# എസ്. ജ്യോതിനാഥ വാര്യർ: എഴുത്തച്ഛനും ചെറുശ്ശേരിയും കുഞ്ചൻ നമ്പ്യാരും ചേർന്നതാണ് മലയാളത്തിലെ പ്രാചീന കവിത്രയം. ഭക്തിയും ഫലിതവും നിറഞ്ഞ കാവ്യങ്ങളിലൂടെ ഇവർ മലയാളഭാഷയ്ക്ക് മഹത്തായ ഒരു കാവ്യപാരമ്പര്യം  സമ്മാനിച്ചു. മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും ഇവരുടെ കൃതികളിൽ നിറഞ്ഞുനിൽക്കുന്നു.

ജനകീയനായ കവി

തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണ് ജനകീയകവിയായ കുഞ്ചൻനമ്പ്യാർ. ചെറുപ്പത്തിൽ അച്ഛനോടൊപ്പം കോട്ടയത്ത് കുടമാളൂരെത്തിയ നമ്പ്യാർ കുറേക്കാലം അവിടെ പാർക്കുകയും തുടർന്ന് അമ്പലപ്പുഴയിൽ ചെമ്പകശ്ശേരി രാജാവായ ദേവനാരായണന്റെ ആശ്രിതനായി കഴിഞ്ഞുകൂടുകയും ചെയ്തു.
അമ്പലപ്പുഴയിൽവെച്ചാണ് തുള്ളൽ പ്രസ്ഥാനത്തിന് രൂപംകൊടുത്തത്. മാർത്താണ്ഡവർമ അമ്പലപ്പുഴ ആക്രമിച്ചു കീഴടക്കിയപ്പോൾ തിരുവനന്തപുരത്തെത്തിച്ചേർന്നു. മാർത്താണ്ഡവർമയുടെയും ധർമരാജാവിന്റെയും ആശ്രിതനായി കഴിഞ്ഞുകൂടി. വാർധക്യമായപ്പോൾ അമ്പലപ്പുഴയിൽ തിരിച്ചെത്തി. വളരെ താമസിയാതെ അന്തരിച്ചു.


കിട്ടും പണമെങ്കിലിപ്പോൾ

കുഞ്ചൻ നമ്പ്യാരുടെ ‘ധ്രുവചരിതം തുള്ളലി’ലെ ഒരു ഭാഗമാണ് ‘കിട്ടും പണമെങ്കിലിപ്പോൾ’. ഉത്താനപാദമഹാരാജാവിന്റെ പുത്രനായിരുന്നു ധ്രുവൻ. ഉത്താനപാദന് സുനീതിയെന്നും സുരുചിയെന്നും രണ്ടു പത്നിമാരുണ്ടായിരുന്നു. സുരുചി കൗശലംകൊണ്ടും സൗന്ദര്യംകൊണ്ടും രാജാവിനെ പാട്ടിലാക്കി തന്റെ ഭാഗത്തു നിർത്തി. അവളുടെ പുത്രനായ ഉത്തമനു മാത്രമേ രാജസഭയിലും സിംഹാസനത്തിലും അച്ഛനോടൊപ്പം ഇരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. സുനീതിക്കും പുത്രൻ ധ്രുവനും കൊട്ടാരത്തിൽ അന്യരായി കഴിയാൻ മാത്രമേ സാധിച്ചുള്ളൂ.

അങ്ങനെയിരിക്കെ ഒരു ദിവസം ധ്രുവൻ സിംഹാസനത്തിലിരുന്ന ഉത്താനപാദന്റെ മടിയിൽക്കയറി ഇരിപ്പുറപ്പിച്ചു. ഇതുകണ്ടുവന്ന സുരുചി ധ്രുവനെ പിടിച്ചിറക്കിവിട്ടു. ധ്രുവൻ അമ്മയുടെ മുന്നിലെത്തി സങ്കടമുണർത്തിച്ചു. സുരുചിയുടെ ധാർഷ്ട്യത്തിനു മുന്നിൽ നിസ്സഹായയായ സുനീതി മകനെ സമാധാനിപ്പിച്ചു. വനത്തിൽപോയി തപസ്സുചെയ്യാൻ നിർദേശിച്ചു. മകൻ തപസ്സിനായി വനത്തിലെത്തി. അവിടെവെച്ച് നാരദമഹർഷിയുടെ ഉപദേശപ്രകാരം തപം ചെയ്ത ധ്രുവന് ദീർഘകാലം രാജാവായിരിക്കാനും മരണാനന്തരം വാനിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രമായി ശോഭിക്കാനും അനുഗ്രഹം ലഭിച്ചു.
ആകാശത്തു നാം കാണുന്ന ധ്രുവനക്ഷത്രം ധ്രുവനാണെന്നു പുരാണം പറയുന്നു. ഈ കഥയിലെ സന്ദേശം, ജീവിതത്തിൽ എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും ഉപദേശമനുസരിച്ച് ജീവിതം മുന്നോട്ടുനയിച്ചാൽ നക്ഷത്രത്തെപ്പോലെ ഉയർന്ന നിലയിലെത്താനാകും എന്നതാണ്.

