ആളുമാറി തല്ലുവാങ്ങുന്നവർ
കാലം അല്പം മാറിയെങ്കിലും കാണുന്നമാത്രയിൽ പാമ്പിനെ തല്ലിക്കൊല്ലാൻ വടിയന്വേഷിക്കുന്നവരാണ് ഇപ്പോഴും നമ്മളിൽ പലരും. ഇന്ത്യയിലാകെ 300 ഇനം പാമ്പുകളാണുള്ളത്. അവയിൽ മൂന്നിലൊന്നും കേരളത്തിലാണുള്ളതെന്നറിയുമ്പോൾ നമുക്കുചുറ്റുമുള്ള ജൈവവൈവിധ്യം മനസ്സിലാക്കാവുന്നതേയുള്ളൂ.
കേരളത്തിലെ 106 ഇനം പാമ്പുകളിൽ അഞ്ചിനത്തിന് മാത്രമാണ് മനുഷ്യന് മരണം സംഭവിക്കുന്നരീതിയിൽ പരിക്കേൽപ്പിക്കാനാവുക. ആറെണ്ണത്തിന് ചെറിയ തോതിൽ വിഷമുണ്ടെങ്കിലും ജീവന് ഹാനികരമല്ല. ബാക്കി 95 ഇനങ്ങൾ വിഷമില്ലാത്തവയാണ്. പലപ്പോഴും ഉഗ്രവിഷമുള്ളതെന്ന് സംശയിച്ച് വിഷമില്ലാത്ത പാവത്താന്മാരായ പാമ്പുകളെ നമ്മൾ തല്ലിക്കൊല്ലാറുണ്ട്. പാവം ജീവികളായ പാമ്പുകളെക്കുറിച്ച് കുറച്ചെങ്കിലും അറിയാൻ ശ്രമിച്ചാൽ അവയോടുള്ള പേടിയും വെറുപ്പുമൊക്കെ തനിയെ മാറും.
അപകടകാരികൾ ചിലർ മാത്രം
രാജവെമ്പാല-കിങ് കോബ്ര (Ophiophagus hannah)
ഉഗ്രവിഷമുള്ളവരെങ്കിലും രാജവെമ്പാലകൾ പൊതുവേ ആക്രമണ സ്വഭാവമുള്ളവരല്ല. ഉൾക്കാടുകളിൽ കഴിയാനിഷ്ടപ്പെടുന്ന രാജവെമ്പാലകൾ മനുഷ്യരെ ആക്രമിച്ചിട്ടുള്ള സന്ദർഭങ്ങൾ വിരലിലെണ്ണാവുന്നതാണ്.
ചുരുട്ടമണ്ഡലി-സോ സ്കെയിൽഡ് വൈപ്പർ (Echis carinatus)
ഇളംതവിട്ടുനിറത്തിൽ വെള്ളപ്പുള്ളികളുള്ള ചുരുട്ടമണ്ഡലി കേരളത്തിൽ അപൂർവമായി മാത്രമേ കാണപ്പെടാറുള്ളൂ. താരതമ്യേന വരണ്ട ഭൂപ്രകൃതിയുള്ള മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിലാണ് ഇവ ധാരാളമായുളളത്. മഹാരാഷ്ട്രയിൽ ഏറ്റവുമധികമാളുകൾ മരിക്കുന്നതും ചുരുട്ടമണ്ഡലിയുടെ കടിയേറ്റാണ്. പ്രകോപനമുണ്ടാകുമ്പോൾ ചുരുണ്ട്, ശരീരത്തിലെ ശൽക്കങ്ങൾ തമ്മിലുരച്ച് ഈർച്ചവാളുപയോഗിച്ച് മരംമുറിക്കുമ്പോഴുള്ളതിന് സമാനമായ ശബ്ദമുണ്ടാക്കാറുണ്ട്.
മൂർഖൻ-കോബ്ര (Naja naja)
ഇന്ത്യയിലേറ്റവും സുലഭമായി കാണപ്പെടുന്ന മൂർഖൻ പാമ്പുകൾ പ്രകോപിതരായാൽ ഫണം വിരിച്ച് ചീറ്റുന്ന സ്വഭാവമുള്ളവരാണ്.
