി, നീളമേറിയ കൊമ്പുകൾ, പിൻകാലുകളെ അപേക്ഷിച്ച് നീളമുള്ള മുൻകാലുകൾ, വലിയ കണ്ണുകൾ, പിടിയാനകൾക്കും കൊമ്പ് • ഉയരം: 8-13 അടി
• നീളം: 19-24 അടി • തൂക്കം: 3000-7000 കിലോ ഗ്രാം • കാണപ്പെടുന്നത്- കിഴക്ക്, തെക്ക്, പടിഞ്ഞാറ്് ആഫ്രിക്കയിലെ 37 രാജ്യങ്ങളിലായി കാണപ്പെടുന്നു.
ഏഷ്യൻ ആന
• ശാസ്ത്രീയനാമം-ഏലിഫസ് മാക്സിമസ് ഇൻഡികസ് • ഉയരം: 6.5-11.5 അടി • നീളം: 21 അടി • തൂക്കം: 5000 കിലോ ഗ്രാം • കാണപ്പെടുന്നത്- ഏഷ്യയിലെ 13-ഓളം രാജ്യങ്ങളിൽ
ആനകൾക്കായി അനാഥാലയം
ശ്രീലങ്കയുടെ കെഗല്ലേ ജില്ലയിലെ പിന്നാവാല എന്ന ഗ്രാമത്തിലാണ് ആനകൾക്കുവേണ്ടിയുള്ള ഈ അനാഥാലയം സ്ഥിതിചെയ്യുന്നത്. മഹാ ഒയാ നദിക്കരയിലെ 25 ഏക്കർ തെങ്ങിൻതോപ്പാണ് ആനകൾക്കുള്ള അഭയസ്ഥാനം. 1975-ലാണ് ശ്രീലങ്കയിലെ വന്യജീവി സംരക്ഷണവകുപ്പ് ആനകൾക്ക് അനാഥാലയം ആരംഭിച്ചത്. ആനകൾക്ക് സ്വാഭാവിക രീതിയിലുള്ള വാസമാണ് ഇവിടെയൊരുക്കിയിരിക്കുന്നത്.
ചരിത്രം
2011-ൽ കനേഡിയൻ ചലച്ചിത്ര നിർമാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കൽ ക്ലാർക്ക്, തായ്‌ലാൻഡിലെ എലിഫന്റ് റീഇൻട്രഡക്ഷൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ കെ.എസ്. ദർദരാനന്ദ എന്നിവർ ചേർന്ന് ആവിഷ്കരിച്ചതാണ് ലോക ആനദിനം. പട്രീഷ്യ സിംസും എലിഫന്റ് റീഇൻട്രഡക്ഷൻ ഫൗണ്ടേഷനും ഓഗസ്റ്റ് 12-ന് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുംചെയ്തു. ഇപ്പോൾ ഈ ദിനാചരണത്തിന് 65-ലധികം വന്യജീവി സംഘടനകളടെയും പിന്തുണയുണ്ട്.
ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം
പത്തനംതിട്ട ജില്ലയിലെ ഗവിയിലാണ്
മനുഷ്യനുമായുള്ള സംഘർഷത്തിൽ വർഷം 100 ആനകൾ കൊല്ലപ്പെടുന്നു
കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ കണക്കുപ്രകാരം മനുഷ്യനുമായുള്ള പോരാട്ടത്തിൽ വർഷം 100 ആനകളെങ്കിലും കൊല്ലപ്പെടുകയും അവകാരണം 500 ആളുകൾ മരിക്കുന്നുമുണ്ട്.
ആനകളെ ഉപദ്രവിച്ചാൽ
1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നുവർഷം തടവും 2500 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റം
കേരളത്തിലെ ആകെ നാട്ടാനകൾ : 521
കേരളത്തിൽ നിന്നുള്ളവ: 128
കേരളത്തിന് പുറത്തുള്ളവ: 393
ഇന്ത്യയിൽ ആനപിടിത്തം നിരോധിച്ചത് : 1973
5 വർഷം കൂടുമ്പോഴാണ് ഇന്ത്യയിൽ ആനകളുടെ കണക്കെടുക്കുന്നത്
തയ്യാറാക്കിയത്: വരുൺ പി.മാവേലിൽ