ധ്രുവൻ നാരദനെ കണ്ടുമുട്ടുന്ന സമയത്ത് നാരദൻ ചില ഉപദേശങ്ങൾ കൊടുക്കുന്നുണ്ട്. ഈ ഭാഗത്ത് കുഞ്ചൻ നമ്പ്യാർ സാമൂഹികവിമർശനത്തിനുള്ള സന്ദർഭം സൃഷ്ടിക്കുന്നു. പണം കിട്ടുമെങ്കിൽ എന്തു ദുഷ്ടത കാണിക്കാനും മനുഷ്യനു മടിയില്ല എന്നുതുടങ്ങി വെള്ളത്തിലെ കുമിളയ്ക്കു തുല്യമായ ജീവനെ പോറ്റുവാനായി മനുഷ്യൻ അനുഭവിക്കുന്ന വിഷമതകൾവരെ സൂചിപ്പിച്ചുകൊണ്ടാണ് കവിതാഭാഗം അവസാനിപ്പിക്കുന്നത്.

കുഞ്ചൻ നമ്പ്യാരെ സംബന്ധിച്ചിടത്തോളം പുരാണകഥകൾ സാമൂഹികവിമർശനത്തിനുള്ള ക്യാൻവാസ് മാത്രമാണ്. കുഞ്ചൻ നമ്പ്യാർ പതിനെട്ടാം നൂറ്റാണ്ടിൽ പറഞ്ഞുവെച്ച കാര്യങ്ങൾ ഇന്നും സമൂഹത്തിൽ അതേപടി നിലനിൽക്കുന്നുണ്ടെന്നു കാണുമ്പോഴാണ് അദ്ദേഹത്തിന്റെ ക്രാന്തദർശിത്വം ബോധ്യമാകുന്നത്.


ഋതുഭേദങ്ങളുടെ കവി

കൃഷ്ണഗാഥയെന്ന ഒറ്റകൃതിയുടെ കർത്താവെന്ന നിലയിൽ മലയാളസാഹിത്യത്തിൽ അനശ്വര പ്രതിഷ്ഠ നേടിയ കവിവര്യനാണ് ചെറുശ്ശേരി. ഉത്തര മലബാറിലെ കോലത്തുനാട്ടിൽ ജീവിച്ചിരുന്നു.

കോലത്തുനാട്‌ ഭരിച്ചിരുന്ന ഉദയവർമൻ കോലത്തിരിയുടെ ആശ്രിതനായിരുന്നു ചെറുശ്ശേരിയെന്ന്‌ കൃഷ്ണഗാഥയിലെ ചില പരാമർശങ്ങളിൽനിന്ന്‌ വ്യക്തമാകുന്നു. മലയാളത്തിലും സംസ്‌കൃതത്തിലും അഗാധമായ പാണ്ഡിത്യമുള്ള പണ്ഡിതനായിരുന്നു അദ്ദേഹം.

ചെറുശ്ശേരിയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇല്ലപ്പേരാണോ ദേശപ്പേരാണോ എന്ന കാര്യത്തിൽ ഇന്നും തീർപ്പായിട്ടില്ല. കവിയുടെ ശരിയായ പേരെന്തെന്ന കാര്യത്തിലും ഉറപ്പില്ല. ഋതുക്കളെ തന്റെ കാവ്യത്തിൽ മനോഹരമായി വർണിച്ചവതരിപ്പിച്ചിരിക്കുന്നതിനാൽ ചെറുശ്ശേരിയെ ‘ഋതുഭേദങ്ങളുടെ കവി’യെന്ന്‌ സഹൃദയർ വിശേഷിപ്പിച്ചിട്ടുണ്ട്.


കവിയും കിളിപ്പാട്ടും

മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായും ഭക്തിപ്രസ്ഥാനത്തിന്റെ പ്രയോക്താവായും അറിയപ്പെടുന്നു. ശ്രീമഹാഭാരതം കിളിപ്പാട്ട്, അധ്യാത്മരാമായണം കിളിപ്പാട്ട് എന്നിവയാണ് പ്രധാന കൃതികൾ.