വെള്ളിക്കെട്ടൻ-കോമൺ ക്രെയ്റ്റ് (Bungarus caeruleus)
വളവളപ്പൻ, ശംഖുവരയൻ എന്നൊക്കെ അറിയപ്പെടുന്ന വെള്ളിക്കെട്ടൻ ഉഗ്രവിഷമുള്ള പാമ്പാണ്. കേരളത്തിന്റെ ഭൂപ്രകൃതിയിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഇവയെ കാണാനാകും. നമ്മുടെ നാട്ടിൽ ഏറ്റവുമധികമാളുകൾ മരിക്കുന്നത് വെള്ളിക്കെട്ടന്റെ കടിയേറ്റാണ്.
അണലി-റസ്ൽസ് വൈപ്പർ (Daboia russelii)
മഞ്ചട്ടി, രക്തമണ്ഡലി, ചേനത്തണ്ടൻ എന്നിങ്ങനെ 13 പേരുകളിലറിയപ്പെടുന്ന അണലിയും കേരളത്തിൽ ധാരാളമുണ്ട്.
ഈ അഞ്ചിനങ്ങളിൽ മൂർഖൻ, വെള്ളിക്കെട്ടൻ, അണലി എന്നിവ മാത്രമാണ് കേരളത്തിൽ വ്യാപകമായി കാണപ്പെടുന്നതെന്ന് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ഡോ. ജാഫർ പാലോട് പറയുന്നു.
വെള്ളിക്കെട്ടൻ (കോമൺ ക്രെയ്റ്റ്)/ വെള്ളിവരയൻ (കോമൺ വൂൾഫ് സ്നെയ്ക്ക്)
ഉഗ്രവിഷമുള്ള വെള്ളിക്കെട്ടനെന്ന് തെറ്റിദ്ധരിക്കപ്പെട്ട് അടിവാങ്ങുന്ന വിഷമില്ലാത്ത പാമ്പാണ് വെള്ളിവരയൻ. രണ്ടാൾക്കും കറുത്ത നിറത്തിൽ വെള്ളവരകളാണുള്ളതാണ് കാരണം.
തിരിച്ചറിയാം-വെള്ളിക്കെട്ടന് വെള്ളിവരയൻ പാമ്പിനെ അപേക്ഷിച്ച് തിളങ്ങുന്ന കറുപ്പും വെളുപ്പും നിറമാണുള്ളത്. എന്നാൽ, വെള്ളിവരയന്റേത് തവിട്ടുകലർന്ന കറുപ്പുനിറമാണ്.
ചേര =ചങ്ങാതി
ചേരകൾ നമുക്കുചുറ്റുമുണ്ടായിരിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. എലികളെയും ചെറുജീവികളെയും തിന്ന് ആഹാര ശൃംഖലയെ സന്തുലിതാവസ്ഥയിലെത്തിക്കുന്നത് ചേരകളാണ്. എലികൾ പെരുകിയാൽ അവയെത്തേടി വിഷമുള്ള മറ്റു പാമ്പുകൾ എത്തിച്ചേർന്നേക്കാം. അതിനാൽ, വിഷമില്ലാത്തവരായ ചേരകൾ പറമ്പിലും പരിസരത്തുമായുള്ളതാണ് നല്ലത്.
പാമ്പുകളെ കൊല്ലരുതേ
വീട്ടിലും പരിസരത്തുമൊക്കെ പ്രത്യക്ഷപ്പെടുന്ന പാമ്പുകളെ തല്ലിക്കൊല്ലാതെ, വനംവകുപ്പിനെയോ റാപ്പിഡ് റെസ്ക്യൂ ടീമിനെയോ(ആർ.ആർ.ടി.) വിളിക്കുകയാണ് വേണ്ടത്. വനംവകുപ്പ് ലൈവ്സ്റ്റോക്ക് വാച്ചറായ ലൈജു പറയുന്നു. പാമ്പുകളെ ആകർഷിക്കുന്ന തരത്തിൽ തണുപ്പും ജലസാമീപ്യവുമൊക്കെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. വൃത്തിയുള്ള വീടും പരിസരവുമാണെങ്കിൽ പാമ്പുകളും കുറവായിരിക്കും.
