‘മഴപെയ്യുന്ന ദിവസമായിട്ടുപോലും ഉണ്ണിക്കുട്ടൻ നേരത്തേ എണീറ്റു, സ്കൂളിൽ പോകാനായി’, കാക്കി നിക്കറും വെള്ള ഷർട്ടുമിട്ട് ശീലക്കുടയും സഞ്ചിയുമായി ഉണ്ണിക്കുട്ടൻ ആദ്യദിനം സ്കൂളിലേക്കുപോയി. പാഠപുസ്തകവും സ്ലേറ്റും മയിൽപ്പീലിയുമെല്ലാം അടങ്ങിയ സഞ്ചി. കൗതുകബാല്യത്തിന്റെ നേർപ്പതിപ്പാണ് നന്തനാർ അവതരിപ്പിച്ച ഉണ്ണിക്കുട്ടൻ. ആദ്യമായി സ്കൂളിലേക്കുപോകുന്ന ഒരു കുട്ടിയുടെ ആകാംക്ഷ, ആശങ്കകൾ, മാനസികാവസ്ഥയെല്ലാം വളരെ ലാളിത്യംനിറഞ്ഞ ഭാഷയിലൂടെയാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്.
കുട്ടികൾ നിർബന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണിത്. ഉണ്ണിക്കുട്ടന്റെ ഒരുദിവസം, ഉണ്ണിക്കുട്ടൻ സ്കൂളിലേക്ക്, ഉണ്ണിക്കുട്ടൻ വളരുന്നു എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് ‘ഉണ്ണിക്കുട്ടന്റെ ലോകം’. ഉണ്ണിക്കുട്ടന്റെ അച്ഛനും അമ്മയും ചേട്ടൻ കുട്ട്യേട്ടനും അനിയത്തി അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും രാധ ടീച്ചറും കുട്ടൻ നായരുമടങ്ങുന്നതാണ് ഉണ്ണിക്കുട്ടന്റെ ലോകം.
ട്യൂബിൽ വെളിച്ചം വരുന്നതതെങ്ങനെ, പാമ്പ് കൊത്തിയാൽ വിഷമിറങ്ങാൻ തിരിച്ചുകടിക്കണം തുടങ്ങി ചുറ്റുമുള്ള ഓരോ കാര്യങ്ങളും കെട്ടുകഥകളും ഉണ്ണിക്കുട്ടനെ അദ്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു. ഉണ്ണിക്കുട്ടന്റെ ലോകം എന്ന പുസ്തകത്തിലൂടെ കഥാകാരൻ കൊച്ചുകുട്ടികളുടെ ലോകമാണ് നമ്മുക്കുമുന്നിൽ വരച്ചിടുന്നത്.
ഉണ്ണിക്കുട്ടൻ കാണുന്ന കാഴ്ചകളിലെ വിസ്മയങ്ങൾ, അവന്റെ കുസൃതികൾ, ദുഃഖങ്ങൾ, അവന്റെ ചുറ്റിലും നടക്കുന്ന സംഭവങ്ങൾ, കൗതുകങ്ങൾ, സംശയങ്ങൾ എന്നിവ കുട്ടികളുടെ കാഴ്ചപ്പാടിലൂടെയാണ് പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. ഗ്രാമത്തിന്റെ സൗന്ദര്യവും നന്മയും ചിന്തകളുമെല്ലാം നിറഞ്ഞതാണ് ഈ ലോകം. അമ്മൂമ്മ പറഞ്ഞുനൽകിയ കഥകളുടെ ശാസ്ത്രീയവശങ്ങൾ തിരിച്ചറിയുന്നതിലൂടെയാണ് ഉണ്ണിക്കുട്ടന്റെ വളർച്ച കഥാകാരൻ അടയാളപ്പെടുത്തുന്നത്.
നന്തനാർ
നോവലിസ്റ്റും കഥാകൃത്തും നാടകരചയിതാവുമാണ് നന്തനാർ (1926-1974). 1926 ജനുവരി അഞ്ചിന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനിച്ചു. യഥാർഥ പേര് പി.സി. ഗോപാലൻ. തമിഴ് ശിവഭക്തസന്യാസിയായിരുന്ന നന്തനാരോടുള്ള ആദരസൂചകമായാണ് അദ്ദേഹം തൂലികാനാമം സ്വീകരിച്ചത്. 1963-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.
കൃതികൾ: മൊയ്തീൻ, അറിയപ്പെടാത്ത മനുഷ്യജീവിക, ആത്മാവിന്റെ നോവുകൾ, അനുഭൂതികളുടെ ലോകം, ഉണ്ണിക്കുട്ടന്റെ ഒരുദിവസം തുടങ്ങിയവ