മലയാളത്തിലെ ആദ്യകവിതാങ്കുരങ്ങളായ നാടൻ പാട്ടുകൾ, രാമചരിതത്തിലൂടെയും കണ്ണശ്ശനിലൂടെയും പ്രശസ്തിയാർജിച്ച പാട്ടുപ്രസ്ഥാനം, മണിപ്രവാളം, ചെറുശ്ശേരിയുടെ പച്ചമലയാളപ്പാട്ടായ കൃഷ്ണഗാഥ തുടങ്ങിയവയുടെ സമഞ്ജസമായ സമ്മേളനമാണ് എഴുത്തച്ഛന്റെ കൃതികളിൽ കാണുന്നത്.

മേൽ വിവരിച്ച ഭാഷാസ്രോതസ്സുകളിലെ ഭാഷയിൽ തള്ളേണ്ടതിനെ തള്ളിയും കൊള്ളേണ്ടതിനെ കൊണ്ടും ഒരു പുതിയ ഭാഷാരീതി മലയാളത്തിന്‌ സംഭാവന ചെയ്തത് എഴുത്തച്ഛനാണ്. ഭക്തിയും തത്ത്വചിന്തയുമാണ് എഴുത്തച്ഛൻ കവിതകളുടെ മുഖമുദ്രകൾ. പോർച്ചുഗീസുകാരുടെ വരവിനെത്തുടർന്ന്‌ സാമൂഹിക ജീവിതത്തിലുണ്ടായ ധാർമികാധഃപതനത്തിൽനിന്ന് ജനതയെ മോചിപ്പിക്കണമെന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് എഴുത്തച്ഛൻ തന്റെ കാവ്യസപര്യ നടത്തിയത്.


ലക്ഷ്മണ സാന്ത്വനം

അധ്യാത്മരാമായണം കിളിപ്പാട്ടിലെ ഒരു പ്രധാന സന്ദർഭമാണ് ലക്ഷ്മണോപദേശം. ദശരഥ മഹാരാജാവ് ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യാൻ തീരുമാനിച്ചു. ഇതറിഞ്ഞ കൈകേയി മന്ഥരയുടെ (ദാസി) ദുഷ്‌പ്രേരണയ്ക്ക്‌ വശംവദയായി പട്ടാഭിഷേകം മുടക്കാൻ ശ്രമമാരംഭിച്ചു.

ദശരഥൻ, പണ്ട് ദേവാസുരയുദ്ധം നടന്നപ്പോൾ തനിക്ക്‌ വാഗ്ദാനം ചെയ്ത രണ്ട്‌ വരങ്ങൾ കൈകേയി ഈ സമയത്ത് ആവശ്യപ്പെട്ടു. ഭരതനെ രാജാവാക്കണമെന്നും രാമനെ വനവാസത്തിനയയ്ക്കണമെന്നുമായിരുന്നു കൈകേയി വരമായി ചോദിച്ചത്. കൈകേയിയുടെ ഈ ആവശ്യം ദശരഥനെ ധർമസങ്കടത്തിലാക്കി. ഇതോടെ രാമന്റെ പട്ടാഭിഷേകം മുടങ്ങും എന്ന വാർത്ത പരന്നു. ലക്ഷ്മണൻ ഈ വിവരമറിഞ്ഞ് കോപാക്രാന്തനായി. എല്ലാവരെയും വകവരുത്തിയിട്ടാണെങ്കിലും രാജസിംഹാസനം രാമന്റെ മുന്നിൽ അടിയറവയ്ക്കുമെന്നായി ലക്ഷ്മണൻ.

കാര്യങ്ങളെല്ലാമറിഞ്ഞ ശ്രീരാമൻ മധുരമായ സംബോധനകളാൽ ലക്ഷ്മണനെ സ്നേഹത്തോടെ അടുത്തുവിളിച്ചു. ലോകത്തിന്റെ നശ്വരതയും ജീവിതത്തിന്റെ ക്ഷണികതയും അദ്ദേഹം ലക്ഷ്മണനെ ബോധ്യപ്പെടുത്തി. സമ്പത്ത്, രാജ്യം, ദേഹം,  ധാന്യം തുടങ്ങി ലോകത്തുള്ള എല്ലാം നശ്വരങ്ങളാണെന്ന് ഉദാഹരണങ്ങളിലൂടെ രാമൻ വ്യക്തമാക്കി. ക്രോധം മൂലം ഉണ്ടാകുന്ന വിനകളെക്കുറിച്ചും അനുജനോട് സംസാരിക്കുന്നു. ശ്രീരാമന്റെ ഹൃദ്യമായ ഉപദേശങ്ങൾ ലക്ഷ്മണനെ ശാന്തനാക്കി. അധ്യാത്മരാമായണത്തിലെ ‘ലക്ഷ്മണോപദേശത്തിലെ’ഏതാനും വരികളാണ് ‘ലക്ഷ്മണസാന്ത്വനം’.


