ദ ബ്രോക്കൺ മൂൺ
അടർന്നുവീണ ചന്ദ്രബിംബം... അമ്പിളിത്തുണ്ട്... അതെ, നമ്മുടെ ലഡാക്കിന് അങ്ങനെയുമൊരുപേരുണ്ട്... ബ്രോക്കൺ മൂൺ. ഭൂമിയിലെ ഏറ്റവും ഉയർന്ന ജനവാസസ്ഥലമാണിത്. വടക്കേയറ്റത്ത് 59,343 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലഡാക്ക് ഇന്ത്യയിലെ ഏറ്റവുംവലിയ കേന്ദ്രഭരണ പ്രദേശമാണിപ്പോൾ. 2019 ഓഗസ്റ്റ് അഞ്ചുവരെ ഇത് ജമ്മുകശ്മീർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി ഒഴിവാക്കി ജമ്മുകശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായത് 2019 ഒക്ടോബർ 31-നാണ്.

 അല്പം ചരിത്രം
കേവലം രണ്ടുലക്ഷത്തിനുതാഴെ ജനസംഖ്യയുള്ള ലഡാക്ക് പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്. 1947-ൽ ഭാരതത്തിനും പാകിസ്താനും സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പായി അവിഭക്ത ലഡാക്ക് മുഴുവനും ജമ്മുകശ്മീർ ഭരിച്ചിരുന്ന മഹാരാജാ ഹരിസിങ് എന്ന ഡ്രോഗ ഭരണാധിപന്റെ കീഴിലായിരുന്നു. 1846-ൽ ഇംഗ്ലീഷ്‌-സിഖ് യുദ്ധാനന്തരം, മഹാരാജാ ഗുലാബ് സിങ്‌ ബ്രിട്ടീഷുകാരിൽനിന്ന്‌ കശ്മീർ വിലയ്ക്കുവാങ്ങിയതിനെത്തുടർന്നാണ് ലഡാക്ക് കശ്മീരിന്റെ ഭാഗമായത്.
 1947-’48-ൽ ഐക്യരാഷ്ട്രസംഘടനയുടെ നിർദേശാനുസരണം, ലഡാക്കിന്റെ ഉത്തരപശ്ചിമ ഭാഗത്തുണ്ടായിരുന്ന ഗിൽഗിത്ത്, ഹൻസാ, സകാർദു, ബാൾട്ടിസ്താൻ എന്നീ പ്രദേശങ്ങളും കശ്മീരിന്റെ കുറച്ചു ഭാഗങ്ങളും പാകിസ്താന്റെ അധീനതയിലായി.
 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ ലഡാക്കിന്റെ വടക്കുകിഴക്കു ഭാഗത്തുണ്ടായിരുന്നതും ടിബറ്റിനോട് ചേർന്ന് സ്ഥിതി ചെയ്തിരുന്നതുമായ രക്തസാജിൻ എന്ന പീഠഭൂമി ചൈന കൈവശപ്പെടുത്തി.
 1963-ൽ ഗിൽഗിത്ത്  ബാൾട്ടിസ്താനിലെ കുറച്ചു സ്ഥലം, പാകിസ്താൻ ചൈനയ്ക്ക് കൈമാറി.
 1979-ൽ ഭരണസൗകര്യാർഥം, ഒറ്റ ജില്ലയായിരുന്ന ലഡാക്കിനെ കാർഗിൽ, ലേ എന്നീ രണ്ടു ജില്ലകളാക്കി. ഈ പട്ടണങ്ങൾ ജില്ലാഭരണ കേന്ദ്രങ്ങളുമാണ് .

 മറ്റൊരു ടിബറ്റ്
ടിബറ്റുകാരുടെയും ദർദുകളുടെയും പിൻഗാമികളാണ് ലഡാക്കുകാർ. ജനങ്ങളിൽ ഭൂരിഭാഗവും ബുദ്ധമതക്കാരോ മുസ്‌ലിങ്ങളോ ആണ്. ലേ യിൽ കുറച്ചു ക്രിസ്താനികളുമുണ്ട്. ലഡാക്കിന്റെ വടക്കും കിഴക്കും ഭാഗങ്ങളിൽ ബുദ്ധമതക്കാർക്കും തെക്കും പടിഞ്ഞാറും മുസ്‌ലിങ്ങൾക്കുമാണ് പ്രാമുഖ്യം. പത്താം നൂറ്റാണ്ടോടുകൂടി ദർദിസ്ഥാനിൽ നിന്നാണ് ലഡാക്കിൽ ബുദ്ധമതം പ്രചരിച്ചത്.