പാമ്പുകളെ കൊല്ലുന്നതിനെതിരേ നിയമസംവിധാനവും നിലവിലുണ്ട്. ഇന്ത്യൻ വന്യജീവി നിയമപ്രകാരം പെരുമ്പാമ്പിനെപ്പോലെ ഷെഡ്യൂൾഡ് 1 കാറ്റഗറിയിലുള്ള പാമ്പുകളെ കൊന്നാൽ അഞ്ചുവർഷവും അണലി മുതൽ ചേരവരേയുള്ള ഷെഡ്യൂൾ 3 കാറ്റഗറിയിലെ പാമ്പുകളെ കൊന്നാൽ മൂന്നുവർഷം വരെ തടവും ലഭിക്കും.
പാമ്പുകൾ പ്രതികാരബുദ്ധിയുള്ളവരാണെന്നും കടിച്ചപാമ്പ് വിഷം തിരിച്ചെടുക്കുമെന്നുമൊക്കെയുള്ള തെറ്റായ ധാരണകൾ മാറ്റാൻ നമ്മൾ പാമ്പുകളെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു.
ചുരുട്ട മണ്ഡലി (സോ സ്കേൽഡ് വൈപ്പർ) /പൂച്ചക്കണ്ണൻ പാമ്പ് (കോമൺ ക്യാറ്റ് സ്നേക്ക്)
ചുരുട്ട മണ്ഡലികളുടെ തലയ്ക്കുമുകളിലെ ചെതുമ്പലുകൾ ചെറുതും ശരീരത്തിലേത് എഴുന്നുനിൽക്കുന്നതുമാണ്. എന്നാൽ, പൂച്ചക്കണ്ണൻ പാമ്പിന് തലയ്ക്കുമുകളിൽ വലിയ ചെതുമ്പലും ദേഹത്ത് മിനുസ്സമേറിയ ചെതുമ്പലുമാണുള്ളത്. ഇവയുടെ കണ്ണുകൾക്കുമുണ്ട് പ്രകടമായ വ്യത്യാസം. പൂച്ചയുടേതുപോലുള്ള കണ്ണാണ് ഇവയ്ക്കുള്ളത്.
മൂർഖൻ (കോബ്ര) x ചേര (ഇന്ത്യൻ റാറ്റ് സ്നേക്ക്)
രണ്ടുകൂട്ടരുടെയും തൊലിയുടെ സാമ്യമാണ് ഇവ തെറ്റിദ്ധരിക്കപ്പെടാനുള്ള കാരണം. ശത്രുക്കളെ കണ്ടാൽ മൂർഖനെപ്പോലെ എഴുന്നേറ്റുനിന്ന് നാക്കുനീട്ടുന്ന അനുകരണവിദ്യയും പലപ്പോഴും ഇവയ്ക്ക് വിനയാകാറുണ്ട്.
പാമ്പുകളെക്കുറിച്ച് നാമിനിയും പഠിക്കേണ്ടതുണ്ട്. നിറം മാത്രം മാനദണ്ഡമാക്കി അവയെ വേർതിരിച്ചറിയാനാകില്ല
നമ്മുടെ നാട്ടിൽ കാണപ്പെടുന്ന 95 ഇനം പാമ്പുകളും വിഷമില്ലാത്തവയാണ്. എന്നാൽ, കാണാൻ ഏകദേശം ഒരുപോലെയിരിക്കുമെന്ന കാരണത്തിൽ ചാവാൻ വിധിക്കപ്പെട്ടവരാണ് അധികവും. ഈ ഉരഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും മറ്റൊരു കാരണമാണ്. ഇങ്ങനെ ആളുമാറി തല്ലുകൊള്ളുന്ന ചിലരെ പരിചയപ്പെടാം.
തയ്യാറാക്കിയത്: അനൈഡ ഡേവിസ്
ചിത്രങ്ങൾ: സിനോ സക്കറിയ, രാജ്‌കുമാർ കെ.പി., സന്ദീപ് ദാസ്, ഡേവിഡ് രാജു, ഉമേഷ് പാവുകണ്ടി, ജിനേഷ് പി.എസ്.