കൃഷ്ണഗാഥ

കോലത്തിരിയുടെ ആജ്ഞപ്രകാരം രചിച്ച കൃതിയാണ് കൃഷ്ണഗാഥ. ശ്രീകൃഷ്ണചരിതത്തെ അധികരിച്ച് മലയാളത്തിലുണ്ടായ ആദ്യത്തെ ബൃഹദ്‌കാവ്യമാണ് ഈ കൃതി.
ശ്രീകൃഷ്ണന്റെ ജനനംമുതൽ സ്വർഗാരോഹണംവരെയുള്ള കഥകളാണ് കൃഷ്ണഗാഥയിലെ പ്രതിപാദ്യം. സംസ്‌കൃതത്തിലെ മഹാകാവ്യലക്ഷണങ്ങൾക്ക് പൂർണമായി വഴങ്ങാത്തതിനാലും സംസ്‌കൃതവൃത്തങ്ങളിൽ എഴുതാത്തതിനാലും കൃഷ്ണഗാഥയെ മലയാള മഹാകാവ്യങ്ങളിൽ ഉൾപ്പെടുത്തിയില്ല. എങ്കിലും ദ്രാവിഡ വൃത്തത്തിലെഴുതിയ ആദ്യത്തെ മഹാകാവ്യമായി കൃഷ്ണഗാഥയെ നമുക്ക്‌ കാണാം.
മലയാളത്തനിമയെ ആവാഹിക്കുന്ന നിരവധി പച്ചമലയാളപദങ്ങൾ കൃഷ്ണഗാഥയിൽ ഉടനീളം ഉണ്ട്. ലളിതകോമളസുന്ദര പദാവലികൾ, ചേതോഹര വർണനകൾ, ഔചിത്യം നിറഞ്ഞ അലങ്കാര പ്രയോഗങ്ങൾ, ഉചിതമായ രസസന്നിവേശം എന്നിവയെല്ലാംകൊണ്ട് കൃഷ്ണഗാഥ നമ്മുടെ പ്രാചീനകാവ്യങ്ങളിൽ അഗ്രിമസ്ഥാനം അലങ്കരിക്കുന്നു.

അമ്പാടിയിലേക്ക്

അക്രൂരന്റെ അമ്പാടിയിലേക്കുള്ള യാത്രയാണ് കവിതാഭാഗത്ത് വിവരിക്കുന്നത്.ശ്രീകൃഷ്ണന്റെ അമ്മാവനായ കംസൻ മഥുരാപുരിയിൽവെച്ച് ഒരു ചാപപൂജ (കോദണ്ഡയാഗം-കോദണ്ഡം-വില്ല്) നടത്താൻ തീരുമാനിച്ചു. ശ്രീകൃഷ്ണനെയും ബലരാമനെയും അതിൽ പങ്കെടുക്കാനായി മഥുരയിലേക്ക് കൊണ്ടുവരാനായി തലമുതിർന്ന യാദവനായ അക്രൂരനെ അമ്പാടിയിലേക്കയച്ചു.
രാമകൃഷ്ണന്മാർ മഥുരയിലെത്തുമ്പോൾ അവിടെ വെച്ച് അവരെ വധിക്കുകയാണ് കംസന്റെ രഹസ്യ പദ്ധതി.

അതിനായി ചാണൂരൻ എന്നും മുഷ്ടികൻ എന്നും രണ്ടുമല്ലന്മാരെ ചുമതലപ്പെടുത്തിയിരുന്നു. കൃഷ്ണഭക്തനും മുതിർന്ന യാദവനുമായ അക്രൂരനെ അമ്പാടിയിലേക്കയച്ചു വിളിപ്പിച്ചാൽ തന്റെ ക്ഷണം ശ്രീകൃഷ്ണൻ നിരസിക്കുകയില്ല എന്ന് കംസൻ ചിന്തിച്ചു.
അക്രൂരന്റെ അമ്പാടിയിലേക്കുള്ള യാത്രയും അവിടെയെത്തിച്ചേർന്നതിനുശേഷമുള്ള ഭക്തിനിർഭരമായ ചെയ്തികളും വർണിച്ചവതരിപ്പിക്കുകയാണ് ചെറുശ്ശേരി.