  ഭൂപ്രകൃതി
പർവതങ്ങൾനിറഞ്ഞ ഇവിടത്തെ കാലാവസ്ഥ വരണ്ടതാണ്. വടക്കുപടിഞ്ഞാറും തെക്കുകിഴക്കും ഹിമാലയവുംതൊട്ട്‌ വടക്ക് കാരക്കോരവും ഒരു അതിർത്തിപോലെ സ്ഥിതിചെയ്യുന്നു.

 മണ്ണിനെ സ്നേഹിക്കുന്നവർ
കൃഷിയാണ് ഭൂരിഭാഗം ലഡാക്കുകാരുടെയും ഉപജീവനമാർഗം. ജലദൗർലഭ്യതയും വളക്കൂറില്ലാത്ത മണ്ണും കാരണം, വർഷത്തിൽ ഒരു പ്രാവശ്യം മാത്രമേ ഇവർ കൃഷി ചെയ്യാറുള്ളൂ. കാർഗിലിന്റെ ചില ഭാഗങ്ങളിൽ രണ്ടുതവണ കൃഷിയിറക്കാറുണ്ട്. ബാർലിയുടെ ഒരു വകഭേദമായ ഗ്രിം ആണ് പ്രധാനവിള. യാക്കുകളെയും ചാങ്-താങ് എന്നയിനം ആടുകളെയും വളർത്തലാണ് ലഡാക്കുകാരുടെ ഇതര വരുമാനമാർഗങ്ങൾ. ജലദൗർലഭ്യം കൃഷിയെയും അതുവഴി ലഡാക്കിന്റെ പുരോഗതിയെയും സാരമായി ബാധിച്ചിരുന്നു. ലഡാക്കിലെ കൃഷി മെച്ചപ്പെടുത്തുന്നതിലേക്കായി ജനക്ഷേമകരമായ പല പദ്ധതികളും സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു.

 ഐസ് സ്തൂപങ്ങൾ
കൊടുംതണുപ്പ് അനുഭവപ്പെടുന്ന ഇവിടെ ശൈത്യകാലം കഴിയുമ്പോൾ മഞ്ഞുരുകും. അതു കൃഷിക്ക് ഉപയോഗിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ് ലഡാക്കുകാരനായ മെക്കാനിക്കൽ എൻജിനീയർ സോനം വാങ്ചുക്ക്. അതിന് അദ്ദേഹം കണ്ടെത്തിയ മാർഗമാണ് ഐസ് സ്തൂപങ്ങൾ. ശൈത്യകാലം കഴിയുമ്പോൾ ഐസ് ഉരുകുകയും ജലം കൃഷിക്കായി ഉപയോഗിക്കുകയും ചെയ്യാം •


സ്വർണം വിതച്ച ഭൂമി

ധാതുസമ്പത്തിലും ലഡാക്ക് ഒട്ടും പിന്നിലല്ല. ഗതാഗതത്തിന്റെ അഭാവം കാരണം നല്ലൊരുപങ്കും ഖനനം ചെയ്തെടുക്കാറില്ല. ക്രോമൈറ്റ്, ചുണ്ണാമ്പുകല്ല്, സ്വർണം, പ്ലാറ്റിനം, മഗ്‌നീഷ്യം, ജിപ്‌സം, ഗന്ധകം, ഇരുമ്പ്, മൈക്ക, ചെമ്പ് എന്നിവയാണ് ഇവയിൽ മുഖ്യം.


കേസർ സാഗ

ടിബറ്റൻ ഭാഷയുമായി സാമ്യമുള്ള ലഡാക്കിയാണ് ഇവരുടെ ഭാഷ. ദേവനാഗരിയാണ് ലിപി. ടിബറ്റൻ ഭാഷയ്ക്ക് പുറമേ ദാർദ് ഭാഷയും ഇവിടെ ഉപയോഗിക്കുന്നു. കേസർ സാഗയാണ് ലഡാക്കികളുടെ മതഗ്രന്ഥം. ഇതിലെ മുഖ്യ പ്രതിപാദ്യം ലോകസൃഷ്ടിയെ സംബന്ധിച്ചുള്ള വിവരണമാണ്. രണ്ട് ന്യൂനപക്ഷ, നാടോടിവർഗക്കാരാണ്‌ ഇവിടെയുള്ളത്‌ - ദ്രാസിലുള്ള ബ്രോക്പാസും ഡാ-ഹാനുവിലുള്ള ഡക്ക്പാസും.