യാത്രാമധ്യേ അക്രൂരൻ ശ്രീകൃഷ്ണനെക്കുറിച്ച് ചിന്തിക്കുന്നതിന്റെ അവതരണം ആദ്യം കാണാം. തുടർന്ന് അമ്പാടിയിലെത്തുന്ന അക്രൂരന്റെ ഭക്തിനിർഭരമായ പ്രവൃത്തികൾ ഓരോന്നായി എടുത്തുകാട്ടുന്നു. അക്രൂരൻ അമ്പാടിയിൽ കണ്ട കാഴ്ചകൾ എടുത്തുസൂചിപ്പിച്ച് കവിതാഭാഗം അവസാനിപ്പിക്കുന്നു.
കൃഷ്ണഭക്തി അതിന്റെ എല്ലാവിധ ചൈതന്യത്തോടുംകൂടി ചെറുശ്ശേരി അവതരിപ്പിച്ചിട്ടുണ്ട്. കവിയുടെ വർണനാപാടവവും ശ്രദ്ധേയമാണ്.മാറ്റത്തിന്റെ വിപ്ലവങ്ങൾ

10-ാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിൽ അഞ്ച് വിപ്ലവങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. അവയുടെ വിശദാംശങ്ങളും നാൾവഴികളും...

# സുരേന്ദ്രൻ ചീക്കിലോട്

സമൂഹത്തിൽ പെട്ടെന്നുണ്ടാവുന്ന അടിസ്ഥാനപരമായ മാറ്റത്തെയാണ് വിപ്ലവം എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. ഒരു ജനതയുടെ ദീർഘകാലത്തെ അസംതൃപ്തിയും അസ്വസ്ഥതകളുമാണ് പലപ്പോഴും വിപ്ലവങ്ങൾക്ക് വഴിവെക്കുന്നത്.
 

അമേരിക്കൻ വിപ്ലവം
ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ 18-ാം നൂറ്റാണ്ടിൽ ജോർജ് വാഷിങ്ടണിന്റെ നേതൃത്വത്തിൽ അമേരിക്കൻ കോളനികൾ നടത്തിയ സ്വാതന്ത്ര്യസമരമാണ് അമേരിക്കൻ വിപ്ലവം എന്ന പേരിൽ അറിയപ്പെടുന്നത്.

ബോസ്റ്റൺ ടീപാർട്ടി
1773-ൽ തേയില നിറച്ചുകൊണ്ടുവന്ന ബ്രിട്ടീഷ് കപ്പലുകൾ അമേരിക്കയിലെ ബോസ്റ്റൺ തുറമുഖത്ത് നങ്കൂരമിട്ടപ്പോൾ, വേഷപ്രച്ഛന്നരായെത്തിയ അമേരിക്കൻ സമരഭടന്മാർ കപ്പലിൽ കയറി തേയിലപ്പെട്ടികൾ കടലിലേക്ക് വലിച്ചെറിഞ്ഞു. ചരിത്രപ്രസിദ്ധമായ ഈ സംഭവമാണ്‌ ബോസ്റ്റൺ ടീപാർട്ടി.

മെർക്കന്റലിസം
മെർക്കന്റലിസം എന്ന പുതിയ സാമ്പത്തിക സിദ്ധാന്തത്തിന്റെ മറവിൽ അമേരിക്കൻ കോളനിയിലെ ജനങ്ങളെ സാമ്പത്തികമായും സാമൂഹികമായും സാംസ്‌കാരികമായും അടിമകളാക്കാനുള്ള ഒട്ടേറെ കരിനിയമങ്ങൾക്ക് ബ്രിട്ടൻ രൂപം നല്കി.ബ്രിട്ടീഷ് കപ്പലുകളിൽ മാത്രമേ അമേരിക്കയിൽനിന്ന് സാധനങ്ങൾ കടത്തുവാൻ പാടുള്ളൂ എന്ന് നിയമം വന്നു.
ഇറക്കുമതി ചെയ്യപ്പെടുന്ന പഞ്ചസാരയ്ക്ക് നികുതി ചുമത്താനായി ‘പഞ്ചസാര ആക്ട്’നടപ്പാക്കി.
സ്റ്റാമ്പ് ആക്ട് പ്രകാരം കോളനിയിലെ നിയമ സാധുതവേണ്ട പ്രമാണങ്ങൾക്കും പത്രങ്ങൾക്കും, ലഘുലേഖകൾക്കുമെല്ലാം സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തി. ഇറക്കുമതി ചെയ്യുന്ന തേയില, ഗ്ലാസ്, കടലാസ് എന്നിവയ്ക്ക് കനത്ത നികുതി ചുമത്താനായി 'ഇറക്കുമതി ചുങ്കനിയമം' നടപ്പാക്കി.

ചെറുത്തുനില്പും പോരാട്ടവും
മെർക്കന്റലിസ്റ്റ് നിയമങ്ങൾക്കെതിരായ ചെറുത്തുനില്പുകൾ സായുധ സമരങ്ങളിലേക്ക്‌ വളർന്നു. ‘പ്രാതിനിധ്യമില്ലാതെ, നികുതിയില്ല’ (No Taxation without Representation) എന്ന മുദ്രാവാക്യവുമായി സ്റ്റാമ്പ് ആക്ടിനെതിരേ ജനങ്ങൾ തെരുവിലിറങ്ങി. പ്രതിഷേധകൊടുങ്കാറ്റിനൊടുവിൽ 1769-ൽ ഇറക്കുമതി ചുങ്കനിയമം പിൻവലിച്ചുവെങ്കിലും തേയിലയ്ക്ക് മേലുള്ള ചുങ്കം നിലനിർത്തിയത് പ്രക്ഷോഭകാരികളെ രോഷാകുലരാക്കി.

സ്വാതന്ത്ര്യത്തിലേക്ക്
1776 ജൂലായ് 4-ന് കോളനികളുടെ പ്രതിനിധികൾ ഫിലാഡെൽഫിയയിൽ ഒത്തുകൂടി. ഫിലാഡെൽഫിയ കോൺഗ്രസ്സിൽവെച്ച് തോമസ് ജാഫേഴ്‌സൺ, ബഞ്ചമിൻ ഫ്രാങ്ക്‌ളിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചരിത്രപ്രസിദ്ധമായ സ്വാതന്ത്ര്യപ്രഖ്യാപനം നടന്നു.

ബ്രിട്ടനുമായുള്ള സകല ബന്ധങ്ങളും വേർപ്പെടുത്തി 'സ്വതന്ത്രവും പരമാധികാരമുള്ളതുമായ രാഷ്ട്രങ്ങൾ ആകാനുള്ള'പ്രഖ്യാപനം ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള യുദ്ധത്തിന് വഴിവെച്ചു.

ഫ്രാൻസും സ്‌പെയിനും അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ബ്രിട്ടനെതിരായ യുദ്ധത്തിൽ പങ്കാളികളാവുകയും ചെയ്തതോടെ 1781-ൽ ബ്രിട്ടൻ അടിയറവുപറയുകയും യുദ്ധം അവസാനിക്കുകയും ചെയ്തു. 1783-ൽ അമേരിക്ക സ്വതന്ത്രമാവുകയും ജോർജ് വാഷിങ്ടൺ അമേരിക്കൻ ഐക്യനാടുകളുടെ ഒന്നാമത്തെ പ്രസിഡന്റായിത്തീരുകയും ചെയ്തു.

ഫ്രഞ്ച് വിപ്ലവം
ഫ്രാൻസിലെ രാജാക്കന്മാരുടെ സ്വേച്ഛാധിപത്യത്തിനും ഫ്യൂഡൽ വ്യവസ്ഥയ്ക്കും സാമൂഹികമായ അസമത്വങ്ങൾക്കുമെതിരെയുള്ള ജനകീയ മുന്നേറ്റമായിരുന്നു ഫ്രഞ്ച്‌ വിപ്ലവം. (ഫ്രഞ്ചു വിപ്ലവത്തെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക് വിദ്യയുടെ ലക്കം 15 നോക്കുക.)

ചൈനീസ് വിപ്ലവം
ചിയാങ് കൈഷകിന്റെ നേതൃത്വത്തിൽ കുമിന്താങ് കക്ഷി നടത്തിയ ജനദ്രോഹ ഭരണത്തിനെതിരായി മാവോ സേതുങ്ങിന്റെ നേതൃത്വത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ വിപ്ലവമാണ് ചൈനീസ് വിപ്ലവം.

വിപ്ലവത്തിന്റെ പാരമ്യതയിൽ ചിയാങ് കൈഷക് തായ്‌വാനിലെ ഫോർമോസയിലേക്ക് രക്ഷപ്പെടുകയും 1949 ഒക്ടോബർ 1-ന്‌ മാവോ സേതുങ് ചെയർമാനും ചൗ എൻ ലായി പ്രധാനമന്ത്രിയുമായി ചൈന ജനകീയ റിപ്പബ്ലിക്കാവുകയും ചെയ്തു.
അടിച്ചമർത്തലുകൾക്കെതിരെ ചൈനയിൽ നടന്ന കലാപങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ചൈനീസ് കമ്പോളം വിദേശ രാജ്യങ്ങൾക്ക് നിയന്ത്രണങ്ങളില്ലാതെ തുറന്നു കൊടുക്കുന്നതിനെതിരേ ചൈനയിലെ മഞ്ചു രാജവംശത്തിനെതിരേ 1900- ത്തിൽ നടന്ന ബോക്‌സർ കലാപമാണ് 20-ാം നൂറ്റാണ്ടിലെ ആദ്യത്തെ പ്രക്ഷോഭം.

1911-ൽ ഡോ. സൺയാത് സെന്നിന്റെ നേതൃത്വത്തിൽ നടന്ന വിപ്ലവം ചൈനയിൽ രാജഭരണത്തിന് അന്ത്യം കുറിക്കുകയും കുമിന്താങ് പാർട്ടി ചൈനയെ ഒരു റിപ്പബ്ലിക്കാക്കി മാറ്റുകയും ചെയ്തു.

ലോങ് മാർച്ച്
തുടർന്ന്‌ വന്ന ചിയാങ് കൈഷക്കിന്റെ ദുർഭരണത്തിനെതിരേ കർഷകരെ സംഘടിപ്പിച്ചുകൊണ്ട്  മാവോ സേതുങ് പോരാട്ടത്തിനിറങ്ങി.
മാവോ സേതുങ് രൂപവത്‌കരിച്ച ചുവപ്പുസേനയുടെ (Red Army) നേതൃത്വത്തിൽ ഭരണകൂട ഭീകരതയ്ക്കെതിരേ നടന്ന ലോങ് മാർച്ച് ചരിത്രപ്രസിദ്ധമാണ്.

ലാറ്റിനമേരിക്കൻ വിപ്ലവം
സ്‌പെയിൻകാരുടെയും പോർച്ചുഗീസുകാരുടെയും അധിനിവേശത്തിനെതിരേ ലാറ്റിനമേരിക്കൻ ജനത നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളാണ് ലാറ്റിനമേരിക്കൻ വിപ്ലവം എന്ന പേരിൽ അറിയപ്പെടുന്നത്.
പലരംഗത്തും അമേരിക്കൻ ഐക്യനാടുകളോട് സമാനമായ കാരണങ്ങളാണ് (മെർക്കന്റലിസം, നികുതി നയം തുടങ്ങിയവ) ലാറ്റിനമേരിക്കൻ ജനതയെ പ്രകോപിപ്പിച്ചത്.

ലാറ്റിനമേരിക്കയുടെ വിവിധ തട്ടകങ്ങളിൽ, വിവിധ കാലങ്ങളിലായി ജീവിച്ച മിറാൻഡ, സൈമൺ ബൊളീവർ, സാൻ മാർട്ടിൻ തുടങ്ങിയ നേതാക്കൾ ലാറ്റിനമേരിക്കൻ വിപ്ലവത്തിന് ഊർജം പകർന്നു.
തെക്കേ അമേരിക്കയിലാരംഭിച്ച കലാപം, മധ്യ അമേരിക്കയിലേക്കും ബ്രസീലിലേക്കും അലയടിച്ചത് വളരെ വേഗത്തിലായിരുന്നു.

1825- ഓടെ മിക്ക ലാറ്റിനമേരിക്കൻ കോളനികളും വിദേശികളുടെ മേൽക്കോയ്മയിൽനിന്ന് സ്വാതന്ത്ര്യം നേടി.

റഷ്യൻ വിപ്ലവം
സാർ ചക്രവർത്തിമാരുടെ ദുർഭരണത്തിനെതിരേ റഷ്യയിൽ വ്‌ളാദിമിർ ലെനിന്റെ നേതൃത്വത്തിൽ 1917-ൽ ‘ബോൾഷെവിക്കു’കൾ നടത്തിയ വിപ്ലവമാണ് ഒക്ടോബർ വിപ്ലവം എന്നറിയപ്പെടുന്ന റഷ്യൻ വിപ്ലവം. ഭരണകൂടത്തെ അട്ടിമറിച്ച് ലെനിൻ അധികാരം പിടിച്ചെടുത്തതോടെ ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യം പിറവിയെടുത്തു.

ജനപ്രതിനിധി സഭയുടെ ഉദയം
20-ാം നൂറ്റാണ്ടിൽ റഷ്യയിൽ ഭരണകൂടത്തിനെതിരേ നടന്ന രണ്ട് വിപ്ലവങ്ങൾക്കൊടുവിലായിരുന്നു ഒക്ടോബർ വിപ്ലവം അരങ്ങേറിയത്. 1904-1905 കാലഘട്ടത്തിൽ ജപ്പാനും റഷ്യയും തമ്മിൽ നടന്ന യുദ്ധത്തിൽ റഷ്യ പരാജയപ്പെട്ടു. അതോടെ സാർ ചക്രവർത്തിമാർ സ്വേച്ഛാധിപത്യഭരണം അവസാനിപ്പിക്കണമെന്നും എല്ലാവർക്കും വോട്ടവകാശം അനുവദിച്ചുകൊണ്ടുള്ള ജനാധിപത്യ സംവിധാനം രൂപപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഒന്നാം വിപ്ലവം നടന്നത്. വിപ്ലവത്തെ തുടർന്ന് പരിമിതമായ അധികാരത്തോടെ ‘ദ്യൂമ’ എന്ന ജനപ്രതിനിധിസഭ റഷ്യയിൽ നിലവിൽവന്നു.

രാജഭരണത്തിന്റെ അന്ത്യം
1917- ൽ ഒന്നാം ലോകയുദ്ധത്തെ തുടർന്നുള്ള സാമ്പത്തിക തകർച്ചയാണ് രണ്ടാംവിപ്ലവത്തിന് വഴിയൊരുക്കിയത്. വിശപ്പുമൂലം പൊറുതിമുട്ടിയ ജനങ്ങൾ ‘റൊട്ടി തരൂ’ എന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങി. പട്ടാളവും സമരക്കാർക്കൊപ്പം ചേർന്നതോടെ സർ നിക്കോളസ് ചക്രവർത്തിയെ പുറത്താക്കി ‘ദ്യൂമ’ (Duma) താത്‌കാലിക സർക്കാരുണ്ടാക്കി.

ഫെബ്രുവരി വിപ്ലവം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതോടെ റഷ്യയിലെ രാജഭരണത്തിന് അറുതിയായി.

കർഷകരും തൊഴിലാളികളും
പട്ടിണിക്കും ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരേ പോരാടാൻ ‘സോവിയറ്റുകൾ’ എന്ന പേരിൽ കർഷകരുടെയും തൊഴിലാളികളുടെയും സമരസമിതികൾ രൂപപ്പെട്ടിരുന്നു.
1898-ൽ രൂപവത്‌കരിക്കപ്പെട്ട റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയായിരുന്നു സമരസന്നാഹങ്ങളെ ഏകോപിപ്പിച്ചിരുന്നത്.

അഭിപ്രായഭിന്നതമൂലം ഇത് ബോൾഷെവിക്കുകൾ (ഇടതുപക്ഷം), മെൻഷെവിക്കുകൾ (വലതുപക്ഷം) എന്നീ പേരുകളിൽ രണ്ടായി പിളർന്നു.

ലെനിൻ ബോൾഷെവിക് പാർട്ടിയുടെ നേതൃത്വമേറ്റെടുത്തപ്പോൾ അലക്‌സാണ്ടർ കെറൻസ്‌കി മെൻഷെവിക് നേതാവായി. ഫെബ്രുവരി വിപ്ലവത്തിനുശേഷം താത്‌കാലിക സർക്കാരിന്റെ നേതൃത്വം മെൻഷെവിക്കുകൾക്കായിരുന്നു.

ലെനിന്റെ തിരിച്ചുവരവ്
നാടുകടത്തപ്പെട്ട് സ്വിറ്റ്‌സർലൻഡിലായിരുന്ന ലെനിൻ ഫെബ്രുവരി വിപ്ലവകാലത്ത് രഹസ്യമായി റഷ്യയിൽ തിരിച്ചെത്തുകയും താത്‌കാലിക സർക്കാരിനെതിരേ സമരപ്രഖ്യാപനം നടത്തുകയും ചെയ്തു. ലോകയുദ്ധത്തിൽനിന്ന് റഷ്യയെ പിന്തിരിപ്പിക്കുന്നതിൽ വിയോജിച്ച മെൻഷെവിക്കുകൾക്കെതിരേ ലെനിൻ ആഞ്ഞടിച്ചു.

യുദ്ധവും പട്ടിണിയുമല്ല, ആഹാരവും സമാധാനവുമാണ് റഷ്യൻ ജനതയ്ക്ക് ആവശ്യമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സൈനികരുടെയും സോവിയറ്റുകളുടെയും പിൻബലത്തോടെ ലെനിൻ ഭരണ സിരാകേന്ദ്രങ്ങൾ പിടിച്ചടക്കുകയും താത്‌കാലിക സർക്കാരിനെ പുറംതള്ളി പുതിയ സോഷ്യലിസ്റ്റ് ഭരണം സ്ഥാപിക്കുകയും ചെയ്തു.

റഷ്യൻ കലണ്ടറുകളിലുള്ള വ്യത്യാസം കാരണമാണ് മാർച്ചിൽ നടന്ന വിപ്ലവം ഫെബ്രുവരി വിപ്ലവമെന്നും നവംബറിൽ നടന്ന വിപ്ലവം ഒക്ടോബർ വിപ്ലവമെന്നും അറിയപ്പെടുന്നത്.